Thursday, January 20

ഒരു മന്ദിര്‍ – മസ്ജിദില്‍ തട്ടി തകരുന്ന മതേതരമനുഷ്യൻ; സഫിയ പ്രകാശ് എഴുതുന്നു

 

1992 ജനിച്ച ദില്ലിയിലെ ഫാക്ടറി തൊഴിലാളിയായ നിര്‍മ്മല കുമാരിയുടെ അനുഭവമാണ് പറയുന്നത്. 

പത്താം ക്ലാസില്‍ പഠിപ്പ് അവസാനിപ്പിക്കേണ്ടിവന്ന യുവതിയാണ് നിര്‍മ്മല. ഒരു തൊഴില്‍ സ്വപ്നം തലയിലേന്തി നടക്കുകയായിരുന്നു. അഞ്ചു പെണ്‍കുട്ടികളില്‍ മൂത്തവള്‍. ഒരാളിന്‍റെ വരുമാനമെങ്കിലുമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല. അവസാനം  ദില്ലിയില്‍  ഒരു ഫാക്ടറിയില്‍ അവള്‍ ഒരു പണി കണ്ടെത്തി. സഹപ്രവര്‍ത്തകരില്‍ നിന്നും ആണധികാരത്തിന് ഇരയായത്തോടെ ജോലി വലിച്ചെറിഞ്ഞു.  അടുത്ത മാര്‍ച്ചില്‍ അവള്‍ 12 ആം ക്ലാസിന്റെ പരീക്ഷയ്ക്കിരുന്നു. തുടർന്ന് വിവാഹിതയായി.

ഭർത്താവ് യു പി സർക്കാരിന്റെ പോലീസ് കോൺസ്റ്റബിൾ ടെസ്റ്റിൽ റാങ്ക്ലിസ്റ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തൊഴിൽ വാഗ്ദാനങ്ങൾ വാരിക്കോരി കൊടുത്തിരുന്നു. പക്ഷെ എല്ലാ നേതാക്കളും അയോദ്ധ്യ തർക്കത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടയിൽ തൊഴിലിന്റെ കാര്യം ആര് ശ്രദ്ധിക്കാൻ.

ഇത് സ്‌ക്രോൾ.ഇൻ ഓൺലെയിൻ മാധ്യമം റിപ്പോർട്ട് ചെയ്തതാണ്. ഇതാണ് ഇന്ത്യയുടെ അവസ്ഥ. എല്ലാവരും അയോധ്യയുടെ രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനു പൂണ്ടടക്കം പിടിച്ചുകിടക്കുന്നു. ഇതിനിടയിൽ എന്ത് വികസനം എന്ത് തൊഴിൽ പ്രശ്നം….അതിനേക്കാൾ വലിയ രാഷ്ട്രീയ പ്പോരാട്ടത്തിനുള്ള വഴിയാണ് ക്ഷേത്രപ്രശ്നം. ഇതൊരിക്കലും അവസാനിക്കാൻ പാടില്ല. സുപ്രീം കോടതി നീതിപൂർവ്വം പരിഹാരം നിർദ്ദേശിച്ചാലും അത് ഹിന്ദുത്വഗ്രൂപ്പുകൾ അംഗീകരിക്കാൻ പോകുന്നില്ല. അതല്ലാതെ കോടതി വിധി ഹിന്ദുത്വഗ്രൂപ്പുകൾക്കു അനുകൂലമാണെങ്കിൽ ഒരു വിഭാഗത്തെ അടിച്ചൊതുക്കാൻ തന്നെ ശ്രമിക്കും എന്നതിൽ തർക്കമില്ല. എന്തായാലും കോടതിയുടെ പരിഗണയിലിരിക്കുന്ന ഒരു തർക്കവിഷയത്തെ മുതലെടുക്കാൻ തന്നെയാണ് ഹിന്ദുത്വ വാദികൾ തെരഞ്ഞെടുപ്പ് തന്ത്രമായി ഇതിനെ ഉപയോഗിക്കുന്നത്. അതുകൊണ്ടു നിയമനിര്മാണമൊക്കെ അസാധ്യമായി മാറും. കാരണം നിയമനിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ്  ഇറക്കുമ്പോള്‍ സ്വാഭാവികമായും കോടതി അത് അസാധുവാക്കും. ഇതെല്ലാം കണക്കു കൂട്ടിത്തന്നെ അവര്‍ ഗോദയിലെയ്ക്കിറങ്ങിയിരിക്കുന്നത്. സുപ്രീം കോടതി അത് റദ്ദു ചെയ്തോട്ടെ അതുവരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താമല്ലോ.  അത് നന്നായറിയാവുന്നവര്‍ തന്നെ   

