Thursday, January 20

ഹുക്ക സിഗരറ്റിനെക്കാള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം

 

ഹുക്ക വലിക്കുന്നത് സിഗരറ്റിനെക്കാള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനം. യു.എസിലെ കാലിഫോര്‍ണിയ, ലോസ് ആഞ്ജലസ് സര്‍വകലാശാലകള്‍ നടത്തിയ പഠനമാണ് ഇത് കാണിക്കുന്നത്. സിഗരറ്റിനെക്കാള്‍ അപകടം കുറഞ്ഞതാണ് ഹുക്ക ഉപയോഗം എന്ന പ്രചാരണത്തെയാണ് പഠനം വെല്ലുവിളിച്ചിരിക്കുന്നത്. അരമണിക്കൂര്‍ നേരം ഹുക്ക വലിച്ചാല്‍ ഹൃദയ സംബന്ധിയായ അപകടങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. ഹുക്ക വലിക്കുന്നതിന്റെ മുമ്പും ശേഷവുമായി 48 യുവാക്കളുടെ ആരോഗ്യം പരിശോധിച്ചാണ് പഠനം നടത്തിയത്. ഹുക്ക വലിച്ച ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്ത സമ്മര്‍ദം എന്നിവയില്‍ അപകടാവസ്ഥ കണ്ടെത്തിയതായി പഠനം പറയുന്നു.

ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകുന്ന തരത്തിലുള്ള മാറ്റമാണ് ഇതുകൊണ്ടുണ്ടാകുന്നത്. സാധാരണഗതിയില്‍ അരമണിക്കൂര്‍ നേരം ഹുക്ക വലിക്കുന്നത് കുറഞ്ഞ സമയമാണ്. പലരും മണിക്കൂറുകളോളം ഇത് തുടര്‍ച്ചയായി ഉപയോഗിക്കാറുണ്ട്. ഇത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സിഗരറ്റ് ഉപയോഗം കുറയുകയാണെന്നും ഹുക്ക വലി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഴത്തിന്റെ ഫ്‌ലേവറടങ്ങിയതും ആകര്‍ഷണീയമായ ഗന്ധവുമാണ് ഹുക്കയിലേക്ക് പലരും ആകര്‍ഷിക്കപ്പെടാനുള്ള കാരണം.

Spread the love