Monday, January 24

ശബരിമല മലയരയരുടേത്; ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥചരിത്രവുമായി പി. കെ. സജീവ്‌

ഐക്യമലയരയ മഹാസമിതിയുടെ സെക്രട്ടറിയായ പി. കെ .സജീവ്‌ തമസ്കരിക്കപ്പെട്ട ശബരിമലയുടെ ചരിത്രം വെളിപ്പെടുത്തുന്നു. ഭക്തർ കേട്ടിട്ടില്ലാത്ത ശബരിമലയെയും അയ്യപ്പനെയും കുറിച്ചുള്ള പുതിയ അറിവുകൾ ഒരു പക്ഷെ ചരിത്രത്തെതന്നെ മാറ്റിമറിച്ചേയ്ക്കാം. 

അയ്യപ്പനുമായി ബന്ധപ്പെട്ട ബ്രാഹ്മണിക്കല്‍ അല്ലാത്ത മിത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ടു താങ്കളുടെ സമുദായത്തിന്റെ മിത്തും ചരിത്രവും വിശകലം ചെയ്യാമോ?

ഞാന്‍ പറഞ്ഞു വരുന്നത് 90 ശതമാനവും ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. അയ്യപ്പനെ കോടാനുകോടി ജനങ്ങള്‍ ആരാധിക്കുന്നതാണ്. അത് ചരിത്രത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ട ഒരു കാര്യമല്ല, അധ്യാത്മികതയില്‍ കൂടി കേന്ദ്രീകരിക്കപ്പെട്ടതാണ്. ആധ്യാത്മികതയ്ക്ക് നമ്മള്‍ പറയുന്നതുകൊണ്ട് ദോഷം ഉണ്ടാവാന്‍ പാടില്ല, വിശ്വാസി ആണെങ്കിലും അല്ലെങ്കിലും. വര്‍ഷത്തില്‍ 25,000 കോടിയിലധികം രൂപ കേരളത്തിലേക്ക് എത്തിച്ചേരുന്ന ഒരു സോഴ്സ് കൂടിയാണ് ശബരിമല. ഇതു നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണ്. നമ്മള്‍ സംസാരിക്കുമ്പോ ആ സമ്പദ്‌വ്യവസ്ഥക്കും കോട്ടം ഉണ്ടാവാന്‍ പാടില്ല. അതിര്‍ത്തിയില്‍ ചെക്ക്‌ പോസ്റ്റ് മുതല്‍ പായ വിരിക്കുന്നത്, വസ്ത്രം വാങ്ങുന്നത്, വഴിപാട്‌ കഴിക്കുന്നത്‌, ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്നതും തിരിച്ചു പോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചേര്‍ന്നതാണ്. നമ്മുടെ ഖജനാവിലേക്ക് വരുന്നത് നിസ്സാരതുകയല്ല. നമ്മുടെ സംസാരമോ എഴുത്തോ അതിനെ ദോഷകരമായി ബാധിക്കാന്‍ പാടില്ലല്ലോ.

മലയരയ സമുദായം ചരിത്രപരമായ പുതിയ അറിവുകൾ പങ്കുവെക്കുമ്പോൾ നിലവിലുള്ള സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമല്ലോ… കാര്യങ്ങൾ ആകെ മാറുമല്ലോ?

നമ്മുടെ അവകാശത്തെക്കുറിച്ചു മലയരയ സമുദായം വളരെ ശക്തമായി സംസാരിക്കുന്നുണ്ടെങ്കിലും ഇതുകൂടി അവരുടെ മനസ്സില്‍ ഉണ്ടാവണം. ചര്‍ച്ച ചെയ്തു ചര്‍ച്ച ചെയ്തു ഇതിനു ദോഷം ഉണ്ടാക്കാന്‍ പാടില്ല. സീസണ്‍ വരുമ്പോ കടകളിലും പെട്രോള്‍ പമ്പുകളിലും ഒക്കെ എല്ലാവരും അയ്യപ്പന്‍റെ പടം ഒക്കെ വെച്ച്, എല്ലാ ജാതി മതസ്ഥരും ഈ ഉത്സവത്തെ വരവേൽക്കുന്നുണ്ട്. എല്ലാവർക്കും ഗുണം ഉണ്ടാവുന്നുണ്ട്. Think globaly, act locally എന്നാണല്ലോ. നമ്മള്‍ പക്ഷെ അങ്ങനെ അല്ല. നമ്മള്‍ പരിഷ്കൃത ലോകത്താണ് ജീവിക്കുന്നത്. അപ്പൊ പരിഷ്കൃത സമൂഹത്തിനു ആവശ്യമായിട്ടുള്ള കാര്യങ്ങളാണ് ഉണ്ടാവേണ്ടത്. സ്ത്രീകള്‍ പോകുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ. അതൊക്കെ അവരുടെ താല്‍പര്യങ്ങളെ അനുസരിച്ച് വരുന്ന കാര്യങ്ങളാണ്.

മലയരായ വിഭാഗത്തിലുള്ള യുവതികൾ ശബരിമലയിൽ പോകാറുണ്ടോ?

നിലവിലുള്ള ആചാരക്രമം അനുസരിച്ച് ഇതേവരെ വിശ്വാസികളായ ആരും പോയിട്ടില്ല. അങ്ങനെ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അത് വലിയ സ്വാധീനം ഉപയോഗിച്ച് പോയതാണ്. ഒരു മേല്‍ശാന്തിയുടെ കൊച്ചുമകള്‍ 12 വയസ്സില്‍ അവിടെ താമസിച്ചു എന്ന് പറഞ്ഞു കേട്ടു. നമ്മള്‍ മേല്‍ശാന്തി ആയിരുന്നെങ്കില്‍ നമുക്കും കൊണ്ടുപോയി താമസിപ്പിക്കാം. ഇങ്ങനത്തെ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയിട്ട് മറ്റുള്ളവര്‍ പോകരുതെന്ന് പറയുന്നതാണ് പ്രശ്നം.

