Saturday, January 29

ഉയര്‍ന്ന വിദ്യാഭ്യാസച്ചിലവ് രാജ്യത്തെ ഡോക്ടര്‍മാരെ വഴിതെറ്റിക്കുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഈടാക്കുന്ന ഉയര്‍ന്ന ഫീസുകള്‍ ഡോക്ടര്‍മാരായി പഠിച്ചിറങ്ങുന്നവരെ കടക്കെണിയിലാക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന ഫീസുമൂലം പഠനം പൂര്‍ത്തീകരിക്കുന്നതിന് ഭൂരിപക്ഷം പേര്‍ക്കും ബാങ്ക് ലോണുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഒരു വര്‍ഷത്തെ പഠന ചിലവ് ശരാശരി പത്ത് ലക്ഷം രൂപയാണ്. അതായത് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് അരക്കോടി രൂപയില്‍ കൂടുതലാവുന്നു എന്നര്‍ത്ഥം.

ഹോസ്റ്റല്‍, മെസ്, ലൈബ്രറി, ഇന്റര്‍നെറ്റ്, പരിക്ഷാ ഫീസുകള്‍ ഉള്‍പ്പെടെയാണിത്. അമ്പത് ലക്ഷം രൂപയ്ക്കുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഏറ്റവും ചുരുങ്ങിയത് പ്രതിമാസം 60,000 രൂപ തിരിച്ചടവ് വരും. എന്നാല്‍ ഒരു എംബിബിഎസ് ബിരുദധാരിക്ക് ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനം 45,000നും 65,000നും ഇടയിലാണ്. ഇത് സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമനുസരിച്ച് മാറും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്.

ഈ സാഹചര്യത്തില്‍ ഗ്രാമീണ മേഖലകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ചൂണ്ടിക്കാട്ടി പുതിയ സ്വകാര്യ കോളേജുകള്‍ക്കോ അല്ലെങ്കില്‍ നിലവിലുള്ളവയ്ക്ക് സീറ്റ് കൂട്ടുന്നതിനോ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വായ്പയുടെ പ്രതിമാസ തിരിച്ചടവുകള്‍ കഴിച്ച് കിട്ടുന്ന ശമ്പളം കൊണ്ട് ഈ ഡോക്ടര്‍മാര്‍ എങ്ങനെ ജീവിക്കും? സാധാരണഗതിയില്‍ വായ്പ തിരിച്ചടയ്ക്കാന്‍ പത്തു മുതല്‍ 12 വര്‍ഷം വരെയെടുക്കും. വിദ്യാഭ്യാസ വായ്പകള്‍ നിരോധിച്ചാല്‍ മെഡിക്കല്‍ വിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രമാവുകയും ചെയ്യും.

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ഫലപ്രദമായി ഇടപെടാതിരിക്കുന്നപക്ഷം ഇന്ത്യയിലെ ഡോക്ടര്‍മാര്‍ വലിയ കടക്കെണിയില്‍ പെട്ടുപോകുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ പോലും പ്രതിവര്‍ഷം ശരാശരി ആറ് ലക്ഷം രൂപ വരെ ഒരു വര്‍ഷം ചിലവാകും. അതുകൊണ്ടുതന്നെ പഠിച്ചിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആരോഗ്യരംഗത്തെ അനഭലഷണീയ പ്രവണതകളിലേക്ക് തിരിയാനുള്ള സാധ്യത കൂടുന്നു. രാജ്യത്തെ ആരോഗ്യരംഗത്തിന് തന്നെ ഗുരുതരമായ ഭീഷണി സൃഷ്ടിക്കാനിടയുള്ള ഒരു സാഹചര്യമാണ് ഉയര്‍ന്ന മെഡിക്കല്‍ കോളേജ് ഫീസുകള്‍ മൂലം സംജാതമാകുന്നത്.

Spread the love
Read Also  സ്ത്രീ സുരക്ഷ; ഇന്ത്യ പിന്നോക്കം പോകുന്നതിന്റെ കാരണങ്ങള്‍: മോണിക്യു വില്ല

Leave a Reply