ഹുസ്സൈൻ ഹൈദരി

പരിഭാഷ : ശ്രീദേവി എസ് കർത്ത

ഒരു  സായാഹ്നത്തിൽ 
എൻ   തെരുവിൽ
അസറിൻ വാങ്ക്  മുഴങ്ങുമ്പോൾ
നിസ്കാരത്തിൻ നേരം ഞാൻ
ഒരു  നൊടി നിൽപ്പൂ, ചിന്തിപ്പൂ

പറയൂ  ഭായ് ,
ഏതു  ഗണത്തിലെ  മുസ്ലിം  ഞാൻ ?

ഞാനൊരു  ഷിയായോ  സുന്നിയോ ?
ഖോജയോ  ഞാൻ  ബോറിയോ ?
എത്തിയത്  എങ്ങിനെയിവിടെ
ഗ്രാമത്തീന്നോ  നഗരത്തീന്നോ  ?

വിപ്ലവവീര്യമുണർന്നവനോ  ഞാൻ
നിസ്വനാം സിദ്ധ സഞ്ചാരിയോ ?
ആരായിരിക്കും ഞാൻ
ഭക്തനോ പരിഷ്‌കാരിയോ ?

പറയൂ  ഭായ്
ഏതു  ഗണത്തിലെ  മുസ്ലിം  ഞാൻ ?

സർവ  സമർപ്പിത ദാസനോ  ഞാൻ
നരകം പുൽകും യാത്രികനോ
തൊപ്പിയോ, ആകെ  വടിച്ച  താടിയോ
ഞാൻ? ഓതട്ടെയോ  ഖുർആൻ ,
അല്ലെങ്കിൽ മൂളട്ടെയോ മുംബൈ സ്റ്റൈലിൽ  ഡപ്പാംകൂത്തു ?

അല്ലാഹ്  എന്ന്  ജപിക്കാറുണ്ടോ ദിനവു 
മല്ലെങ്കിലെ,തിർക്കാറുണ്ടോ ഞാൻ ഷെയ്ഖിനോടെല്ലാ  വിധവും ?

പറയൂ  ഭായ്, ഏതു  ഗണത്തിലെ  മുസ്ലിം  ഞാൻ ?
ഞാനൊരു  ഹിന്ദുസ്ഥാനി   മുസൽമാനാണ്

ഞാൻ ജനിച്ചത്  ഡെക്കാനിൽ
ഞാൻ  ജനിച്ചത് യുപിയിൽ
ഞാൻ  ജനിച്ചത്  ഭോപ്പാലിൽ
ഞാൻ  ജനിച്ചത്  ദില്ലിയിൽ
ഞാൻ  ജനിച്ചത്  ഗുജറാത്തിൽ
ഞാൻ  ജനിച്ചത് ബംഗാളിൽ
ഞാൻ  ജനിച്ചത്  സവര്ണനായി
ഞാൻ  ജനിച്ചത്  അവര്ണനായി

ഞാൻ  നെയ്തു തുണികളനേകം
ചെരുപ്പുകൾ  തുന്നി ആവോളം
മരുന്ന്  കുറിച്ചു  രോഗികൾക്കായി
ഉടുപ്പുകൾ  തയ്ച്ചു  സാമോദം

മുഴുങ്ങുന്നുണ്ട് ഭഗവത്  ഗീത
ഉറുദുവെഴുത്തും എന്നുള്ളിൽ
റമദാൻ  എന്നിൽ  വിളങ്ങുന്നു
എൻ പാപം ഗംഗയെടുക്കുന്നു

ഞാൻ  ജീവിപ്പതുയെൻ  ഇഷ്ടത്താൽ
നിങ്ങടെ  നിയമത്താലല്ല
പുകച്ചിടും  ഞാൻ  ചുരുട്ടുകൾ
ഒന്നോ രണ്ടോ തോന്നുമ്പോൾ .
എന്റെ  ഞരമ്പിലെ  ചോര  കുതിപ്പതു
നിങ്ങടെ  ഉത്തരവാലല്ല
എന്നെ  കെട്ടാൻ ചങ്ങലകൾ
പാർട്ടികളൊന്നും തീർക്കണ്ട

ആരെന്നോ ഞാൻ ?
ഞാനൊരു ഹിന്ദുസ്ഥാനി മുസൽമാനാണ്  

ആ ഹിന്ദു ക്ഷേത്ര കവാടം  എന്റെ
ഒപ്പം  പള്ളി  മിനാരങ്ങൾ
ഗുരുദ്വാരയിലെ ഹാളുകൾ  എന്റെ 
അൾത്താരയിലെ  ഇരിപ്പടവും
നൂറിൽ  പതിനാലല്ലെൻ   എണ്ണം 
നൂറിലുമുണ്ടെൻ  സാരഗുണം  

വേറിട്ടവനായി   കരുതരുതെന്നെ
നൂറു  കണക്കിന്  മട്ടുകളിൽ ഞാൻ
നൂറു  കണക്കിന്   വിധാനങ്ങൾ   ഞാൻ
നൂറു  കണക്കിന് കാഥികരിൽ 

പ്രിയ സോദരാ  ഞാൻ ഒരു  മുസൽമാനനെങ്കിൽ
അതിനോപ്പം തന്നെ ഹിന്ദുസ്ഥാനി

ആരെന്നോ  ഞാൻ ?
ഞാൻ ഒരു ഹിന്ദുസ്ഥാനി മുസൽമാനാണ് 

* ഇൻഡോർ സ്വദേശിയായ ഹുസൈൻ ഹൈദരി കവിയും ഹിന്ദിയിലെ പ്രധാനപ്പെട്ട ചലച്ചിത്രഗാനരചയിതാവുമാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പെഴുതിയ ഈ കവിത ലോകമെമ്പാടും വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു സമൂഹമാധ്യമങ്ങളിൽ വൈറലായി. മലയാളത്തിൽ പരിഭാഷ ഇതാദ്യം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'സി എ എ സമരം' അറസ്റ്റു ചെയ്യപ്പെട്ട ഡോ. കഫീൽഖാന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