Monday, January 24

സ്വവര്‍ഗരതി ഇനി കുറ്റകൃത്യം അല്ല; നിയമവിധേയമാക്കി സുപ്രിം കോടതി ഉത്തരവ്

സ്വവര്‍ഗരതിയെ നിയമവിധേയമാക്കി സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. ഒരാൾക്കും അവരവരുടെ വ്യക്തിത്വത്തിൽ നിന്നും മാറി നിൽക്കാൻ ആവില്ലെന്നും തങ്ങളുടെ ലൈംഗികതയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനം ഓരോ വ്യക്തിയും അനുഭവിക്കുന്നുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഏതൊരു വ്യക്തിക്കും ഉള്ളപോലെ മനുഷ്യാവകാശങ്ങൾ, നിയമ പരിരക്ഷ എന്നിവ LGBT സമൂഹത്തിനും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏകപക്ഷമായ, യുക്തിരഹിതമായ, നീതികരിക്കാനാവാത്ത വകുപ്പാണ് ആർട്ടിക്കിൾ 377 എന്നത് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.

പരമ്പരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചു കഴിഞ്ഞു. ഭിന്നലിംഗ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍‌ക്കും അര്‍ഹരാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈ സുപ്രധാന വിധിക്ക് സർക്കാർ പരമാവധി പ്രചാരം നൽകണമെന്ന് വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ആർ.എഫ്. നരിമാൻ നിർദ്ദേശിച്ചു. ഇതുവരെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തിയതിന് പൊതുസമൂഹം എൽജിബിടി സമൂഹത്തോടു മാപ്പു പറയണമെന്ന് സംഘത്തിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടു. ഇവർക്കു പുറമെ ജസ്റ്റിസുമായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിച്ചത്.

ഇതോടെ ഇന്ത്യയിൽ സ്വവര്‍ഗരതി പത്ത് വർഷം തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ് എന്നതിന് അവസാനം വന്നിരിക്കുകയാണ്.

ആര്‍ക്കും അവരുടെ ലൈംഗികതയില്‍ ഭയന്നു ജീവിക്കേണ്ടിവരില്ലെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. രാജ്യമെങ്ങും ഉള്ള പ്രൈഡ് സമൂഹം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

Spread the love
Read Also  സുപ്രീം കോടതി സ്വവർഗ്ഗാനുരാഗത്തിൽ നടത്തിയ ചരിത്രപരമായ പരാമർശങ്ങൾ