Wednesday, April 21

ന്യായാധിപന്മാർ അസമത്വങ്ങൾ നേരിട്ടിരുന്നില്ല ; ജാതിസംവരണം നിർത്താനുള്ള നീക്കത്തിനെതിരെ ഡോ പി സനൽമോഹൻ

 

രാജ്യത്ത് സംവരണ നയത്തിൽ മാറ്റം വേണമെന്നും സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമാകണമെന്നുമുള്ള സൂചനയുമായി ഈയിടെ ജുഡീഷ്യറിയും രംഗത്ത് വരികയുണ്ടായി. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് സുപ്രീം കോടതിയുടെ പിന്തുണയോടെ ജാതി സംവരണം നിർത്തലാക്കുന്നത് എന്നാണു സാമൂഹ്യശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. സാമ്പത്തികസംവരണം ജാതിഘടനയെ ഉന്മൂലനം ചെയ്യുന്നതിൽനിന്നും പിന്നോക്കം പോവുകയും അധസ്ഥിതരെ സാമൂഹ്യജീവിതത്തിൽനിന്നും അകറ്റി നിർത്തപ്പെടുകയും ചെയ്യും. വൻ പ്രത്യാഘാത ങ്ങൾക്ക് വഴിയൊരുക്കുന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ചിന്തകരും സാമൂഹ്യശാസ്ത്രജ്ഞരും രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് വംശീയപഠനവിഷയത്തിലെ സൈദ്ധാന്തികനും കേരള ചരിത്ര ഗവേഷണ കൌൺസിൽ ( കെ സി എച്ച് ആർ ) മുൻ ഡയറക്ടറും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സോഷ്യൽ സയൻസ് അധ്യാപകനുമായ ഡോ പി സനൽ മോഹൻ പ്രതിപക്ഷം.ഇന്നിനോട് പ്രതികരിക്കുന്നു. 

ഇനിയുള്ള കാലം സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം വന്നിരിക്കുകയാണ്. സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ അശോക് ഭൂഷൺ, എൻ രാജേശ്വരറാവൂ, അബ്‌ദുൾ നസീർ, ഹേമന്ദ് മുക്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബഞ്ചാണ് ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്

ഭരണഘടനാ ബെഞ്ച് ഇത് നിർദ്ദേശിക്കുമ്പോൾ സമൂഹം ഇത് വളരെ ഗൗരവത്തോടെ കാണും. ദുര്ബലജനവിഭാഗത്തിനു അതായത് താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ഇത് ഭയമുളവാക്കുന്ന സംഗതിയാണ്. ജാതി സംവരണം അവസാനിപ്പിക്കുന്നത് ‘റാഡിക്കൽ ആൻഡ് ഗുഡ്’ എന്നാണു കമന്റ് ചെയ്തിരിക്കുന്നത്. സാധാരണയായി റാഡിക്കൽ എന്ന പദത്തിന് നേരെ വിപരീതമായ അർത്ഥമാണ് നാം കല്പിച്ചിരിക്കുന്നത്. പുരോഗമനപരമായ സാമൂഹ്യമാറ്റത്തിനാണ് റാഡിക്കൽ എന്ന പദം കൊണ്ട് അർത്ഥമാക്കിയിരുന്നത്. എന്നാൽ വാക്കിന്റെ അർഥം പോലും ഇന്ന് മാറിയിരിക്കുന്നു. ഇപ്പോഴത്തെ കാലത്ത് വാക്കുകൾക്കെല്ലാം തല തിരിഞ്ഞ അർത്ഥമാണ് കല്പിക്കുന്നത്.

നീര ചന്ദോക്ക് കഴിഞ്ഞ ആഴ്ച ദി വയറിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ പറഞ്ഞിരിക്കുന്നത് ചരിത്രപരമായ അനീതികൾക്കെതിരെ, സാമൂഹിക/ അസമത്വ വിഷയങ്ങളിൽ നീതിയുക്തമായ പരിഹാര ( remedial justice ) മാണ് നിലവിലുള്ള തത്വം. ഇതാണ് നമ്മുടെ നിയമവ്യവസ്ഥയിൽ അവലംബിച്ചിരുന്നത്. ദാരിദ്ര്യ നിർമ്മാർജനം, സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് നീതിയുടെ പുനർവിതരണം (redistributed justice) ആണ് ഇന്ന് അവലംബിക്കുന്നത്. സംവരണവിഷയവും റീ ഡിസ്ട്രിബ്യൂട്ടഡ് ജസ്റ്റിസ് എന്ന നിലയ്ക്കാണ് ഈയിടെ അഭിഭാഷകനായ കപിൽ സിബിലും കോടതിയിൽ കൊണ്ടുവന്നത്. ഇപ്പോഴത്തെ നിലയിൽ റീ ഡിസ്ട്രിബ്യൂട്ടഡ് ജസ്റ്റിസിനാണ് മേൽക്കൈ ലഭിക്കാൻ പോകുന്നത്. ചരിത്രപരമായ അനീതി (historical injustice ) എന്ന പ്രശ്നം അവർ കാണുന്നില്ല.

