Thursday, January 20

ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് മന്ത്രിസഭായോഗം: കേരളത്തിൽ 19 അണക്കെട്ടുകൾ തുറന്നു

ജലനിരപ്പുയരുന്നതിനാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയുടെ ശക്തി കുറവായതിനാൽ നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ജലനിരപ്പ് 2395 . 88 അടിയാണ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കാൻ മന്ത്രി എം എം മണിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. തീരുമാനമെടുത്തുകഴിഞ്ഞാൽ ഘട്ടം ഘട്ടമായിട്ടായിരിക്കും അണക്കെട്ട് തുറക്കുന്നത്. ഏതു അടിയന്തിര സാഹചര്യം നേരിടാനും സർക്കാർ സജ്ജമാണെന്നും മന്ത്രി മണി അറിയിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ല കളക്ടർ അറിയിച്ചു.

കേരളത്തിലെ ഡാമുകളിലെല്ലാം ജലനിരപ്പുയർന്നതിനാൽ പലയിടങ്ങളിലും ഷട്ടറുകൾ ഉയർത്തിക്കഴിഞ്ഞു. നാലുവര്‍ഷത്തിനുശേഷം  ഇന്ന് മലമ്പുഴ അണക്കെട്ടിലെ നാല് ഷട്ടറുകൾ മൂന്നു സെന്റീമീറ്റർ വീതം തുറന്നു. ഉദ്യാനത്തോടനുബന്ധിച്ച തൂക്കുപാലങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് നെന്മാറ പോത്തുണ്ടി അണക്കെട്ട് തുറന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം നെയ്യാർ ഡാമും തുറന്നിരുന്നു. ഇടമലയാർ അണക്കെട്ടിലും പത്തനംതിട്ട കക്കി അണക്കെട്ടിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കേരളത്തിൽ രണ്ടുദിവസത്തിനിടയിൽ ചെറുതും വലുതുമായി പത്തോമ്പത് അണക്കെട്ടുകൾ ഇതുവരെ തുറന്നു കഴിഞ്ഞു.

Spread the love
Read Also  മൂന്നാറിൽ ഉരുൾപൊട്ടൽ വൻദുരന്തം ; 83 ഓളം പേർ കുടുങ്ങിയതായി സംശയം, 5 പേരെ പുറത്തെടുത്തു