ഇന്ത്യയുടെ ഓരോ ചലനങ്ങളും അലയൊലികളും വീണ്ടും മന്ദിര്‍-മസ്ജിദില്‍ തട്ടി പ്രകമ്പനം ചെയ്തുകൊണ്ടിരിക്കുന്നു. നിരക്ഷരരായ ഒരാൾക്കൂട്ടത്തെ വശീകരിച്ചെടുക്കാനുള്ള തന്ത്രമാണ് അവർ ഇതിലൂടെ നെയ്തെടുക്കാൻ ശ്രമിക്കുന്നത്.  ഒരു വിഭാഗം അതിനെ ആരവങ്ങളോടെ എതിരേല്‍ക്കുമെന്ന് അവർക്ക് വിശ്വാസമുണ്ട്. നിഷ്കളങ്കരായ  വലിയൊരാൾക്കൂട്ടത്തെ ആകർഷിക്കാനുള്ള കെണിയാണ് അവർ ഒരുക്കുന്നത്. മറുഭാഗം അത് വേദനയോടെയും ഉത്ക്കണ്ഠയോടെയും നിസ്സഹായതയോടെയും  നിരീക്ഷിക്കുന്നു.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും നിരക്ഷരഭൂരിപക്ഷമുള്ള ഇന്ത്യൻ ജനതതിയുടെ തലവിധിയാണിത്.  പുരോഗമനചിന്തകൾ അന്യമായ ഭരണകൂട തലപ്പത്തെ ക്രിമിനലുകള്‍ അതാണ്‌ വിധിയെഴുതുന്നത്. അവര്‍ ഒരു  വര വരച്ചു കാട്ടും. ബലിയാടുകളാകാൻ കാത്തിരിക്കുന്ന ആട്ടിന്‍പറ്റത്തെ അതിലൂടെ തെളിച്ചുകൊണ്ടുപോയി അവര്‍ തയ്യാറാക്കുന്ന കള്ളികളിലേയ്ക്ക് പ്രവേശിപ്പിച്ചു കൂടടയ്ക്കും. ഈ ആട്ടിന്‍ പറ്റത്തിനു എന്നും പ്രതീക്ഷകള്‍ നല്കിക്കൊണ്ടേയിരിക്കും.

ചിലരൊക്കെ യമനോടൊപ്പം പുരിയിലെയ്ക്ക് പോകും..മറ്റു ചിലര്‍ ആയുസ്സൊടുങ്ങാതെ എല്ലാറ്റിനും സാക്ഷിയായി അക്ഷരവെളിച്ചം നിഷേധിക്കപ്പെട്ടു ഭാഗ്യദേവതയുടെ വരവിനായി കാത്തിരിക്കും. ഈ ദേവതമാര്‍ ഇപ്പോഴും തങ്ങളുടെ ചുറ്റും നൃത്തം വെച്ച്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അവരുടെ കാതുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. രാജധാനികളും  സിംഹാസനങ്ങളും  കാട്ടി അവരെ ആരാധിക്കാന്‍ ഇക്കൂട്ടര്‍ ആട്ടിന്‍ പറ്റത്തെ പ്രാപ്തരാക്കും.

Read Also  പ്രിയങ്കയെ മോചിപ്പിച്ചു ; വെടിവെയ്പിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ അനുവദിച്ചു

ഇതാണ് 14 ആം  പഞ്ചവത്സരപദ്ധതിയ്ക്ക് ശേഷമുള്ള വികസനപദ്ധതിയുടെ തിരക്കഥ. ഇന്ത്യന്‍ ജനതയെ മേയ്ച്ചു കൊണ്ടുപോകാന്‍ പ്രാപ്തരായ ഭാരണാധികാരികലാണ് ദില്ലിയിലും ഉത്തരേന്ത്യന്‍  സംസ്ഥാനങ്ങളിലും വാഴുന്നത്. ജനകീയ ഭരണത്തിന്‍റെ നിര്‍വ്വചനങ്ങള്‍ എങ്ങനെയോക്കെയാനെന്നു ജനങ്ങളെ പഠിപ്പിക്കാന്‍ യോഗ്യരാണ്‌  അവര്‍. കാരണം  താഴെ തട്ടില്‍നിന്നു വളര്‍ന്നുവന്നയാളാണ്  തലപ്പത്തിരിക്കുന്നത്‌. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കൂന് എത്രത്തോളം വളഞ്ഞതാണെന്നു അദ്ദേഹത്തിനു നന്നായറിയാം , വിധേയത്വത്തിന്റെ മന:ശാസ്ത്രമാണ് ബ്രാഹ്മണിക്കല്‍  ലോബി ഇദ്ദേഹത്തിനും  പഠിപ്പിച്ചു കൊടുത്തിരിക്കുന്നത്. അത് തന്നെ അദ്ദേഹവും പ്രയോഗിക്കുന്നു. ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ട പാത ഏതാണെന്ന് കൂടുതലൊന്നും ആലോചിക്കേണ്ട കാര്യമില്ല…..മന്ദിര്‍ തന്നെ ശരിയായ പാത….. 

Spread the love

Leave a Reply