ജാതി അടിസ്ഥാനത്തിലുള്ള സംവരണം എത്രകാലം നിൽക്കും എന്നുള്ളതാണ് നമ്മുടെ ന്യായാധിപന്മാർ ചോദിക്കുന്നത്. ദളിത് സമൂഹം ഉയർത്തേണ്ട ചോദ്യം ജാതി അസമത്വങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും എത്ര കാലം നിൽക്കും എന്നതാണ്. ഇത് കാഞ്ച ഐലയ്യ പറഞ്ഞ കാര്യമാണ്. അപ്പോൾ അങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുന്നില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയെക്കുറിച്ച് പഠിക്കുന്ന പല നിയമവിദഗ്ധരും ഒരു കാര്യം പലപ്പോഴും ഊന്നിപ്പറയാറുണ്ട്. ജുഡീഷ്യറിയിൽ മുകൾത്തട്ടിലിരിക്കുന്ന ന്യായാധിപന്മാരാരും തന്നെ സാമൂഹികമോ സാമ്പത്തികമോ ആയ അസമത്വം അനുഭവിച്ചു വന്നിട്ടുള്ള ആളുകളല്ല. ജുഡീഷ്യറിയിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുവരുന്ന ആളുകൾ പോലും വരേണ്യ സാഹചര്യങ്ങളിൽനിന്ന് വന്നിട്ടുള്ളവരാണ്. അതുകൊണ്ടാണ് അവരുടെ ഭാഗത്തുനിന്ന് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ചൂഷണം ഒക്കെ സാധാരണ പ്രശ്നങ്ങളായി മാത്രം കാണുന്ന കാര്യങ്ങളാണ്. അവരുടെ ജീവിതത്തിൽ ജാതി സംബന്ധമായ അടിച്ചമർത്തലിനോ തൊട്ടുകൂടായ്മക്കോ വിധേയമാകേണ്ടി വന്നിട്ടില്ല. സംഘപരിവാറാണ് ഇത്തരം ആശയങ്ങൾ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവന്നത്. അതിനെ സാമാന്യവൽക്കരിക്കുകയാണ് ഇത്തരം നിർദ്ദേശങ്ങളിലൂടെ ചെയ്യുന്നത്.

Read Also  ചീഫ് ജസ്റ്റീസിനെതിരെയുള്ള ഗൂഡാലോചനക്കേസിൽ ജുഡീഷ്യൽ അന്വേഷണം

നൂറ്റാണ്ടുകളായി ദളിത് സമൂഹമാണ് ഇവിടെ ഭക്ഷണം ഉൽപ്പാദിപ്പിച്ചത്. മേൽപ്പറഞ്ഞ വിഭാഗങ്ങളാരും തന്നെ കഞ്ഞിവെള്ളത്തിനുള്ള അരി ഉൽപ്പാദിപ്പിച്ചതായി നാം വായിച്ചിട്ടില്ല. നെല്ലുത്പാദനം, കാലിവളർത്തൽ, കോഴിവളർത്തൽ ഇതെല്ലാം ദളിത് സമൂഹത്തിന്റെ നേട്ടങ്ങളാണ്. ഇതാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. ഇതൊന്നും സവർണ സമൂഹം ചെയ്യാത്ത ജോലികളാണ്. കാഞ്ച ഐലയ്യ ഉന്നയിച്ചതു വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ദളിത് സമൂഹത്തിൽനിന്നും ഇതേവരെ എത്ര പ്രൊഫസർമാർ ഉണ്ടായിട്ടുണ്ട്?

