Wednesday, October 21

ഇന്ത്യയിൽ രണ്ടു രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം മുന്നോട്ടുവച്ചത് സവർക്കറെന്ന് യെച്ചൂരി.

ഇന്ത്യയിൽ ചൂഷിത വർഗ്ഗങ്ങൾ വരുന്നത് ഏറ്റവും അടിച്ചമർത്തപ്പെട്ട ജാതികളിൽ നിന്നാണെന്നു സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇന്ത്യയിൽ ജാതിയും വർഗവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന സാഹചര്യമില്ല. ജാതി, വർഗങ്ങൾ വേർതിരിഞ്ഞു നിൽക്കുന്നില്ല. ചൂഷിത വർഗങ്ങളിൽ മിക്കതുംതന്നെ വരുന്നത് ഏറ്റവും അടിച്ചമർത്തപ്പെട്ട ജാതികളിൽനിന്നാണ്. ഇന്നും 80% കർഷകത്തൊഴിലാളികളും ദലിതരോ പിന്നാക്ക, പാർശ്വവത്കൃത വിഭാഗങ്ങളോ ആണ്. അപ്പോൾ, ജാ
തിയും വർഗവും വേർതിരിയാത്ത അവസ്ഥയാണ്. ഇന്ത്യയിൽ വർഗസമരം രണ്ടു കാലുകളിലാണ് നിൽക്കുന്നത് – സാമ്പത്തിക ചൂഷണം, സാമൂഹിക അടിച്ചമർത്തൽ. രണ്ടും ഒരുമിച്ച് അഭിമുഖീകരിക്കാതെ മുന്നോട്ടുപോകാനാവില്ല. ഞാൻ സമ്മതിക്കുന്നു, ഞങ്ങൾ പ്രയോഗത്തിൽ കൂടുതൽ ഊന്നൽ നൽകിയത് സാമ്പത്തിക ചൂഷണമെന്ന പ്രശ്നത്തിലാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൂറു വര്ഷം തികയുന്ന വേളയിൽ മലയാള മനോരമയ്ക്കുവേണ്ടി സക്കറിയയുമായി നടത്തിയ  അഭിമുഖത്തിലാണ് യെച്ചൂരിയുടെ പ്രതികരണം

നിലവിലുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ചയുടെ നാൾവഴികളെക്കുറിച്ചു യെച്ചൂരി പറയുന്നത് ഇങ്ങനെയാണ് : ഇന്ത്യയിൽ രണ്ടു രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം പറയുന്നത് വി.ഡി.സവർക്കറാണ്. അവരുടെ ചരിത്രത്തിനും കമ്യൂണിസ്റ്റ് പാർട്ടിയോളം തന്നെ പഴക്കമുണ്ട്. ആർഎസ്എസിനു മുൻപുതന്നെ അവർ ഹിന്ദു മഹാസഭയിലൂടെ മുന്നോട്ടുവച്ചത് ഇന്ത്യയിൽതന്നെ ഇസ്‌ലാമിക രാഷ്ട്രം, ഹിന്ദു രാഷ്ട്രം എന്നിങ്ങനെ രണ്ടെണ്ണമാണ്. ഹിന്ദുത്വ എന്ന പ്രയോഗവും സവർക്കറുടേതാണ്. അന്നു മുതൽ തുടങ്ങിയതും ഇപ്പോൾ തുടങ്ങിയതുമായ പോരാട്ടമാണ്. സ്വാതന്ത്ര്യത്തിനുശേഷം അവർക്ക് ഇസ്‌ലാമിക രാഷ്ട്രത്തിനു ബദലായി ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ സാധിക്കാതെ വന്നപ്പോൾ എല്ലാവരും കരുതി ആ കാഴ്ചപ്പാടിനെ പരാജയപ്പെടുത്തിയെന്ന്. എന്നാൽ, അവർ മതനിരപേക്ഷ ജനാധിപത്യ റിപബ്ളിക്കിനു പകരമായി ഫാഷിസ്റ്റിക് ഹിന്ദു രാഷ്ട്രം സാധ്യമാക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു.