 ഒരു ദേവസ്വം കമ്മീഷണര്‍ പോയിട്ടുണ്ട്, ആ റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ ഉണ്ട്. അതൊക്കെ പറയാന്‍ ഉള്ള ഒരു ആര്‍ജവം ഇപ്പൊ കാണിച്ചു തുടങ്ങിയല്ലോ. ഈ കാര്യം പറഞ്ഞു സമൂഹത്തെ ഭിന്നിപ്പിക്കരുത്. ചേരിതിരിവ്‌ ഉണ്ടാക്കാന്‍ പാടില്ല. കാരണം മറ്റു സംസ്ഥാനം പോലെയല്ല കേരളം. ഏതു ജാതി മതത്തില്‍പെട്ടാലും ഇതൊക്കെ നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ട സമൂഹം ആണ് നമ്മുടേത്. രാജ്യത്തിന്‌ ദോഷകരമായ ഒരുകാര്യവും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടില്ല. രാജ്യത്തിന്‍റെ പുരോഗതി ആണ് എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടാകേണ്ടത്. നമ്മുടെ സ്റ്റേറ്റ് ആണ് നമുക്ക് ഭക്ഷണം തരുന്നത്. ജീവിക്കാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്ര്യം തരുന്നത്. ഭരണഘടന തകര്‍ക്കാന്‍ പാടില്ല. ഭരണഘടന ബെഞ്ചിന്റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതിനെതിരെ റിവ്യൂ കൊടുക്കേണ്ടവർക്ക് കൊടുക്കാം. ഞങ്ങളുടെ സമുദായത്തില്‍, ഞങ്ങളുടെ സ്ത്രീകളാരും ആ പ്രായത്തില്‍ അവിടെ പോയിട്ടില്ല. ആചാരം അങ്ങനെ തുടരുകയാണ്.

സമുദായപ്രവർത്തന രംഗത്തേയ്ക്ക് വന്നിട്ട് എത്ര കാലമായി? യുവതീ പ്രവേശത്തിൽ സംഘടനയുടെ നിലപാട് എന്താണ്?

25 വര്‍ഷത്തിലേറെയായി ഞാന്‍ സമുദായ പ്രവര്‍ത്തനം തുടങ്ങിയിട്ട്. സമുദായത്തിന്റെ ചരിത്രം ഞാന്‍ ഒരുപാടു തേടിപ്പിടിച്ചു പഠിച്ചിട്ടുണ്ട്. കാരണവന്മാരെ കണ്ട്‌ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ചരിത്രത്തില്‍ ഏതെല്ലാം ഘടകങ്ങളാണ് സ്വാധീനിച്ചിട്ടുള്ളതെന്നു നോക്കണം. പഴയ ആളുകളുടെ അറിവിലും ആ പ്രായത്തിലുള്ള സ്ത്രീകളാരും അവിടെ പോയിട്ടില്ല എന്നാണ് അറിയുന്നത്.
അവിടെ ചോറ് കൊടുക്കാന്‍ പോയിട്ടുണ്ട് എന്നാണ് ഇപ്പൊ പറയുന്നത്. പ്രസവശേഷം ആര്‍ത്തവം തുടങ്ങാന്‍ പഴയ കാലത്ത് ചിലപ്പോ രണ്ടുവര്‍ഷം വരെ എടുക്കുമായിരുന്നു. അത്തരത്തിലുള്ള ഭക്ഷണം ആണ് അന്നുണ്ടായിരുന്നത്. അങ്ങനെയാണ് ചോറ് കൊടുക്കാന്‍ അവിടെ പോയ അനുഭവം. അന്ന് പിടിപ്പണം വാങ്ങിയ ആള്‍ പറഞ്ഞതാണ്. വ്യാപകമായി അങ്ങനെ ഒന്നും ഇല്ലായിരുന്നു. ഒന്നോ രണ്ടോ പേര് പോയിട്ടുണ്ടാകാം. സംഘടനയുടെ നിലപാട്: കോടതി വിധിയോ സര്‍ക്കാര്‍ ഉത്തരവോ അല്ല ക്ഷേത്രദര്‍ശനത്തിനു സ്വീകരിക്കുന്നത്. ശിവക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്റെ ഓവുചാല്‍ മുറിച്ചു കടക്കരുത് എന്നൊരു ആചാരം ഉണ്ട്. ഗംഗയാണ് എന്നാണ് സങ്കല്‍പം. അതിനെ മുറിക്കണം എന്ന് പറഞ്ഞു ഒരു ഭക്തന്‍ കോടതിയില്‍ പോയാല്‍ അങ്ങനെ വിധി വന്നാല്‍ ആ ആചാരം ഇല്ലാതെയാവും.

അപ്പോൾ യുവതികൾ പോയിട്ടുള്ള ഒരു ചരിത്രം അവിടെയുണ്ടായിരുന്നില്ല?

ഇതിനെ സ്ത്രീ പുരുഷ സമത്വം, ലിംഗനീതി എന്നൊക്കെ നോക്കി കാണേണ്ടതില്ല എന്നാണു അഭിപ്രായം. മലയരയ സമുദായമാണ് അവിടെ എമ്പാടും അധിവസിച്ചിരുന്നത്. ആ സമുദായത്തില്‍ പെട്ടതാണ് ശബരി എന്ന സ്ത്രീ. ശബരിയുടെ മലയാണ് ശബരിമല. പൊന്നുകൊണ്ട് പണിഞ്ഞതാണ് പൊന്നമ്പലം. ഇതു കാടായിരുന്നു എന്നല്ല, അവിടെ ഒരു വലിയ നാഗരികത ഉണ്ടായിരുന്നു എന്ന നിലക്ക് നോക്കിയാലെ ഈ ചരിത്രം കിട്ടുകയുള്ളൂ. അത് കാടായി രൂപപ്പെടാന്‍ അധികകാലം വേണ്ടല്ലോ.

മലയരയ സമുദായത്തിൽ സ്ത്രീ-പുരുഷന്മാരുടെ അധികാരഘടന എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്?

നീലിയുടെ പേരിലാണ് നീലിമല. ഞങ്ങളുടെ പരമ്പരയില്‍ നീലി എന്ന് പേരുള്ള സ്ത്രീകളുണ്ട്. ദളിതരുടെയും ആദിവാസികളുടെയും ഒക്കെ അമ്മമാര്‍ക്ക് അത്തരം പേരുകള്‍ ഉണ്ട്. അതുപോലെ അയ്യപ്പന്‍, അയ്യങ്കാളി –അയ്യന്റെയും കാളിയുടെയും മകനാണ് അയ്യങ്കാളി. അത് ദൈവത്തിന്റെ പേരാണല്ലോ. ഇതൊക്കെ നാമെല്ലാം ഉള്‍പ്പെടുന്ന ദ്രവിഡിയന്‍ കള്‍ച്ചറിന്റെ ഭാഗമാണ്.

