Wednesday, January 19

നിലനില്‍ക്കുന്ന സംസ്‌കാരമാണ് ഇന്ത്യന്‍ സ്ത്രീകളുടെ അടിസ്ഥാന പ്രശ്‌നം: മിനി സുകുമാര്‍

ഒരപൂര്‍വ ബഹുമതി പട്ടമാണ് ലോകശക്തിയാവാന്‍ കുതിക്കുന്ന ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ലജ്ജിച്ച് തലതാഴ്‌ത്തേണ്ട വിധത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢന വാര്‍ത്തകളിലൂടെയാണ് ഓരോ ദിവസവും നാം മുന്നോട്ട് പോകുന്നത്. എന്തുകൊണ്ട് ഇന്ത്യ? എന്താണ് ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍? ചില പ്രമുഖ വനിതകളുടെ നിരീക്ഷണങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. കോഴിക്കോട് സര്‍വലാശാലയിലെ സ്ത്രീ പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മിനി സുകുമാറിന്റെ പ്രതികരണം:

കഴിഞ്ഞ ദിവസം പുറത്തുവന്ന തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ സര്‍വെ ഫലങ്ങളില്‍ ലൈംഗീക അതിക്രമം, മനുഷ്യക്കടത്ത്, സാംസ്‌കാരിക എന്നീ മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത്. സ്തീകളുടെ ആരോഗ്യപരമായ പിന്നോക്കാവസ്ഥയില്‍ മുന്നില്‍ നിന്നും നാലാമതും ലൈംഗീകേതര അതിക്രമങ്ങളില്‍ മൂന്നാമതുമാണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടതലാണെന്നതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംസ്‌കാരമാണ് ഇതിന്റെ അടിസ്ഥാന കാരണം. സ്ത്രീകളെ ഏറ്റവും പിന്നില്‍ നിറുത്താന്‍ പരിശ്രമിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. പുരുഷകേന്ദ്രീകൃത സംസ്‌കാരമാണ് നമ്മുടേത്. മറ്റെല്ലാ ഘടകങ്ങളെയും തീരുമാനിക്കുന്ന അടിസ്ഥാന ഘടകമാണത്. സ്ത്രീകള്‍ക്ക് ഇവിടെ എല്ലായ്‌പ്പോഴും രണ്ടാം സ്ഥാനം കൊടുക്കുന്നതിനോ മാറ്റി നിര്‍ത്തുന്നതിനോ കാരണം ഈ പുരുഷകേന്ദ്രീകൃത സംസാകാരമാണ്.

സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതികള്‍ കൊണ്ട് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല അത്തരത്തിലുള്ള ശ്രമങ്ങളൊന്നും ഇവിടെ നടക്കുന്നുമില്ല. പുരുഷന്റെ മനോഭാവം മാറിയത് കൊണ്ടു മാത്രം ഇത് മാറില്ല. അടിസ്ഥനപരമായി സ്ത്രീയെ രണ്ടാം തരമായി നിലനിര്‍ത്തുന്ന സാംസ്‌ക്കാരിക അന്തരീക്ഷം ഇവിടെ നില്‍ക്കുന്നതാണ് പ്രശ്‌നം. ഒരു പുരുഷന്റെ മനോഭാവം മാറിയത് കൊണ്ട് ഇത് മാറാനും പോവുന്നില്ല.

ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ മതത്തിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മതത്തിലുപരി സാമൂദായിക. രാഷ്ട്രീയ രംഗങ്ങളിലെല്ലാം ഇത് നിലനില്‍ക്കുന്നുണ്ട്. കുടുംബങ്ങള്‍ അങ്ങനെയാണ് ഉണ്ടായി വന്നിട്ടുള്ളത്.

