Sunday, September 20

ഹിമാലയരാഗങ്ങൾ ; കെ രാജേഷ് കുമാർ എഴുതുന്നു’

 

യാത്രാവിവരണം എന്ന സാഹിത്യ ജനുസ്സിനെക്കുറിച്ച് വിചാരിക്കുന്ന ഒരു മലയാള വായനക്കാരൻ്റെ മനസ്സിൽ പെട്ടെന്ന് രണ്ടു ചിത്രങ്ങൾ പ്രകാശിക്കും.ഒന്ന്, ഹിമാലയം. രണ്ട്, സഞ്ചാരപ്രഭുവായ എസ്.കെ. പൊറ്റേക്കാട്.

കാളിദാസൻ തൻ്റെ ദേവഭാവനയിൽ മനുഷ്യരൂപമാർന്ന ഹിമവാനെ ഒറ്റവരിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഒരേ സമയം അധൃഷ്യനും അഭിഗമ്യനുമായ ഹിമവാൻ എന്ന പ്രതാപിയായ രാജാവ് ,വാത്സല്യനിധിയായ പിതാവ്. ഹിമാലയം എന്ന പർവ്വതരാജന് ഇതിനപ്പുറം ഒരു വിശേഷണം വേറെ വേണ്ട. ദുഷ്കവികൾ ആയിരം വരികളിലൂടെ വിവരിക്കുന്ന കാര്യം ഒറ്റവരിയിൽ. ദീപശിഖാ കാളിദാസനു വന്ദനം.

ഏകാന്ത വേളകളിൽ മാനസസഞ്ചാരം നടത്താത്ത ആരുണ്ട്. തൂവലുപോലെ പറന്നു പോകുന്നത്, പുഷ്പകവിമാനത്തിൽ മേഘമാർഗ്ഗങ്ങളിലൂടെ യാത്ര ചെയ്യുന്നത്, സമുദ്രാന്തർഭാഗങ്ങളിലൂടെ സഞ്ചരിച്ച് നാഗ/ക ലോകത്തെത്തുന്നത് – സ്വപ്നം കാണാത്തവരാരുണ്ട്. കഴലിൽ ചിറകുള്ള സഞ്ചാര പ്രിയരാകാനുള്ള മോഹം. ഭാവനാ സഞ്ചാരി.മനുഷ്യൻ കവിയായി ഉയരുമ്പോൾ അവൻ ഋഷിയാകുന്നു. യാത്രികനാകുന്നു. തരണിയിൽ അക്കരയ്ക്കു കടക്കുവാൻ മോഹിക്കുന്നു .മരണം ദുർബ്ബലം, അടനം സുബലം.

ഹിമാലയയാത്ര തീർത്ഥാടനമാണ്. നിത്യജീവിതത്തിൻ്റെ കൊളുത്തുകളിൽ നിന്ന് അടർന്ന് മുക്തി തേടിയുള്ള യാത്രയാണ് അത് പലർക്കും . പാഴ്സൽ പോലെ പോയി വരുന്നവരെ പണ്ടേ മുണ്ടശ്ശേരി ഞൊട്ടി വിട്ടിട്ടുണ്ട്. ആലപ്പുഴയ്ക്കു പോയി വരുന്ന അമ്പാടൻ മാർക്ക് ആരു മനസ്സ് കൊടുക്കുന്നു.
ഹിമാലയം സ്വപ്നം കണ്ടു കൊണ്ട് ഹിമാലയത്തിലേക്ക് യാത്ര ചെയ്ത പ്രതിഭാധനർ അവരുടെ ആത്മാനുഭവങ്ങൾ മലയാള അക്ഷരങ്ങളിലേക്ക് ആവാഹിച്ചത് ഇടയ്ക്കിടെ എടുത്തു വായിക്കുമ്പോൾ മനസ്സ് ഒന്നു തണുക്കും. തപോവനസ്വാമികളുടെ ‘ഹിമഗിരിവിഹാരം ‘ തന്നെ ഏറ്റവും മുന്തിയത്. രാജൻ കാക്കനാടൻ്റെ വിചിത്ര ചിത്ര സഞ്ചാരങ്ങൾ എങ്ങനെ മറക്കാൻ . മലയാള അക്ഷരങ്ങൾ കൊണ്ട് നിർവ്വഹിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച പെയിൻ്റിംഗാണ് ‘ഹിമവാൻ്റെ മുകൾത്തട്ടിൽ ‘. എന്തൊരു വിചിത്ര ചിത്ര പ്രതിഭയാണ് രാജൻ കാക്കനാടൻ. എം.കെ. രാമചന്ദ്രൻ്റെ യാത്രാപ്പുസ്തകങ്ങൾ വായിച്ചുതള്ളിയതാണ്. അത് പാഴ്സൽ സഞ്ചാരികൾക്കു വേണ്ടി തയ്യാറാക്കിയ ഗ്യാസ്മിഠായികളാണ്. ട്രിപ്പിനിടയിൽ വയറു പെരുത്തു കേറിയാൽ ഗ്യാസ് മിഠായി ചവയ്ക്കുന്നത് നല്ലതാണ്.

