ചുറ്റുമൊന്നു സഞ്ചരിക്കാം. ജീവിതത്തിലെ  കർമ്മമേഖലയിൽ അനന്യമായ ചിന്തയുടെ, പ്രവർത്തനത്തിന്റെ ഭാരവുമായി ഉത്തരവാദിത്വവുമായി പലരുമുണ്ട്. ചിലരുടെ ചിന്തകൾ നമുക്ക് നൽകുന്ന ഉണർവ് ഒന്ന് വേറെ തന്നെയാണ്. ശൈലജയും അത്തരത്തിലൊരാളാണ്. ജെ ശൈലജ  ദില്ലി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിറങ്ങിയ കേരളത്തിൽ നിന്നുള്ള ആദ്യ പെൺ സാന്നിധ്യമാണ്. അക്കാദമിക് രംഗത്തും തിയറ്ററിലെ പുതിയ മാറ്റങ്ങളിലും അതീവമായ ശ്രദ്ധയും സ്വതന്ത്ര കാഴ്ചപ്പാടുമുള്ള ജെ ശൈലജയിൽ നിന്നും ഈ പക്തി ആരംഭിക്കാം. ഇപ്പോൾ നാടക് എന്ന സംഘടനയുടെ പ്രവർത്തനവുമായി  ബന്ധപ്പെട്ടു നിൽക്കുന്ന ശൈലജ അവരുടെ ചിന്തകൾ പ്രതിപക്ഷം .ഇൻ നു വേണ്ടി വി കെ അജിത്കുമാറുമായി  പങ്കുവയ്ക്കുന്നു.

ഷൈലജ ഇപ്പോൾ ഒരു  നാടക പ്രവർത്തക എന്നതിനുപരി നാടകത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘത്തിൻ്റെ ഭാഗമാകുകയാണല്ലോ..?  പുതിയ സംഘമായ ‘നാടക്’ അതിൽ നിന്നും സംസാരിച്ചു തുടങ്ങാം.

‘നാടക്’ പോലൊരു  സംഘടന ഇന്ത്യയിൽ തന്നെയാദ്യമായാണ്.  സീരിയസായി നാടകത്തിൽ പ്രവർത്തിക്കുന്നവർ- നമ്മളിവിടെ അമേച്ചർ എന്ന് പറയും. അമേച്ചർ, ആ വാക്കുതന്നെ തെറ്റാണ്.  ആ വാക്കുപോലും മാറ്റണമെന്നാണ് ഈ സംഘടനയുടെ ആവശ്യം. പരീക്ഷണം എന്നർത്ഥത്തിൽ വെസ്റ്റേൺ രാജ്യങ്ങളിൽ തുടങ്ങിയ ഒരു രീതിയുടെ പിന്തുടർച്ചയാണിത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇതിനെ അമേച്ചർ എന്ന പേരിട്ടു വിളിക്കുന്നില്ല. അതുപോകട്ടേ, അങ്ങനെ സീരിയസായി നാടകത്തിൽ പ്രവർത്തിക്കുന്നവർക്കു വേണ്ടി ഒരു സംഘടന  ഇന്ത്യയിൽ പ്രാവർത്തികമാകുന്നത് ഇതാദ്യമായി കേരളത്തിലാണ്. മുൻപ് പലരും ഇതിനായി ശ്രമിച്ചിരുന്നു. പക്ഷെ, നടക്കാതെ പോയി. എന്നാൽ ഇപ്പോൾ ഞങ്ങളിൽ കുറച്ചാളുകൾ ഒന്നിച്ച് ചേർന്ന് അടൂരിൽ വച്ചോരു യോഗം ചേർന്ന് 2016 ജൂലൈയിലാണത്.