കരിമലയുടെ അധിപതി ചക്കി എന്ന ഒരു സ്ത്രീ ആയിരുന്നു. ഇവിടെയൊക്കെ സ്ത്രീകള്‍ക്ക് രാജ്യം ഭരിക്കാന്‍ പറ്റും. സ്ത്രീകള്‍ക്ക് അത്ര പ്രാധാന്യം ഉണ്ടായിരുന്നു. ഇന്ന് എത്ര സ്ത്രീകളാണ് നേതൃത്വത്തില്‍ ഉള്ളത്?. ഈ സമൂഹം സ്ത്രീകളെ എത്രമാത്രം ആദരിച്ചിരുന്നു എന്നതിന്റെ സൂചനയാണത്. ഒത്തിരി ജനവാസമുള്ള പ്രദേശം ആയിരുന്നു പുതുശ്ശേരി എന്നത്, വളരെ സമതലം ആയ ഒരു പ്രദേശം ആയിരുന്നു അത്. ആ പ്രദേശം നോക്കികൊണ്ടിരുന്ന ആളാണ് പുതുശ്ശേരി മുണ്ടന്‍. വലിയ പാര്‍പ്പിട പ്രദേശം ആയിരുന്നു. ആയ് രാജവംശത്തെപ്പറ്റി സോലോമി എന്ന സഞ്ചാരി എഴുതിയ ചരിത്രം ഉണ്ട്. അവര്‍ വിദേശ സഞ്ചാരികള്‍ ആയിരുന്നു. അവരെ ഇവിടത്തെ ഭരണകൂടങ്ങള്‍ സ്വധീനിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് അവര്‍ എഴുതിയ ചരിത്രം കൂടുതല്‍ ആശ്രയിക്കാം. ഇന്നത്തേക്കാള്‍ കുറച്ചുകൂടി സത്യസന്ധമായ നിലപാട് അതിലുണ്ട്. അവ്വയാര്‍ സംഘകാല കൃതികളില്‍ പരാമര്‍ശിക്കപ്പെട്ട കവയിത്രിയായിരുന്നു. അന്നത്തെ പാണന്‍ സമുദായത്തില്‍പെട്ട വനിതയാണ്‌, പട്ടികവിഭാഗത്തില്‍. വലിയ അംഗീകാരം ആയിരുന്നു. ആയിരം വർഷം മുന്‍പ് അക്കാലത്ത് കേരളത്തില്‍ ഇത്രമേല്‍ ജാതിയും മതവും ഒന്നും ഇല്ലായിരുന്നു എന്ന് വേണം കരുതാന്‍. മാവേലി പറഞ്ഞത് പോലെ, മാവേലി ഒക്കെ മിത്തായി എഴുതി തള്ളുകയല്ലേ. മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച നാടായിരുന്നു കേരളം.

ആയ് രാജവംശത്തിലെ ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിനു അസുഖം വന്നു. ദ്രവിഡിയന്‍ വൈദ്യന്മാര്‍ ചികിത്സിച്ചു ഭേദമായില്ല. ഒരു ബ്രാഹ്മണ വൈദ്യന്‍ വന്നു ചികിത്സിച്ചു ഭേദമായി. രാജാവ് എന്തു വേണം എന്ന് ചോദിച്ചു. പൊന്നോ പണമോ രാജ്യമോ…. എന്നെ ഈ കൊട്ടാരത്തിലെ മുഖ്യ പുരോഹിതന്‍ ആക്കിയാല്‍ മതി എന്ന് പറഞ്ഞു. ഇവിടെ നിലനിനിരുന്ന ഗോത്ര ദ്രവിഡിയന്‍ ആചാരങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാന്‍ വേണ്ട ഉത്തരവുകള്‍ രാജാവിനു നല്‍കേണ്ടിവന്നു. നമ്മുടെ സ്വാഭാവിക ബുദ്ധി കൊണ്ട് വിലയിരുത്തിയാല്‍ മനസ്സിലാകും ആചാരങ്ങള്‍ വരുന്നത് അങ്ങനെയാണ്. ആചാരങ്ങളും ഭാഷയും എല്ലാം വരുന്നത് അങ്ങനെയാണ്.
ഞാന്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് വേണ്ടിയല്ല. ഞാന്‍ കണ്ട കാര്യങ്ങള്‍ ലോകത്തോട്‌ പറയുന്നതാണ്. വ്യക്തിയുടെ പുരോഗതിക്ക്, സമൂഹത്തിന്റെ പുരോഗതിക്ക് ദോഷകരമായ ആചാരങ്ങളൊക്കെ ദുരാചാരങ്ങള്‍ ആണ്. വ്യക്തിക്കും സമൂഹത്തിനും പുരോഗതി ഉണ്ടാകുമ്പോള്‍ രജ്യത്തിനു പുരോഗതി ഉണ്ടാകും.

Read Also  കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീധരൻ പിള്ള; സ്ഥലവും സമയവും കോടിയേരിക്ക് തീരുമാനിക്കാം

ചരിത്രപരമായി ഇത് സമുദായത്തിന് നല്‍കണം എന്നാണല്ലോ സര്‍ക്കാരിനു കൊടുത്ത ആവശ്യം?

നിവേദനം സർക്കാരിന് കൊടുത്തു കഴിഞ്ഞു.

ഭരണ നിര്‍വഹണം സമുദായത്തിന് വേണം എന്നാണല്ലോ സർക്കാരിനോട് ആവശ്യപ്പെട്ടത്‌. ഇതില്‍ സമുദായത്തില്‍ രണ്ടഭിപ്രായം ഉണ്ടോ?

