Saturday, August 8

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്ന് മേഘാലയ ഹൈക്കോടതി. വിഭജനകാലത്ത് പാകിസ്താൻ സ്വയം മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ ഇന്ത്യ മതപരമായി വിഭജിക്കപ്പെട്ടു കിടക്കാനായി മതേതര രാഷ്ട്രമായി നിലനിൽക്കുകയാണുണ്ടായതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് എസ്ആർ സെൻ പറഞ്ഞു.

രാജ്യത്ത് സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട അമോൺ റാണ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് മേഘാലയ ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ. പാകിസ്താൻ, ബംഗ്ലാദേശി, അഫിഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്റ്റ്യൻ, ജൈന്തിയ, ഗാരോ മതക്കാർക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്നും ഇതിനായി പ്രത്യേക നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവർ മുൻകൈയെടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഒരു രേഖയും ഹാജരാക്കാതെ പൗരത്വം നൽകാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഏതു സമയത്തും ഈ മതക്കാർക്ക് ഇന്ത്യയിലെത്താനും സ്ഥിരതമാസമാക്കാനും സൗകര്യമുണ്ടാകണമെന്നും ഇതിന്റെ ചുമതല സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രശ്നത്തിന്റെ ഗൗരവം പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് മനസ്സിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മമതാ ബാനർജി അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും വിധിപ്രസ്താവത്തിൽ പറയുന്നു.

നിഷ്കളങ്കരായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്റ്റ്യൻ, ജൈന്തിയ, ഗാരോ മതക്കാരെ രക്ഷിക്കാൻ ഇന്ത്യയിലെ നിലവിലെ സർക്കാരിന് സാധിക്കുമെന്ന് കോടതി പ്രതീക്ഷിക്കുന്നതായും വിധിയിൽ ജഡ്ജി പറയുന്നു. അതേസമയം താൻ മുസ്ലിം സഹോദരന്മാർക്കും സഹോദരിമാർക്കും എതിരല്ലെന്നും അവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കണമെന്നും രാജ്യത്ത് ഏക സിവിൽകോഡ് കൊണ്ടുവരണമെന്നും ജഡ്ജി തന്റെ വിധി പ്രസ്താവത്തിൽ പറയുന്നു.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്ലാതെ ഒറ്റ ഇന്ത്യയാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നതെന്നും ഇതിനെ തകർത്തത് മുഗളന്മാരാണെന്നും മുഗളന്മാർ നിർബന്ധിത പരിവർത്തനം നടത്തിയെന്നും വിധിയിൽ പറയുന്നു. വിഭജനകാലത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും കൊല ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത് തർക്കമില്ലാത്ത വസ്തുതയാണെന്നും വിധിന്യായത്തിൽ പറയുന്നു.

വിഭജനകാലത്ത് സിഖുകാരെ പുനരധിവസിപ്പിച്ചപ്പോൾ ഹിന്ദുക്കൾക്ക് ആ പരിഗണന ലഭിച്ചില്ലെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും സിഖുകാരുടെയും രക്തം ചീന്തിയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അതിനാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അഹിംസയിലൂടെയാണെന്ന് പറയുന്നത് ശരിയല്ലന്നും കോടതി പറയുന്നു.

Spread the love
Read Also  ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ ആശങ്കയറിയിച്ച് ബ്രിട്ടീഷ് മന്ത്രി

Leave a Reply