Monday, January 24

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ വാര്‍ത്തകളെ / സന്ദേശങ്ങളെ എങ്ങനെ തിരിച്ചറിയാം?

സോഷ്യല്‍ മീഡിയയില്‍ നാം ഇന്ന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്രശ്നങ്ങളില്‍ ഒന്ന്‍ വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ ആവുന്നില്ല എന്നതാണ്. ചിലര്‍ വ്യാജ വാര്‍ത്തകളെ, മെസ്സെജുകളെ അവരുടെ വ്യക്തി താല്‍പ്പര്യത്തിന് വേണ്ടി ബോധപൂര്‍വ്വം ഉപയോഗിക്കുന്നുണ്ട്. അത് മൂലം സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുകയും അതില്‍ നിന്ന്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് ഇത്തരം വ്യാജ സന്ദേശ / വാര്‍ത്തകളുടെ ലക്ഷ്യം. നമുക്ക് ലഭിക്കുന്ന ഒരു വാര്‍ത്ത അല്ലെങ്കില്‍ സന്ദേശം ശരിയാണെന്ന് എങ്ങനെ തിരിച്ചറിയാം?

1) വെരിഫൈ ചെയ്യുക

വാട്ട്സ് ആപ്പില്‍ നിരന്തരം ലഭിക്കുകയും ഒന്നും നോക്കാതെ ഫോര്‍വേര്‍ഡ് ചെയ്യുന്നതുമായ ഒരു മെസ്സേജ് ആണ് “നാളെ ഓപ്പറേഷന്‍ നടക്കാനിരിക്കുന്ന കുട്ടിക്ക് ഇന്ന ഗ്രൂപ്പിലുള്ള ബ്ലഡ്‌ അത്യാവശ്യമാണ്. നിങ്ങള്‍ ഈ മെസ്സേജ് ഷെയര്‍ ചെയ്‌താല്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷപെടും. സൊ മാക്സിമം ഷെയര്‍. കൂടതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 944 ********”

ഇത്തരത്തില്‍ ഒരു മെസ്സേജ് എങ്കിലും ലഭിക്കാത്തവര്‍ കുറവായിരിക്കും. ഇത് ശരിയായ കാര്യമാണോ എന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? വളരെ ലളിതമാണ്, തന്നിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുക, മിക്കവാറും ആ നമ്പര്‍ ലഭ്യമായിരിക്കില്ല. അതോടു കൂടി നിങ്ങള്‍ വഴി ഒരു തെറ്റായ സന്ദേശം പ്രച്ചരിപ്പിക്കാതെ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇനി സംഭവം സത്യമാണെങ്കില്‍ നിങ്ങള്‍ ആ മെസ്സേജില്‍ ഓപ്പറേഷന്‍ തീയതിയും നിങ്ങള്‍ വെരിഫൈ ചെയ്ത സമയവും ചേര്‍ത്ത് അയക്കാം. മറ്റൊന്ന് കൂടി നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും. ധാരാളം സന്നദ്ധ രക്ത ബാങ്കുകള്‍ ഇന്ന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അവരെ ആരെയെങ്കിലും നിങ്ങള്‍ക്ക് ബന്ധപെടാം. അങ്ങനെ ആവശ്യക്കാരെ സഹായിക്കാം.

2) കോമണ്‍ സെന്‍സ് ഉപയോഗിക്കുക

കുറച്ചു കാലങ്ങളായി വാട്ട്സ്ആപ് ഫെയിസ്ബുക്ക് തുടങ്ങിയവയിലൂടെ കറങ്ങി നടക്കുന്ന ഒരു മെസ്സേജ് ആണ് എടിഎം ആയി ബന്ധപെട്ടത്. നിങ്ങള്‍ എടിഎം ഉപയോഗിക്കുമ്പോള്‍ അക്രമികള്‍ വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ പറയുന്നത് പോലെ പൈസ എടുക്കുന്നതിനായി എടിഎമ്മില്‍ കാര്‍ഡ്‌ ഇടുകയും തുടര്‍ന്ന്‍ നിങ്ങളുടെ പിന്‍ നമ്പര്‍ റിവേര്‍സ് രീതിയില്‍ അടിക്കുകയും ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ പിന്‍ നമ്പര്‍ 1234 എന്നാണെങ്കില്‍ നിങ്ങള്‍ 4321 എന്നിങ്ങനെ അടിക്കുക. അപ്പോള്‍ കാര്‍ഡ്‌ മെഷീനില്‍ ജാം ആവുകയും ഉടന്‍ പോലിസിലെക്ക് മെഷീനില്‍ നിന്ന്‍ സന്ദേശം പോവുകയും ചെയ്യും എന്നാണ് തട്ടിപ്പ് പ്രചരണം.

