Monday, October 26

ചരിത്രത്തിന്റെ തിരുത്തലും പുസ്തകത്തിന്റെ കടത്തലും രാജസ്ഥാനിൽ നിന്നും കാണാതാകുന്നത് ചരിത്രരേഖകളായുള്ള പുസ്തകങ്ങൾ

ഇന്ത്യയിലെ വലിയ ആർക്കൈവ് അക്കാദമിക്ക് ലൈബ്രറികൂടിയായ, രാജസ്ഥാനിലെ ജാല ലാവാർ ഗവൺമെന്റ് കോളേജിലെ ഭവാനി പർമാനന്ദ് ലൈബ്രറിയിൽ നിന്നും സുപ്രധാനമായ ചരിത്ര രേഖകൾ എന്ന് പറയാവുന്ന പല പുസ്തകങ്ങൾ നഷ്ടമാകുന്നതായി ഉത്തരേന്ത്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1911 ൽ രജപുത്ര രാജവംശജയായ രാജാ ഭവാനി സിംഗ് സ്ഥാപിച്ചതാണ് ഈ പുസ്തകശാല. സംസ്ഥാനത്തെ ദിവാനായിരുന്ന പരമാനന്ദ് ചതുർവേദിയുടെ പേരിലാണ് ലൈബ്രറി സ്ഥാപിതമായത്. പിന്നീട് 1946 ൽ ലൈബ്രറി കോളേജിന് കൈമാറുകയായിരുന്നു .
വില പിടിപ്പുള്ളതും അപൂർവവുമായ പുസ്തകങ്ങളാണ് ഇപ്പോൾ കാണാതായതായികൊണ്ടിരിക്കുന്നത്. അന്വേഷണം ആരംഭിച്ച് പുസ്തകങ്ങൾ വീണ്ടെടുക്കണമെന്ന് പ്രാദേശിക ടൂറിസം വികസന സമിതി ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി. ആയിരത്തിലധികം പുസ്തകങ്ങൾ കാണാതായിട്ടുണ്ടെന്ന് ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കർ റിപ്പോർട്ടുചെയ്യുന്നു, ഇതിൽ 97 എണ്ണം ചരിത്ര പ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണ്. ബുണ്ടി കോളേജിൽ നിന്നുള്ള ഓഡിറ്റ് ടീമാണ് ലൈബ്രറിയുടെ കാറ്റലോഗും അക്കൗണ്ടുകൾ കണക്കാക്കാവുന്ന പുസ്തകങ്ങളും തമ്മിൽ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയത്.
ലൈബ്രേറിയനായി ജോലിയിലുണ്ടായിരുന്ന പിഡി ഗുപ്തഎന്ന ഉദ്യോഗസ്ഥൻ 20 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞവർഷം വിരമിച്ചിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു സാധാരണ ലൈബ്രേറിയനെ പ്പോലും നിയമിച്ചിട്ടില്ലഎന്നാണ് അറിയുന്നത്. .
ലൈബ്രറിയിലെ അപൂർവമായ പല പുസ്തകങ്ങളും ഇപ്പോൾ അച്ചടിയിൽ ഇല്ലാത്തവയാണ് അതുകൊണ്ടുതന്നെ കാണാതായ പുസ്തകങ്ങൾ ഇനിയും പ്രിന്റ് ചെയ്തെടുക്കുക അസാധ്യമാണെന്ന് ഓഡിറ്റ് ടീം പ്രാദേശിക അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വർണ്ണത്തിൽ കൊത്തിവച്ച പുസ്തകങ്ങൾ പോലും ഈ ലൈബ്രറിയിൽ ഉണ്ട് പുസ്തകങ്ങളിൽ പലതിന്റെയും സാഹിത്യപരവും ചരിത്രപരവുമായ മൂല്യം കണക്കാക്കുന്നതിനും മുകളിലാണെന്നും അക്കാദമിക്ക് വിദഗ്ദ്ധർ പറയുന്നു.
