കഥയല്ലിത്, ഐതിഹ്യവുമല്ലിത്, കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഒരു കടൽ വറ്റിവരണ്ടുപോയ കഥയല്ല, ചരിത്രമാണ്‌. ഈ കടൽ പൂർണമായും വറ്റിവരണ്ടുപോയതു ചരിത്രാതീതകാലാത്തൊന്നുമല്ല. ഒരു ദശകം മുമ്പാണു ആ ദുരന്തം സംഭവിച്ചത്.  ഏകദേശം 1,534 കുഞ്ഞുദ്വീപുകളാൽ അലംകൃതമായ ഒരു കടല്‍ ഇല്ലാതാവുക. പകരം അവിടെ ഒരു മരുഭൂമി രൂപംകൊള്ളുക. അത് ഒട്ടകങ്ങളുടെ താവളമായി മാറുക. പരിഷ്കൃതസമൂഹം ഞെട്ടലോടെയാണ്  ആ വാർത്ത കേട്ടത്. ഇപ്പോൾ ഈ വാർത്ത ആദ്യമായി കേൾക്കുന്നവർക്കും ഉള്ളിൽ ഞെട്ടലുണ്ടാകുന്നത് സ്വാഭാവികം. ദശലക്ഷക്കണക്കിന് വര്‍ഷം ആയുസ്സുള്ള ഒരു കടലിന്‍റെ  അന്ത്യം സംഭവിച്ചത് ഏതാനും ദശകങ്ങൾ കൊണ്ടാണ് .

അടുത്ത കാലം വരെ, അതായത് ഒരു ദശകം മുമ്പുവരെ മധ്യ ഏഷ്യയിലെ ഒരു തടാകമായിരുന്നു അരാൽ കടൽ. വലുപ്പംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളിൽ നാലാം സ്ഥാനമലങ്കരിച്ച ഈ കൂറ്റൻ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചു കിടക്കുന്നത്. നിങ്ങൾ അരാൽ കടലിന്റെ ഭൂതകാലചരിത്രവും ചിത്രങ്ങളും തെരഞ്ഞുനോക്കൂ. അരാൽ എന്ന പേരിന് ‘ദ്വീപുകളുടെ കടൽ’ എന്നാണർത്ഥം.  മുൻപ് ഈ തടാകത്തിന് 68,000 ചതുരശ്ര കിലോ മീറ്റർ  വിസ്താരമുണ്ടായിരുന്നു.  എന്നാൽ 1960ന് ശേഷം യു എസ് എസ് ആർ ( സോവിയറ്റ് യൂണിയൻ ) എന്ന രാജ്യത്തിൻ്റെ അശാസ്ത്രീയമായ ജലസേചന പദ്ധതിയുടെ ഫലമായാണു ഈ കടലിനെ മരുഭൂമിയായി മാറിയത്. കാർഷികാവശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചുതുടങ്ങിയതിനുശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.

എങ്ങനെ ഈ കടൽ മരുഭൂമിയായി. ആഗോളതാപനംകൊണ്ടോ കാലാവസ്ഥാവ്യ തിയാനം കൊണ്ടോ അല്ല അരാൽ കടൽ മരുഭൂവായി മാറിയത്. പിന്നെയോ അതിന്റെ ആയുസ്സു കവർന്നെടുത്തത് നമ്മൾ മനുഷ്യർ തന്നെയാണ്. ഈ തടാക ത്തിലേക്ക് ജലം ഒഴുക്കിയിരുന്നത് അമു ദാര്യ, സിർ ദാര്യ എന്നീ നദികളിലൂടെ യായിരുന്നു. 1960കളിൽ ബ്രഷ്നേവിൻ്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കി സ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. ഈ പ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ വികസനം ലക്ഷ്യമിട്ട് യാഥാർഥ്യബോധത്തിനു നിരക്കാത്ത വികസനം നടപ്പാക്കുന്ന ഭരണകൂടകൃത്യങ്ങളുടെ ഏറ്റവും വലിയ പ്രവർത്തനമായിരുന്നു ഇത്. ഒരു വശത്ത്  കൃഷിക്ക് പ്രോത്സാഹനം നൽകുമ്പോൾ പരിസ്ഥിതിക്കു സംഭവിക്കുന്ന ആഘാതത്തെക്കുറിച്ചൊന്നും ആ ഭരണകൂടം ചിന്തിച്ചതേയില്ല. എന്തായാലു വീണ്ടുവിചാരമില്ലാത്ത ആ തീരുമാനം  അരാൽ കടലിന്റെ മരണത്തിൽ കലാശിക്കുകയായിരുന്നു. അമു ദാര്യയെയും സിർ ദാര്യയെയും ഗതി തിരിച്ചുവിടുവാൻ അവർ രണ്ട് കൂറ്റൻ അണക്കെട്ടുകൾ പണിതു. അതോടെ ഈ നദികളിലെ ജലം പരുത്തിപ്പാടങ്ങളിലേയ്ക്ക് ഗതിമാറി ഒഴുകി. ക്രമേണ അരാലിലെ ജലനിരപ്പ് താഴ്ന്നുവരാൻ തുടങ്ങി.

