Monday, July 6

നാസി കാഴ്ചപ്പാടിൻ്റെ ഇന്ത്യൻ പാഠഭേദമായി മാറുന്ന വിദ്യാഭ്യാസ മേഖല

ലോകത്ത് ചിലകാര്യങ്ങൾ ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും ചില വ്യത്യാസങ്ങളോട് കൂടി.അതിലൊന്നാണ് നാസിസത്തിന്റെ തിരിച്ചുവരവ്. അത് ജനാധിപത്യവ്യവസ്ഥിതി നിലനിൽക്കുന്ന ഒരു രാജ്യത്ത് എങ്ങനെ കടന്നു വരും എന്ന് നോക്കാം. എക കേന്ദ്രീകൃത ഭരണ സമ്പ്രദായം എപ്പോഴും ഭയക്കുന്നത് ചിന്താശേഷിയുള്ള യുവാക്കളെയാണ്.ഇതു ചരിത്രപരമായ വസ്തുതയാണ്. അതിനായി നയതന്ത്രപരമായ പല നടപടികളും ഭരണാധികാരികൾ കൈക്കൊള്ളാറുണ്ട്. ഒരുവിധം അടിച്ചേൽപ്പിക്കൽ പോലെ.                                                                           

1933 ൽ അധികാരത്തിൽ വന്നതിനുശേഷം ഹിറ്റ്‌ലറും നാസി പാർട്ടിയും ജർമ്മനിയിലെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും നുഴഞ്ഞുകയറാൻ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലും ഈ കടന്നു കയറ്റം സംഭവിച്ചു.നാസിഫിക്കേഷൻ പ്രക്രിയ എന്ന അതിനികൃഷ്ടമായ തന്ത്രം എങ്ങനെ വികസിപ്പിക്കാം എന്നതായിരുന്നു വിദ്യാഭ്യാസ പ്രക്രിയകൊണ്ട് ഹിറ്റ്ലർ ഉദ്ദേശിച്ചത്. ഇതിനായി കുട്ടികളുടെ ഒഴിവുസമയത്ത് സംഘടനാപരമായ ചില രീതികൾ കടത്തിവിടാൻ ശ്രമിച്ചിരുന്നു.

നാസി ബുദ്ധികേന്ദ്രങ്ങൾ നിർമ്മിച്ച രണ്ട് പ്രധാന യുവജന സംഘടനകളായിരുന്നു ഹിറ്റ്‌ലർ യൂത്ത്, ലീഗ് ഓഫ് ജർമ്മൻ ഗേൾസ് എന്നിവ . 1936 ൽ ഈ ഗ്രൂപ്പുകളുടെ അംഗത്വം കുട്ടികൾക്കിടയിൽ നിർബന്ധിതമാക്കി.പത്തിനും പതിനെട്ട് വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കായിരുന്നു ഹിറ്റ്‌ലർ യൂത്ത്. 1932 ആയപ്പോഴേക്കും അതിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ടായിരുന്നു. 1934 ആകുമ്പോഴേക്കും ഈ എണ്ണം മൂന്നര ദശലക്ഷത്തിലധികം ഉയരുകയും ചെയ്തു.അതായത് ഹിറ്റ്ലർ അനുകൂല യുവജനങ്ങളുടെ അംഗബലം ഉയർത്താൻ അവർക്കു കഴിഞ്ഞു.

കായികരംഗത്തും ശാരീരിക ശേഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഹിറ്റ്‌ലർ യൂത്ത് വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ബോക്സിംഗ്, ക്യാമ്പിംഗ് യാത്രകൾ, ദേശീയ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ നിർദ്ദേശങ്ങൾ, ആന്റിസെമിറ്റിസം, ഹിറ്റ്ലറിനോടുള്ള പ്രതിബദ്ധത, ഷൂട്ടിംഗ് പോലുള്ള സൈനിക പരിശീലനം എന്നിവ അവരുടെ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ്.

നാസി പാർട്ടിയുടെ കീഴിലുള്ള എല്ലാ യുവജന സംഘടനകളും ബൗദ്ധിക വിരുദ്ധമായിരുന്നുവെന്നുതന്നെ പറയാം . കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ സ്വാധീനവും പ്രാധാന്യവും അവർ കുറച്ചു.വിദ്യാഭ്യാസത്തെ ഒരിക്കലും ബൗദ്ധികവൽക്കരിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല അതായത് : വിദ്യാഭ്യാസം, ആളുകളോട് ചോദ്യങ്ങൾ ചോദിക്കുന്നതിനോ സ്വയം ചിന്തിക്കുന്നതിനോ പ്രേരിപ്പിക്കാൻ അവർ ആഗ്രഹിച്ചില്ല. ഈ സമീപനം നാസി ലോകവീക്ഷണത്തിൽ അനുസരണയും വിശ്വാസവും ഉളവാക്കുമെന്നും ഭാവിയിൽ അനുയോജ്യമായ ഒരു തലമുറയെ സൃഷ്ടിക്കുമെന്നും അവർ വിശ്വസിച്ചു.

വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങൾ മാറ്റുന്നതിലാണ് നാസികൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്പോർട്സ്, ചരിത്രം, വംശീയ ശാസ്ത്രം എന്നിവ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായി മാറിയപ്പോൾ 1936 ൽ, ഓരോ സ്കൂൾ ദിനത്തിലും കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കായികം പഠിപ്പിക്കപ്പെട്ടു. 1938 ആയപ്പോഴേക്കും ഇത് എല്ലാ ദിവസവും അഞ്ച് മണിക്കൂറായി ഉയർത്തി. മതം പോലുള്ള വിഷയങ്ങൾ‌ക്ക് പ്രാധാന്യം കുറവായതിനാൽ ക്രമേണ പാഠ്യപദ്ധതിയിൽ‌ നിന്നും നീക്കം ചെയ്യപ്പെട്ടു. അവർ പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിച്ചു, അവ പലപ്പോഴും വംശീയമായിരുന്നു,

Read Also  ഹിറ്റ്ലറെ മോദിയുമായി ഉപമിക്കുന്ന വ്യാജ ചിത്രം പങ്കുവെച്ച് ദിവ്യ സ്പന്ദന

അധ്യാപകർ ആരാണെന്നതിനും നാസികൾ വലിയ പ്രാധാന്യം നൽകി. 1933 ഏപ്രിൽ 7-ലെ പ്രൊഫഷണൽ സിവിൽ സർവീസ് പുന:സ്ഥാപന നിയമപ്രകാരം, എല്ലാ ജൂത അധ്യാപകരെയും അഭികാമ്യമല്ലാത്ത രാഷ്ട്രീയ വിശ്വാസമുള്ള (കമ്മ്യൂണിസ്റ്റുകൾ പോലുള്ള) അധ്യാപകരെയും പിരിച്ചുവിട്ടു. കൂടാതെ എല്ലാ അധ്യാപകർക്കും നാസി പാർട്ടി അംഗത്വം നിർബന്ധമാക്കി. നാസി അധികാരത്തിൽ വന്നതിനെത്തുടർന്ന് 1929 ൽ സൃഷ്ടിക്കപ്പെട്ട നാഷണൽ സോഷ്യലിസ്റ്റ് ടീച്ചേഴ്സ് ലീഗ് അധ്യാപകരുടെ നിയന്ത്രണത്തിനും വിദ്യാഭ്യാസത്തിനും ഉത്തരവാദികളായി. എല്ലാ അദ്ധ്യാപകരും ഒരു മാസത്തെ നിർബന്ധിത നാസി പരിശീലന കോഴ്‌സിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു, അത് നാസി പ്രത്യയശാസ്ത്രത്തിനും ഭരണകൂടത്തിന്റെ ആശയങ്ങൾ വാദിക്കുന്നതിന്റെ പ്രാധാന്യത്തിനും പ്രാധാന്യം നൽകി.

സർവകലാശാലകളിൽ എല്ലാ ജൂത പ്രൊഫസർമാരെയും പിരിച്ചുവിട്ടു. ഈ ഗ്രൂപ്പിൽ ജർമ്മനിയുടെ നോബൽ സമ്മാന ജേതാക്കളിൽ പലരും ഉൾപ്പെട്ടിരുന്നു.

1933 ൽ, അദ്ധ്യാപകരെ പിരിച്ചുവിട്ടതിനു പുറമേ, സ്കൂളുകളിലും സർവകലാശാലകളിലും ജൂത വിദ്യാര്തഥികൾക്കു ഒരു ക്വാട്ട ഏർപ്പെടുത്തി, അങ്ങനെ അവർക്ക് ഒരു നിശ്ചിത എണ്ണം ജൂത വിദ്യാർത്ഥികളെ മാത്രമേ സ്വീകരിക്കാൻ കഴിയൂ. 1938 ൽ ഈ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാലയങ്ങളിലും സർവകലാശാലകളിലും പ്രവേശിക്കുന്നത് വിലക്കി

ഈ മാറ്റങ്ങൾക്ക് പുറമേ, ഭാവിയിലെ നാസി വരേണ്യരെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ സ്കൂളുകളും നാസികൾ സൃഷ്ടിച്ചു.