ആളെ കൂട്ടിയത് സംഘടനയുണ്ടാക്കാനല്ല, മറിച്ച്  കേരളത്തിലെ നാടകപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെയാണ് അതിനൊരു സൊല്യൂഷൻ കണ്ടെത്തുക എന്നൊക്കെയായിരുന്നു ഉദ്ദേശ്യം. എന്നാൽപ്പിന്നെ ഒരു സംഘടനയായാലെന്ത് എന്ന ആലോചനയായി. ചില ജില്ലകളിലെ മേഖലാ കൺവൻഷനുകൾ വിളിച്ച് 2016 നവംബറിൽ പിന്നീട് തൃശൂരിൽ കൂടിയ ഫൈനൽ കൺവൻഷനിലാണ് ഒരു സംഘടനയെന്ന നിലയിൽ നാടക പ്രവർത്തനം ആരംഭിക്കുന്നത്.  അന്നവിടെവച്ച് അതിൻ്റെ സെക്രട്ടറിയായി എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. പിന്നെ പ്രവർത്തന നിരതമായ ഒന്നരവര്‍ഷങ്ങൾ ജില്ലാകമ്മിറ്റികൾ, അതിനു താഴെ മേഖല കമ്മിറ്റികൾ എന്നരീതിയിൽ കമ്മിറ്റികൾ ഉണ്ടാക്കുക , പിന്നീട് ലോഗോ പ്രകാശനം, മെമ്പർഷിപ്പ് ക്യാമ്പയിൻ ഇങ്ങനെ പോകുന്നു. വരുന്ന ഫെബ്രുവരി മാർച്ച് മാസങ്ങളിൽ തെഞ്ഞെടുപ്പു ഉൾപ്പെടുന്ന ഒരു യോഗം വിളിച്ചിരിക്കുന്നു..

ഈ കുറഞ്ഞകാലത്തെ പ്രവർത്തനം കൊണ്ട് മനസിലായത് കേരളത്തിലെ നാടക പ്രവർത്തകരുടെ ഇടയിൽ ഒരു സംഘടന വലിയ അനിവാര്യതയായിരുന്നുവെന്നാണ്. ഒദ്യോഗികമായി ഒരു സംഘടനാ രീതിയിൽ എത്തുന്നതിനു മുൻപ് തന്നെ കേരളത്തിലെ സാംസ്കാരികവും രാഷ്ട്രീയവുമായ എല്ലാ കാര്യത്തിലും ഇടപെടൽ നടത്തുവാൻ ഈ സംഘടനയ്ക്കു കഴിയുന്നുണ്ട്.

കേരളത്തിലെ നാടകക്കാരിൽ പ്രൊഫഷണൽ നാടകക്കാരെന്നറിയപ്പെടുന്ന ഒരു വിഭാഗമുണ്ടല്ലോ അവർക്കീ സംഘടനയിൽ ഉള്ള സ്പേസ്?

പ്രൊഫഷണൽ നാടകക്കാരെ മാറ്റിനിർത്തുന്നില്ല. അവരെ ഉൾക്കൊള്ളിക്കുന്നതിൽ ചില പരിമിതികൾ ഉണ്ട്. കാരണം, സംഘടനയിലുള്ള പലരും , പ്രൊഫഷണൽ നാടകരംഗത്ത് പണിയെടുക്കുന്നുണ്ട്.  പക്ഷെ ആ മേഖലയെ മൊത്തമായി ഈ സംഘടനയിലേക്ക് ഉൾക്കൊള്ളാൻ നമുക്ക് കഴിയില്ല. ഒന്നാമത് അവർ പ്രവർത്തിക്കുന്നത് ഒരു തൊഴിൽ ഇടം എന്ന അർത്ഥത്തിലാണ്. ഒരു മുതലാളി, അതിനു താഴെ പതിനൊന്നു മാസത്തെ കോൺട്രാക്ടിൽ പണിയെടുക്കുന്നയാൾ എന്ന തലത്തിലാണത്.  അവിടെയുണ്ടാകുന്ന തൊഴിൽ പ്രശ്നങ്ങൾ, ലേബർ നിയമങ്ങൾ, കോടതി എന്ന തരത്തിലൊക്കെയാണ് നേരിടേണ്ടത്. പക്ഷെ ഈ തിയറ്ററിൽ പരസ്പരം മനുഷ്യർ തമ്മിലുള്ള ഒരു വിശ്വാസം മാത്രമാണ് ഒരു കോൺട്രാക്ടോ  കരാറോ ഒന്നുമില്ല, അതായതു കുറച്ച് സോഷ്യലി കമ്മിറ്റഡായ ആളുകളുടെ ഒരു കൂട്ടായ്‍മ. ഇവിടെ ഇത് രണ്ടും തമ്മിലുള്ള പൊരുത്തക്കേടുണ്ട്. .  രണ്ടും രണ്ടു ധ്രുവങ്ങളിലാണ്. ഇപ്പോൾ സംഘടനയ്ക്കു പരിമിതികളുണ്ട്. ഭാവിയിൽ നാടകം എന്ന ഒരു കലയെ ഒരു സംഘടനയ്ക്കു എങ്ങനെ ഒന്നിച്ച് നിർത്താനാകും എന്നതാണ് നമ്മൾ കാണുന്നത്.