എന്തായിരുന്നു ഈ കൂറ്റൻ തടാകത്തിന്റെ ചരിത്രം. അരാൽ കടൽ അതിവിശാലമായ ഒരു ശുദ്ധജല തടാകമായിരുന്നു. നോക്കെത്താദൂരത്തോളം ചക്രവാളങ്ങൾ അതിരുകൾ പങ്കിട്ട ഒരു കടൽ തന്നെയായിരുന്നു അരാൽ. വെള്ളം കുറഞ്ഞു തുടങ്ങിയതോടെ ജലത്തിൽ ഉപ്പിൻ്റെ അംശം കൂടിവന്നു. അതോടെ മത്സ്യങ്ങൾക്കും മറ്റ് ജല ജീവികൾക്കും നിലനിൽപ്പില്ലാതെയായി. കടലിൻ്റെ  ഈ അതിവേഗ പിന്മാറ്റം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. കടൽ പിൻവാങ്ങിയ സ്ഥലത്ത് മരുഭൂമി പ്രത്യക്ഷമാ വാൻ തുടങ്ങി. തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതോപാധികൾ നഷ്ടപ്പെട്ടു. ജലം അപ്രത്യക്ഷമായിടത്ത് ഉപ്പും മറ്റ് മാരകമായ രാസവസ്തുക്കളും തെളിഞ്ഞുവന്നു. കുടി വെള്ളം കിട്ടാക്കനിയായി. കടൽ ജീവികൾ മാത്രമല്ല, കടലിനെ ആശ്രയിച്ച് കഴിഞ്ഞി രുന്ന പക്ഷികളും മറ്റ് ജന്തുക്കളും ഒന്നൊന്നായി ചത്തൊടുങ്ങി. മനുഷ്യൻ നിലനിൽപ്പി ല്ലാതെ പലായനം ചെയ്തു. അരാൽ കടലിന്റെ മരണം സോവിയറ്റ് യൂണിയനെപ്പോലും ഞെട്ടിച്ചു. ഇത്ര ഭയാനകമായിരിക്കും കൃത്യത്തിന്റെ ഫലം എന്ന് അവർ പോലും കരുതിയിരുന്നില്ല. പരുത്തി കൃഷിയിൽ മുന്തിയ സ്ഥാനം സോവിയറ്റ് യൂണിയന് ലഭിച്ചുവെങ്കിലും അരാൽ കടലിന്റെ ഇത്രവേഗമുള്ള അപ്രത്യക്ഷമാകലും പകരം പ്രത്യക്ഷമായ അരാൽക്കം മരുഭൂമിയുടെ പിറവിയും അവർക്ക് കളങ്കമായിത്തീർന്നു. കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലുമുള്ള ജനങ്ങളെ അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നു. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഉസ്ബക്കിസ്ഥാനും കസാഖിസ്ഥാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായിത്തീർന്നു.