അറിവ് ഉൽപ്പാദനത്തിൽ നിന്നും ദളിത് സമൂഹത്തെ മാറ്റി നിർത്തുക എന്നതാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം കാർഷിക മേഖലയിലെ ഉൽപ്പാദനത്തിലൂടെ മറ്റൊരു അറിവ് അവർ ഉൽപ്പാദിപ്പിക്കുകയാണ്. ആഹാരത്തിനുവേണ്ടിയുള്ള കിഴങ്ങായാലും പച്ചക്കറിയായാലും അതിന്റെ ഉൽപ്പാദനരീതിയിൽ അറിവ് എന്ന സംഗതിയുണ്ട്. ഇതെങ്ങനെ കൃഷി ചെയ്യുന്നു, എങ്ങനെ വളർത്തിയെടുക്കുന്നു എന്നതിൽ അറിവ് അടങ്ങിയിട്ടുണ്ട്. അഗ്രോണമി എന്ന് പറയുന്ന സംഗതി അതിൽ കിടക്കുകയാണ്.

ഏത് തൊഴിൽ ചെയ്യുന്നവർക്കും അറിവ് വേണം. മത്സ്യത്തൊഴിലാളി പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ പേര്, അതിന്റെ ഗുണം എന്നിങ്ങനെ അറിവ് ഉണ്ടല്ലോ, ആശാരിപ്പണി ചെയ്യുന്ന ഒരാൾക്ക് പണിയിൽ ഒരു കണക്കുണ്ട്. അവർക്ക് പണ്ടുമുതല്ക്കുതന്നെ കൂലിയുമുണ്ട്. അവർ ബ്രാഹ്മണരെപ്പോലെ ഉയർന്ന ജാതിയാണെന്ന് അവകാശപ്പെടുന്നു. പക്ഷെ ദളിത് വിഭാഗങ്ങൾക്ക് കൂലി കിട്ടിയിരുന്നില്ല. ഇക്കൂട്ടരെല്ലാം തന്നെ ഉൽപ്പാദിപ്പിക്കുന്ന അറിവ് സൗജന്യമായി പുറത്താവുകയാണ്. ബ്രാഹ്മണരോട് അടുത്തുനിൽക്കുന്ന വിശ്വകർമ്മജർ തങ്ങളുടെ അറിവ് പുറത്തുവിട്ടുകഴിഞ്ഞാൽ പിന്നെ തൊട്ടുകൂടാത്തവരായി നിൽക്കുകയും ചെയ്യും. അവരുടെ അറിവ് നേട്ടമായി കണക്കാക്കുന്നില്ല. സമൂഹത്തിൽ അടിമത്തം അനുഭവിച്ചിരുന്ന ഇവരെ പുതിയ അറിവിൽനിന്നും അകറ്റി നിർത്തിയിരിക്കുകയാണ്.

ഭൂമിയുണ്ടെങ്കിലേ ദളിതർക്ക് കൃഷി ചെയ്യാനാവൂ. നാമമാത്രമായി ചിലർക്ക് വിദ്യാഭ്യാസം ലഭിച്ചു എന്നല്ലാതെ ബാക്കിയുള്ള ജനത മുഴവൻ അധഃസ്ഥിരായി തന്നെ തുടരുകയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾ നിയോ ലിബറൽ നയങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയാണ്. സർവ്വകലാശാലകൾ എല്ലാത്തരത്തിലുമുള്ള സ്വാശ്രയ സ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇത് അധസ്ഥിതർക്കെല്ലാം തന്നെ അപ്രാപ്യമായ ഇടങ്ങളാണ്. സംവരണം കൊണ്ട് മാത്രമാണ് ദളിത് വിഭാഗത്തിലെ ചെറിയ ഒരു വിഭാഗമെങ്കിലും വിദ്യാർത്ഥികൾക്ക് അറിവ് നേടാനായത്. പക്ഷെ അതെങ്ങും എത്തിയിട്ടില്ല. ജാതി സംവരണം തുടർന്നാൽ മാത്രമേ ദളിത് ബഹുജനങ്ങൾക്ക് അറിവ് നേടാനാവൂ. സാമ്പത്തിക സംവരണ നീക്കത്തിനെതിരെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെ വലിയൊരു ജനാധിപത്യ മുന്നേറ്റമുണ്ടായാൽ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. സമീപഭാവിയിൽതന്നെ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം

* പ്രതികരണമായതുകൊണ്ട് ചോദ്യങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്.

Spread the love