ബുദ്ധൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് – നിങ്ങൾക്ക് പ്രസംഗങ്ങള്‍ കേൾക്കാം, പുസ്തകങ്ങള്‍ വായിക്കാം. പക്ഷെ സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ചാണ് അതിന്‍റെ സത്ത മനസ്സിലാക്കേണ്ടത്. ഇപ്പൊ ഞാന്‍ പറയുന്നതിനെ താങ്കളുടെ വിവേചനബുദ്ധി ഉപയോഗിച്ചല്ലേ ഉൾക്കൊള്ളുന്നത്. ഇത് മനനം ചെയ്തെടുക്കേണ്ടതാണ്. കരിമ്പില്‍ നിന്ന് പഞ്ചസാര എടുക്കുന്നതുപോലെ, ആശയങ്ങള്‍ സംസ്കരിച്ചു എടുക്കേണ്ടതാണ്. അതിനു ആ സംഘടനയില്‍ ഉള്ളവര്‍ക്ക് സാധിച്ചിട്ടില്ല. ബ്രാഹ്മണിക്കൽ രീതികളുടെ സ്വാധീനം സമൂഹത്തെ സമസ്തതലങ്ങളിലും ബാധിച്ചു കഴിഞ്ഞു. അതില്‍നിന്ന് പുറത്തേക്കു വരിക എന്നതാവശ്യമാണ്.

ബ്രാഹ്മിണിക്കൽ ആയ രീതി തന്നെയാണല്ലോ ദേവസ്വം ബോർഡിലും തുടരുന്നത്. ചരിത്രം തമസ്കരിക്കലിനും ഇതുമായി ബന്ധമുണ്ടല്ലോ?

ഇന്നത്തെ ബ്രാഹ്മിണിക്കൽ സിസ്റ്റം പലപ്പോഴും അടിസ്ഥാന ജനവിഭാഗത്തെ ഉൾകൊള്ളാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ 108 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 54 പേരും പിന്നാക്കാ വിഭാഗത്തിൽപെട്ടവര്‍, മെരിറ്റില്‍ കടന്നു വന്നു കഴിഞ്ഞു. 34 ഈഴവര്‍, 16 പേര്‍ മാത്രമേ മുന്നാക്ക സമുദായത്തില്‍ നിന്നുള്ളൂ. ഇക്കാലമത്രയും അങ്ങനെ ആയിരുന്നില്ല .

പിന്നാക്കാക്കാര്‍ പിന്നാക്കാക്കാര്‍ ആയിരുന്നില്ല. പിന്നാക്കാ വിഭാഗത്തില്‍പെട്ടവര്‍ ഈ രാജ്യത്തിന്‍റെ നേരവകാശികള്‍ ആയിരുന്നു. ആയ്രാജവംശം ചിറ്റരയര്‍ എന്ന ഗോത്രത്തില്‍നിന്ന് രൂപം കൊണ്ടതാണ് .ചിറ്റരയര്‍ മലയരയര്‍ ആണ്. അരചർ എന്ന വാക്കില്‍ നിന്നാണ് അരയര്‍ ഉണ്ടായത്. ആയ് രാജവംശത്തിൽ അവശേഷിക്കുന്ന ആളുകളാണ് ഇന്നത്തെ മലയരയര്‍. ഞങ്ങളെ സംബന്ധിച്ച് ഈ ചരിത്രം അല്ല പഠിപ്പിച്ചിട്ടുള്ളത്. ഈ ചരിത്രം പഠിപ്പിക്കാന്‍ കഴിയില്ല. ഇന്ന് നമ്മള്‍ ബ്രാഹ്മിണിക്കൽ വ്യവസ്ഥയ്ക്കകത്ത് നിൽക്കുകയാണ്. അവരെ നിയന്ത്രിക്കുന്നത് രാഹുല്‍ ഈശ്വര്‍ ആണ്. ഞാനും രാഹുല്‍ ഈശ്വറും ഒന്നിച്ചു മീറ്റിങ്ങിനു വന്നാല്‍ ആളുകള്‍ കൂടുതല്‍ ബഹുമാനിക്കുന്നത്‌ രാഹുല്‍ ഈശ്വറിനെയാണ്. അത് നമ്മുടെ മനസ്സില്‍ സൃഷ്ടിച്ചുവച്ചിട്ടുള്ള ബോധം ആണ്. അവര്‍ എന്തു വിവരക്കേട് പറഞ്ഞാലും ആളുകള്‍ കേള്‍ക്കും. ചരിത്രവും സത്യവും പറയുന്ന ആളിനെ ജനങ്ങള്‍ കേള്‍ക്കുകില്ല. സ്വാതന്ത്ര്യസമരം ചെയ്യാതെ ഒരുപാടുപേര്‍ മാറി നിന്നിരുന്നു. കാലക്രമേണ അടിമത്തം ഒരുതരം സുഖമായി മാറും. നമ്മള്‍ എന്നാ ചെയ്യാന അവര്‍ ചെയ്തോളും എന്ന സമീപനം.

ഞാന്‍ ഇപ്പൊ നിങ്ങളുമായി സംസാരിക്കുമ്പോൾ ഇവിടെ മുറ്റം അടിക്കുകയാണ്. അത് സ്ത്രീകള്‍ക്ക് മാറ്റിവച്ചില്ല ഞാന്‍. അടിമത്തത്തിനകത്തായ വ്യക്തികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതില്‍ നിന്നുള്ള മോചനം ആണ് പെരിയാര്‍ നടത്തിയത്. വൈക്കം സത്യഗ്രഹത്തിന് വന്നപ്പോ അദ്ദേഹം പറഞ്ഞ ഒരു വാചകം ഉണ്ട്. വിഗ്രഹത്തെ പറ്റി ആണോ എന്ന് ഓര്‍മയില്ല, നന്നായി തുണി അലക്കാൻ കൊള്ളാം എന്നാണ്. അത് പൂര്‍ണമായും യുക്തിയിലേക്ക് പോയി. അദ്ദേഹം കൊണ്ടുവന്ന ദ്രാവിഡ ഐഡന്റിറ്റി ആണ് തമിഴ്‌നാടിനെ നിലനിര്‍ത്തുന്നത്. അതുകൊണ്ടാണ് അവിടെ ബി.ജെ.പി.യ്ക്കു സ്വീകാര്യത ഇല്ലാത്തത്. കേരളത്തില്‍ ഞാന്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ആളുകളെയും സ്വാധീനിക്കുന്നത് ക്ഷേത്ര കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ആണ്. കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നത്‌ അവരെ ആണല്ലോ.

അയ്യപ്പൻ തന്നെ സെക്കുലറായ ഒരു സങ്കൽപ്പമല്ലേ?

