ഐ എഫ് എഫ് കെ 2018 മത്സരവിഭാഗചിത്രങ്ങള്‍ – ഏഴ്

ആസ് ഐ ലേ ഡൈയിങ് / ദ ഗ്രേവ്ലെസ്

മൊസ്തഫ സയ്യാരി / 74 മിനിട്ട് / ഇറാന്‍ / പെര്‍ഷ്യന്‍ / 2018

മൊസ്തഫ സയ്യാരി

 

 

 

 

 

 

വില്യം ഫൂക്കനറുടെ ആസ് ഐ ലേ ഡൈയിങ് എന്ന നോവലിന്‍റെ സ്വതന്ത്രാനുകല്പനമാണ് ഇറാനിയന്‍ സംവിധായകന്‍ മൊസ്തഫ സയ്യാരിയുടെ അസ് ഐ ലേ ഡൈയിങ്. (ചിത്രത്തിന്‍റെ ഒഫിഷ്യല്‍ പോസ്റ്ററില്‍ ആസ് ഐ ലേ ഡൈയിങ് എന്ന പേരാണുള്ളത്. ഹംചെനന്‍ കെ മിമോര്‍ദം എന്നാണ് പേര്‍ഷ്യന്‍ പേര്. ദ ഗ്രേവ്ലെസ് എന്നാണ് ഐ എഫ് എഫ് കെ ഔദ്യോഗിക സൈറ്റില്‍ നല്കിയിട്ടുള്ളത്.)

പിതാവിന്‍റെ മരണത്തിന് മൂന്ന് സഹോദരന്മാരും ഏക സഹോദരിയും ഒത്തു ചേരുന്നു. പിതാവിന്‍റെ ആഗ്രഹം സാധ്യമാക്കുന്നതിനായി അവര്‍, പിതാവ് ആഗ്രഹിച്ച സ്ഥലത്ത് അടക്കം ചെയ്യാനായി ശവശരീരവുമായി പോകുന്നു. ഇറാനിലെ വരണ്ട മരുഭൂമിയിലൂടെ ദൂരെ ഗ്രാമത്തിലേക്കാണ് അവരുടെ യാത്ര.

കഠിനമായ ചൂടില്‍ മൃതശരീരം കേടാവാന്‍ തുടങ്ങുന്നതോടെ സഹോദരങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വരുന്നു. പിതാവിനെ കുറെക്കാലം പരിപാലിച്ച ഇളയ സഹോദരനോട് മൂത്ത സഹോദരന് ദേഷ്യം ഉണ്ടാകുന്നു. കുടുംബത്തിലെ പഴയ അസ്വാരസ്യങ്ങളും വിദ്വേഷങ്ങളും ചികയപ്പെടുന്നു.

നോവലിനെ അടിസ്ഥാനമാക്കുന്നുവെങ്കിലും ഇറാനിയന്‍ ദേശീയകഥയും ഇറാനിയന്‍ സംസ്കാരത്തിന്‍റെ കഥയെയുമാണ് താന്‍ സൃഷ്ടിക്കുന്നതെന്നാണ് സിനിമയെ പറ്റി സംവിധായകന്‍ പറയുന്നത്. പ്രത്യേകിച്ചും ഇറാനിയന്‍ പിതൃസ്വഭാവങ്ങള്‍.

ഫൂക്കനറുടെ രീതിയും ഭാഷയും ഇറാനിയന്‍ സിനിമയുടെ ലോകത്ത് നിന്നും തികച്ചും വ്യത്യസ്തമാണ്. അനുകല്പനം തികവുറ്റതല്ലെങ്കിലും തികച്ചും വ്യത്യസ്തമായ സംസ്കാരത്തില്‍ പറയേണ്ടതെന്താണെന്നും പറയേണ്ടാത്തത് എന്താണെന്നും മൊസ്തഫ സയ്യാരിക്ക് നന്നായി അറിയാം എന്നാണ് വിമര്‍ശകാഭിപ്രായം.

2018 വെനീസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം:

 

 

Read Also  ഡാര്‍ക് റൂം / ഒടാഹ്-ഇ തരീക്

LEAVE A REPLY

Please enter your comment!
Please enter your name here