Monday, January 24

യുക്രെയിനില്‍ മുപ്പതു ദിവസത്തേക്ക് പട്ടാള നിയമം പ്രഖ്യാപിച്ചു

യുക്രെയിന്‍ നാവികസേനയുടെ മൂന്നു കപ്പലുകള്‍ റഷ്യ പിടിച്ചെടുത്ത സാഹചര്യം നേരിടാന്‍ റഷ്യയോടു ചേര്‍ന്നുള്ള യുക്രെയ്ന്‍ പ്രദേശങ്ങളില്‍ മുപ്പതു ദിവസത്തേക്ക് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യം മുഴുവന്‍ പ്രാബല്യത്തില്‍ വരത്തക്കവിധം അറുപതുദിവസത്തേക്ക് പട്ടാള നിയമം ഏര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഇതു മുപ്പതു ദിവസമായി കുറയ്ക്കുകയായിരുന്നു. ഇതു യുദ്ധപ്രഖ്യാപനമല്ലെന്നും ആരുമായും യുദ്ധത്തിനില്ലെന്നും പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണു ലക്ഷ്യമെന്നും പ്രസിഡന്റ് പൊറോഷെങ്കോ പറഞ്ഞു.

യുക്രെയ്ന്‍ നഗരമായ ഒഡേസയില്‍നിന്ന് യുക്രെയിനിലെ തന്നെ മറ്റൊരു നഗരമായ മരിയുപോളിലേക്കു പോയ കപ്പലുകളാണ് കെര്‍ച്ച് ഉള്‍ക്കടലില്‍ ഞായറാഴ്ച തടഞ്ഞ് 21 നാവികരെ റഷ്യ കസ്റ്റഡിയിലെടുത്തത്. അടുത്തയിടെ റഷ്യയോടു കൂട്ടിച്ചേര്‍ത്ത ക്രിമിയയെയും റഷ്യ വന്‍കരയെയും ബന്ധിപ്പിച്ചു നിര്‍മിച്ച പാലത്തിനു താഴെ ചരക്കുകപ്പല്‍ നിര്‍ത്തിയിട്ടാണ് യുക്രെയ്ന്‍ കപ്പലുകള്‍ തടഞ്ഞത്. ഇരുരാജ്യങ്ങള്‍ക്കും ഗതാഗത സൗകര്യം അനുവദിക്കുന്ന കരാറിന്റെ ലംഘനമാണിത്. യുക്രെയ്ന്‍ കപ്പലുകളുടെ നേര്‍ക്കു റഷ്യ നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. കപ്പലുകളെയും നാവികരെയും വിട്ടുകൊടുക്കണമെന്ന പാശ്ചാത്യരാജ്യങ്ങളുടെ അഭ്യര്‍ഥന റഷ്യ നിരസിച്ചു.

ഇതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നു സമ്മതിച്ച് മൂന്നു നാവികര്‍ നടത്തിയ കുറ്റസമ്മതത്തിന്റെ വീഡിയോ റഷ്യ പുറത്തുവിട്ടു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് പൊറോഷെങ്കോയുമായും ഫോണില്‍ സംസാരിച്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സംഘര്‍ഷ ലഘൂകരണത്തിന് ഇരു രാജ്യങ്ങളും തയാറാവണമെന്നു നിര്‍ദേശിച്ചു. റഷ്യക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നു ചില പാശ്ചാത്യരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. കപ്പലുകള്‍ കസ്റ്റഡിയിലെടുക്കാനായ സാഹചര്യം റഷ്യ വൈകാതെ വിശദീകരിക്കുമെന്നു ക്രെംലിന്‍ അറിയിച്ചു.

Spread the love
Read Also  ചെർണോബിൽ ആണവദുരന്തമാണു കാൻസർ വ്യാപകമാകുന്നതിനു കാരണമെന്ന് കെയ്റ്റ് ബ്രൗൺ

Leave a Reply