വിഗ്രഹം അല്ലലോ നമ്മുടെ മനസില്‍ ഉള്ളത്, ഭഗവന്‍ അയ്യപ്പന്‍ ജാതിയോ മതമോ നോക്കാതെ എല്ലാവരേം സ്വീകരിച്ച ആളാണ്‌. അപ്പൊ അത്തരത്തിലുള്ള ആശയങ്ങളാണ് മനസ്സില്‍ ഉള്ളത്. നമ്മള്‍ ആദ്യം ഇന്ത്യൻ പൗരനാണ്. പിന്നെയാണ് ജാതിയും മതവും. മലയരയരുടെ സ്കൂളിലെ പോകൂ എന്ന് ശഠിച്ചിട്ട് കാര്യമുണ്ടോ?.

മകരവിളക്കുമായി ബന്ധപ്പെട്ടുണ്ടായ പുല്ലുമേട് ദുരന്തത്തിന്റെ അടിസ്ഥാനകാരണം അവിടത്തെ മകരവിളക്ക്‌ കാണാന്‍ പാവങ്ങള്‍ തടിച്ചു കൂടിയതാണ്. അതിന്‍റെ ഉത്തരവാദി അത് തെളിച്ചവര്‍ക്ക് ആണ്. അതുവരെ അത് ദേവനിർമ്മിതം ആണെന്നായിരുന്നു വിശ്വാസം. ആരാണ് ആ വിശ്വാസം നിലനിര്‍ത്തിയത്? ആരാണ് യുക്തിവാദികള്‍ മാര്‍ച്ച് നടത്തിയപ്പോള്‍ ലാത്തിച്ചാർജ്ജ് ചെയ്തത്?
ശബരിമലയുടെ നേരവകാശം ഈ സമുദായം, ഈ സമുദായത്തിന് ചോദിക്കാം. ആചാരം ഒരു ബ്രാഹ്മണിക്കല്‍ ഐഡന്റിറ്റി അല്ല. മറ്റേ സംഘടയില്‍പെട്ടവര്‍ വിവരാവകാശം വെച്ച് ചോദിച്ചിട്ടുണ്ട്. എനിക്ക് ഇതൊക്കെ പറയാന്‍ അവകാശം ഉണ്ടോ എന്ന്. അതൊരു ബ്രാഹ്മണിക്കല്‍ സംഘടന ആണ്. അതിന്‍റെ പ്രസിഡന്റ്‌ ശശിധരന്‍. അവരെക്കൊണ്ടു അത് ചെയ്യിപ്പിക്കാന്‍ പിന്നില്‍ ആളുകള്‍ ഉണ്ടാകാം. അതാണ് അവരുടെ പൊതുബോധം. ബ്രാഹ്മണിക്കല്‍ ബോധം ആണ്. എല്ലാക്കാലത്തും അടിസ്ഥാന വിഭാഗത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി ഒപ്പം കൊണ്ടുപോകുക എന്നത് അവരുടെ രീതിയാണ്.

മകരവിളക്ക് കത്തിക്കുന്നത് മലയരയ സമുദായത്തിന്റെ ചുമതലയിൽ നിന്ന് മാറിയതിന്റെ കാരണം?

2011-ൽ പുല്ലുമേട് ദുരന്തം ഉണ്ടായപ്പോൾ ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞത് അത് മലയരയര്‍ തെളിക്കുന്നത് ആണെന്നാണ്. ഞങ്ങളുടെ കാര്‍ന്നോന്മാരെ അടിച്ചോടിച്ചിട്ട് ഞങ്ങളിൽനിന്നും അത് ദേവസ്വം ബോര്‍ഡ് അടിച്ചെടുത്തതാണ്. എന്‍റെ അഭിപ്രായത്തില്‍ ഭക്തന്റെ പോക്കറ്റില്‍ നിന്ന് കാശു അടിച്ചു മാറ്റുന്ന പരിപാടി ആണ് ഈ മകരവിളക്ക്. അത് കണ്ട്‌ ആളുകള്‍ ആവേശംകൊള്ളും. അതിന്‍റെ ഉത്തരവാദിത്തം ഞങ്ങളുടെ തലയില്‍ വെച്ചപ്പോ ഞങ്ങൾ പത്രസമ്മേളനം വിളിച്ചു പറഞ്ഞു അത് ദേവസ്വം ബോര്‍ഡ്‌ ആണ് ചെയ്യുന്നത് എന്ന്. എന്നാല്‍ ഇനിമേലില്‍ ഇത്തരം ദുരന്തം ഉണ്ടാകാതിരിക്കാന്‍ അതിന്‍റെ അവകാശം ഞങ്ങള്‍ക്ക് വേണം എന്ന് പറഞ്ഞു. അത് ആചാരത്തിന്റെ ഭാഗമല്ലാതായാൽ മനുഷ്യ നിര്‍മിതമാണെന്ന് വെളിപ്പെട്ടാൽ ആളുകള്‍ ഇടിച്ചു കയറില്ല. അതിനാണ് ദേവനിർമ്മിതം എന്ന് പറഞ്ഞിരുന്നത്.

സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ സർക്കാർ വിശദീകരണങ്ങളിലൊന്നും മലയരയരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കൈമാറിയിരുന്നില്ലല്ലോ?

2006-ല്‍ ഫയല്‍ ചെയ്തതാണല്ലോ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ്. പക്ഷെ, ഈ വിധി ഇങ്ങനെ വരില്ലായിരുന്നു. ഇതു ഒരു ട്രൈബൽ റിച്വൽസ് ആണെന്നും ആ സമൂഹം ഇങ്ങനെയില്ല എന്ന് ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിരുന്നെങ്കില്‍ ഈ വിധി ഇങ്ങനെ വരില്ലയിരുന്നില്ല. സുപ്രീം കോടതി ചോദിക്കുന്നുണ്ട് ഈ ആചാരം ഒരു പ്രത്യേക വിഭാഗത്തിന്റെ ആണോ എന്ന്. അയ്യപ്പന്മാർ എന്നത് ഒരു പ്രത്യേക മതത്തിന്റെ ആണോ എന്ന്. ഒരു സംഘടയുടെ രജിസ്‌ട്രേഷൻ എടുക്കുമ്പോ സംഘടനയുടെ സംസ്ഥാനകമ്മിറ്റിക്കു തീരുമാനിക്കാം, ഒരാള്‍ക്ക് അംഗത്വം കൊടുക്കണോ വേണ്ടയോ എന്ന്.

