Thursday, January 20

നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും

ജനകീയ സമരമുഖങ്ങളെ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മാധ്യമങ്ങളാണ് ഫേസ്ബുക്കും ട്വിറ്ററും. എന്നാൽ യുവജനങ്ങൾ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും പോലുള്ള ഇടങ്ങളെ ശല്യമായി കണ്ട് അവയ്ക്ക് പകരം ക്രീയേറ്റിവ്‌ ആയി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുള്ള നൂതന മാർഗ്ഗങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സേവ് ആലപ്പാട് സമരം. ഒരുപക്ഷെ ടിക് ടോക്ക് പോലെ ഏറെ വിമർശനം കേട്ട മാധ്യമങ്ങൾ വഴി. ഒരു ജനകീയ സമരത്തെ മുഖ്യധാരാ മാധ്യമങ്ങൾ വരെ അവഗണിച്ചപ്പോൾ ആ സമരത്തെ ഏറ്റെടുത്തത്തത് സ്കൂൾ കുട്ടികളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പുള്ളേര് കളി എന്ന് ഫേസ്‌ബുക്ക് വിപ്ലവകാരികളും ആക്ടിവിസ്റ്റുകളും തള്ളി കളഞ്ഞ ടിക് ടോക് ഉപയോഗിച്ച് ആയിരുന്നു.

ഫേസ്‌ബുക്കിൽ ‘ഇടം’ ലഭിക്കണമെങ്കിലും ഓരോ കാര്യങ്ങളെ മുഖ്യധാരയിൽ എത്തിക്കണമെങ്കിലും ചില പ്രിവിലേജുകൾ ആവശ്യമുള്ള കാലഘട്ടത്തിലാണ് ടിക് ടോക് കടന്ന് വരുന്നത്. ചെറു വീഡിയോകൾ വഴി തങ്ങളുടെ ക്രീയേറ്റിവിറ്റിയെയും തമാശകളെയും ചലഞ്ചുകളെയും അവതരിപ്പിക്കുന്നതിൽ സ്കൂൾ കുട്ടികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കിടയിലും എളുപ്പം ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ ടിക് ടോക് വിജയിച്ചു. വീഡിയോകളിൽ മുഖം നോക്കാതെ ചെയ്യുന്നവരുടെ വർക്കുകൾ പ്രോത്സാഹിപ്പിക്കുന്ന, ഫേസ്‍ബുക്കിന് അപ്പുറമുള്ള ഒരു ഇടമാണ് ടിക് ടോക്. ഈ ടിക് ടോക്കിനെയാണ് ഇപ്പോൾ കേരള ശ്രദ്ധ പിടിച്ചുപറ്റിയ സേവ് ആലപ്പാട് എന്ന ജനകീയ സമരത്തിൽ കാര്യമായി ഉപയോഗിച്ച ടൂൾ എന്ന് പറയാം. ഇൻസ്റ്റഗ്രാമിനെയും യൂട്യുബിനെയും ഇക്കാര്യത്തിൽ യുവത കൂടതൽ ഉപയോഗിച്ചു. എന്നാൽ ഫേസ്‌ബുക്കിന്റെ സാന്നിധ്യം ഈ ജനകീയ സമരത്തിൽ തീരെ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.

100ൽ താഴെ മാത്രം വരുന്ന ഫേസ്‌ബുക്ക് ഐഡികളിൽ നിന്നാണ് കേരളത്തിലെ ജനകീയ സമരങ്ങളെ നിയന്ത്രിച്ചിരുന്നത് എന്ന ആക്ഷേപങ്ങൾ മുൻപ് പോലീസ് ഉൾപ്പടെ ഉന്നയിച്ചിട്ടുള്ളതാണ്. ചലോ വടയമ്പാടി സമരം, കേരളം കീഴാറ്റൂരിലേയ്ക്ക്, കേരളം ശ്രീജിത്തിനൊപ്പം തുടങ്ങിയ ഒട്ടനവധി ജനകീയ സമരങ്ങളെ നിയന്ത്രിച്ചിരുന്നതും ഫേസ്‌ബുക്കിലെ ചില കോണുകളിൽ നിന്നായിരുന്നുവെന്നത് ഇന്റലിജൻസ് വിഭാഗങ്ങളും പോലീസും പറയുന്നതാണ്. അത്തരം പ്രിവിലേജുകൾ ഇല്ലാത്ത സ്കൂൾ കോളേജ് വിദ്യാർത്ഥികൾ കൂടതലായുള്ള ടിക് ടോക്ക് വഴി ഫേസ്‌ബുക്ക് മലയാളി അവഗണിച്ച ഒരു സമരത്തെ കേരളത്തിന്റെ മുഖ്യധാരയിൽ എത്തിച്ചിരിക്കുകയാണ് ടിക് ടോക്കും ഇൻസ്റ്റഗ്രാമും വഴിയുള്ള നവ മാധ്യമ മലയാളി യുവത.

വാട്സ്ആപ്പ് വഴി ഹർത്താൽ വരെ നടത്താൻ കഴിയുന്ന നെറ്റ്‌വർക്ക് മലയാളി സോഷ്യൽ മീഡിയയിൽ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ചില സമര രൂപങ്ങളെയും സമരങ്ങളെയും നിയന്ത്രിക്കുന്നത് ആരാണെന്ന ചോദ്യം പലപ്പോഴും ഭരണകേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നതും സമരാഹ്വാനം നടത്തുന്ന പ്രൊഫൈലുകൾ ഉൾപ്പടെ തേടിപ്പിടിച്ച് കുറ്റക്കാരാക്കുന്നതും ജനകീയ സമരങ്ങൾക്ക് മേൽ പലപ്പോഴും ഭരണകൂടങ്ങൾ നടത്തുന്ന അതിക്രമമാണ്.

