Sunday, January 16

എങ്ങനെ നല്ല ഭാര്യയാകാം?; കോഴ്‌സുമായി ഭോപ്പാൽ സർവകലാശാല

ഇന്ത്യൻ സർവകലാശാലയിലെ വിദ്യാഭ്യാസ നിലാവാരം ലോകനിലവാരത്തെ അപേക്ഷിച്ച് വളരെ മോശം നിലാവാരമാണ് പുലർത്തുന്നതെന്നുള്ള വിമർശനങ്ങൾ മുൻപ് തൊട്ട് ഉള്ളതാണ്. എങ്ങനെ നല്ല ഭാര്യയാകാം, എങ്ങനെ നല്ല മരുമോളാകാം ഇങ്ങനെയുള്ള കോഴ്സുകൾ ആണ് ഇന്ത്യയിൽ സർവ്വകലാശാലകൾ പഠിപ്പിക്കുന്നത്. ഒരാഴ്ച്ച മുൻപാണ് പെണ്‍കുട്ടികളെ നല്ല മരുമക്കളായി പരുവപ്പെടുത്തിയെടുക്കാന്‍ ഉത്തര്‍പ്രദേശിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനി പ്രത്യേക കോഴ്‌സ് ആരംഭിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോൾ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലിൽ ഉള്ള ബർക്കത്തുള്ള സർവകലാശാലയാണ് എങ്ങനെ നല്ല ഭാര്യയാകാമെന്ന സർട്ടിഫിക്കറ്റു കോഴ്സുമായി രംഗത്ത് വന്നിരിക്കുന്നത്.

മൂന്നു മാസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയായാണ് എങ്ങനെ നല്ല ഭാര്യയാകാമെന്ന കോഴ്‌സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സൈക്കോളജി, സോഷ്യോളജി എന്നിവ സിലബസിൽ ഉൾപ്പെടുത്തിയാണ് കോഴ്സ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും കോഴ്‌സിൽ ചേരാൻ യോഗ്യതയുണ്ട്. വിവാഹാലോചന വരുമ്പോൾ പങ്കാളിയുടെ വീട്ടുകാർക്ക് മുൻപിൽ കോഴ്സ് സർട്ടിഫിക്കറ്റ് കാണിച്ചാൽ അതൊരു നേട്ടമായിരിക്കുമെന്നാണ് സർവ്വകലാശാലയുടെ അവകാശ വാദങ്ങൾ. ഇത്തരമൊരു കോഴ്സ് കാലഘട്ടത്തിന്റെ അനിവാര്യതായാണെന്നും സർവകലാശാല പറയുന്നു.

സംസ്‌കാരസമ്പന്നരായ ഭാര്യമാരെ സൃഷ്ടിച്ച് കുടുംബബന്ധങ്ങളെ ഭദ്രമാക്കുകയാണ് കോഴ്‌സിന്റെ ലക്‌ഷ്യം. വിവാഹശേഷം വരന്റെ വീട്ടിലെത്തുന്ന വധു പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കുന്നതിനുൾപ്പടെയുള്ള കാര്യങ്ങൾ കോഴ്സിൽ ഉണ്ടാകും. അക്കാദമിക് തലത്തിനുമപ്പുറം തങ്ങള്‍ക്ക് ചില സാമൂഹിക ഉത്തരവാദിത്തങ്ങളൊക്കെ ഉണ്ടെന്നും അത് നടപ്പാക്കാനുള്ള മാര്‍ഗമാണിതെന്നും സര്‍വ്വകലാശാല അധികൃതരുടെ വ്യാഖ്യാനം.

ലോകത്ത് ഒരിടത്തും ഇത്തരത്തിൽ ഒരു കോഴ്സ് പഠിപ്പിക്കുന്നുണ്ടാവില്ല. ഇന്ത്യയിൽ തന്നെ എവിടെയും എങ്ങനെ നല്ല ഭർത്താവ് ആകാം എന്നതിന് പുരുഷന്മാർക്ക് ക്ലാസ്സ് എടുക്കുന്ന സമ്പ്രദായവും ഉണ്ടാവില്ല. രാജ്യത്ത് നിരന്തരം സ്ത്രീകൾക്കെതിരെ തുടരുന്ന വിവേചനത്തിന്റെ ഭാഗമായി മാത്രമാണ് ഇത്തരം കോഴ്സുകളെ കാണാൻ സാധിക്കൂ. വിദ്യാഭ്യാസം സമൂഹമുന്നേറ്റത്തിന് ഉപയോഗിക്കുന്നതിനു പകരം ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ മറവിൽ സാമൂഹികമായി സ്ത്രീകളെ പിന്തള്ളുവാനും അവരെ സാമ്പ്രദായിക രീതിയിൽ തളച്ചിടാനും മാത്രമാണ് ഇത്തരം കോഴ്സുകൾ കൊണ്ട് കഴിയൂ എന്നാണ് സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.

Spread the love
Read Also  കെ. സുരേന്ദ്രൻ മൂന്നാഴ്ചയ്ക്ക് ശേഷം ഇന്ന് ജയിൽ മോചിതനാകും; സ്വീകരണത്തിനൊരുങ്ങി ബിജെപി