ഒടുവിൽ പരിസ്ഥിതിപ്രേമികളുടെ പ്രവചനം യാഥാർഥ്യമായി. 1977 മുതൽ 2006 വരെയുള്ള കാലയളവിൽ ഘട്ടം ഘട്ടമായി മധ്യേഷ്യയുടെ ഭൂപടത്തിൽനിന്നും ഭീതീ തമായ ഓർമ്മകളുടെയും വേദനകളുടെയും മരുപ്പറമ്പായി അരാല്‍ മാറിയത് വളരെ പെട്ടെന്നായിരുന്നു. അരാലിൽ നിന്ന് മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ പരമ്പരകളും ചുറ്റുമുള്ള ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. ഏതാണ്ട് അമ്പത് വര്‍ഷം മുമ്പുവരെ അവര്‍ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങളെ പോറ്റിയ കടൽ പിന്നീട് ക്ഷയിച്ചു ക്ഷയിച്ചു ഇല്ലാതാകുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. കടലിനൊപ്പം ലക്ഷോപലക്ഷം ജലജീവികൾക്കും കോടാനുകോടി ജന്തുജീ വികളുടെ ജൈവലോകത്തിനും ചരമഗീതം രചിക്കപ്പെട്ടു. കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിൻ്റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. വിഷമയമായ രാസാംശം അടങ്ങിയ വെള്ളത്തിന്റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരപ്രദേശങ്ങളിലെ ജന്തു ജീവജാലനങ്ങളും ജൈവികമായ സന്തുലിതാവസ്ഥയും ഇല്ലാതായി. രോഗികളുടെ നിര വർദ്ധിച്ചുകൊണ്ടിരുന്നു. ഭൂഗര്‍ഭജലത്തിലും അമ്മ മാരുടെ മുലപ്പാലില്‍പോലും അതിൻ്റെ  സാന്നിധ്യം കാണാൻ തുടങ്ങി. ഈ പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ ക്യാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തുസസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.

                            ഇതായിരുന്നു 50 കൊല്ലം മുമ്പുണ്ടായിരുന്ന സമൃദ്ധമായ അരാൽ കടൽ

അങ്ങനെ അരാൽ തടാകം ലോകഭൂപടത്തിൽനിന്നും അപ്രത്യക്ഷമായി. 2014 ഒക്ടോബറിലായിരുന്നു അത് സംഭവിച്ചത്. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന അരാല്‍ കടല്‍ അരനൂറ്റാണ്ടുസമയം കൊണ്ട് കൂറ്റൻ മരുഭൂമിയായി മാറി. ഈ കടലിന്റെ നാശം പരിസ്ഥിതി പ്രവർത്തകർക്കൊപ്പം റഷ്യയേയും അമ്പരപ്പിച്ചു. സോവിയറ്റിന്റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂമി ഉപയോഗിച്ചതായി നാം കേട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ പണ്ട് മീൻപിടിക്കാൻ കൊണ്ടുപോയിരുന്ന കൂറ്റൻ ബോട്ടിന്റെ അവശിഷ്ടങ്ങൾ അവിടെ ഇപ്പോഴും മണ്ണിൽ പുതഞ്ഞുകിടപ്പുണ്ട്. മണ്ണിൽ പുതഞ്ഞു ചരിഞ്ഞുനിൽക്കുന്ന അതിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും കാറ്റിൽ ആടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഒട്ടേറെ ബോട്ടുകൾ ഇനിയും അവിടവിടെ യായി ഭൂതകാലത്തിന്റെ ശേഷിപ്പുകളുമായി അനാഥമായി കിടപ്പുണ്ട്. കടൽ അപ്രത്യക്ഷമായപ്പോൾ തടാകത്തിന്റെ ഭീതീതമായ ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടു മണ്ണിലുടക്കിയ അവയെ ഉടമസ്ഥർ ഉപേക്ഷിച്ചു പിൻവാങ്ങി. വെള്ളമില്ലാതെ എന്തു ബോട്ട്? വെള്ളം പിൻവലിഞ്ഞ വഴിയിൽ മണ്ണ് ഉയർന്നുവരാൻ തുടങ്ങി. ഘട്ടം ഘട്ടമായി മണ്ണ് കൂനകൂടി. മണൽപ്പരപ്പിനു ചുറ്റും അകലെയായി. ചക്രവാളം ആ മണൽപ്പരപ്പിൻ്റെ അതിരുകളായി മാറി.

re post 

LEAVE A REPLY

Please enter your comment!
Please enter your name here