Thursday, January 20

അന്താരാഷ്ട്ര ചലച്ചിത്രമേള അനിശ്ചിതത്വത്തില്‍

കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐ എഫ് എഫ് കെ 2018 അനിശ്ചിതത്വത്തില്‍. കേരളത്തെ മുക്കിയ പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കുന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി മേളകള്‍ നടത്തേണ്ടെന്ന് ഒരു തീരുമാനം വന്നിരുന്നു. അതിന്‍റെ ഭാഗമായി സംസ്ഥാന സ്കൂള്‍ കലോത്സവം, ചലച്ചിത്രോത്സവം മുതലായവ ഒഴിവാക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ ചിലവ് ചുരുക്കി സംസ്ഥാന സ്കൂള്‍ കലോത്സവം നടത്താന്‍ വിദ്യാഭ്യാസമന്ത്രി മുന്‍കൈയെടുത്ത് തീരുമാനമായി. ചലച്ചിത്രമേള ഇപ്പോഴും ചര്‍ച്ചകളില്‍ തീരുമാനമാകാതിരിക്കുകയാണ്.

പ്രളയക്കെടുതിയുടെ പേരില്‍ മേള ഉപേക്ഷിക്കരുതെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയരുകയുണ്ടായി. അതിന്‍റെ അടിസ്ഥാനത്തില്‍ ചിലവ് ചുരുക്കി മേള നടത്താന്‍ ഒരു ബദല്‍ നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി രൂപപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപയായിരുന്നു മേളയുടെ മൊത്തം ചിലവ്. അത് ചിലവ് ചുരുക്കി പകുതിയാക്കി മൂന്ന് കോടി രൂപയ്ക്ക് മേള നടത്താമെന്നതാണ് ചലച്ചിത്ര അക്കാദമിയുടെ നിര്‍ദ്ദേശം. അതിലേക്ക് പ്രവേശനഫീസ് വര്‍ദ്ധിപ്പിച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും രണ്ട് കോടി രൂപ ചലച്ചിത്ര അക്കാദമി കണ്ടെത്താമെന്നും ഒരു കോടി സര്‍ക്കാര്‍ ഭാഗത്തു നിന്നും ലഭിക്കണമെന്നുമാണ് അക്കാദമി വെച്ച നിര്‍ദ്ദേശം.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും, അടൂര്‍ ഗോപാലകൃഷ്ണനും ഈ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രിയെ കാണുകയുണ്ടായി. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഫണ്ട് തരുന്നത് ബുദ്ധിമുട്ടാണെന്നും ചലച്ചിത്ര അക്കാദമി തന്നെ ഏതെങ്കിലും തരത്തില്‍ പണം കണ്ടെത്തി മേള നടത്തുവാനുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. രണ്ട് കോടി കണ്ടെത്താമെന്ന് ചലച്ചിത്ര അക്കാദമി കണക്കാക്കുന്ന സ്ഥിതിക്ക് ഒരു കോടി പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ചാലേ മേള നടത്താനാവൂ എന്നാണ് ഇതേപ്പറ്റി മന്ത്രി എ കെ ബാലന്‍റെ നിലപാട്. അതേ സമയം ചിലവ് ചുരുക്കലിന്‍റെ ഭാഗമായി വിദേശ ജൂറികളെ ഒഴിവാക്കാനുള്ള നീക്കം മേളയുടെ അന്താരാഷ്ട്ര പ്രശസ്തിയെ ബാധിക്കുമെന്ന നിഗമനങ്ങളെയും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Spread the love
Read Also  കര്‍ഷകമാര്‍ച്ച് പോലീസ് തടഞ്ഞു, യു പി - ഡല്‍ഹി അതിര്‍ത്തിയില്‍ സംഘര്‍ഷം

Leave a Reply