Wednesday, January 19

നിങ്ങളുടെ ഡി റ്റി പി ഓപ്പറേറ്ററല്ല ഞാന്‍ കവിയാണ്‌ ; ദീപനു മറുപടിയുമായി ലതീഷ് മോഹന്‍

ലതീഷ് മോഹന്‍

ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ സ്‌ക്രിപ്റ്റ് എന്നെക്കൊണ്ട് എഴുതിച്ചതിനുശേഷം സംവിധായകൻ ദീപൻ ശിവരാമൻ അത് സ്വന്തം പേരിൽ ആക്കുക ആയിരുന്നു എന്ന എന്റെ വാദത്തോട് സംവിധായകൻ അങ്ങേയറ്റം നിഷേധാത്മകമായി പ്രതികരിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം. ഇത് സംബന്ധിച്ച് എനിക്ക് പറയാനുള്ള കാര്യങ്ങൾ ദീപന്റെ ഫേസ്‌ബുക് പോസ്റ്റിൽ വിശദീകരിക്കാം എന്നാണ് കരുതിയിരുന്നത്. പക്ഷെ ഇക്കാര്യത്തിൽ ഇന്നലെയിട്ട പ്രധാനപ്പെട്ട ഒരു കമന്റ് അദ്ദേഹം ഡിലീറ്റ് ചെയ്ത സാഹചര്യത്തിലാണ് ഈ പൊതു പ്രസ്താവന. സുഹൃത്തുക്കൾ അല്ലാത്തവർക്ക് കമന്റ് ചെയ്യാനുള്ള സാഹചര്യം ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്നതിനാൽ ഒരു സുഹൃത്ത് വഴി ആണ് ഞാൻ എനിക്ക് പറയാനുള്ള കാര്യങ്ങൾ അവിടെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നത്. ആ സുഹൃത്തിനെ അദ്ദേഹം ഇന്നലെ അൺഫ്രണ്ട് ചെയ്തതോടെ ഇതല്ലാതെ മറ്റു മാർഗമില്ല എന്ന് വന്നു.

സ്ക്രിപ്റ്റ് എഴുതുന്നതിനായല്ല മറിച്ച്‌ ഇതിനു മുമ്പ് അഭിലാഷ് പിള്ള സംവിധാനം ചെയ്ത പാം ഗ്രൂവ് ടെയിൽസ് എന്ന നാടകത്തിന്റെ വീഡിയോ നോക്കി പകർപ്പെഴുതാനാണ് എന്നെ ക്ഷണിച്ചത് എന്നാണ് സംവിധായകൻ പറയുന്നത്. പാം ഗ്രൂവ് ടെയിൽസിനുവേണ്ടി അദ്ദേഹം സ്ക്രിപ്റ്റ് എഴുതിയിരുന്നു എന്നും അത് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഇപ്പോൾ അവകാശപ്പെടുന്നു. ഏതെങ്കിലും ഒരു ഡി ടി പി ഓപ്പറേറ്ററെ ഉപയോഗിച്ചു ചെയ്യേണ്ട ജോലിക്ക് എന്നെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ മഹാമനസ്കത കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ഈ വാദം മൊത്തമായും തെറ്റ് ആണ്. ഖസാക്ക് നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തൃക്കരിപ്പൂരിൽ ആരംഭിക്കുന്നതിനു വളരെ മുമ്പാണ് ദീപൻ എന്നെ വിളിച്ചു സ്ക്രിപ്റ്റ് നിർമാണം ആരംഭിക്കണം എന്ന്‌ ആവശ്യപ്പെടുന്നത്. ഇതിനെ തുടർന്ന് കോഴിക്കോടുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് 2015 മെയ്-ജൂൺ മാസങ്ങളിൽ മൂന്നാഴ്ചയോളം സമയം എടുത്താണ് ഞാൻ സ്‌ക്രിപ്റ്റിന്റെ പ്രാരംഭ പ്രവർത്തികൾ നടത്തിയത്. നോവലിൽ ഉള്ള കഥാപാത്രങ്ങൾ, ജീവികൾ, മരങ്ങൾ എന്നിവ ഒരു ഒരു നോട്ടുബുക്കിൽ പ്രത്യേകം പ്രത്യേകം എഴുതിയതിനു ശേഷമാണ് ഞാൻ സുഹൃത്തും സിനിമ സംവിധായകനുമായ പ്രഹസിനൊപ്പം തൃക്കരിപ്പൂരിൽ എത്തുന്നത്. അതിനുശേഷം സന്ധ്യാസമയത്ത് നടക്കുന്ന റിഹേഴ്സൽ ക്യാമ്പിൽ ഞാൻ തുടർച്ചയായി പങ്കെടുക്കുകയും അവിടെയിരുന്ന് സ്‌ക്രിപ്റ്റിന്റെ ഘടനയും സംഭാഷണത്തിന്റെ രൂപവും തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം ഞാനും പ്രഹസും ഒരുമിച്ചിരുന്ന് പാം ഗ്രൂവ് ടെയിൽസ് എന്ന നാടകത്തിന്റെ വീഡിയോ കാണുകയും സ്ക്രിപ്റ്റ് നിർമാണത്തിൽ ആ വീഡിയോ കൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.