ഇനി നമുക്കു സമീപ കാല ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലേക്കു വരാം. നമ്മുടെ അഭിമാന വിദ്യാഭ്യാസ സംവിധാനങ്ങളായ കേന്ദ്ര സർവകലാശാലകളിലും ജെ എൻ യു പോലെയുള്ള ക്യാംപസുകളിലും എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാൽ മതിയായാകും. എങ്ങനെയാണ് ഒരു ജനാധിപത്യ വ്യവസ്ഥയിലെ തെരെഞ്ഞെടുക്കപ്പെട്ട ഭരണം ആ ഭരണ സംവിധാനം പോലും ആധാരമാക്കുന്ന ഭരണഘടനാ പരിരക്ഷയെ ഇല്ലാതാക്കുന്നതെന്നു കൂടി മനസിലാക്കാൻ. കഴിഞ്ഞ മോദി സർക്കാർ കാലത്താണ് പൂന ഫിലിം ഇൻസ്റ്റിറ്റുട്ടിൻ്റെ മേധാവിയായി ഗജെന്ദ്ര ചഹൗൻ എന്ന സീരിയൽ താരത്തെ പ്രതിഷ്ഠിക്കുന്നത്.

ജെ എൻ യു വിലും പല കേന്ദ്ര സർവകലാശാലകളിലും ബൗദ്ധിക നിലവാരമില്ലാത്ത പൊളിറ്റിക്കൽ താരങ്ങളെ കൊണ്ടുവരുവാൻ ശ്രമിക്കുകയുമുണ്ടായി. ഒരു പക്ഷേ വാജ്പെയ് നയിച്ച മുൻ ബി ജെ പി സർക്കരിൻ്റെ കാലത്തു മുരളി മനോഹർ ജോഷിയെന്ന അലഹബാദ് യൂണിവേഴ്സിറ്റി അധ്യാപകനെ മനവശേഷി വികസന മന്ത്രിയാക്കിയെങ്കിൽ ആദ്യ മോദി സർക്കാർ അന്നു മനവശേഷിവകുപ്പ് കൊടുത്തത് സ്മൃതി ഇറാനിയെന്ന വിദ്യാഭ്യാസയോഗ്യതപോലും സംശയത്തിൽ നിൽക്കുന്ന പാർലമെൻ്ററി പുതുമുഖത്തിനായിരുന്നു. ഇതൊരു തരത്തിലുള്ള സ്റ്റ്രറ്റജിക്ക് അറ്റാക്കാണ്. അതായത് നമ്മൾ മികച്ചതെന്നു കരുതുന്ന ചില സ്ഥാനങ്ങളിലേക്ക് തരതമ്യേന അപ്രസക്തരായവരെ കൊണ്ടുവരുന്ന നീക്കം.

മോദി സർക്കാരിൻ്റെ ഈ നയം ഭരണാഘടനാപരമായ എല്ലാ സ്ഥാനങ്ങളിലും  ഒന്നു നിരീക്ഷിച്ചാൽ നമുക്കു മനസിലാക്കാവുന്നതാണ്. ഇപ്രകാരം പ്രത്ഷ്ഠിക്കപ്പെട്ട പലരും ആർ എസ് എസ് പിൻബലമുള്ള തീവ്ര ഹിന്ദുത്വ അനുയായികളുമായിരുന്നു. ഇവിടെ മനസിലാക്കേണ്ട മറ്റൊരു സംഗതി വാജ്പേയ് സർക്കരിൻ്റെ നയങ്ങളിൽ നിന്നു പോലും എന്തുകൊണ്ട് മോദി- അമിത ഷാ സർക്കാർ വ്യതിചലിക്കുന്നു എന്നതാണ്. പ്രത്യേക അജണ്ടയുടെ ഭാഗമാണ് അതെന്നു വേണം മനസിലാക്കാൻ ഹിറ്റ്ലറെപോലൊരാൾക്ക് അന്നത്തെ ജർമ്മനിയിൽ വേഗത്തിൽ സാധ്യമായത് ഇവിടെ ഇന്ത്യയിൽ ഇത്തരം വളഞ്ഞ വഴിയിലൂടെയെ നടപ്പിലാക്കാൻ സാധിക്കൂ എന്നതാണ്.

