Saturday, January 29

ഏതപ്പന്‍ വന്നാലും… എന്നൊരു പഴഞ്ചൊല്ലുപോലെ, ഏത് ഭരണം വന്നാലും

കേരളം അനുഭവിച്ച ഏറ്റവും വലിയ ദുരന്തത്തിലൂടെയാണ് കഴിഞ്ഞ ഒരാഴ്ച കടന്നു പോയത്. മഴവെള്ളവും അണക്കെട്ട് വെള്ളവും കൂടി കേരളത്തെ മുക്കുകയായിരുന്നു. നിരവധി പേര്‍ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിലുമായി. എന്നാല്‍ ഇതിനിടെ സര്‍ക്കാരും കച്ചവടക്കാരും കൂടി കേരളത്തെ പിഴിഞ്ഞ് ഉണക്കിയെടുക്കുകയാണ്.

കേരളത്തിന്‍റെ വൈദ്യുതിവരുമാനം ഉയര്‍ത്താന്‍ വേണ്ടിയാണ് വേണ്ട സമയത്ത് ഇടുക്കി ഡാം തുറക്കാതിരുന്നതെന്നും, അതിന്‍റെ ഫലമായാണ് ഒടുവില്‍ ഡാമുകള്‍ ഒന്നിച്ചു തുറക്കേണ്ടി വന്നതെന്നും, ഡാമുകള്‍ ഒന്നിച്ചു തുറന്നതിനാലാണ് കേരളം ഒഴുകിപ്പോയതെന്നും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഭരണപ്രതിപക്ഷങ്ങള്‍ മുന്നേറുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിനിടയില്‍ ജനങ്ങള്‍ക്ക് അടിച്ചേല്പിക്കുന്ന അധികഭാരം ആരുടെയും ചിന്തയ്ക്ക് വകയാവുന്നില്ല. മഴ ശക്തമായപ്പോള്‍തന്നെ കേരള സര്‍ക്കാര്‍ കറണ്ട് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് ആരും അറിയാഞ്ഞതാണോ അറിഞ്ഞിട്ടും അനങ്ങാതിരുന്നതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനകീയ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ യൂണിറ്റിന് 15 പൈസ വീതമാണ് കറണ്ട് ചാര്‍ജ്ജ് കൂട്ടിയത്. എതിര്‍പക്ഷം ഭരിക്കുമ്പോള്‍ വര്‍ദ്ധനവുകള്‍ക്കെതിരെ നിരന്തരം സമരം ചെയ്യാറുള്ള പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നതിനാല്‍ സമരാണികള്‍ അടുത്ത കാലത്തായി വായ് മൂടിക്കെട്ടി ഇരിപ്പാണ്.

നിത്യാപയോഗസാധനവില ദിനംപ്രതി കുതിച്ചു കയറുകയാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയും അവശ്യവസ്തുക്കളുടെ വിലക്കയറ്റം പ്രകടനപത്രികയെ മുക്കിക്കളഞ്ഞത് ഭരണപ്പാര്‍ട്ടിയും അനുകൂലികളും പരിഗണിക്കുന്നേയില്ല. എതിര്‍ന്യായങ്ങള്‍ നിരത്തുന്നതിലും ഭരണക്കാര്‍ വിദഗ്ധരാണെന്നതിനാല്‍ ആര്‍ക്കും എതിര്‍വായുമില്ല. ഇതിനിടെയാണ് ജി.എസ്.ടി.യ്ക്ക് പുറമേ 10 ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും വന്നത്.

ഏതപ്പന്‍ വന്നാലും… എന്നൊരു പഴഞ്ചൊല്ലുപോലെ, ഏത് ഭരണം വന്നാലും അടിക്കടി വിലക്കയറ്റം നേരിടേണ്ടി വരുന്ന വിഭാഗമാണ് കേരളത്തിലെ മദ്യപാനികള്‍. തങ്ങളാണ് യഥാര്‍ത്ഥ നികുതിദായകര്‍ എന്ന അഭിമാനമാണ് സര്‍ക്കാര്‍ മദ്യവില കൂട്ടിയാലും മദ്യം ഉപയോഗിക്കാന്‍ കുടിയന്മാരെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴും സ്ഥിതി അതുതന്നെ. കഴിഞ്ഞ ആഴ്ചയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില ക്രമാതീതമായി കൂട്ടിയത്. അതിനുസൃതമായി ബാറുകാര്‍ പെഗ് തലത്തില്‍ തോന്നുംപോലെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഓണാഘോഷത്തിന്‍റെ ഭാഗമായി അധികവരുമാനത്തിലൂടെ നികുതി കൂട്ടി സമ്പാദ്യമുണ്ടാക്കാമെന്ന ആസൂത്രണമായിരുന്നു ഇതിന് പിന്നിലെങ്കില്‍ വില വര്‍ദ്ധനവും മഴക്കാലദാരിദ്യ്രവും കൂടി അത് എത്രത്തോളം ഫലവത്താക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

മഴമൂലം ഓണക്കാലത്ത് വിളവെടുക്കേണ്ടിയിരുന്ന കേരളത്തിലെ കാര്‍ഷികവിഭവങ്ങള്‍ നശിച്ചതിനാലും ഗതാഗതസംവിധാനങ്ങള്‍ തകര്‍ന്നത് മൂലം അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവണ്ടികള്‍ എത്താത്തതിനാലും കമ്പോളത്തില്‍ ഉള്ള പലചരക്കുകള്‍ക്കും പച്ചക്കറികള്‍ക്കും കച്ചവടക്കാര്‍ തോന്നിയ പടിയാണ് വില ഈടാക്കുന്നത്.

ഞായറാഴ്ച പോലും പാതിരാത്രിയോളം നീളുന്ന ക്യൂവാണ് റേഷന്‍ ഷോപ്പുകളില്‍ കാണാന്‍ കഴിയുന്നത്. എന്തൊക്കെ സാധനങ്ങള്‍ ഉണ്ടെന്നോ വില എത്രയെന്നോ കൃത്യമായ കണക്കുകള്‍ ഉണ്ടോ എന്നറിയില്ല. കൂടാതെ നെറ്റ് വര്‍ക്ക് ഇല്ലാതായാല്‍ വിരലടയാളം പതിക്കാനാവാതെ ആളുകള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥയുമാണ് നിലവിലുള്ളത്.

ദുരിതാശ്വാസമെന്നത് ഒഴുകിപ്പോയവര്‍ക്ക് മാത്രമുള്ളതല്ലെന്നും അതിജീവിക്കുന്നവര്‍ക്ക് കൂടിയുള്ളതാണെന്നും ഹൃദയപക്ഷക്കാരായ ഇടതുപക്ഷം ഇനി ഓര്‍ക്കില്ലെന്നാണ് തോന്നുന്നത്. ദുരന്തമുഖങ്ങളില്‍ മൗനം പാലിക്കുന്ന ജനത പോളിംഗ് ബൂത്തുകളില്‍ പ്രതികരിക്കും എന്ന് മനസ്സിലാക്കിയാല്‍ സര്‍ക്കാരിന് ഇതൊക്കെ ജനകീയമായി തന്നെ മറി കടക്കാനാവുമെന്ന് നമ്മുടെ ഭരണാധികാരികള്‍ക്ക് ചിന്തിക്കാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

Spread the love