എന്താണ് ഇതിലെ സത്യാവസ്ഥ എന്ന് എങ്ങനെ മനസ്സിലാക്കും? ഒന്ന്‍ പരീക്ഷിച്ചു നോക്കാം, മറ്റൊന്ന് ബാങ്കില്‍ അന്വേഷിക്കാം, മറ്റൊന്ന് അല്‍പ്പം കോമണ്‍ സെന്‍സ് ഉപയോഗിക്കാം. എന്‍റെ പിന്‍ നമ്പര്‍ 2222 ആണ്. ഇവര്‍ പറയുന്ന തരത്തില്‍ റിവേര്‍സ് രീതിയില്‍ അടിച്ചാലും 2222 അങ്ങനെ തന്നെയല്ലേ വരൂ. അപ്പോള്‍ എങ്ങനെ ഇത് ശരിയാകും?

Read Also  ഫേസ്‌ബുക്ക് ഇന്ത്യയെ നിയന്ത്രിക്കുന്നത് ഇനിമുതൽ മലയാളി

3) ആധികാരികത ഉറപ്പ് വരുത്തുക

പല പ്രമുഖ വ്യക്തികളെയും കൊല്ലുന്നത് വാട്ട്സ് ആപ്പ് ആണ്. പ്രശസ്ത ചലച്ചിത്ര താരം ഇന്നയാള്‍ മരിച്ചു. അല്ലെങ്കില്‍ ഇന്ന രാഷ്ട്രീയ നേതാവ് മരിച്ചു എന്നൊക്കെ വാട്സ്ആപ്പിലൂടെ ധാരാളം പ്രചാരണങ്ങള്‍ എല്ലായ്പ്പോഴും നടക്കാറുണ്ട്. ഇത് സത്യമാണോ എന്ന് എങ്ങനെ തിരിച്ചറിയാന്‍ പറ്റും? പ്രമുഖരായ വ്യക്തികളുടെ മരണം വാര്‍ത്താ ചാനലുകളില്‍ എന്തായാലും അപ്പോള്‍ തന്നെ ഫ്ലാഷ് ആയി കാണിക്കും. ഇനി ടിവി സൗകര്യം ഇല്ലെങ്കില്‍ കയ്യിലുള്ള ഫോണില്‍ ഗൂഗിള്‍ ചെയ്താലും വിവരങ്ങള്‍ ലഭിക്കുമല്ലോ. പിന്നെ എന്തിനാണ് നമ്മള്‍ ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നത്?

4) എന്തിനാണ് നമ്മള്‍ ഫോര്‍വേഡ് ചെയ്യുന്നത് എന്ന് ചിന്തിക്കുക

ഒരു മെസ്സേജ് നമ്മള്‍ എന്തിനു വേണ്ടിയാണ് മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നത് എന്ന് ആലോചിക്കുക. പട്ടാമ്പി റയില്‍വേ സ്റ്റേഷനില്‍ ഒരാള്‍ കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുന്നു, അധികരികളിലെക്ക് എത്തുന്നതിനായി മാക്സിമം ഷെയര്‍ എന്നായിരിക്കും മെസ്സേജ് . കൂടെ ബന്ധപെട്ട വിഷയത്തിന്‍റെ ലിങ്ക് ഒരു പക്ഷേ ഉണ്ടാകും. ഒന്ന്‍ ചിന്തിച്ചു നോക്കിയേ, കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കയച്ച വ്യക്തിയ്ക്ക് അത് പോലീസില്‍ അറിയിക്കവുന്നതല്ലേ ഉള്ളൂ? പകരം അത് ഇരുന്ന് ടൈപ് ചെയ്ത് വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കേണ്ട ആവശ്യമുണ്ടോ? ഇത് നിങ്ങളിലേക്ക് എത്തുന്നത് ഏത് കാലഘട്ടത്തില്‍ ആകും? ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ മെസ്സേജ് ആകും അത്, അതിനാല്‍ അത്തരം മെസ്സേജുകള്‍ വരുമ്പോള്‍ കൃത്യമായി കാര്യങ്ങള്‍ ബോധ്യപെട്ടതിനു ശേഷം മാത്രം അടുത്ത നടപടിയിലേക്ക് കടക്കുക.

