ഇന്ത്യയും പാകിസ്ഥാനും ഒന്നായി നിലനിന്നിരുന്ന ഒരു രാഷ്ട്രമായി തുടരുമായിരുന്നുവെന്നും എന്നാല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ “സ്വയം കേന്ദ്രീകൃത മനോഭാവം” ഇന്ത്യയെ വിഭജിക്കുകയായിരുന്നുവെന്നും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തു തന്നെ താനായിരിക്കണം പ്രധാനമന്ത്രിയെന്ന് നെഹ്രുവിന് നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നതായും ദലൈലാമ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു ഗാന്ധിജിക്ക് ആഗ്രഹം എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ നെഹ്രു അതിനെ നിരസിക്കുകയായിരുന്നു. ഞാനായിരിക്കണം പ്രധാനമന്ത്രി എന്ന നെഹ്രുവിന്റെ സ്വാര്‍ത്ഥതയാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നാണ് ദലൈലാമയുടെ അഭിപ്രായം. ഗാന്ധിജിയുചെ ചിന്ത നടപ്പായിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെടുമായിരുന്നില്ലെന്നും ദലൈലാമ അഭിപ്രായപ്പെടുന്നു.
ഗോവ പനാജിയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ സഖാലിയിലെ ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ വികാരങ്ങളെ മാറ്റി നിര്‍ത്തിയാലേ ശരിയായ തീരുമാനമെടുക്കാനാവൂ എന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ചിലരുടെ മാത്രം കൈയ്യില്‍ ആകുന്നത് അപകടകരമാണെന്നാണ് ദലൈലാമയുടെ അഭിപ്രായം.
എനിക്ക് നെഹ്രുവിനെ നന്നായറിയാം അങ്ങേയറ്റം പരിചയസമ്പന്നനാണ് അദ്ദേഹം. എന്നാലും അദ്ദേഹത്തിന് ചില കുഴപ്പങ്ങള്‍ സംഭവിച്ചു. ആത്യന്തികമായി ഉത്തരവാദിത്വം ഇപ്പോള്‍ നിങ്ങളുടെ ചുമലിലാണ്. വിശകലനം ചെയ്യുക, വീണ്ടും വിശകലനം ചെയ്യുക, എന്നിട്ട് തീരുമാനമെടുക്കുക. എന്നാണ് വിദ്യാര്‍ത്ഥികളോട് ദലൈലാമ ആഹ്വാനം ചെയ്യുന്നത്. 1959-ല്‍ ദലൈലാമ ഉള്‍പ്പെടെയുള്ള നിരവധി ടിബറ്റന്‍ ലാമമാര്‍ക്ക് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയില്‍ രാഷ്ട്രീയാഭയം നല്‍കിയിരുന്നു.
ലോകം അങ്ങേയറ്റം ചെറുതായിക്കൊണ്ടിരിക്കുകയാണെന്നും യൂറോപ്യ യൂണിയനോട് തനിക്ക് അങ്ങേയറ്റം ആദരവാണെന്നും ദലൈലാമ പറഞ്ഞു. പൊതുതാല്പര്യങ്ങളിലെ ഏകീകരണം സാധ്യമാകുന്നതാണ് അതിന് കാരണമായി ലാമ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ ചൈന ടിബറ്റ് യൂണിയന് നല്ലാതായിരിക്കുമെന്നും ദലൈലാമ ആഗ്രഹം പ്രകടിപ്പിച്ചു.