Sunday, November 29

ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റും സ്വർണ്ണക്കടത്തുകേസും ബി ജെ പിക്ക് നേട്ടമുണ്ടാക്കുമോ

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പു മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റ് ചെയ്തത് കൃത്യസമയത്തു തന്നെയാണ്.. ഇടതുമുന്നണി സർക്കാരിൻ്റെ വിശ്വാസ്യതയെ തകർക്കാൻ പ്രതിപക്ഷവും ബി ജെ പിയും കൊണ്ടു പിടിച്ച് ശ്രമം നടത്തുന്നതിനിടെ വീണു കിട്ടിയ സന്ദർഭം മുതലാക്കുകയായിരുന്നു സംസ്ഥാന ഭരണകൂടം.

അറസ്റ്റ് വൈകിച്ചതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായും ബന്ധമുണ്ട് എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചതിൽ വാസ്തവവുമുണ്ട്. സ്വർണ്ണക്കടത്തു കേസിൽ പിണറായി സർക്കാരിനെ തളയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പൂർണമായും വിജയിച്ചിട്ടില്ല. കാരണം ഇതുവരെ ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കൾക്ക് സ്വർണ്ണക്കടത്തു കേസിൽ പങ്കുള്ളതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിൻ്റെ കോടതിയിലെ വെളിപ്പെടുത്തൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്ന രീതിയിലായി മാറുന്ന കാഴ്ചയും നാം കണ്ടു. രാഷ്ടീയ നേതാക്കൾക്ക് കേസിൽ പങ്കുണ്ടെന്ന് തന്നെക്കൊണ്ട് പറയിക്കാനായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി ശിവശങ്കർ കോടതിയിൽ ആരോപിച്ചത് അന്വേഷണ ഏജൻസികൾക്ക് തിരിച്ചടിയായി. ഇതിനോടകം അറസ്റ്റിലായ ലീഗ് എം എൽ എ എം സി ഖമറുദ്ദീൻ്റെ നിക്ഷേപത്തട്ടിപ്പ് കേസും ഇടതുമുന്നണിക്ക് തുണയായിരുന്നു. ഇടതു സർക്കാരിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥൻ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിൽ പ്രതിപക്ഷത്തുള്ള രണ്ട് പ്രമുഖ നേതാക്കളാണ് വ്യത്യസ്തമായ രണ്ടു കേസുകളിൽ കുടുങ്ങിയത് എന്ന് എൽ ഡി എഫിന് സമാധാനിക്കാം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. നോട്ടീസ് നൽകി രാവിലെ 10.25നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളായ ഇരുമുന്നണികളെയും വെട്ടിലാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ  നേട്ടം കൊയ്യാമെന്ന് സ്വപ്നം കണ്ടിരിക്കുന്ന എൻ ഡി എ സഖ്യത്തിന് ഇത്തവണ പരാജയം നേരിടേണ്ടി വരുമെന്നാണ് സൂചന. കേരളത്തിൽ ആകെ ബി ജെ പി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളായ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരും കല്ലേരിയും ഇത്തവണ നഷ്ടമാകുമെന്നാണ് പ്രദേശവാസികളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. കൂടാതെ നിലവിലുള്ള പഞ്ചായത്ത് / കോർപറേഷൻ അംഗങ്ങൾക്കെതിരെയും നിരവധി ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. അതും എൻ ഡി എക്ക് തിരിച്ചടിയാവും

 

Spread the love
Read Also  അച്ചടക്കനടപടിക്ക് തൊട്ടുമുമ്പും ശിവശങ്കർ താല്ക്കാലികനിയമനം നടത്തിയതായി കണ്ടെത്തി