5) ആരും ഒന്നും വെറുതെ തരില്ലെന്നും കൂടെ ചിന്തിക്കുക

** എന്ന കമ്പനിയുടെ പ്രമോഷന്റെ ഭാഗമായി ഈ മെസ്സേജ് 10 പേര്‍ക്ക് അയച്ചാല്‍ നിങ്ങള്‍ക്ക് 50 രൂപയുടെ റീചാര്‍ജ് ലഭിക്കും എന്നായിരുന്നു ഒരിടയ്ക്കുള്ള മെസ്സേജ്. ഈ മെസ്സേജ് 500 പേര്‍ക്ക് അയച്ചാല്‍ പോലും അവരെങ്ങനെയാണ് നിങ്ങളുടെ നമ്പര്‍ കണ്ടുപിടിച്ചു അതിലേക്ക് റീചാര്‍ജ് ചെയ്ത് തരിക? 10 പേരിലേക്ക് അവരുടെ പരസ്യം എത്തുന്നതിന് ഇത്ര വലിയ മുതല്‍മുടക്കിന് അവര്‍ തയ്യാറാകുമോ? നമ്മള്‍ക്ക് ആ മെസ്സേജ് അയച്ച ആളിന് ആ കാശ് കിട്ടുന്നത് വരെ നമുക്ക് ഒന്ന്‍ വെയിറ്റ് ചെയ്യുന്നതിനുള്ള സാവകാശം എങ്കിലും കാണിക്കാന്‍ പാടില്ലേ?!

6) ഈ മെസ്സേജ് 10 പേർക്ക് ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ മരിക്കുമോ?

ഫോണ്‍ ഇറങ്ങുന്നതിന് മുന്‍പ് ഇത്തരം തട്ടിപ്പുകള്‍ നോട്ടീസ് വഴിയായിരുന്നു. ഏതെങ്കിലും ഒരു ദൈവം നിങ്ങളെ ഈ മെസ്സേജ് ഫോര്‍വേഡ് ചെയ്യാത്തതിന്റെ പേരില്‍ അല്ലെങ്കില്‍ ആ മെസ്സേജ് ഡിലീറ്റ് ചെയ്തതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കും എന്നാണോ ശരിക്കും നിങ്ങള്‍ വിശ്വസിക്കുന്നത്? ഭീഷണിപ്പെടുത്തി തന്റെ പേര് നാട്ടിലെ സ്മാര്‍ട്ട്‌ ഫോണിലൂടെ വരുത്താന്‍ ശ്രമിക്കുന്ന ആ ദൈവം എന്ത് ദൈവം ആണെന്ന് ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമാണ് അത്തരം സന്ദേശങ്ങള്‍ക്ക് ഉള്ളൂ.

Read Also  ഞങ്ങൾക്ക് പിന്നാലെ നടന്ന് അശ്ലീലം വിളമ്പുന്ന സംഘപരിവാർ 'കുലസ്ത്രീ'

ഫേക്ക് ന്യൂസ്, വ്യാജ സന്ദേശങ്ങള്‍ എന്നിവയ്ക്ക്തിരെ ജാഗരൂകരായിരിക്കുക. ഉറപ്പില്ലാത്ത സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക. വിശ്വസിനിയമായ ഉറവിടങ്ങളെ ആശ്രയിക്കുക.

Spread the love