രവി എന്ന കഥാപാത്രത്തെ ഒരു ലൈംഗിക വേട്ടക്കാരനായി ചിത്രീകരിച്ചതാണ് ആ നാടകം പരാജയപ്പെടാനുള്ള കാരണമായി എനിക്ക് തോന്നിയത്. ഖസാക്ക് നോവലിലെ നായകൻ നൈസാമലി ആണെന്നും ഖസാക്ക് എന്ന സ്ഥലത്തിന്റെ കഥ പറയാൻ ഓ വി വിജയൻ ഉപയോഗിച്ച രചനാ തന്ത്രം മാത്രമാണ് രവി എന്നും രവിയിൽ ഊന്നിയത് കൊണ്ടാണ് ആദ്യ നാടകം പരാജയപ്പെട്ടത് എന്നുമുള്ള എന്റെ വാദം സംവിധായകനും അംഗീകരിച്ചു. ഇതേത്തുടർന്നാണ് പാം ഗ്രൂവ് ടെയിൽസ് വീണ്ടും ചെയ്യുക എന്ന ആശയം മാറുന്നത്. ഇതിനുമുമ്പ് സംവിധായകൻ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത പോസ്റ്ററിൽ നാടകത്തിന്റെ പേര് സേക്രഡ് ഗ്രൂവ്സ് എന്നായിരുന്നു എന്നതും ഇവിടെ പ്രസക്തമായ കാര്യമാണ്.

Read Also  പകര്‍ത്തിയെഴുത്ത് എങ്ങനെ താങ്കളുടെതാകും ; ദീപന്‍ ശിവരാമന്‍റെ മറുപടി

ഇതിന്റെ തുടർച്ചയായി നൈസാമാലിക്ക് കൂടുതൽ പ്രാമുഖ്യം നൽകി ഞാൻ സ്ക്രിപ്റ്റ് നിർമാണം പൂർത്തിയാക്കി. ഖസാക്കിന്റെ ഇതിഹാസം/ നാടകഭാഷ്യം എന്ന തലക്കെട്ടിൽ മൊത്തം സ്‌ക്രിപ്റ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് സംവിധായകനെ ഏൽപ്പിച്ചാണ് ഞാൻ തൃക്കരിപ്പൂരിൽ നിന്നും മടങ്ങിയത്. റിഹേഴ്സൽ സമയത്ത് അവിടെ തുടരണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഡൽഹി ഐ ഐ ടിയിൽ തത്വചിന്തയിൽ പി എച്ചു ഡി ചെയ്യാൻ അഡ്മിഷൻ കിട്ടിയതിനാലാണ് എനിക്ക് പിന്നീട് ഡൽഹിയിൽ തന്നെ തുടരേണ്ടി വന്നത്. ഇതിനുശേഷം സ്ക്രിപ്റ്റ് സംബന്ധിച്ചോ നാടകം സംബന്ധിച്ചോ ഒരു അറിയിപ്പും എനിക്ക് ലഭിച്ചില്ല. പിന്നീട് നാടകത്തിന്റെ പോസ്റ്റർ കണ്ടപ്പോഴാണ് എന്റെ പേര് പൂർണമായി ഒഴിവാക്കപ്പെട്ടു എന്നു മനസ്സിലായത്. സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച ഈ നടപടിയേക്കാൾ ക്രൂരമാണ് ഇപ്പോൾ അദ്ദേഹം ഉന്നയിച്ച ഡി ടി പി ഓപ്പറേറ്റർ വാദം.

ഡി ടി പി ഓപ്പറേറ്ററെ ഉപയോഗിച്ച് ഒരു വീഡിയോയുടെ പകർപ്പെടുത്താൽ ആ പകർപ്പിന് വീഡിയോയിൽ ഉള്ള പേരല്ലേ വരേണ്ടത്? ഞാൻ തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ പേര് ഖസാക്കിന്റെ ഇതിഹാസം എന്നായതിന്റെ കാര്യം അത് നോവലിനെ അടിസ്ഥാനമാക്കി എഴുതിയതാണ് എന്നതാണ്. 32 രംഗങ്ങളും അതിനുള്ളിൽ ഉപരംഗങ്ങളും ഉള്ളതാണ് ഞാൻ തയ്യാറാക്കിയ സ്ക്രിപ്റ്റ്. രംഗം രംഗമായി ഒഴുകുന്ന ഒന്നല്ല വീഡിയോ എന്നിരിക്കെ ഞാൻ ചെയ്തത് ഡി ടി പി ഓപ്പറേറ്ററുടെ പണിയാകുന്നത് എങ്ങനെയാണ്?