Read Also  യു.ജി.സി.യെ ഇല്ലാതാക്കുന്നതിന് പിന്നിൽ


ജെ എൻ യു വിൽ ഹിന്ദുത്വ പ്രത്യയ ശാസ്ത്ര ത്തിന്റെ രാഷ്ട്രീയ ഇടപെടൽ നടക്കില്ല എന്ന് ബോധ്യമായപ്പോൾ വിദ്യാർത്ഥികളുടെ അക്കാദമിക മികവ് തെളിയിക്കുന്ന അവസരങ്ങൾ ഇല്ലാതാക്കിയും റിസൽറ്റ് തടഞ്ഞു വച്ചും ഭരണകൂടം അതിന്റെ ഇടപെടൽ ഇത്തരം വളഞ്ഞ വഴിയിലൂടെ കൊണ്ടുവരികയായിരുന്നു.വിദ്യാഭ്യാസപരമായ മെച്ചം കൊണ്ട് മാത്രം എത്തപ്പെടുന്ന മിടുക്കരായ വിദ്യാർത്ഥികൾ നിറയുന്ന ഈ കാമ്പസുകളിൽ അമിത ഫീസ് ഏർപ്പെടുത്തി അവരുടെ പഠനത്തെ തടസപ്പെടുത്തുക എന്ന അതി ഗൂഢ തന്ത്രമാണ് കേന്ദ്ര ഗവണ്മെന്റ് ഇവിടെ പയറ്റിയത്. അതായത് നാസി ജർമ്മനിയിൽ ജൂതന്മാരെ അവർക്കു നിയമപരമായി ഒഴിവാക്കാൻ പെട്ടെന്ന് കഴിഞ്ഞെങ്കിൽ ജനാധിപത്യത്തിന്റെ ശേഷിപ്പ് നിലനിൽക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ മാത്രമാണ് ചിന്തിക്കുന്ന ഒരു തലമുറയെ ഇല്ലാതാക്കനായി ചെയ്യാൻ സാധിക്കൂ.അത് വളരെ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഇനി നമുക്ക് രോഹിത് വെമുല യുടെ ആത്മഹത്യയിലേക്കു കടക്കാം നിർബന്ധമായി ആ വിദ്യാർത്ഥിക്കു ലഭിക്കാൻ അർഹതയുണ്ടായിരുന്ന സ്കോളർ ഷിപ്പ് തുക തടഞ്ഞു വയ്ക്കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മേധാവികളും കേന്ദ്ര മന്ത്രിയും ഒക്കെ നേരിട്ടിടപെട്ട സംഭവമായിരുന്നു വെമുലയെ ആത്മഹത്യയിലേക്കു നയിച്ചതിനു പിന്നിലെന്ന് ഇന്ത്യ ഒട്ടാകെ മനസിലാക്കിയിട്ടുണ്ട്. ദളിത് ജീവിതാവസ്ഥയിൽ നിന്നും വന്ന മിടുക്കനായ വിദ്യാർത്ഥി അവസാനം വരെ പൊരുതിയെങ്കിലും ഹിന്ദുത്വ ശക്തികൾക്കും ഭരണകൂട ഭീകരതയ്ക്കും മുൻപിൽ പിടിച്ചു നില്ക്കാൻ കഴിയാതെ വന്നു.


ഇപ്പോൾ ഫാത്തിമ ലത്തീഫ് എന്ന പെൺകുട്ടിയുടെ ആത്മഹത്യയും അത്തരമൊരു ചിന്തയാണ് നമുക്കിടയിൽ ഉണ്ടാക്കുന്നത്. പഠനമികവിൽ മറ്റാരേക്കാളും മുൻപിൽ നിന്ന ഫാത്തിമ ആത്മതഹത്യ ചെയ്യാനുണ്ടായ സാഹചര്യവും സമാനമാണ്. അവൾ ന്യുനപക്ഷ സമുദായത്തിൽ പെട്ടെന്നതും അത് ഹിന്ദുത്വ ബോധത്തിന്റെ എതിരിൽ നിൽക്കുന്ന മുസ്ലിം ഐഡന്റിറ്റിയിൽ പെടുന്നു എന്നതുമാണെന്നുള്ള വായന ആ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ നമുക്ക് ലഭിക്കുന്നു. നോക്കൂ നമ്മുടെ വിദ്യാഭ്യാസ മേഖല എത്രമാത്രമാണ് ഭരണഘടനാ വിരുദ്ധമായി നിലനിൽക്കുന്നതെന്ന്. വിദ്യാഭ്യാസമെന്നത് എല്ലാവരുടെയും തുല്യാവകാശമാണെന്നു എഴുതി വയ്കുകയും അതിലേക്കു ചിലർക്ക് പ്രവേശനം വേണ്ട എന്ന മനുവാദം പുനർ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥ. ഇത് ശരിക്കും നാസി കാഴ്ചപ്പാടിന്റെ ഇന്ത്യൻ വേർഷനായി നിലനിൽക്കും. കര്യങ്ങൾ ഇവിടെ അവസനിക്കുന്നില്ല തുടർന്നുള്ള എഴുത്തിലൂടെ ഇതു കൂടുതൽ ബോധ്യപ്പെടുത്താം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply