Wednesday, January 19

ഹിന്ദുരാഷ്ട്രവും നോ മാന്‍സ് ലാന്‍ഡും: വിഭജനത്തിന്‍റെ പുതിയ സാധ്യത

കടപ്പാട് : thedailystar.net

സത്യഗ്രഹത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഡല്‍ഹിയില്‍ അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെപ്പോലെ മഹാത്മാ ഗാന്ധി ഡല്‍ഹിയിലായിരുന്നില്ല. ഇപ്പോള്‍ ബംഗ്ലാദേശിന്‍റെ ഭാഗമായ കിഴക്കന്‍ ബംഗാളിലെ ചിത്തഗോംഗ് ഡിവിഷനിലെ നവഖാലിയിലായിരുന്നു. നവഖാലിയിലെ തെരുവുകളില്‍ മതഭ്രാന്ത് ചുട്ടുകരിച്ച ചാരക്കൂനകള്‍ തൂത്തു വാരുകയായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ഗാന്ധി.  

2014 ലെ ഇലക്ഷന്‍ പ്രചരണത്തില്‍ നരേന്ദമോദിയ്ക്ക് മൈലേജ് നല്കിയ ചില പരിവേഷങ്ങളുണ്ടായിരുന്നു. അതിലൊന്ന് മോദിയുടെ ചായക്കാരന്‍ പരിവേഷമായിരുന്നു. അത്യാവശ്യം ദാഹശമനം പോലുമായില്ല എന്ന ചിന്തയില്‍ അതിനെ കൂടുതല്‍ ചര്‍ച്ചയ്ക്കെടുക്കുന്നില്ല. എന്നാല്‍ യഥാര്‍ത്ഥമെന്നും വ്യാജമെന്നും അനുകൂലികളും പ്രതികൂലികളും പ്രചരിപ്പിച്ച ഒരു ചിത്രം മോദി ചൂലുമായിരുന്ന് വൃത്തിയാക്കുന്നതായിരുന്നു.

രാഷ്ട്രീയായുധമെന്ന നിലയില്‍ ചൂലിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എക്കാലത്തുമുള്ള പ്രസക്തിയാണ് ഗാന്ധിജി മുതല്‍ സാറാ ജോസഫ് വരെ ചൂലെടുത്തവര്‍ കുറിക്കുന്നത്. കെജരിവാള്‍ ചൂലെടുത്തപ്പോള്‍ ഡല്‍ഹിയുടെ മാലിന്യത്തെ കളയാനാണ് ശ്രമിക്കുന്നത്. പക്ഷെ മോദിയുടെ ചൂലെടുപ്പ് ഒരു തരം വംശവെറിയുടെ തൂത്തു കളയലിനുള്ളതായിരിക്കുമെന്ന് സാമാന്യം ചിന്തിച്ചവര്‍ക്കൊക്കെ കഴിഞ്ഞ ഇലക്ഷന്‍ കാലത്തേ മനസ്സിലായിരുന്നു. അതും മതസൗഹാര്‍ദ്ദത്തിനായി ഗാന്ധിജി തൂത്തു തുടങ്ങിയ ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നു തന്നെ. മതഭ്രാന്തില്‍ നിന്ന് വിട്ടു പോകാനോ മരണം വരിക്കാനോ നവഖലിയിലെ ഹിന്ദുക്കളോട് അന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചത്. വിഭജനങ്ങളുടെ മുറിവുകളെ ഇല്ലാതാക്കാനായിരുന്നെങ്കില്‍ ഇന്ന് മോദി ആസാമില്‍ നിന്ന് തൂത്തു തുടങ്ങുമ്പോള്‍ എവിടൊക്കെ ആരൊക്കെ ഓരം പോ എന്നല്ല, ഓടയില്‍ പോ എന്ന് പറയപ്പെടും എന്ന് ലോകപൗരസാക്ഷ്യം ചിന്തിക്കേണ്ടിയിരിക്കുന്നു.

മോദി വാരണാസി തൂത്തു വാരുന്നു

അവിടെയാണ് ആധുനികതയോടെ മരിച്ചുപോയെന്ന് കൊട്ടിഘോഷിക്കപ്പെട്ട അസ്തിത്വചിന്ത ചിന്നപ്പയലില്‍ അണലിപ്പാമ്പുപോലെ തല ഉയര്‍ത്തുന്നത്. വിജയനും കാക്കനാടനും മുകുന്ദനുമൊക്കെ മേലേ ഒരു ആനന്ദും ഒരു അപ്പനുമുണ്ടായിരുന്നതിനാല്‍ എല്ലാം കെട്ടടങ്ങിത്തുടങ്ങിയ എണ്‍പതുകളില്‍ കൊക്കു മുളച്ചപ്പോള്‍ മുതല്‍ തന്നെ ആരാണ് ഞാന്‍ എന്ന് ഉള്ളില്‍ ചോദിച്ചു തുടങ്ങിയിരുന്നു. സാര്‍ത്ര്, കമ്യു, ഷെനെ എന്നിങ്ങനെല്ലാം ആളുകളെ പരിചയപ്പെടാന്‍ നടന്ന് ഞാന്‍ ആരുടെ തോന്നലാണ് എന്ന് കുഞ്ഞുണ്ണിയിലെത്തി ഒരു വിധം പരിഹരിക്കുകയായിരുന്നു. സാമൂഹികതയില്‍ ഇടപെടാമോ അതോ മനോരോഗമാണോ എന്നൊക്കെ തോന്നിയിരുന്നെങ്കിലും മാര്‍ക്സിനേം ഫ്രോയിഡിനെയും സമന്വയിപ്പിക്കുന്ന പരിപാടിയിലൊക്കെ സ്വയം ചികിത്സയുമുണ്ടായിരുന്നു.

അസ്തിത്വസംബന്ധമായ നിലനില്പിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കിലും ഒരുവിധം നിര്‍വേദാനന്ദലഹരിയിലങ്ങനെ പോകുമ്പോഴാണ് മറ്റൊരു തരം മാനസികത്തള്ളിച്ച വന്നത്. അസ്തിത്വം എന്നത് ദാര്‍ശനികപ്രശ്നമാണെന്നും സാമൂഹികപ്രശ്നം സ്വത്വമാണെന്നുമുള്ള ആശയങ്ങള്‍ കുത്താന്‍ തുടങ്ങിയപ്പോള്‍ സ്വത്വാന്വേഷണമായി; രാഷ്ട്രീയമായി. അപ്പോഴായിരുന്നു ഓരം പോയവര്‍ക്കൊപ്പം നിന്നത്. അത്തരക്കാര്‍ക്ക് മേലുള്ള പീഢനങ്ങളാണ് സമകാലഫാസിസം എന്ന് ചിന്തിക്കേണ്ടി വരുന്നത് അതുക്കും മേലേ അസ്തിത്വം അഥവാ ഐഡന്‍റിറ്റി പൗരത്വം അഥവാ സിറ്റിസണ്‍ഷിപ്പ് എന്ന പേരില്‍ അന്യവല്കരിക്കപ്പെടുന്നതിനാലാണ്. ഇവിടെ വ്യക്തിയുടെ ആന്തരികസംഘര്‍ഷത്തിനപ്പുറം അസ്തിത്വം പൗരബോധ രാഷ്ട്രീയമാനം നേടുകയാണ്. അന്യവല്കരണം സ്റ്റേറ്റ് പൗരന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനാല്‍ സ്റ്റേറ്റിന്‍റെ അന്യവല്കരണം രാഷ്ട്രീയപ്രയോഗമാണ്.

ഹിംസ ഒരുതരം മനോരോഗമാണ്. അതുകൊണ്ടാണ് സാത്വികമാകേണ്ടിയിരുന്ന ഇന്ത്യന്‍ രാഷ്ട്രീയചിന്തയില്‍ അഹിംസയ്ക്ക് മഹനീയസ്ഥാനം ലഭിച്ചത്. അതിന് ഒരു വിശാലമാനവപക്ഷത്തിന്‍റെ രാഷ്ട്രീയപരിവേഷമുണ്ട്. ഹിംസയെ ആനന്ദത്തിന്‍റെ ആഘോഷമാക്കുന്ന രാഷ്ട്രീയദര്‍ശനങ്ങളാണ് ഇന്ന് നമ്മെ നയിക്കുന്നത്. ഹിംസയുടെ കാവ്യാഖ്യാനങ്ങളായ ഇതിഹാസങ്ങളെ സാക്ഷ്യം നിര്‍ത്തി രാമരാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലനില്പ് മാത്രമാണ് ആവശ്യം. രാവണന്‍റെ മഹത്വം സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞാലൊന്നും അവര്‍ക്ക് പിടിക്കില്ല. മറ്റുള്ളവരുടെ നിലനില്പ് അഥവാ അയല്‍ക്കാരന്‍റെ നിലനില്പിന് ലക്ഷ്മണരേഖയിടുകയാണവര്‍. അവരുടെ രാഷ്ട്രീയം വംശവെറിയുടേതാകുമ്പോള്‍ അതിനെ മാനസികമായ ഉന്മാദം എന്നല്ലാതെ മറ്റെന്താണ് പറയുക.

സ്വച്ഠ ഭാരത് മിഷന്‍ മോദി സന്ദേശം

Read Also  ''അല്ലാഹുവിനെ ആരും കണ്ടിട്ടില്ലല്ലോ. എന്നാൽ രാമനെ നാം കണ്ടിട്ടുണ്ട്. ''

ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടൊപ്പം നടന്ന വിഭജനത്തിന്‍റെ മുറിവുകള്‍ ഇന്ത്യന്‍ ജനതയുടെ മതേതരത്വത്തിന്‍റെ കഴുത്തില്‍ കത്തി വെക്കപ്പെട്ടപ്പോഴുണ്ടായതാണ്. അതെ മുറിവുകളുമായി അയല്‍പക്കങ്ങളിലിരുന്ന് നീറി കണ്ണീര്‍ വാര്‍ക്കുകയാണ് ഇപ്പോഴും മതേതര ഇന്ത്യന്‍. വിഭജനത്തിന്‍റെ മുറിവുകള്‍ നിലനില്കുമ്പോള്‍ ത്തന്നെ രാജ്യം മറ്റൊരു വിഭജനസാധ്യതയ്ക്ക് വഴിയൊരുക്കുന്നുവെന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. അതാകട്ടെ വിഭജനത്തെ ഇഷ്ടപ്പെടാത്ത എല്ലാ മതേതര ഇന്ത്യക്കാര്‍ക്കും സ്വീകാര്യമാക്കാവുന്നതുമാണ്. അതായത്, ഹിന്ദുത്വ വോട്ടേഴ്സ് ലിസ്റ്റെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പെടുന്ന പൗരന്മാരുടെ ഹിന്ദുരാഷ്ട്രവും വോട്ടേഴ്സ് ലിസ്റ്റില്‍ പെടാത്ത പൗരരല്ലാത്തവര്‍ക്കുള്ള നോ മാന്‍സ് ലാന്‍ഡും. അതാകട്ടെ ഹിന്ദുരാഷ്ട്രനിര്‍മ്മാണത്തിന്‍റെ – ജനാധിപത്യ ഹിന്ദുവോ തീവ്രഹിന്ദുവോ മൃദുഹിന്ദുവോ – സമീപനവുമായിക്കോളും.

അതിലേക്ക് രാജ്യത്ത് ഒരു അഭിപ്രായവോട്ടെടുപ്പ് നടത്താവുന്നതാണ്. തങ്ങള്‍ മോടി പിടിപ്പിക്കുന്ന ഹിന്ദുത്വത്തെ അനുകൂലിക്കാത്തവരെയെല്ലാം പൗരത്വത്തില്‍ നിന്നൊഴിവാക്കുക. പക്ഷെ നാടാകെ ഇത്തരം പൗരസമൂഹം കുന്നു കൂടിയാല്‍ അവരെ നിഷ്കാസനം ചെയ്യേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാകും. അതിനാല്‍ വടക്കു കിഴക്കേ ഇന്ത്യയെ രാമരാജ്യത്തില്‍ നിന്നും വിഭജിച്ച് ‘നോ മാന്‍സ് ലാന്‍ഡാ’യി പ്രഖ്യാപിക്കുക. ഹിന്ദു പൗരത്വം വേണ്ടാത്തവരെ നോ മാന്‍സ് ലാന്‍ഡിലാക്കുക.

ഡാനിസ് തനോവിക് സംവിധാനം ചെയ്ത നോ മാന്‍സ് ലാന്റ് എന്ന ചിത്രത്തില്‍ നിന്ന്‌

ആയതിനാല്‍ ചിന്നപ്പയലിനും പുറത്താക്കപ്പെടാന്‍ ചിന്ന ചിന്ന ആസൈ സിറകടിക്കുന്നു. എന്‍റെ പൗരത്വവും എടുത്തുകളയുക. എന്നെയും പറഞ്ഞു വിടുക. എവിടേക്കെന്നു വെച്ചാല്‍ അവിടേക്ക്. 2019ലും അവസ്ഥ ഇതു തന്നെയാകുമെങ്കില്‍ അന്ന് കൊടുക്കാന്‍ വെച്ചിരുന്ന അപേക്ഷ മുന്‍കൂറായി എടുത്തു പോവുകയാണ്.

Spread the love