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ അടക്കം നന്നായി സ്വീകരിക്കപ്പെട്ട മൂന്ന് കവിതാ പുസ്തകങ്ങളുടെ രചയിതാവാണ് ഞാൻ. 2012 മുതൽ എന്റെ കവിത രണ്ടു പ്രധാന സർവകലാശാലകളുടെ ബിരുദാനന്തര പാഠ്യപദ്ധതിയിൽ ഇടം പിടിച്ചിട്ടുണ്ട്. തെഹൽക പോയട്രി പോലെയുള്ള ഇടങ്ങളിൽ എന്റെ ഇംഗ്ലീഷ് കവിതകളും കവിതാ പ്രകടനങ്ങളും വരികയും നല്ല രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു വീഡിയോ പകർത്തിയെഴുതുന്ന ജോലി ആര് മുന്നോട്ടു വെച്ചാലും അതേറ്റെടുക്കേണ്ട കാര്യമോ അതിനുള്ള സമയമോ എനിക്കില്ല

ഒരു എഴുത്തുകാരന്റെ ബൗദ്ധിക, ശാരീരിക അധ്വാനം ഉപയോഗപ്പെടുത്തിയത്തിന് ശേഷം അതിന്റെ ഫലം സ്വന്തം പേരിലാക്കുന്ന ഹീനമായ മുതലാളിത്ത തന്ത്രമാണ് സംവിധായകൻ പയറ്റുന്നത്. ഞാൻ തൃക്കരിപ്പൂരിൽ ഉണ്ടായിരുന്ന സമയത്ത് വിനയാന്വിതമായ ശരീരഭാഷ ആണ് വെച്ചുപുലർത്തിയിരുന്നത് എന്ന് പറയുന്ന ദീപൻ ശിവരാമാ, വിനയവും ബഹുമാനവും അടിമത്വത്തിന്റെ സൂചനയായി കാണുന്ന താങ്കൾ വെച്ചുപുലർത്തുന്നത് കയ്യിൽ കാശുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണയാണ്. താങ്കളുടെ സ്‌ക്രിപ്റ് ‘നഷ്ടപ്പെട്ടത്’ പോലെ ഞാൻ എഴുതിയത് നഷ്ടപ്പെട്ടിട്ടില്ല. എഴുത്തുകാർ അവരുടെ സൃഷ്ടികളെ കുഞ്ഞുങ്ങളെപ്പോലെ കൊണ്ട് നടക്കുന്നവരാണ്. ഉള്ള സംഗതികൾ അത്ര പെട്ടെന്ന് നഷ്ടപ്പെടുകയും ഇല്ല.

സാഹിത്യ കൃതികൾ നാടകം ആക്കുമ്പോൾ അതിനു മുമ്പുള്ള വിഡിയോകൾ, അതുമായി ബന്ധപ്പെട്ട നിരൂപണ പുസ്തകങ്ങൾ, അക്കാലത്തെ വാർത്തകൾ എന്നിവ പരിശോധിക്കുന്നതും അവലംബിക്കുന്നതും സാധാരണമാണ്. കുത്തിയിരുന്ന് എഴുതിയ ആളല്ല എഴുത്തുകാരൻ എന്നല്ല അതിന്റെ അർത്ഥം. എഴുത്തുകാരൻ, പ്രത്യേകിച്ച് കവി, ഒരു ദുർബല ജീവി ആണെന്നും അതിനാൽ അയാളുടെ അധ്വാനത്തെ ചൂഷണം ചെയ്യാം എന്നുമുള്ള തോന്നൽ വെറുതെ ആണ്. എഴുത്തുകാരൻ ആരുടെയും ഡി ടി പി ഓപ്പറേറ്റർ അല്ല. ഭീഷണിപ്പെടുത്തിയും പരിഹസിച്ചും എഴുത്തുകാരനെ താരം താഴ്ത്താം എന്ന് കരുതരുത്. അക്കാലം കഴിഞ്ഞു.

Read Also  അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഖസാക്കിന്റെ ഇതിഹാസം - ഫോട്ടോഗ്രാഫറായ മനോജ് ഡി വൈക്കം തയാറാക്കിയ 'കർമ്മ പരമ്പരയിലെ കണ്ണികൾ ' - ഫോട്ടോ പ്രദർശനം

ദീപൻ ശിവരാമൻ നാടകത്തിൻ്റെ സ്ക്രിപ്റ്റ് കവർന്നതിനെപ്പറ്റി ലതീഷ് മോഹൻ സംസാരിക്കുന്നു

 

‘ഞാന്‍ അന്താരാഷ്‌ട്ര സാഹിത്യചോരണത്തിനു ഇരയായി’ ; എ എസ് അജിത്‌ കുമാര്‍ വെളിപ്പെടുത്തുന്നു

 

 

https://prathipaksham.in/wp-admin/post.php?post=17123&action=edit

Spread the love

Leave a Reply