Sunday, January 16

അനന്തപുരിയ്ക്ക് ഇനി ഉത്സവനാളുകള്‍, ഐ എഫ് എഫ് കെ 2018 ന് ഇന്ന് തിരി തെളിയും

ഇരുപത്തി മൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ എഫ് എഫ് കെ 2018)ന് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയാണ് മുഖ്യാതിഥി. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ഇന്നു മുതല്‍ ഡിസംബര്‍ 13 വരെ ഒരാഴ്ച നീണ്ടു നില്കുന്ന മേളയില്‍ 465 പ്രദര്‍ശനങ്ങളിലായി 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അസ്ഗര്‍ ഫഹാദിയുടെ ‘എവരിബോഡി നോസ്’ ആണ് ഉദ്ഘാടനചിത്രം.

എവരിബോഡി  നോസ്

പ്രളയം മൂലം സംസ്ഥാന സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തൂരുമാനമെടുത്തിരുന്നു. അതിന്‍ പ്രകാരം സംസ്ഥാന സ്കൂള്‍ കലോത്സവം, സ്കൂള്‍ കായികോത്സവം, അന്താരാഷ്ട്ര ചലച്ചിത്രമേള  മുതലായവയൊക്കെ ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രളയത്തില്‍ തകരുകയല്ല, വര്‍ദ്ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേല്കുകയാണ് ആവശ്യം എന്ന അധികാരികളുടെ ചിന്ത ഇവയൊക്കെ പുനര്‍ജ്ജനിപ്പിക്കുകയായിരുന്നു.

ചിലവ് ചുരുക്കി സ്കൂള്‍ കലോത്സവം നടത്താമെന്ന് വിദ്യാഭ്യാസമന്ത്രി എടുത്ത തീരുമാനത്തിന് വന്‍ സ്വീകാര്യത ലഭിക്കുകയുണ്ടായി. അതിന്‍പ്രകാരം സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് ആലപ്പുഴയില്‍ ആരംഭിക്കുകയാണ്. സര്‍ക്കാര്‍ ധനസഹായം കൂടാതെ ചലച്ചിത്രമേള നടത്താനുള്ള ചലച്ചിത്ര അക്കാദമി തീരുമാനമാണ് ഇന്ന് ചലച്ചിത്രമേളയ്ക്കും തിരി തെളിയാന്‍ ഇടയാക്കിയത്.

‘ദ ഹ്യുമന്‍ സ്പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ് ആന്‍റ് റീ ബില്‍ഡിംഗ്’ എന്ന ആശയത്തിലൂന്നിയതാണ് ഇത്തവണത്തെ ചലച്ചിത്രമേള. ആ വിഭാഗത്തില്‍ ആറ് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെല്‍ ഗിബ്സന്‍റെ ‘അപോകലിപ്റ്റോ’, ബെന്‍ സെയ്റ്റ്ലിന്‍റെ ‘ബീസ്റ്റ്സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്’, ഫിഷര്‍ സ്റ്റീവന്‍സിന്‍റെ ‘ബിഫോര്‍ ദ ഫ്ലഡ്’, ജസ്റ്റിന്‍ ചാഡ്വിക്കിന്‍റെ ‘മണ്ടേല: ലോങ് വാക് റ്റു ഫ്രീഡം’, വിം വെന്‍ഡറുടെ ‘പോപ്പ് ഫ്രാന്‍സിസ്: എ മാന്‍ ഓണ്‍ ഹിസ് വേര്‍ഡ്’, മലയാളി സംവിധായകന്‍ ജയരാജിന്‍റെ ‘വെള്ളപ്പൊക്കത്തില്‍’ എന്നീ സിനിമകളാണ് ഈ വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളത്.

അപോകലിപ്റ്റോ

ബള്‍ഗേറിയ, ജര്‍മ്മനി, പ്രാന്‍സ്, ഫിലിപ്പീന്‍സ്, ഐസ്ലാന്‍ഡ്, ചൈന, ഡെന്മാര്‍ക്ക്, യു എസ് എ, ലെബനോണ്‍, അയര്‍ലണ്ട്, കൊറിയ, ശ്രീലങ്ക, റഷ്യ, മെക്സിക്കോ, ഇറാന്‍ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള 91 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

 

 

 

Spread the love
Read Also  ബക്രീദ്: ആഗസ്റ്റ് 12ന് അവധി പ്രഖ്യാപിച്ചു

Leave a Reply