കാട്ടിൽ നിന്നും പന്തളം കൊട്ടാരത്തിലേക്കു ദത്തെടുക്കപ്പെട്ടതാണ് അയ്യപ്പൻ എന്നാണല്ലോ പ്രചാരത്തിലുള്ള സത്യം. അതിന്റെ വാസ്തവമെന്താണ്?

കാട് എന്ന സങ്കൽപ്പം എനിക്കില്ല. ശബരിമല ഉൾപ്പെടുന്ന പതിനെട്ടു മലകളും ജനവാസ മേഖലയായിരുന്നു. സമ്പന്നമായ നാഗരികതയുടെ നാടായിരുന്നു അതെല്ലാം. സിന്ധു നദീതട സംസ്കാരത്തെ എങ്ങനെയാണ് നാം കാണുന്നത്. അതുപോലെതന്നെ വലിയ നാഗരികതയുടെ സംസ്കാര സമ്പന്നമായ ഒരു പ്രദേശമായിരുന്നു ഈ പതിനെട്ടു മലകളും. നമ്മുടെ സമുദായത്തിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. എങ്കിലും യുവതി പ്രായത്തിലുള്ളവർ ശബരിമലയിൽ പോകാറില്ലായിരുന്നു. മറ്റൊരു കാര്യമുണ്ട്. അതേസമയം അവരിൽ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ എന്നോടൊപ്പം പങ്കെടുത്ത ശ്രീചിത്രൻ എന്നൊരാൾ ശബരിമല ക്ഷേത്രം കാട്ടുജാതിക്കാരുടേതാണ് എന്ന് പരാമർശിച്ചിരുന്നു. അദ്ദേഹം പോസിറ്റീവ് ആയി പറഞ്ഞതാണ്. കാട്ടുജാതി എന്നൊരു ജാതി നിലനിൽക്കുന്നുണ്ടോ?. അതേക്കുറിച്ചു ചോദിക്കാനുള്ള സമയം കിട്ടിയില്ല പക്ഷെ ആ പ്രയോഗം വന്നത് നാം പിന്തുടർന്നുവരുന്ന സമൂഹത്തിൽ നിലനിൽക്കുന്ന അധമബോധമാണ് ഇതിനൊക്കെ കാരണം. ശബരിമല ക്ഷേത്രം സർക്കാരിന്റേതാണെന്ന ഒരു പൊതുബോധം ഇപ്പോഴത്തെ ചർച്ചയിലൂടെ രൂപപ്പെട്ടിട്ടുണ്ട്. നേരത്തെ ഇത് പന്തളം രാജകുടുംബത്തിന്റേതാണെന്നായിരുന്നല്ലോ അവകാശപ്പെട്ടിരുന്നത്. ആ ധാരണ ഇന്നും നിലനിൽക്കുന്നുണ്ട്.

Read Also  കണ്ണ് കാട്ടില്‍ തന്നെ വനംവകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

രാമായണത്തിലുമൊക്കെ ഈ പ്രദേശം താഴ്ന്ന ജാതിക്കാരുടെ അധീനതയിലായിരുന്നല്ലോ?

രാമായണത്തിലൂടെ ഭക്തിയെക്കുറിച്ചു ശ്രീരാമൻ ഒരു കാര്യം പറയുന്നുണ്ട്. ശബരിയുടെ അധീനതയിലായിരുന്നല്ലോ ഈ പ്രദേശം. ശബരി ശ്രീരാമനെ സ്വീകരിക്കുന്നുണ്ട്. ഈ ശബരി താഴ്ന്ന ജാതിയിലുള്ളതാണ് എന്നൊക്കെ പറയുന്നുണ്ട്. ഈ ‘താഴ്ന്ന ജാതി’ അതേക്കുറിച്ചെനിക്കറിയില്ല. അതിൽ പറയുന്നതനുസരിച്ചു ഈ പ്രദേശമൊക്കെ ഭരിച്ചുകൊണ്ടിരുന്നത് അവരുടെ ഭാഷയിൽ ‘താഴ്ന്ന ജാതി’ക്കാരാണ്. ആര്യനല്ലാത്ത ഒരു ജാതി എന്ന് വേണമെങ്കിൽ പറയാം. അപ്പോൾ അവരെയെല്ലാം അടച്ചാക്ഷേപിക്കുന്നതും ഇവിടെ ഒരു രീതിയാണ്.

താങ്കൾ കണ്ടെത്തിയ ചരിത്രം വെളിപ്പെടുത്തിയപ്പോൾ പൊതുവെ പ്രതികരണമെന്തായിരുന്നു?

കേരളത്തിലും വിദേശത്തുമുള്ള എല്ലാ സമുദായത്തിലുമുള്ള ധാരാളം ആളുകൾ എന്നെ വിളിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്. അതിനെ സംബന്ധിച്ചുള്ള ചരിത്ര സത്യത്തെക്കുറിച്ചു ഒരു അന്വേഷണം നടത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 1902-ലാണ് ആന്ധ്രയിൽ നിന്നും തന്ത്രി കുടുംബം ശബരിമലയിലേക്ക് വന്നത്. ആകെ 116 വർഷത്തെ പാരമ്പര്യമേ അവർക്കുള്ളു. ജനം 1000 വർഷത്തെ പാരമ്പര്യം അറിയട്ടെ.

1902 വരെ അവിടെ പൂജ നടത്തിയവരുടെ രേഖകളൊന്നും നിലവിലില്ല. കൃത്യമായി വർഷങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള തെളിവുകളൊന്നുമില്ല. നമ്മുടെതായ ഭാഷകളൊക്കെയുണ്ടായിരുന്നു. തമിഴ് ഭാഷയുടെ പാരമ്പര്യമറിയാമല്ലോ. അന്നുള്ള എഴുത്തുകളും എഴുത്തോലകളുമുണ്ട്. പക്ഷെ പണവും അധികാരവുമുള്ളവർക്ക് മാത്രമേ ഭാഷയും സംസ്കാരവും അറിവുമൊക്കെ നില നിർത്താൻ കഴിഞ്ഞിട്ടുള്ളൂ. അറിവ് കേൾക്കുന്നവരുടെ ചെവിയിൽ ഈയം ഒരുക്കിയൊഴിക്കണമെന്ന ഭരണഘടന നിലവിലുണ്ടായിരുന്ന നാടാണ് നമ്മുടേത്. എഴുത്തുകൾ നഷ്ടപ്പെട്ടുപോയതങ്ങനെയാണ്.

