ചരിത്രം പഴങ്കഥകളാൽ സമൃദ്ധം

ചരിത്രങ്ങളെല്ലാം അപ്രസക്തമാകുന്ന കാലത്തെ രാഷ്ട്രീയത്തിൽ ആർക്കും അത്യുന്നതങ്ങളിൽ വേണമെങ്കിലും പറന്നുയരാൻ നിലപാടുകളെടുക്കുന്നതിൽ ഇച്ഛാശക്തിയുള്ള ആർക്കും കഴിയുമെന്നതിൻ്റെ തെളിവാണു നരേന്ദ്രമോദി പിൻ ഗാമിയായി ഉയർത്തിക്കൊണ്ടുവരുന്ന അമിത് ഷാ. പുതിയ കാലത്ത് അർഥവ്യത്യാസമുള്ള ദീർഘവീക്ഷണമെന്ന പദം എങ്ങനെയും വ്യാഖ്യാനിക്കാൻ വളക്കൂറുള്ള മണ്ണായി ഇന്ത്യയും മാറുകയാണ്. അന്യമതത്തിൽ ജനിച്ചതുകൊണ്ട് ഒരാൾക്ക് ഭൂരിപക്ഷമതത്തിൻ്റെ ഇംഗിതത്തിനനുസരിച്ചുള്ള ജീവിതം കെട്ടിപ്പടുക്കാൻ കഴിയണമെന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ്  അമിത് ഷാക്ക് വിതക്കേണ്ട വളത്തെക്കുറിച്ച് ബോധ്യമുണ്ടായതും. സനാതനധർമ്മിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമിത് ഷാക്ക് ജൈനനായതുകൊണ്ട് പുറത്തുനിൽക്കേണ്ടിവന്നിട്ടില്ല എന്ന് ഇതര സമുദായങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണു പിൻ ഗാമിയായി പുറത്തുനിന്നൊരാളെ തെരഞ്ഞെടുത്തതിനു പിന്നിൽ.

ഇതൊക്കെയാണെങ്കിലും ക്രിസ്ത്യൻ ആചാരങ്ങളിൽ മുറുകെപ്പിടിക്കാത്ത സോണിയാ ഗാന്ധിയെ ബോധപൂർവ്വം ആക്രമിക്കുന്നപോലെ ജൈനാചാരങ്ങളിൽ മുറുകെപ്പിടിക്കാത്ത അമിത് ഷായെ വിമർശിക്കാത്തത് എന്നതു സ്വത്വവാദികളുടെ വലിയൊരു ചോദ്യമായി അവശേഷിക്കുന്നതല്ലാതെ മറുപടി പറയേണ്ട സാഹചര്യം ഉടനില്ലായെന്ന് സമാധാനിച്ച് സ്വയം ഒഴിഞ്ഞുമാറാനും അവകാശമുണ്ടല്ലോ. ഇന്ന് ചരിത്രം പഴങ്കഥകളാൽ സമൃദ്ധമായ കാലമായി ‘വികസി’ച്ചല്ലോ

അമ്പത് ലക്ഷത്തിൽ താഴെ മാത്രം ജൈനർ

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വെറും അമ്പതുലക്ഷത്തിൽ താഴെ വരുന്ന ജൈനമതവിശ്വാസികളിൽ ഇന്ന് അമിത് ഷായുണ്ടാകില്ല. കാരണം അദ്ദേഹം സനാതന ധർമ്മിയാണു. സനാതന ധർമ്മം ഹിന്ദുത്വവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ആത്മീയധാരയാണു. ഇങ്ങനെയൊരാൾക്ക് താക്കോൽ സ്ഥാനത്ത് വരാൻ കഴിയുന്നത് ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം ഭിന്നമായതുകൊണ്ടാണ്. ബി സി 3 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ച മൗര്യ സാമ്രാജ്യത്തിൻ്റെ വേരുകൾ തേടുമ്പോൾ അതും ധർമ്മത്തെ ഔന്നത്യത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു തത്വശാസ്ത്രമെന്ന പേരിലാണ്. ദൈവവിശ്വാസമോ അവിശ്വാസമോ വലിയ പാപമായി കരുതാത്ത മതവിഭാഗം. പക്ഷെ ധർമ്മത്തിൽ നിന്നും ഒരിഞ്ചുപോലും ഒഴിഞ്ഞുമാറാനാവില്ലെന്ന് പണ്ഡിതർ മുന്നറിയിപ്പ് നൽകുന്നു. അവിടെയാണു വൈരുദ്ധ്യം.

