Sunday, January 16

നരേന്ദ്രമോദിയെ ബിരുദദാന ചടങ്ങില്‍ ക്ഷണിക്കുന്നതിനെതിരെ ബോംബെ ഐ ഐ റ്റി വിദ്യാര്‍ത്ഥികള്‍

ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള സ്ഥാപനതീരുമാനത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നു.

ഇത് ഞങ്ങളുടെ പ്രതിരോധമാണെന്നും ഇതിനെ സ്ഥാപന അധികാരികള്‍ക്ക് കൈമാറാന്‍ ഉദ്ദേശമില്ലെന്നുമാണ് സംയുക്ത പ്രസ്താവന.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസമേഖലയ്ക്കു വേണ്ടിയും സാമൂഹ്യ സന്തുലിതത്വത്തിനും ഇന്ത്യന്‍ ജനതയുടെ പൗരസ്വാതന്ത്ര്യത്തിനും വേണ്ടി നല്‍കിയ സംഭാവനകളെ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് പ്രസ്താവനയില്‍ അവര്‍ ഉന്നയിക്കുന്നത്. പക പോക്കല്‍ നടപടികളെ ഭയന്ന് പേര് വെക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ സംയുക്തമായി പ്രസ്താവന ഇറക്കിയത്.

വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ സഹായം തകര്‍ച്ചയിലാണ്. യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നാണോ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്, അതോ ഉന്നത ജാതികളിലോ ഉന്നത പശ്ചാത്തലമുള്ളവരോ ആയവര്‍ക്ക് മതി വിദ്യാഭ്യാസം എന്ന ബ്രാഹ്മണ ആശയമാണോ പ്രധാനമന്ത്രിക്കുള്ളത് എന്നാണ് അവരുടെ ചോദ്യം.

 ധനസഹായത്തിന്‍റെ അപര്യാപ്തതയാല്‍ രാജ്യത്തെ മിക്ക സര്‍വ്വകലാശാലകളും ഫീസ് വര്‍ദ്ധിപ്പിച്ചു. കേന്ദ്ര ഗവണ്മെന്‍റ് കാര്യങ്ങള്‍ വഷളാക്കുകയാണ്. നെറ്റ് ഇല്ലാത്തവര്‍ക്ക് ഫെല്ലോഷിപ്പ് ഒഴിവാക്കിയതും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിന്നോക്കവിഭാഗ സ്കോളര്‍ഷിപ്പ് ഒഴിവാക്കിയതും അതാണ് സൂചിപ്പിക്കുന്നത്. അത് ഉന്നതങ്ങളില്‍ നിന്നുള്ളവരല്ലാത്ത പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുകയാണ്. യു.ജി.സി.ഒഴിവാക്കിക്കൊണ്ട് ഉന്നത വിദ്യാഭ്യാസക്കമ്മീഷനെ കൊണ്ടുവരാനുള്ള നീക്കത്തെയും വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നു.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ പൊതു വിദ്യാലയങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത്. ഞങ്ങള്‍ക്കത് ചോദിക്കാന്‍ പാടില്ലെന്നുണ്ടോ. എന്തുകൊണ്ടാണ് ഗവണ്മെന്‍റ്  ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്നതും എന്ത് പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും. കുട്ടികള്‍ ചോദിക്കുന്നു.

രാജ്യത്ത് കുറഞ്ഞു വരുന്ന തൊഴില്‍ സാധ്യതകളെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഐഐറ്റി വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വളരെ കുറവാണ്.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളെപ്പറ്റിയും വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നു. എന്തുകൊണ്ടാണ് അത്തരം അക്രമികള്‍ക്ക് ഭരണപ്പാര്‍ട്ടിയില്‍ നിന്നും സംരക്ഷണം കിട്ടുന്നതെന്നും കുട്ടികള്‍ ചോദിക്കുന്നു.

പശുവിന്‍റെ പേരില്‍ മനുഷ്യര്‍ മരിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്. അതിന് ഭരണകൂടസഹായം ല്ഭ്യമാകുന്നത് എന്തുകൊണ്ടാണ്. മുന്നോക്ക ജാതിക്കാരുടെ അഹന്തയുടെ ഭാഗമായി രാജ്യത്ത് ദളിതരും മുസ്ലീങ്ങളും മരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്. ഇത്ര നിസാരമായി ജാതിയുടെ പേരില്‍ ഒരാള്‍ രാജ്യപൗരനാണോ അല്ലയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്തുകൊണ്ടാണ്. ഏറ്റവുമൊടുവിലായി ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇതിലെല്ലാം മൗനം പാലിക്കുന്നതെന്നാണ്.

ഈ പ്രസ്താവന ഇത് കൊണ്ടുതന്നെ പ്രതിരോധമാണ്. അതിനാല്‍ ഞങ്ങള്‍ മറ്റൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അവര്‍ അവസാനിപ്പിക്കുന്നത്.

ഇത് സൂചിപ്പിക്കുന്നത് ചോദ്യം ചെയ്യാനറിയുന്ന വിദ്യാര്‍ത്ഥികളുടെ വംശം നശിച്ചു പോയിട്ടില്ലെന്നാണ്. ഒടുവില്‍ ഭരണകൂടമൗനത്തില്‍ സഹി കെട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി ടിയാനമെന്‍സ്ക്വയര്‍ ഇന്ത്യയില്‍ സംഭവിക്കരുതേ എന്ന് ആശിക്കാം.

Spread the love