Saturday, August 8

 ഹൈന്ദവഭീകരവാദത്തിലേക്കുള്ള സൂചന നൽകുകയാണോ മോദി ; സാധ്വിയെ പുകഴ്ത്തുന്നതിനു പിന്നിലെ രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു

 രണ്ടു ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് തോൽവിയുടെ കയ്പുനീരു കുടിക്കേണ്ടിവരുമെന്ന പ്രതിപക്ഷകക്ഷി നേതാക്കളുടെ മുന്നറിയിപ്പും ലഭിച്ചതോടെ അടവു മാറ്റുന്നു. വർഗ്ഗീയതക്ക് കാലുഷ്യം പോര എന്നു തോന്നിയതോടെ ഹൈന്ദവഭീകരവാദിയായ സാധ്വി പ്രജ്ഞയെ പുകഴ്ത്തി വർഗ്ഗീയവിഷം തുപ്പുകയാണു മോദി അമിത് ഷായുടെ വലതുപക്ഷ കൂട്ടുകെട്ട്. ഹൈന്ദവഭീകരതയെ ന്യായീകരിക്കുന്നതിലൂടെ വർഗ്ഗീയ ധ്രുവീകരണം ശക്തമാക്കുമെന്ന സൂചന നൽകുകയാണു പ്രധാനമന്ത്രി. മലേഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയാവുമെന്ന് ഉറപ്പാണു. മനുഷ്യാവകാശസംഘടനകളെല്ലാം മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ സാധ്വി പ്രജ്ഞയുടെ അപകടകരമായ വരവിനെ അപലപിച്ചുകഴിഞ്ഞു.

ഇപ്പോൾ പുതിയ ന്യായവാദവുമായാണു സാധ്വി എന്ന ഹിന്ദു ഭീകരപ്രവർത്തകയെ മോദി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സാധ്വിയുടെ പ്രവർത്തനരീതിയെ സമ്പന്ന ഹൈന്ദവസംസ്‌കൃതി എന്നാണു മോദി വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിയോഗികൾ ‘ഭീകരർ’ എന്നു തെറ്റായി മുദ്രകുത്തിയതിനു എല്ലാവര്‍ക്കുമുള്ള മറുപടിയാണ് പ്രജ്ഞയുടെ സ്ഥാനാര്‍ഥിത്വമെന്നാണു ഇതുസംബന്ധിച്ച് മോദിയുടെ വ്യാഖ്യാനം. ഇവരെ ഭീകരപ്രവർത്തകയായി കാണുന്ന കോൺഗ്രസ്സിനു തിരിച്ചടി ലഭിക്കുമെന്നും മോദി മുന്നറിയിപ്പ് നൽകുന്നു.

ഭീകരവിരുദ്ധപോരാട്ടത്തിനു നേതൃത്വം നൽകി മരണം വരിച്ച ഐ പി എസ് ഓഫീസർ ഹേമന്ദ് കർക്കറെയെ ശപിച്ചുകൊന്നെന്ന് വീരവാദം മുഴക്കിയ സാധ്വി പ്രജ്ഞയെയാണു മോദി ന്യായീകരിച്ചത് എന്നതുകൂടി കാണണം. സാധ്വി മുഖ്യപ്രതിയായ മാലെഗാവ് സ്ഫോടനക്കേസും തെളിയിച്ച കർക്കറെക്ക് രാജ്യം അശോക് ചക്ര ബഹുമതി നൽകി ആദരിച്ചിരുന്നു. മോദിയുടെ പ്രസ്താവനയിലൂടെ സംഘപരിവാർ ഹൈന്ദവ ഭീകരതയ്ക്ക് പാലൂട്ടി വളർത്തുമെന്ന മുന്നറിയിപ്പ് തന്നെയാണു നൽകിയതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. തന്നെ ചോദ്യം ചെയ്ത് ഉത്തരം മുട്ടിച്ചത് കർക്കറെയായതിനാൽ അദ്ദേഹത്തെ ശപിച്ചുകൊന്നെന്നായിരുന്നു സാധ്വിയുടെ അവകാശവാദം.