ജനിച്ച മണ്ണിൽ തന്നെ ഞങ്ങൾക്ക് മരിക്കണം, അത് ഞങ്ങളുടെ അവകാശമാണ് ; കാവ്യ സംസാരിക്കുന്നു

തെരുവിൽ ഇറങ്ങി കടകൾ തല്ലിപൊളിക്കാനും കെഎസ്ആർടിസി ബസ്സുകൾക് നേരെ കല്ലെറിയാനും ഇന്നത്തെ തലമുറയ്ക്ക് താൽപ്പര്യമില്ല. അവരുടെ സമര രീതികൾ അതൊന്നുമല്ല. അത്തരം സമര രീതികളോട് ഈ യുവതയ്ക്ക് താല്പര്യവുമില്ലെന്നാണ് പുതിയ സമരമുഖങ്ങളിൽ ഇവരുടെ പങ്കാളിത്തം കൊണ്ട് മനസ്സിലാകുന്നത്. കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയെ ഒരു ടൂൾ ആയി കണ്ട്രോൾ റൂം ആയി ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിച്ച രീതി അന്തരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധയാകർഷിച്ചതാണ്. ഇത് സംബന്ധിച്ച പഠനങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികൾ കേരളത്തിൽ എത്തിയിട്ടുണ്ട്.

Read Also  ടിക്ക് ടോക്ക് വാങ്ങാൻ റിലയൻസ് ഒരുങ്ങുന്നു പൊതുമേഖല മൊത്ത കച്ചവടത്തിനായി കേന്ദ്ര സർക്കാരും

മുല്ലപ്പൂ വിപ്ലവത്തിൽ തുടങ്ങിയ സാമൂഹ്യ മാധ്യമ വിപ്ലവങ്ങൾ ഒട്ടേറെ രാജ്യങ്ങളിൽ ഭരണകൂടത്തിന്റെ കസേരകളിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രപും നരേന്ദ്രമോദിയും ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ ഇതിനെ ഫാസിസരാഷ്ട്രീയത്തിന്റെ ടൂളുകൾ ആയിപോലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും നവ മാധ്യമങ്ങളിലെ ജനകീയ സമര രൂപീകരണങ്ങൾ ഇനിയും ഒട്ടേറെ അധികാരികളുടെ കസേരകൾ തെറിപ്പിക്കുമെന്നതിൽ സംശയമില്ല. പോളിങ് ബൂത്തിലെ വോട്ടുകൾ ആവില്ല ഇനിയുള്ള കാലത്ത് അധികാരത്തെ നിയന്ത്രിക്കുന്നത് എന്ന സന്ദേശങ്ങളുടെ തുടക്കമായും ഈ യുവത്വത്തിന്റെ സമരങ്ങളെ കാണാം.

ആലപ്പാട് ഐ.ആർ.ഇ.എൽ. നടത്തുന്നത് നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഗുണ്ടായിസം

ഈങ്കുലാബ് വിളിക്കുയും കാണുന്നവരെ മർദ്ദിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയമല്ല എന്തായാലും ഈ യുവതയ്ക്ക്. അവർ കാര്യങ്ങളെ ക്രീയേറ്റിവ്‌ ആയി കാണുകയും വിരൽ തുമ്പിൽ ലോകത്തെ നിയന്ത്രിക്കുന്ന സ്മാർട്ട് ഫോണുകളെയും ക്യാമറകളെയും ഉപയോഗിച്ചു മനോഹര ദൃശ്യങ്ങൾ പകർത്തി ക്രീയേറ്റിവ്‌ ആയി കാര്യങ്ങളെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രൊഫെഷണലിസം ആണ് നവ തലമുറയുടെ മുഖമുദ്ര. പെർഫെക്ഷന് വേണ്ടി അവർ ചിലപ്പോൾ മിന്നൽ കെഎസ്ആര്ടിസിയ്ക്ക് മുൻപിൽ ചാടി നില്ല് നില്ല് എന്റെ നീലക്കുയിൽ പാടി നൃത്തം ചെയ്യും, പോലീസ് വാഹനത്തിന് മുൻപിൽ അവർ ഡാൻസ് കളിക്കും. എങ്കിലും വിപ്ലവകാരികൾ എന്നവകാശപ്പെടുന്ന ചിലർ ഉന്നയിക്കുന്നത് പോലെ അവർ അരാഷ്ട്രീയ ജീവികളല്ല. അവർക്ക് രാഷ്ട്രീയമുണ്ട്. ലക്ഷ്യമുണ്ട്. ബോധ്യങ്ങളുണ്ട്. അത് ഒരു പക്ഷേ നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും രാഷ്ട്രീയ ശരികളുമായിരിക്കില്ല. അതിനാൽ ഇനിയും ഈ യുവതയെ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്ന അരാഷ്ട്രീയ യുവതയെന്ന വിളിക്കരുത്. ഇവരുടെ രാഷ്ട്രീയം നിങ്ങളുടേത് അല്ല എന്നതാണ് അവരുടെ രാഷ്ട്രീയം!.

സേവ് ആലപ്പാട് സമരം ജനങ്ങളുടെ പ്രശ്നമെന്നതിലുപരി വികസനത്തിന്റെയും സമ്പത്തിന്റെയും പ്രശ്നമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ

Spread the love

18 Comments

Leave a Reply