കെ.വി. സുരേന്ദ്രനാഥ് എന്ന നല്ല കമ്യൂണിസ്റ്റ് കാരൻ എഴുതിയ ഹിമാലയ യാത്രാപ്പുസ്തകവും ഹൃദയത്തെ തൊടാതെ പോയി.
എം.ജി.രാധാകൃഷ്ണൻ എഴുതിയ ‘ഹിമാലയ രാഗങ്ങൾ’ ലോക് ഡൗൺ വിശ്രമവേളയിൽ വായിക്കാനായി വീണ്ടും കൈയിലെടുത്തു. മാതൃഭൂമി പത്രത്തിൻ്റെ വാരാന്തപ്പതിപ്പിൽ എം.ജി.രാധാകൃഷ്ണൻ ധാരാവിയെക്കുറിച്ച് എഴുതിയ ഫീച്ചർ വായിച്ച് ത്രസിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഹിമാലയരാഗങ്ങൾ വീണ്ടും വായിക്കാൻ എടുത്തത്. മുൻ തലമുറയിൽ പെടുന്ന ഒരു കഥാകൃത്തിൻ്റെ എഴുത്തിലുള്ള കൈയടക്കം അത്ഭുതപ്പെടുത്തുന്നതാണ്. എം.ജി.രാധാകൃഷ്ണൻ്റെ തലമുറയിൽപ്പെട്ട കഥാകൃത്തുക്കളുടെ കഥകൾ വേണ്ട പോലെ വായിക്കപ്പെട്ടിട്ടില്ല. അവർ കുറച്ചു മാത്രം എഴുതി. ഒതുങ്ങിക്കൂടി. ഹൃദയ നൈർമ്മല്യമുള്ള ആ സ്നേഹസമ്പന്നർക്ക് ‘തള്ളാൻ ‘ അറിയില്ലായിരുന്നു. ‘തനിയെ ‘, ‘പുനം കഥകൾ’ തുടങ്ങിയ എം.ജി.ആറിൻ്റെ കഥകൾ പുനർവായനയ്ക്കു വിധേയമാകുന്ന ഒരു കാലം വരുമായിരിക്കും.

Read Also   'തിരുനിഴൽമാല' എന്ന മന്ത്രവാദപ്പാട്ട് കെ രാജേഷ് കുമാറിന്റെ കോളം കവണി വായിക്കാം

അഖണ്ഡാനന്ദയും സ്വാമി വിവേകാനന്ദനും കൂടിയ യാത്രയെയും തപോവനസ്വാമികളെയും രാജൻ കാക്കനാടനെയും ഹൃദയം കൊണ്ട് വായിച്ചതിനു ശേഷമാണ് എം.ജി.രാധാകൃഷ്ണൻ്റെ ഹിമാലയ യാത്രകൾ. രാജൻ കാക്കനാടന് നേരിട്ടു പരിചയവുമുണ്ട്. അദ്ദേഹം അനുഗ്രഹിച്ചുണ്ട്. ഗുരു കടാക്ഷം കൂടാതെ ജന്മസാഫല്യം ലഭിക്കുമോ ജനിച്ചാലാർക്കും. രാജൻ കാക്കനാടനെപ്പോലെ തനിച്ചുള്ള യാത്രകളാണ് എം.ജി.രാധാകൃഷ്ണനും നടത്തിയത്. രാജനിൽ നിന്ന് ഹിമാലയ ഭ്രാന്ത് പകർന്നു കിട്ടിയെങ്കിലും രണ്ടു പേരുടെയും ഭ്രാന്ത് രണ്ടു തരത്തിലാണ് ആവിഷ്കൃതമാകുന്നത്. സഞ്ചാരമായിരുന്നല്ലോ രാജൻ കാക്കനാടൻ്റെ ജീവിതം. യാത്രാ ഭിക്ഷുവായിരുന്നു കാക്കനാടൻ ബ്രോ. എം.ജി.രാധാകൃഷ്ണൻ ഗൃഹസ്ഥാശ്രമിയും.

ഹിമവാൻ്റെ മുകൾത്തട്ടിൽ ചിത്രാനുഭവം പകരുമ്പോൾ ഹിമാലയരാഗങ്ങൾ കഥാനുഭവമാണ് പ്രദാനം ചെയ്യുന്നത്. കഥ പോലെ യാത്ര. കഥ തന്നെ യാത്ര എന്നൊക്കെ സംഗ്രഹിച്ചു പറയാം. ലൗകികതയിൽ നിന്നുയർന്നു പൊങ്ങി ആത്മീയതയിൽ എത്തുന്നു സഞ്ചാരിയായ കഥാകൃത്ത്. ഇതാണ് ഈ യാത്രാവിവരണം നൽകുന്ന വായനാനുഭവത്തിൻ്റെ ആകെത്തുക. കവിതയുടെ പരാഗം കലർന്ന ചെറിയ വാചകങ്ങളിലൂടെ ഹിമാലയ യാത്ര ആത്മകഥയും ആത്മീയ കഥയുമായി മാറുന്നു. ആത്മീയത ഒരു കൂമ്പാരമായി തീർന്നതാണ് ഹിമാലയം എന്ന് വാക്കുകളുടെ പ്രഭു ജോസഫ് മുണ്ടശ്ശേരി.

ഹിമാലയ രാഗങ്ങൾ വായിച്ച് മാനസ സഞ്ചാരം നടത്തിവരവേ എം.പി.വീരേന്ദ്രകുമാറിൻ്റെ മരണവാർത്ത എത്തി. ഒരു സോഷ്യലിസ്റ്റ് നേതാവു കൂടി അനശ്വരതയിലേക്ക് യാത്രയായിരിക്കുന്നു. ‘നല്ല ഹൈമവതഭൂവിൽ ‘ എന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ യാത്രാപ്പുസ്തകം വായിച്ചതിൻ്റെ ഓർമ്മകൾ ഉണരുന്നു. മികച്ച ഒരു പുസ്തകമാണിത്. വീരേന്ദ്രകുമാറിന് അഞ്ജലിയായി ആ യാത്രാവിവരണം ഒന്നുകൂടി വായിക്കാനൊരുങ്ങുന്നു.

Spread the love

21 Comments

Leave a Reply