ഹൈന്ദവവർഗ്ഗീയത ആളിക്കത്തിക്കാൻ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും യോഗി ആദിത്യനാഥിൻ്റെയും വർഗ്ഗീയ വിഷത്തിനു തീവ്രത പോര എന്നു തോന്നിയതുകൊണ്ടാവണം ഹിന്ദു ഭീകരപ്രവർത്തകയായ സാധ്വിയെ ബി ജെ പിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുവന്നത്. സാധ്വിയുടെ സ്ഥാനാർഥിത്വം വിവാദമായ സാഹചര്യത്തിലാണു ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദിയുടെ പ്രസ്താവനയെന്ന് ഓർക്കണം. ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിലൂടെ ഹിന്ദുത്വം വളർത്താമെന്ന രഹസ്യ അജണ്ടയോടെയാവണം  സാധ്വിയെപ്പോലെയുള്ള ഭീകരപ്രവർത്തകയെ മോദിയും കൂട്ടരും ന്യായീകരിക്കുന്നത്. ഹിന്ദുത്വഭീകരത പരോക്ഷമായി മാത്രം പ്രോത്സാഹിപ്പിച്ചിരുന്ന സംഘപരിവാർ നേതൃത്വത്തിൻ്റെ  പരസ്യമായ ഭീകരപ്രവർത്തനത്തിലേക്കുള്ള ചുവടുമാറ്റമാണു സാധ്വിയുടെ പ്രവേശനത്തിലൂടെ സാധ്യമാക്കിയിരിക്കുന്നത്.

ബുധനാഴ്ചയാണ് ഹിന്ദു ഭീകരപ്രവർത്തകയായ പ്രജ്ഞ ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അവരെ ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു ബദലായി മോദി ചോദിക്കുന്നത് എന്തുകൊണ്ടാണ് പ്രതിപക്ഷത്തുള്ളവരുടെ കേസുകൾ ഉള്ളപ്പോൾ മത്സരിക്കുന്നതിൽ കുറ്റം കണ്ടെത്താതെ പ്രജ്ഞയുടെ കാര്യത്തില്‍ ഉണ്ടായതു പോലുള്ള ചോദ്യം ഉയര്‍ന്നുവരാത്തതെന്നാണു. നല്ല ബദൽ ന്യായം തന്നെയാണു ഒരു ഭീകരപ്രവർത്തകയ്ക്ക് ക്ളീൻ ചിറ്റ് കൊടുക്കാനായി മോദി കണ്ടെത്തിയത്. ഇന്ത്യയുടെ ഇരുളടഞ്ഞ ഭാവിയാണ് വരാൻ പോകുന്നതെന്ന സൂചനയാണിത് നൽകുന്നതെന്നാണ് സാമൂഹ്യനിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുഖ്യവിഷയം ഇതുതന്നെയാണു എന്ന സൂചന തന്നെയാണു തൻ്റെ അരുമശിഷ്യയെ ന്യായീകരിക്കുന്നതിലൂടെ വെളിപ്പെടുത്തിരിക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഹിന്ദുത്വതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനായി പുറത്തുനിന്നു പിന്തുണ നൽകാൻ സംഘപരിവാറിന് കഴിയും. അതായത് കടലാസു സംഘടനയുണ്ടാക്കി പരോക്ഷമായി ഹിന്ദു ഭീകരതയെ പ്രോത്സാഹിപ്പിച്ചു വർഗ്ഗീയത ആളിക്കത്തിക്കുകയാണ് ലക്‌ഷ്യം. അതിന്റെ സൂചന തന്നെയാണ് സാധ്വിയെപോലുള്ള ഭീകരരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതെന്നുവേണം കരുതാൻ.

