Thursday, January 20

ഹിന്ദുക്കള്‍ കാര്‍ഷികരംഗത്ത് ഉയരുമ്പോള്‍ മുസ്ലിങ്ങള്‍ വ്യവസായത്തൊഴില്‍ മേഖലയില്‍ കൂടുന്നു: സെന്‍സസ് രേഖകള്‍

ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗക്കാര്‍ക്കിടയില്‍ തൊഴില്‍മേഖല തിരഞ്ഞെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളില്‍ നല്ലൊരു ശതമാനം കാര്‍ഷികമേഖല തിരഞ്ഞെടുക്കുമ്പോള്‍ മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനം വ്യവസായമേഖലയിലെ തൊഴിലുകളാണ് തിരഞ്ഞെടുക്കുന്നത്.

രജിസ്ട്രാര്‍ ആന്‍റ് സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2011ലെ സെന്‍സസ് പ്രകാരം കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന 45.40 ശതമാനം പേരും ഹിന്ദുക്കളാണ്. മറുവശത്ത് വ്യവസായമേഖലയില്‍ പണിയെടുക്കുന്നതില്‍ 60ശതമാനം പേരും മുസ്ലിമുകളാണ്. കണക്കുകള്‍ പ്രകാരം കാര്‍ഷികമേഖലയിലെ ഹിന്ദുക്കളില്‍ 28 ശതമാനവും സ്വന്തമോ ഗവണ്മെന്‍റ്, സ്വകാര്യസഥലങ്ങള്‍ പാട്ടത്തിനെടുത്തോ കൃഷി ചെയ്യുന്ന കാര്‍ഷികോല്പാദകരാണ്.

മുന്‍ ഗവണ്‍മെന്‍റ് സെക്രട്ടറിയും ദേശീയ അധഃസ്ഥിതവര്‍ഗ്ഗ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയുമായ പി.എസ്.കൃഷ്ണന്‍ പറയുന്നത്, ഉത്തരേന്ത്യയിലെ ജനസംഖ്യയില്‍ കൂടിയ മുസ്ലീങ്ങള്‍ അധികവും കൈവേലക്കാരാണ്. കളിമണ്‍പാത്രനിര്‍മ്മാണം, കൊല്ലപ്പണി, ആശാരിപ്പണി, നെയ്ത്ത് മുതലായ മേഖലകളില്‍ ചെറിയ തോതിലെങ്കിലും നിര്‍മ്മാണ ജോലിയെടുക്കുന്നവരാണ് അധികവും.

കാര്‍ഷികമേഖലയിലേക്ക് അടുക്കാതിരിക്കാന്‍ ഒരു കാരണമല്ലെങ്കില്‍ കൂടി നിരക്ഷരതയാണ് മുസ്ലിങ്ങളെ വ്യവസായത്തൊഴില്‍മേഖലയിലേക്കടുപ്പിക്കുന്നത്. നിരക്ഷരരുടെ എണ്ണം മുസ്ലിം സമുദായത്തിലാണ് കൂടുതലെന്നാണ് സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നത്. ഏഴ് വയസ്സിനു മുകളിലുള്ള നിരക്ഷരരുടെ എണ്ണം ഹിന്ദുക്കളില്‍ 36.40 ശതമാനമാണെങ്കില്‍ മുസ്ലിങ്ങളുടേത് 42. 72 ശതമാനമാണ്.

എന്നാല്‍ അതിനെക്കാളുപരി കൈവശഭൂമിയിലെ അനുപാതത്തിലെ പൊരുത്തമില്ലായമയാണ് മുസ്ലിങ്ങളെ വ്യവസായമേഖലയിലെ തൊഴിലുകളിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ മുസ്ലീമുകളുടെ സമകാലസ്ഥിതി പഠിക്കാന്‍ വേണ്ടി, 2005-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മറ്റ് മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്ലാം മതത്തിനാണ് ഇന്ത്യയില്‍ ഏറ്റവും കുറവ് കൈവശഭൂമിയുള്ളത്.

കണക്കുകള്‍ പ്രകാരം ഗ്രാമീണമേഖലയിലെ 94 ശതമാനം ഹിന്ദുമത- അനുബന്ധജാതികളും കൈവശഭൂമിയുള്ളവരാണ്. അതില്‍ത്തന്നെ 87ശതമാനവും ഒരേക്കറിലധികം ഭൂമിയുള്ളവരാണ്. എന്നാല്‍ ഭൂമിയ്ക്കുമേല്‍ കൈവശാവകാശമുള്ള മുസ്ലീങ്ങള്‍ 83 ശതമാനത്തില്‍ താഴെയാണ്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ കണക്കുകള്‍ പ്രകാരവും ഇന്ത്യയില്‍ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായക്കാര്‍ക്ക് കൈവശഭൂമിയുടെ അളവ് വളരെ കുറവാണ്.

Spread the love
Read Also  മധ്യപ്രദേശിൽ 15 വർഷങ്ങൾക്ക് ശേഷം മുസ്ളീം സമുദായത്തിൽ നിന്നും മന്ത്രി

Leave a Reply