ബി ജെ പി എന്ന പ്രസ്ഥാനം രാജ്യമാസകലം ഒരു വൈറസായി മാറാൻ അതിൻ്റെ  തലപ്പത്തെത്താൻ മാർഗ്ഗം ഏതുമാകട്ടെ അതു നരേന്ദ്രമോദിയെയോ അമിത് ഷായെയോ ബാധിക്കുന്നതല്ല. പാർട്ടിയിൽ അത്ഭുതം കൊണ്ടുവന്നയാളാണ് അമിത് ഷാ.  മന്ത്രിസഭയിൽ ഷാ പ്രവേശിച്ചതോടെ പാർട്ടിക്ക് പുതിയ പ്രസിഡൻ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ച രാഷ്ട്രീയനിരീക്ഷകർക്ക് തെറ്റി. ജെ പി നഡ്ഡയെ ബി ജെ പി ദേശീയ വർക്കിംഗ് പ്രസിഡൻ്റ് ആക്കിയതോടെ സർക്കാരിലെന്നപോലെ പാർട്ടിയിലും മോദി – ഷാ സഖ്യം പാർട്ടിയെ അങ്ങനെ മറ്റ് ഗ്രൂപ്പുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമായിരിക്കുകയാണു. ബി ജെ പിയെ നയിക്കുന്നതിനു  പഴകിയ നേതാവിനെ കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താല്പര്യമില്ല. പുറത്തുനിന്നും അധ്യക്ഷനെത്തിയാൽ സംഘപരിവാറിൻ്റെ സ്വാധീനവും കൈകടത്തലുകളും ഉണ്ടാകാം.

നീന്തൽ താരമായ നഡ്ഡ

വലിയ പദവികളിലൊന്നുമിരുന്നയാളല്ല നഡ്ഡ. അതുകൊണ്ടുതന്നെ കയ്യിലൊതുങ്ങുന്ന ഒരാളെ ഉയർത്തിക്കൊണ്ടുവരുന്നതിനാണു ശ്രമിച്ചത്. അധികാരം നരേന്ദ്രമോദിയിൽ കേന്ദ്രീകരിച്ച് മുന്നോട്ടുപോകണമെന്ന ചിന്തയുടെ ഭാഗമായാണു പാർട്ടിയെയും സർക്കാരിനെയും ഒരുമിച്ചുകൊണ്ടുപോകാൻ അധികാരം മോദിയിൽ തന്നെ കേന്ദ്രീകരിക്കുന്ന തന്ത്രപരമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. ദേശീയതലത്തിൽ വലിയ നേതാക്ൾ ഏറെയുണ്ടെങ്കിലും വിധേയത്വമുള്ളവരെ തന്നെ പാർട്ടി തലപ്പത്തു നിയമിക്കണമെന്ന് മോദിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വളരെയേറെ ആലോചിച്ചശേഷമാണു താൻ വളർത്തിക്കൊണ്ടുവന്ന അമിത് ഷായെത്തന്നെ പിന്നെയും താക്കോൽ സ്ഥാനത്ത് തുടരാൻ നിർദ്ദേശിച്ചിരിക്കുന്നത്.

Read Also  പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ചിലവിലുള്ള ഫസ്റ്റ് ക്ലാസ്സ്‌ വിമാന യാത്രകള്‍ക്ക് വിലക്ക്

മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ നഡ്ഡ ഭിന്നസ്വരങ്ങളൊന്നും ഉയർത്താൻ കെല്പുള്ള നേതാവല്ല. അതുകൊണ്ടുതന്നെ അമിത് ഷായുടെ അജണ്ടകളെ സഹായിക്കാനുള്ള ദൗത്യം മാത്രം നിർവ്വഹിച്ച് മുന്നോട്ടുപോകാൻ നിർബന്ധിതമാകും.  ഷാ ആറുമാസം കൊണ്ടു പരിശീലനം നടത്തി ഒരു പക്ഷെ നീന്തൽ താരമായിരുന്ന നഡ്ഡയെ സ്ഥിരമായി പരീക്ഷിക്കാനും സാധ്യതയുണ്ട്. നീന്തലുകാർ ഗുരുക്കന്മാരോട് അങ്ങേയറ്റം വിശ്വാസ്യത പുലർത്തുന്നവരാണെന്ന് പറയപ്പെടുന്നു

ഇന്ത്യയിൽ ബി ജെ പി പോലുള്ള രാഷ്ട്രീയപാർട്ടിയിൽ ഒരു നേതാവ് സർക്കാരിൽ ചേർന്നാൽ പിന്നെ പാർട്ടി പദവികൾ ഒഴിയുകയാണു പതിവ്. പക്ഷെ ഇവിടെ നരേന്ദ്രമോദി പതിവ് തെറ്റിക്കുകയാണ്. പല പ്രതിസന്ധികളിലും പാർട്ടിയെ തന്ത്രപരമായി ഏതുമാർഗ്ഗവുമുപയോഗിച്ച് കരകയറ്റാൻ അമിത് ഷാ പ്രയോഗിക്കുന്ന തന്ത്രങ്ങൾ എത്ര പ്രതിലോമകരമാണെങ്കിലും അത് വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് മോദിക്ക് നന്നായറിയാം. മാർഗ്ഗം ഏതായാലും അതെല്ലാം മൂടിവെച്ച് പാർട്ടിയെ ഉയരത്തിലെത്തിക്കാൻ അപ്രതീക്ഷിതമായി തന്ത്രങ്ങൾ മെനയാൻ സൂത്രശാലിയായ അമിത് ഷായ്ക്ക് കഴിയും. വർഗ്ഗീയ അജണ്ട അതിൻ്റെ പരമകാഷ്ഠയിൽ പ്രതിഷ്ഠിച്ച് ഹിന്ദുത്വശക്തികളെ ഒന്നിപ്പിക്കാൻ അമിത് ഷാ രൂപപ്പെടുത്തുന്ന തന്ത്രങ്ങളിൽ മോദിക്ക് നല്ല മതിപ്പുള്ളതുകൊണ്ടാണു അദ്ദേഹത്തെ വിടാതെ ഒപ്പം നിർത്തിയിരിക്കുന്നത്.