ജോലിയില്‍ വിവേചനം, ഭൂമിയിലും സ്വത്ത് അവകാശത്തിലും വിവേചനം നേരിടേണ്ടി വരിക, സ്വന്തമായി ഉപജീവന മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ, വിദ്യാഭ്യാസവും വേണ്ടത്ര ഭക്ഷണവും കിട്ടാനുള്ള സാഹചര്യം ഇല്ലാതിരിക്കുക ഇതൊക്കെ ഇവിടുത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. നമ്മുടെ സംസ്‌ക്കാരവുമായിട്ടും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുമായി്ട്ടും ബന്ധപ്പെടുത്തി വേണം ഇത്തരം വിവേചനങ്ങളെയും തരംതാഴ്ത്തലുകളെയും വീക്ഷിക്കാന്‍. കാരണം ഇവയെല്ലാം പരസ്പര പൂരകങ്ങളാണ്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സര്‍വേയില്‍ പ്രധാനമായും പറയുന്നത് നിര്‍ബന്ധിത വിവാഹം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. വിവാഹത്തില്‍ പോലും സ്ത്രീക്ക് സ്വന്തമായ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ല. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുതകുന്ന മാനസികാവസ്ഥയാണ് വളര്‍ന്നുവരേണ്ടത്. നിര്‍ഭയ പദ്ധതി പോലുള്ള തൊലിപ്പുറ ചികിത്സ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇവയൊന്നും.

വീട്ടിനകത്തുള്ള സ്ത്രീകളും സുരക്ഷിതരല്ല എന്നുള്ളത് വളരെ പ്രധാനമാണ്. വീടിനകത്തും പുറത്തും സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളാണ്. വീടിനകത്തുള്ള പ്രശ്‌നം പലപ്പോഴും നമ്മള്‍ ചര്‍ച്ച ചെയ്യാറില്ല. ഈ ഒരു അന്തരീക്ഷം മാറുക എന്നുള്ളതാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴി. അന്തരീക്ഷം മാറുക എന്നത് പറയുമ്പോള്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശം, തുല്യ സ്വത്തവകാശം, തുല്യ വിദ്യാഭ്യാസം, സ്ത്രീയ്ക്കും പുരുഷനെപോലെതന്നെ സമൂഹത്തിലെ എല്ലാ വിഭവങ്ങളും ലഭ്യമാകുന്ന അവസ്ഥ തുടങ്ങി സമഗ്രമായ ഒരു മാറ്റമാവണം അത്.

Read Also  സ്ത്രീ വിരുദ്ധത എന്നത് അനുഷ്ഠാനവും ആചാരവുമായ ഒരു സമൂഹമാണ് നമ്മുടേത്; ശ്രീദേവി എസ് കർത്ത

തോംസണ്‍ റോയിറ്റേഴ്‌സ് സര്‍വേയുടെ മെത്തഡോളജിയില്‍ പ്രശ്‌നം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എങ്ങനെയാണ് രണ്ടു രാജ്യങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയുക? സര്‍വ്വേയ്ക്ക് ഒരുപാടു പരിമിതികള്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. സര്‍വേയുടെ രീതി ശാസ്ത്രം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതാണ് ഈ സര്‍വേയുടെ ഒരു പരിമിതി. ഓരോ രാജ്യത്തെയും വ്യത്യസ്തമായ രീതികളാണ്. ഈ വൈവിദ്ധ്യങ്ങളെ എങ്ങനെയാണ് ഒരു പാറ്റേണ്‍ വച്ച് താരതമ്യം ചെയ്യാന്‍ കഴിയുക എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ അപ്പോഴും ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ് എന്ന് മാത്രമല്ല അങ്ങേയറ്റം അപകടകരവുമാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ

http://prathipaksham.in/women-are-not-safe-in-india-survey-riport-out/

സ്ത്രീ വിരുദ്ധത എന്നത് അനുഷ്ഠാനവും ആചാരവുമായ ഒരു സമൂഹമാണ് നമ്മുടേത്; ശ്രീദേവി എസ് കർത്ത

http://prathipaksham.in/women-not-safe-in-india-sreedevi-s-kartha-writes/

സ്ത്രീ സുരക്ഷ; ഇന്ത്യ പിന്നോക്കം പോകുന്നതിന്റെ കാരണങ്ങള്‍: മോണിക്യു വില്ല

http://prathipaksham.in/women-security-india-low-moniquevilla/

Spread the love