കവണി

കഴിഞ്ഞ പത്തുകൊല്ലത്തിനിടയിൽ വായിച്ച ആത്മകഥകളിൽ ഏറ്റവും ത്രസിപ്പിച്ച ഒന്ന് തസ്കരൻ മണിയൻ പിള്ളയുടെ ജീവിതകഥയാണ്. ജി.ആർ. ഇന്ദുഗോപൻ കേട്ടെഴുതിയ മണിയൻ പിള്ളയുടെ മോഷണകഥകൾ മനസ്സിൽ നിന്ന് അങ്ങനെ മാഞ്ഞു പോകില്ല. ഇന്ദുഗോപൻ എന്ന ഭാവനാശാലിയായ കഥാകൃത്തിന്റെ തൂലികയുടെ മാന്ത്രിക സ്പർശമാണ് മണിയൻ പിള്ളയുടെ കഥയെ മുഴുപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. ചെങ്ങന്നൂർ ഗൂഢസംഘം, അമ്മിണിപ്പിള്ള വെട്ടുകേസ് തുടങ്ങിയ കിടുക്കൻ കഥകളെഴുതിയിട്ടുള്ള ഇന്ദുഗോപൻ ആ ടെക്നിക് തസ്കരനിലേക്ക് പകർന്നിട്ടുണ്ട്.


മോഷണം സാഹിത്യത്തിന്റെ സ്ഥിരം പ്രമേയങ്ങളിലൊന്നാണ്. പണ്ടേക്കു പണ്ടു തൊട്ടേ .അതിന് കാരണം എന്തെന്നാൽ മോഷണം ഒരു കലയാണ്. ജനാധിപത്യത്തിലെ ബഹുസ്വരമായ വിപ്ലവാഴിമതികൾ തൊട്ട് കാട്ടു മുല്ലയ്ക്ക് ഉമ്മ കൊടുക്കുന്ന കാറ്റിന്റെ കള്ളത്തരം വരെ കടു യാഥാർത്ഥ്യമുള്ള നാടുവിഴുങ്ങി മോഷണം തൊട്ട് സ്വപ്ന ലോലുപമായ ചുംബനാപഹരണം വരെ സൗന്ദര്യബോധമുള്ളവരിൽ ജുഗുപ്സയും വിസ്മയവും ഹാസവും രതിയും ഉണർത്താൻ പര്യാപ്തമാണ്.

വെണ്ണ കക്കുന്ന കണ്ണൻ നിത്യഹരിത വാത്സല്യഭാജനമാണെങ്കിൽ വസ്ത്രാപഹാരിയായ നീലനീരദ വർണ്ണൻ മീരാ ബായി തൊട്ട് സുഗതകുമാരി വരെയുള്ളവരുടെ ചിത്ത ചോരനാണ്. മൃച്ഛകടികം നാടകത്തിൽ മോഷണകലയെ ശാസ്ത്രീയമായി സമീപിക്കുന്ന കള്ളനെ കാണാം. വീടിന്റെ ഭിത്തി ശാസ്ത്രീയമായും കലാപരമായും തുരക്കുന്ന ആ കള്ളൻ പൗരാണിക കാലത്തെ സമൂഹ ജീവിതത്തിലെ തെളിഞ്ഞ അടയാളങ്ങളിലൊന്നാണ്. ഇരുട്ടിന്റെ ,വിശപ്പിന്റെ കാളിമയിലേക്ക് കണ്ണയയ്ക്കുക സാഹിത്യ പ്രതിഭകളുടെ സഹജമായ വാസനയാണ്. വാസനാ വികൃതികളുടെ ഭൂപടമാണ് സാഹിത്യത്തിൽ ഏറെയും വിടർത്തിയിടുന്നത്.

മലയാള ചെറുകഥ ആധുനികതയെ ആദ്യമായി ചുംബിച്ചത് എം.പി.നാരായണപിള്ളയുടെ ‘കള്ളൻ ‘ എന്ന കഥയിലൂടെയാണ്. ദൃശ്യഭാഷയുടെ സാധ്യതകൾ മുഴുവൻ ആ കഥയുടെ ശില്പത്തിൽ നാരായണപിള്ള എന്ന കാഥിക ഒടിയൻ സഫലമായി പ്രയോഗിച്ചിട്ടുണ്ട്.
സമീപകാല മലയാള ചെറുകഥയുടെ വിപുലമായ ഭാവനാ പരിസരം സമൂഹത്തിന്റെ അധോതലമാണ്. പെൺകിടാവിനെ മോഷണത്തിന് എഴുത്തിനിരുത്തിയ തൊട്ടപ്പനെ ഉൾപ്പടെ വായനക്കാർ നെഞ്ചേറ്റി.

അത്തരം കഥകളുടെ പീഠിക എന്ന നിലയിലാണ് മണിയൻ പിള്ളയുടെ ആത്മകഥയെ കാണേണ്ടത്. കട്ടും മോട്ടിച്ചും പോലീസിനാൽ പിടിക്കപ്പെട്ടും തല്ലുകൊണ്ടും കോടതി കേറിയും സ്വയം വാദിച്ചും മജിസ്ട്രേറ്റിന്റെ തള്ളയ്ക്കു വിളിച്ചും ശിക്ഷിക്കപ്പെട്ടും പുറത്തിറങ്ങി വീണ്ടും മോട്ടിച്ചും ഉത്സവം നടത്തി പ്രമാണി ചമഞ്ഞും മറുനാട്ടു ജീവിതം നയിച്ചും വിഹരിച്ച ഒരു തസ്കരൻ തന്റെ എതിർ ജീവിതത്തെ ഓർത്തെടുത്ത് പറഞ്ഞു കൊടുത്തത് ഇന്ദുഗോപൻ കേട്ടെഴുതിയതോടെ നമ്മുടെ കഥാലോകം ഉത്തരാധുനികമായി .

ആ മണിയൻ പിള്ള തിരുവനന്തപുരത്തു നടന്ന സ്പെയ്സസ് സെമിനാറിൽ പങ്കെടുത്ത് പി.ജി. സുരേഷ് കുമാറിനോടും പോൾ മാഞ്ഞൂരാൻ എന്ന ഒരു റെസിഡൻസ് അസോസിയേഷന്റെ പ്രസിഡൻറിനോടും തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് പച്ചക്കുതിര മാസികയിൽ പ്രസിദ്ധീകരിച്ചു വന്നത് വായിച്ചപ്പോൾ മണിയൻ പിള്ള എന്ന കാപട്യമില്ലാത്ത കള്ളൻ വീണ്ടും ഓർമ്മയിലേക്കു തിക്കിക്കയറി വന്നു. കവിയുടെ കാല്പാടുകൾക്കൊപ്പം കിടനിൽക്കുന്ന അയാളുടെ ആത്മകഥയും.

Read Also  മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here