ഗുജറാത്ത് മോഡൽ

ഗുജറാത്ത് മോഡൽ രാഷ്ട്രീയ പ്രചാരണത്തിൻ്റെയും വോട്ട് ബാങ്കിൻ്റെ കുറുക്കുവഴികളുടെയും ശില്പിയായ അമിത് ഷാ ജുഡീഷ്യറി പോലും ഉയർത്തുന്ന ഏതു പ്രതിസന്ധിയെയും നിഷ്പ്രയാസം തരണം ചെയ്യാൻ കഴിവുള്ള നേതാവാണെന്ന് തെളിഞ്ഞുകഴിഞ്ഞതുകൊണ്ടാണു നരേന്ദ്രമോദി അദ്ദേഹത്തെ പിന്നെയും ദേശീയ അധ്യക്ഷനായി വാഴിച്ചത്. വർക്കിംഗ് പ്രസിഡൻ്റ് എന്ന സ്ഥാനത്തുനിന്നും സ്ഥിരം പ്രസിഡൻ്റ് പദവി കൈമാറിയാൽ തന്നെ മുകളിലിരുന്ന് നിർദ്ദേശങ്ങൾ നൽകാൻ അമിത് ഷായുണ്ടാകും. തെരഞ്ഞെടുപ്പുപോലുള്ള നിർണായകഘട്ടങ്ങളിൽ ഹിന്ദുത്വ അജണ്ടയുടെ തേരു തെളിക്കാൻ മതത്തിനുപുറത്തുള്ളയാളെങ്കിലും അമിത് ഷായ്ക്കല്ലാതെ മറ്റൊരാൾക്കും നിഗൂഡമായ തന്ത്രങ്ങൾ മെനയാനുള്ള ശേഷിയില്ലെന്ന് മോദിക്ക് നല്ലവണ്ണമറിയാം. അധികാരം നിലനിർത്താൻ സ്വീകരിക്കേണ്ട എളുപ്പവഴികൾ തക്കസമയത്ത് അമിത് ഷായുടെ വളവും തിരിവുമുള്ള ബുദ്ധിയിൽ നിന്നുതന്നെ ഉദിച്ചുയരുമെന്ന് നരേന്ദ്രമോദിയ്ക്കല്ലാതെ മറ്റാർക്കാണു തിരിച്ചറിയാൻ കഴിയുക. സമീപഭാവിയിൽ തന്നെ കൈവരിക്കാൻ കഴിയുമെന്ന ഹിന്ദുരാഷ്ട്ര സങ്കല്പമെന്ന അജണ്ട വലിയ കോലാഹലമില്ലാതെ നേടിയെടുക്കാൻ അമിത് ഷായുടെ കൂർമ്മബുദ്ധിയിൽ മാർഗ്ഗങ്ങൾ ഉരുത്തിരിയുമെന്ന വിശ്വാസം അധികാരകേന്ദ്രീകരണമെന്ന സങ്കല്പത്തിലൂടെ മുന്നേറുന്ന നരേന്ദ്രമോദിക്ക് സാധിക്കും. അതിനുള്ള ഏറ്റവും മികച്ച കൂട്ടാളിയാണു വിശ്വസ്തനായ അമിത് ഷാ. അധികാരം മോദിയിൽ കേന്ദ്രീകരിക്കുമ്പോൾ തന്നെ അത് നിർവ്വഹിക്കുന്നതിനു സഹായിക്കുന്ന ഒരാളായി മാത്രം കുശാഗ്രബുദ്ധിയുള്ള അമിത് ഷായെ കൂടെനിർത്താൻ തീരുമാനിച്ചതിൽ അത്ഭുതമൊന്നുമില്ല.

അഹിംസയും ജൈനമതവും

ജൈനമത വിശ്വാസസംഹിത അഹിംസയെ കേന്ദ്രീകരിച്ചാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ന് എല്ലാ മതങ്ങളിലും ഹിംസയ്ക്ക് ന്യായീകരണങ്ങൾ കണ്ടെത്തുന്നുണ്ട്. ബുദ്ധമാർഗ്ഗം പോലും സന്യാസപ്രമുഖരിലൂടെ ഹിംസയെ പ്രോത്സാഹിപ്പിക്കുന്നത് മ്യാന്മാറിലും മറ്റും കാണുന്നുണ്ട്. അതുകൊണ്ട് ജൈനനായ ഒരാൾക്ക് അധികാരലബ്ധിക്കായി ഭിന്നമാർഗ്ഗം സ്വീകരിക്കുന്നതിനു തടസ്സമൊന്നും ഉന്നയിക്കേണ്ടതില്ലെന്നത് ഓർത്തുകൊള്ളുക. അത് തീർഥങ്കരർ പറഞ്ഞിട്ടില്ലെങ്കിലും നടപ്പുമാർഗ്ഗം കൈക്കൊള്ളുന്നതിൽ ലജ്ജിക്കേണ്ട ഒരു കാര്യവുമില്ലല്ലോ.

Read Also  'ഞങ്ങള്‍ കയറാത്ത വണ്ടിക്ക് കൃഷിഭൂമി വിട്ടുനല്‍കുന്നതെന്തിന്'?: ബുള്ളറ്റ് ട്രെയിനിനെതിരെ പ്രതിഷേധവുമായി ഗുജറാത്ത് കര്‍ഷകര്‍

.

LEAVE A REPLY

Please enter your comment!
Please enter your name here