എല്ലാ കാലത്തും ചരിത്രം നിഗ്രഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് പതിവാണ്. ഇവിടെയും അത് തമസ്കരിച്ചിട്ടുണ്ടാകും.

ശ്രീലങ്കയിൽ സിംഹളർക്കു അധികാരം കിട്ടിയപ്പോൾ ചെയ്ത ഒരു നടപടിയുണ്ട്. ആദ്യം അവർ 1000 വര്‍ഷം പഴക്കമുള്ള ഒരു ഗ്രന്ഥശാല ബോംബിട്ടു നശിപ്പിച്ചു. നളന്ദ, തക്ഷശില തുടങ്ങിയ ഗ്രന്ഥശാലകൾ തീയിട്ടു നശിപ്പിച്ചു. അഫ്‌ഗാനിസ്ഥാനിൽ ബുദ്ധപ്രതിമകൾ ബോംബിട്ടു നശിപ്പിച്ചത് നാം കണ്ടു. ഇതൊക്കെ ചരിത്രത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനാണ്. പുതിയ ചരിത്രം നിർമ്മിക്കുകയാണ്. പല ക്ഷേത്രങ്ങളിലും വിഗ്രഹ പുനഃപ്രതിഷ്ഠയ്ക്ക് ഞാൻ പോയിട്ടുണ്ട്. അവിടെയൊക്കെ പ്രാചീനമായ വിഗ്രഹങ്ങൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞിട്ടു പുതിയ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുകയാണ്‌, അതിലൂടെ പുതിയ അധികാരങ്ങൾ ഉറപ്പിക്കുകയാണ്. ഇതിലൂടെ ചരിത്രത്തെളിവുകൾ നിഗ്രഹിക്കുകയാണ്.

കരിമൻ എന്ന അരചനായിരുന്നു ആയിരുന്നു ശബരിമലയിലെ ആദ്യത്തെ പൂജാരി. കരിമൻ പിന്നെ കരിമലയായി മാറി. 18 പടികൾ പ്രതിനിധാനം ചെയ്യുന്നത് 18 മലകളെയാണെന്നതാണ്.

അതെ, കരിമലവാസൻ എന്നാണല്ലോ പറയുന്നത്?

അതെന്തിനാ കരിമലവാസൻ എന്ന് പറയുന്നത്. അയ്യപ്പൻ 18 മലകളുടെ അധിപനായിരുന്നു. പോരാളിയായിരുന്നു. അയ്യപ്പൻ വലിയ ബുദ്ധിമാനായിരുന്നു. നിസ്സാരപ്പെട്ട ആളാണ് എന്ന് ഞാൻ കരുതുന്നില്ല. ശിവന്റെ കഴുത്തിൽ കിടക്കുന്ന നാഗത്തെ ശ്രദ്ധിച്ചിട്ടുണ്ടോ. ഈ നാഗത്തിനു ഓരോ നിർവചനം കൊടുക്കാം. ഇവിടെയൊക്കെ നാഗന്മാരായിരുന്നു. നാഗന്മാരെ പ്രതിനിധാനം ചെയ്യുന്ന രീതിയിലാണ് ശിവൻ അങ്ങനെ ചെയ്തിട്ടുള്ളത്. ഇതൊക്കെ ഓരോ സങ്കല്പങ്ങളാണ്. ഇങ്ങനെയുള്ള സങ്കല്പങ്ങളെ അടിസ്ഥാനമാക്കി വേണം നാം ചരിത്രം നിർമ്മിക്കേണ്ടത്. അതുപോലെ 18 പടികൾ ഇവിടെയുണ്ട്. ഓരോ മലകളെയും തൊട്ടു വന്ദിച്ചുവേണം എന്നെ കാണാൻ വരേണ്ടത് എന്ന ഒരു സന്ദേശമാണ് അതിലൂടെ നൽകുന്നത്. പതിനെട്ടു മലകളിലും ഒരു വലിയ സംസ്കാരവും ഒരു വലിയ ജനതതിയുമുണ്ട്. എനിക്കെതിരെ വാദിക്കുന്നവർ പറയുന്നത് 18 പുരാണങ്ങളുടെ കഥയാണ്. എവിടെയാണ് ഈ പുരാണങ്ങളുണ്ടായത്. അത് നമ്മുടെ സംസ്ഥാനത്തല്ലല്ലോ. പതിനെട്ടു പുരാണങ്ങളല്ല പതിനെട്ടു മലകളാണെന്നു ഞാൻ പറയുമ്പോൾ വിശ്വാസികൾക്കെല്ലാം എന്നോട് വലിയ എതിർപ്പാണ്. എനിക്ക് തന്നെ വലിയ ഭീഷണികൾ ഉണ്ടാകുന്നുണ്ട്. പക്ഷെ ഇവിടെ മറ്റൊന്നുള്ളത് നാം ഭക്തിയിലൂടെ തന്നെ കാര്യങ്ങൾ കാണണം. യുക്തിവാദത്തിലേക്കല്ല പോകേണ്ടത്. ഭക്തിയിൽ നല്ല അംശങ്ങളുണ്ട്. അത് നാം കാണണം. ഭരണഘടന മാത്രമല്ല നോക്കേണ്ടത്. ഭക്തിയും മുഖവിലയ്‌ക്കെടുക്കണം.

വളരെയേറെ പാരമ്പര്യമുള്ള സംസ്കാരമാണ് കേരളത്തിൽ നിലനിന്നിരുന്നതു എന്ന് പറയുന്നുണ്ട്. സാഹിത്യകൃതികൾ മാത്രമല്ലേ തെളിവുകൾ അവശേഷിപ്പിക്കുന്നുള്ളൂ?

പ്രാചീനമായ ഒരു സംസ്കാരമാണ് കേരളത്തിൽ നിലനിന്നിട്ടുള്ളത്. അതിന്റെ യാഥാർഥ്യങ്ങൾ നാം കണ്ടെത്തണമെങ്കിൽ സംഘകാല കൃതിയിലേയ്ക്ക് നാം പോകണം.

കരിമല എന്ന പൂജാരിക്കുശേഷം ആരായിരുന്നു ശബരിമലയിൽ ശാന്തിക്കാരായി വന്നിരുന്നത്?

അവിടെ കരിമലയരയനുശേഷം കോർമൻ, കാളനാഴി, കരിംകോന്തിയോപ്പൻ ഇങ്ങനെയാണ് ശാന്തിക്കാരുടെ നിര. കാളനാഴിയെക്കുറിച്ച് ഒരു പുസ്തകത്തിൽ പറയുന്നുണ്ട്. സാമുവേൽ മീററ്റ് (1835 – 1893) 1853ലെഴുതിയ ‘നേറ്റിവ് ലൈഫ് ഇൻ ട്രാവൻകൂർ’ എന്ന പുസ്തകത്തിൽ 76 ആം പേജിലാണ് ഇദ്ദേഹത്തെക്കുറിച്ചു പരാമർശിക്കുന്നത്. അത് റഫർ ചെയ്യാവുന്നതാണ്. ശബരിമലയിലെ അന്നത്തെ പൂജാരിമാരുടെ അനന്തരാവകാശികളെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

ശബരിമലയുടെയും അയ്യപ്പന്റേയും ചരിത്രമാണ് നാം തേടുന്നത്. അതിലേയ്ക്ക് പോകാം. അയ്യപ്പൻറെ ചരിത്രത്തിലും മിത്തിലും അവസാനിപ്പിക്കാം?

ചരിത്രസത്യങ്ങളാണ് ഇതുവരെ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനമാക്കി സമുദായം തുടർന്നു വരുന്ന വിശ്വാസത്തിലുള്ള ചിലതുകൂടി പറയാം. ശബരിമലയില്‍
പോകുന്നവർക്കു നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനം എങ്ങനെയാണ് കടന്നു വന്നതെന്നു പറയാം. പന്തളം രാജാവിന്റെ നേർ മകനല്ലല്ലോ അയ്യപ്പൻ. രാജാവ് വളർത്തച്ഛൻ ആണെന്നാണല്ലോ പറയുന്നത്. കേരളത്തിൽ ചോളരുടെ ആക്രമണം വരുന്ന കാലമുണ്ട്. അത് നൂറ് വര്‍ഷം നീണ്ടുനിന്ന യുദ്ധമായിരുന്നു. പാണ്ഢ്യരാജവംശത്തെ പരാജയപ്പെടുത്തിയാണ് കേരളത്തിലേക്ക് അവർ കടന്നുവരുന്നത്. ചേരരാജവംശവും ആയ് രാജവംശവും ഉള്ള കാലത്താണ് കേരളത്തെ അവർ ആക്രമിക്കുന്നത്. ഈ സമയത്ത് മലയര സമുദായത്തിൽപ്പെട്ട ഒരുപാടാളുകൾ ചോളർക്കെതിരെ രംഗത്തുവന്നു. അന്ന് പുരുഷന്മാരായ എല്ലാവരും നേരിട്ട് രംഗത്തെത്തി. എല്ലാവരും കൊല്ലപ്പെട്ടു. ഈ സമയത്ത് പതിനെട്ടു മലകളുടെയും ആരാധ്യനായിരുന്ന കോർമൻ എന്നൊരു മഹാഗുരു അന്നുണ്ടായിരുന്നു. ഭീതിപൂണ്ട ആളുകൾ അദ്ദേഹത്തെ പോയിക്കണ്ടു. അവരോടു ഗുരു പറഞ്ഞു. ചോളന്മാരുടെ ആക്രമണത്തെ ചെറുക്കാനായി അദ്ദേഹം ഒരു വഴി പറഞ്ഞുതന്നു. ചോളരെ പ്രതിരോധിക്കാൻ കെൽപ്പുള്ള ഒരു പുത്രൻ നിങ്ങൾക്ക് ജനിക്കും. അതിനുവേണ്ടി നിങ്ങൾ 41 ദിവസത്തെ വ്രതമെടുക്കണം. അതിനായി പൊന്നമ്പലമേട്ടിലെ കണ്ടനോടും കറുത്തമ്മയോടുമാണ് ഇത് പറയുന്നത്. അയ്യപ്പൻറെ അച്ഛനും അമ്മയുമാണിത്. അവർ വ്രതമെടുക്കുകയും അയ്യപ്പൻ ജനിക്കുകയും ചെയ്തു. പൊന്നമ്പലമേട്ടിലെ ഗുഹയിലാണ് ശ്രീ അയ്യപ്പൻ ജനിക്കുന്നത്.

ഗുഹയിൽ കണ്ടന്റെയും കറുത്തമ്മയുടെയും നാണക്കേടായി ഹിന്ദുക്കൾ കരുതേണ്ട കാര്യമെന്താണ്?. ശ്രീകൃഷ്ണൻ ജനിച്ചത് കാരാഗൃഹത്തിലാണ്, ക്രിസ്തു ജനിച്ചത് പുൽക്കൂട്ടിലാണ്. അങ്ങനെ യുക്തിയുടെ പിൻബലമുള്ള ഒരു വിശ്വാസം നമ്മുടെ സമുദായത്തിലുണ്ട്. അങ്ങനെയാണ് 41 ദിവസത്തെ വ്രതം കടന്നുവരുന്നത്. അങ്ങനെ ശ്രീ അയ്യപ്പൻ ജനിച്ചു. അക്ഷരാഭ്യാസം നടത്തി. ശ്രീ അയ്യപ്പൻ ബുദ്ധിശാലിയായതുകൊണ്ടാണ് ഒരു തരത്തിലും ആക്രമണമുണ്ടാകാൻ സാധ്യതയില്ലാത്ത, ഭൂമിശാസ്ത്രപരമായി പ്രത്യേകതയുള്ള, ആർക്കും അത്ര പെട്ടെന്ന് കടന്നുചെല്ലാൻ പറ്റാത്ത ഉയരത്തിലുള്ള ഒരു പ്രദേശം വാസത്തിനായി തെരഞ്ഞെടുക്കുന്നത്.

Spread the love

20 Comments

Leave a Reply