Read Also  ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാവിനെ മർദ്ദിച്ചു

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം രാജ്യത്തെ നടുക്കിയ സംഭവമാണ്. ഇത് ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദുഭീകരർ ചെയ്തതുകൊണ്ട് തന്നെയാണു സംഭവത്തെ നരേന്ദ്ര മോദി ന്യായീകരിക്കുന്നത്. ഇതിന്റെ ലക്‌ഷ്യം മറ്റൊന്നല്ല എന്ന് തെളിയാൻ പോവുകയാണെന്ന് വേണം കരുതാൻ. ഈ സ്ഫോടനവും ജഡ്ജി ബി.എച്ച്. ലോയയുടെ മരണവും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണമെന്നാണ് മോദി വ്യാഖ്യാനിക്കുന്നത്. മോദിയെ സംബന്ധിച്ച് ഒരു ജഡ്ജി കൊല്ലപ്പെടുന്നത് അത്ര വലിയ സംഭവമല്ലായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ മരണം നടന്ന സാഹചര്യം ഏതായിരുന്നു എന്നാണു ചിന്തിക്കേണ്ടത്. ഇനിയുള്ള അഞ്ചു വര്ഷം പ്രതിപക്ഷം ഭരിച്ചാൽ ലോയയുടെ കേസിലും അമിത് ഷായ്‌ക്കെതിരെയുള്ള മറ്റു വ്യാജ ഏറ്റുമുട്ടൽ കേസുകളിലും നിയമനടപടി തുടരുന്ന കാര്യം വീണ്ടും സജീവമായി പരിഗണനയിൽ വരും. നോട്ടു നിരോധനത്തിനുപിന്നിലെ അഴിമതിയും അന്വേഷിക്കും. അതുകൊണ്ടു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പോലും പ്രതിപക്ഷത്തിന്റെ അനൈക്യം മുതലെടുത്ത് ഏതുവിധേനയും ഭരണം പിടിച്ചെടുക്കാൻ ബി ജെ പി ശ്രമിക്കും.

ഏതുവിധേനയും ഭരണം നേടിയെടുത്താൽ അതിർത്തിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും ഭരണം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാനും നീക്കം നടക്കും എന്ന് നിരീക്ഷിച്ചാൽ അത് അതിശയോക്തിയാവില്ല. ഒരു ഭീകരപ്രവർത്തയെ ന്യായീകരിക്കുന്നത് നോക്കൂ. ഒരു രാജ്യത്ത് സ്ഫോടനം നടത്തി നിരപരാധികളെ വധിച്ചിട്ടും ഒരു രാജ്യത്തിന്റെ തലവൻ അതിനെ അനുകൂലിക്കുന്ന ഭീകരതയുടെ സമാനമായ അവസ്ഥ മറ്റൊരു ദേശത്തെ ജനതയും ചരിത്രത്തിൽ ഇതേവരെ നേരിട്ടിട്ടുണ്ടാവില്ല. അയ്യായിരം വര്ഷം പഴക്കമുള്ള സംസ്കാരത്തിൽ നിന്നും ഭീകരതയുണ്ടായാൽ അതിനെ അങ്ങനെ കാണാൻ പാടില്ലെന്നാണ് മോദിയുടെ വാദം

” യാതൊരു തെളിവും കൂടാതെ 5000 വര്‍ഷം പഴക്കമുള്ള ഒരു സമ്പന്ന സംസ്‌കാരത്തെ ‘ഭീകരത’ എന്നു വിളിക്കുകയാണ്. ഇതിനുള്ള മറുപടിയാണ് പ്രജ്ഞയുടെ നിയോഗം ” ഇതാണ് ഭീകരപ്രവര്ത്തകയായ സ്വാധ്വിയെ ന്യായീകരിച്ചുകൊണ്ട് മോദി വാദിക്കുന്നത്. ഒരു പ്രധാനമന്ത്രി ഹിന്ദുത്വഭീകരതയ്ക്കു വളം വെക്കുന്ന ഇന്ത്യയിൽ ഇനി എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല

Spread the love

Leave a Reply