ജ്യോതി ബാസുവിനെ പ്രധാനമന്ത്രിയായി മൂന്നാം മുന്നണി നിർദ്ദേശിച്ചപ്പോൾ ഒഴിഞ്ഞു മാറിയത് തെറ്റായിരുന്നില്ലേയെന്ന സക്കറിയയുടെ ചോദ്യത്തിന് യെച്ചൂരി ഇങ്ങനെ മറുപടി പറഞ്ഞു : ജ്യോതി ബസുവിന്റെ വിഷയമെടുത്താൽ, ഞങ്ങൾക്ക് പെട്ടെന്ന് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ഈ വിഷയത്തിൽ പാർട്ടിയിൽ വലി യ തോതിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പാർട്ടിക്കു മുന്നിലുള്ള പ്രശ്നമിതായിരുന്നു: ഞങ്ങൾക്ക് പാർലമെന്റിലുള്ളത് 32 പേർ മാത്രമാണ്. ഭൂരിപക്ഷത്തിനും സർക്കാരുണ്ടാക്കാനും 272 പേർ വേണം. അപ്പോൾ സ്വാഭാവികമായും കൂട്ടുകക്ഷി സർക്കാരാവും, പാർട്ടിയുടെ ശക്തി 32 മാത്രമാവും. ഈ 32വച്ചുകൊണ്ട്, പ്രക‍ടനപത്രികയിൽ ജനത്തിനു പാർട്ടി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാവുമോ? ഇല്ലെങ്കിൽ, പ്രധാനമന്ത്രി വാഗ്ദാനം നടപ്പാക്കുന്നില്ലെന്നും അതു വഞ്ചനയെന്നും ജനം കരുതും. മറ്റൊരു പ്രശ്നം, ഞഞങ്ങളുൾപ്പെടുന്ന സഖ്യത്തിലെ 240 പേർ. അവരുടെ അജണ്ടകളെ ഞങ്ങൾ എതിർക്കുന്നതാണ്. അപ്പോൾ, ജ്യോതി ബസു പ്രധാനമന്ത്രിയെന്ന നിലയിൽ ആ അജണ്ടകൾ നടപ്പാക്കുന്നതും ജനവഞ്ചനയാവും. യെച്ചൂരി അഭിപ്രായപ്പെട്ടു.

ദേശീയതയെക്കുറിച്ചു ള്ള ചോദ്യത്തിന് യെച്ചൂരി ഇങ്ങനെ വിശദീകരിച്ചു : ഇന്ത്യൻ ദേശീയതയുണ്ട്, ഹിന്ദു ദേശീയതയുണ്ട്, ഇസ്‌ലാമിക ദേശീയതയുണ്ട്, ഇടുങ്ങിയ ചിന്താഗതിയുടെ ദേശീയതയുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയെക്കുറിച്ചു പറയുന്നതിൽ കമ്യൂണിസ്റ്റുകൾ എന്നും മുന്നിലായിരുന്നു. അതാണ് ഒടുവിൽ, ആധുനികകാലത്ത് ‘ഇന്ത്യയെന്ന ആശയം’ എന്നതിലേക്കു വന്നിട്ടുള്ളത്.സങ്കീർണതകൾ ഞങ്ങൾക്കു മനസിലായില്ല എന്നല്ല. മനസിലായി. അതുകൊണ്ടല്ലേ ഞങ്ങൾ കമ്യൂണിസ്റ്റുകൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കായി സമരം ചെയ്തത്? നിങ്ങളുടെ ഐക്യകേരള വാദം – കമ്യൂണിസ്റ്റ് നേതാക്കൾ അതിന്റെ മുൻനിരയിലുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ സംയുക്ത മഹാരാഷ്ട്രവാദികളുടെ മുൻനിരയിൽ എസ്.എ.ഡാങ്കേ ഉണ്ടായിരുന്നു.തെലുങ്കു സംസാരിക്കുന്നവരുടെ സംസ്ഥാനത്തിനായുള്ള നിരാഹാര സമരത്തിലാണ് പൊട്ടി ശ്രീരാമലു മരിക്കുന്നത്. വിശാലാന്ധ്ര എന്ന ആശയംവച്ചത് പി.സുന്ദരയ്യയാണ് – സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി. എന്തുകൊണ്ടാണ് ഞങ്ങൾ ഈ നിലപാടെടുത്തത്? ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കുന്നതുകൊണ്ട്. ഇന്ത്യൻ ദേശീയത കെട്ടിപ്പടുക്കണമെങ്കിൽ, അതിന്റെ അടരുകൾ മനസിലാക്കണം. ഞങ്ങൾക്ക് അത് മനസിലാവുന്നുണ്ടായിരുന്നു. ആ വ്യത്യസ്തകളെ ഭരണത്തിനായി ഉപയോഗിച്ചില്ലെന്നേയുള്ളു. ആ അർഥത്തിൽ, ഞങ്ങൾ വളരെ സത്യസന്ധരായിരുന്നു. യെച്ചൂരി കൂട്ടിച്ചേർത്തു

Read Also  സി പി എം പ്രകടന പത്രിക : 18000 രൂപ തൊഴിലാളികൾക്ക് മിനിമം വേതനം , വനിതാ സംവരണബിൽ പാസാക്കും

Courtesy : Malayala Manorama

Spread the love