എന്നാൽ ഭവാനി പർമാനന്ദ് ലൈബ്രറിയിലെ ഈ കാണാതാകൽ സംഭവം അസാധാരണമായ ഒന്നല്ലെന്നും, നഗരത്തിലെ ഏറ്റവും പഴയ ലൈബ്രറിയായ ജയ്പൂരിൽ, വാൾഡ് സിറ്റിയിലെ ചൗര റാസ്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മഹാരാജ പബ്ലിക് ലൈബ്രറിപോലും കടുത്ത അവഗണനയിലാണെന്നും പുസ്തക സ്നേഹികൾ പറയുന്നു. അവിടെയും അപൂർവ പുസ്തകങ്ങളുടെ ഒരു ശേഖരമാണുള്ളത് , ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു ഭാഷകളിൽ ഏകദേശം 1.25 ലക്ഷം പുസ്തകങ്ങളും 330 അപൂർവ കൈയ്യെഴുത്തുപ്രതികളും ഇപ്പോൾ തന്നെ അവിടെ അവഗണിക്കപ്പെട്ടിരിക്കുന്നതായും പറയുന്നു
1998-2003 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരിക്കെ അശോക് ഗെലോട്ട് സംസ്ഥാനത്തെ പൊതു ലൈബ്രറികൾ കാര്യക്ഷമമാക്കാനും കേരളത്തിലെന്നപോലെ ഒരു ലൈബ്രറി പ്രസ്ഥാനം ആരംഭിക്കാനും ശ്രമിച്ചിരുന്നുവെങ്കിലും അത് നിലവിൽ വന്നില്ലെന്നും ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു.
പുരാതന മൂല്യമുള്ള വസ്തുക്കൾ സംസ്ഥാനത്തെ ഒരു പൊതു സ്ഥാപനങ്ങളിൽ നിന്ന് കാണാതാകുന്നത് ഇതാദ്യമല്ല. 2005-06 ൽ ഭാരതീയ ജനതാ പാർട്ടി നേതാവ് വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ, ജയ്പൂരിലെ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷന്റെ ഖാസ കോത്തി ഹോട്ടലിൽ ഉണ്ടായിരുന്ന ഇറാനിൽ നിന്നുള്ള ചരിത്രപരമായ വിലയുള്ള പരവതാനികൾ വാടകയ്ക്ക് എടുത്തു മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപയോഗിച്ചിരുന്നു എന്നാൽ . പിന്നീട് ഈ പരവതാനികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിനാൽ അവയുടെ വാടകയും നൽകപ്പെടാതെ കിടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡ്യൂട്ടിയിലുള്ള ഒരു ഉദ്യോഗസ്ഥൻ ഈ കേസിൽ ഇപ്പോഴും പ്രതിപട്ടികയിലുണ്ട്.
ലൈബ്രറികളിൽ നിന്നും ചരിത്രപുസ്തകങ്ങൾ കാണാതാകുന്നത് സംബന്ധിച്ച് രാഷ്ട്രീയമായ മാനങ്ങൾ ഉള്ളതായും അറിയുന്നു. ചരിത്രം തിരുത്തിയേഴുമ്പോൾ നിലവിലെ രേഖപ്പെടുത്തലുകൾ ഒന്നും തന്നെ അവശേഷിക്കരുതെന്ന രാഷ്ട്രീയ ബോധമുള്ള ഒരു ഭരണ ക്രമം നിലവിലുള്ളപ്പോൾ ഇനിയും ഇത്തരം രേഖകളുടെ കടത്തൽ ഉണ്ടാകുമെന്നു വേണം പ്രതീക്ഷിക്കാൻ

Spread the love
Read Also  പ്രധാനമന്ത്രി മോദിയുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കൂട്ടക്കൊലകളും കൂടും: കേന്ദ്രമന്ത്രി