Tuesday, July 14

ഇത് ഒരു യുദ്ധത്തിൻ്റെ വിജയം ; പരീക്ഷണങ്ങൾ നിറഞ്ഞ മോദിയുഗത്തിൻ്റെ രണ്ടാം ഘട്ടം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡി എ സർക്കാർ ജനപ്രിയപരിപാടികളിൽ ഊന്നുന്നതല്ലായെന്ന് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൻ്റെ നോട്ടുനിരോധനത്തിൻ്റെ തുടർനടപടികളിൽ ജനങ്ങൾ സഹകരിച്ചു എന്നുതന്നെയാണു തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ അതിൻ്റെ രണ്ടാംഘട്ടമെന്ന നിലയിൽ സ്വകാര്യമേഖലക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തന്നെയാകും നരേന്ദ്രമോദിയുടെ ആദ്യനടപടികൾ. അതുമാത്രമല്ല സാമ്പത്തികരംഗം അഴിച്ചുപണിയുന്നതിനുള്ള തൻ്റെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചതോടെ അത്തരം ശ്രമങ്ങളിൽനിന്നും സർക്കാർ ഒട്ടും പിന്നോട്ടുപോകില്ലെന്നുതന്നെ കരുതാം. കടുത്ത സാമ്പത്തിക പരിഷ്കരണങ്ങൾ തുടരുമെന്നുതന്നെയാണു സൂചനകൾ.

വ്യാവസായികാടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത് കൃഷിക്കായി കോർപ്പറേറ്റുകൾക്ക് നൽകുന്ന പദ്ധതികൾ ഊർജ്ജിതമാക്കും. കർഷകർക്കുവേണ്ടി കഴിഞ്ഞ സർക്കാർ ഒന്നും ചെയ്തില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ സ്വകാര്യമേഖലയെ രംഗത്തിറക്കി കർഷകരുടെ സഹകരണത്തോടെ നിക്ഷേപമിറക്കുന്നതുൾപ്പെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമെന്നുതന്നെ പ്രതീക്ഷിക്കാം. പ്രതിരോധ ഇടപാടുകളിൽ വരെ സ്വകാര്യമേഖലയെ ക്ഷണിച്ചതു വിവാദമായെങ്കിലും ആ നയം തന്നെയാകും തുടരുന്നത്. ഇനി ഹിന്ദുത്വ അജണ്ടയോടൊപ്പം അതേ ആർജ്ജവത്തോടെ സ്വകാര്യമേഖലയെ കൈയയച്ച് സഹായിക്കാൻ മോദി സർക്കാർ എല്ലാ മാർഗ്ഗങ്ങളും തേടും. കടുത്ത പരീക്ഷണങ്ങളിലൂടെ മാത്രമേ രാജ്യത്ത് വികസനം കൊണ്ടുവരാനാകൂ എന്നാണു നരേന്ദ്രമോദി പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത്.

പക്ഷെ ഇതിനിടയിലും അയൽ രാജ്യങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുന്നതിൽ മുൻ വർഷങ്ങളിലെപ്പോലെ ഇടപെടലുകൾ നടത്തും. കോൺഗ്രസ്സിനു വീഴ്ച പറ്റിയയിടത്താണു ബി ജെ പി ആധിപത്യമുറപ്പിക്കുന്നത്. ഹിന്ദുത്വ അജണ്ടയോടൊപ്പം ഉദാരവൽക്കരണത്തിൻ്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ മൻ മോഹൻ സർക്കാർ മടിച്ച് മടിച്ച് നിന്നിരുന്നു. ഇത് ചെറുതായി തുടങ്ങിയയിടത്താണു മോദി സർക്കാർ രണ്ട് കണ്ണും പൂട്ടി പരിഷ്കരണനടപടികൾ ആരംഭിച്ചത്. സബ്സിഡികളും സൗജന്യചികിത്സകളും സൗജന്യവിദ്യാഭ്യാസവുമുൾപ്പെടെ എല്ലാം തന്നെ ഘട്ടം ഘട്ടമായി തന്നെ നിർത്തലാക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ലോകബാങ്കിൻ്റെ നിർദ്ദേശങ്ങളിൽ ഏറ്റവും മുഖ്യമാണു സൗജന്യസേവനങ്ങളും സബ്സിഡികളും അവസാനിപ്പിക്കണമെന്ന നിർദ്ദേശങ്ങൾ.

തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ശത്രുരാജ്യത്തെ സംബന്ധിച്ച ഉത്ക്കണ്ഠകൾ ഇനിയും വർദ്ധിക്കാം. വീണുകിട്ടിയ ഒരായുധമായിരുന്നു പുൽവാമ സ്ഫോടനവും ബാലാക്കോട്ടെ ആ വ്യോമാക്രമണവും. ശത്രുപക്ഷത്തുനിൽക്കുന്ന ഒരു മതത്തെ പ്രതിനിധീകരിക്കുന്ന ഒരു രാജ്യം മുഖ്യശത്രുവായി അവരോധിക്കപ്പെട്ടുകഴിഞ്ഞു. ഏറ്റവും വലിയ ശത്രുവായി തുടരുന്ന  അയൽ രാജ്യത്തെ സർവ്വസന്നാഹവുമുപയോഗിച്ച് എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് തെരഞ്ഞെടുപ്പ് ആസന്നമായ എല്ലാ കാലത്തും ഇനിയും സമാനമായ ഒരു യുദ്ധം പ്രതീക്ഷിക്കാം. ശത്രുവിൻ്റെ മേൽ ബോംബുകൾ വർഷിക്കുന്നതിൽ ആവേശം കൊള്ളുന്ന ദരിദ്രജനതയ്ക്ക് ഇത്തരം ആക്രമണങ്ങൾ ഒരു ഹരമാണു. അതുതന്നെയാണു തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ നരേന്ദ്രമോദി ആവേശപൂർവ്വമാണു യുദ്ധവാർത്തകൾ ജനങ്ങളിലേക്കെത്തിച്ചുകൊണ്ടിരുന്നത്. തോൽവിയുടെ വക്കത്തിരുന്ന ബി ജെ പിയെ യുദ്ധം വാനോളം ഉയർത്തിക്കൊണ്ടുവന്നു. മോദി പ്രചാരണയോഗങ്ങളിൽ ഇത് പറയുമ്പോഴും ജനങ്ങളിലുണ്ടായ ആവേശം മോദിയെയും ആഹ്ളാദിപ്പിച്ചു. ഇന്ത്യയിൽ ദേശീയതയെ ഇത്രയുമധികം ഉയർത്തിപ്പിടിച്ച ഒരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല.

Read Also  ഇതെന്താ ഈ ഒക്കചങ്ങായി ? പിണറായിയുടെ പരാമർശത്തിലെ അർത്ഥമെന്ത്?

ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽപെട്ട് നട്ടം തിരിയുന്ന പൗരനു/പൗരിക്ക് യുദ്ധം ഇപ്പോഴും ആവേശം തന്നെയാണു. യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനുവേണ്ടി തങ്ങൾക്കവകാശപ്പെട്ട പണത്തിൽ നിന്നും ഒരു വിഹിതം എടുത്തോളൂ എന്നാണു ഈ ജനം ആവേശത്തോടെ പറയുന്നത്. ഗ്രാമഗ്രാമാന്തരങ്ങളിൽ ഇതു ചർച്ചയായി. നാം വേണമെങ്കിൽ പട്ടിണി കിടന്നോളാം..പ്രതിരോധച്ചിലവ് ഒരിക്കലും വെട്ടിച്ചുരുക്കരുത് എന്നാണു ഈ ദരിദ്രരും ആഗ്രഹിക്കുന്നത്..അവർ പഠിച്ച പാഠവും ഇതുതന്നെയാണു.  ഇതുതന്നെയാണു നരേന്ദ്രമോദിയെന്ന നേതാവിനെ യുദ്ധപ്രിയരുടെ ആരാധ്യനാക്കി മാറ്റിയത്… ഈ ദേശീയത ഇനിയും പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കും..തീർച്ച

Spread the love