Monday, January 17

കൊല്ലപെട്ട ശരീരത്തോട് ഇന്ത്യന്‍ പട്ടാളത്തിന്‍റെ ക്രൂരത; വാര്‍ത്ത സമൂഹമാധ്യമങ്ങളും മനുഷ്യാവകാശപ്രവർത്തകരും ഏറ്റെടുക്കുന്നു

കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആണ് നടത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുമ്പോഴും സൈന്യത്തിന്‍റെ ക്രൂരതകള്‍ക്ക് കുറവില്ല.

പട്ടാളവും കാശ്മീർ മിലിറ്റൻ്റുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചയാളിൻ്റെ മൃതദേഹമാണ്  റോഡില്‍ വലിച്ചിഴച്ചത് . കാലുകള്‍ രണ്ടും ചങ്ങലകള്‍ കൊണ്ട് കെട്ടി അര്‍ദ്ധ നഗ്നനാക്കി മുഖഭാഗം ഉള്‍പ്പടെ ടാറിട്ട റോഡിലൂടെ ചങ്ങലകള്‍ കൊണ്ട് വലിച്ചിഴക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

നിരന്തരം രാജ്യത്തെ ജനങ്ങളെ ദേശസ്നേഹം പഠിപ്പിക്കുന്ന അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ സമീപത്ത് ഉണ്ടായിരുന്നെങ്കിലും സൈന്യത്തിന്‍റെ ക്രൂരതകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ക്രൂരതകള്‍ ചിത്രീകരിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ ആരും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തട്ടില്ല. റെയാസി മേഖലയിൽ ബുധനാഴ്ച വാഹനപരിശോധനയ്ക്കിടെ സൈന്യത്തിനു നേരെ വെടിയുതിർത്തശേഷം വനത്തിലൊളിച്ച ജയ്ഷെ ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത് എന്നതാണ് ഔദ്യോഗിക ഭാഷ്യം.

കാശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആണ് നടക്കുന്നതെന്ന യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന് മാസങ്ങള്‍ക്കുള്ളില്‍ ആണ് കൊടും ക്രൂരത കാശ്മീരില്‍ അരങ്ങേറിയത്. മുന്‍പ് കാശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ കാശ്മീരി യുവാവിനെ മനുഷ്യ കവചമാക്കി ജീപ്പിനു മുന്‍പില്‍ കെട്ടിയിട്ട ഇന്ത്യന്‍ പട്ടാളത്തിന്‍റെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കാശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ ഇന്ത്യന്‍ പട്ടാളം നടത്തുന്ന നഗ്നമായ പരേഡ് ആണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറിച്ചത്. ഇന്ത്യന്‍ പട്ടാളം കാശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്ന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസ് ട്വീറ്റ് ചെയ്തു.

 

Spread the love
Read Also  ഇന്ത്യൻ ഭരണകൂടം 'അർദ്ധ വിധവ'കളാക്കിയ കാശ്മീർ സ്ത്രീകളുടെ കണ്ണീരിന് ശമനം ഉണ്ടാകുമോ?