ഒരു പ്രൊമോഷൻ ഓഫ് ആർട്, പിന്നെ അതോടൊപ്പം സാമൂഹിക ഉത്തരവാദിത്വം

സമൂഹമില്ലാതെ കല നിലനിൽക്കുന്നില്ല. കലയുടെ വ്യാപനവും വിപണനവും സമൂഹത്തിലാണ് നടക്കുന്നത്അതുകൊണ്ടുതന്നെ സമൂഹം നന്നായി മുൻപോട്ടു പോകേണ്ടത് കല ചെയ്യുന്നവരുടെ ആവശ്യമാണ്.  ഞങ്ങൾ ആർട്ടിസ്റ്റുകളാണ് ഞങ്ങളുടെ മേഖല വേറെയാണ് എന്നൊക്കെ പറയുന്ന ഒരു നിലപാടിനി നടക്കില്ല.

നാടകത്തിൻ്റെ സമൂഹത്തിലെ സ്ഥാനം എത്രമാത്രമാണ് ? സാമൂഹികമായ ഉത്തരവാദിത്വം എന്നൊക്കെപ്പറയുന്നത്…

ചോദ്യത്തിൽ തന്നെ രണ്ട് തലങ്ങളുണ്ട്. ഒന്ന് നാടകം ഇങ്ങനെയായിരിക്കണം എന്നുള്ളത്.  നാടകം ഇത് ചെയ്‌താൽ മതി. നാടകം ഒരു പ്രോപഗണ്ട എന്നതിനപ്പുറമാണ്. ആർട്ട് നിലനിൽക്കുന്നത് കാലത്തെ അതിജീവിക്കുന്നിടത്താണ്. ചരിത്രത്തെ അജയമാക്കി നിലനിർത്തുന്നത് ചരിത്രത്തോടൊപ്പം പോകുന്നത് എന്നൊക്കെ അതിനർത്ഥമുണ്ട്. ആ അർത്ഥത്തിൽ കേരളത്തിൽ വലിയൊരു തെറ്റിദ്ധാരണ നിലനിൽക്കുന്നു. നാടകം പ്രൊപ്പഗൻ്റയാകണം എന്ന തെറ്റിദ്ധാരണ. പെട്ടെന്നുണ്ടാകുന്ന ഒരു പ്രശ്നത്തെ എടുത്ത് പ്രതികരിക്കുന്നതാകണം നാടകം എന്ന ചിന്തമൂലമാണത്..പക്ഷെ കാലം ഒരുപാടു മാറി. അൻപത്തിയേഴിലെ നിങ്ങളെന്നെ കമ്യുണിസ്റ്റാക്കിയായാലും ഋതുമതിയായാലും ‘അടുക്കളയിൽ നിന്നരങ്ങത്തേക്കാ’യാലും  സമൂഹത്തെ മാറ്റിമറിക്കാനുള്ള ഏറ്റവും തീക്ഷ്ണമായ ഉപകരണമായ നാടകങ്ങളാണ്. അക്കാലവും ഈ കാലവും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട്. അന്ന് നാടകം മാത്രമായിരുന്നു നമ്മുടെ കൈയിൽ ഉണ്ടായിരുന്നത്. മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ വ്യത്യസ്തങ്ങളായ മാധ്യമങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ആ ചുറ്റുപാടിൽ നാടകം ഒരു പഠനവിഷയമെന്ന തരത്തിൽ വികസിച്ച് കഴിഞ്ഞു.

ഒരു സംഘടനാ ഭാരവാഹിയെന്ന നിലയിൽ ഗവണ്മെൻ്റ് സംവിധാനങ്ങളുടെ ഇടപെടൽ എങ്ങനെ വിലയിരുത്തുന്നു

നാടകത്തിനു നമ്മുടെ ഗവൺമെന്റുകൾ വേണ്ടത്ര പരിപോഷണം കൊടുത്തോ എന്ന് ചോദിച്ചാൽ ഇല്ല തൊള്ളായിരത്തി അൻപത്തിയേഴിൽ വന്ന ഗവണ്മെന്റ് കൊണ്ടുവന്നതാണ് സംഗീത നാടക അക്കാദമി. അത് അന്നെന്തു വിഭാവനം ചെയ്തോ അതിനപ്പുറം ഒരടി മുൻപോട്ടു പോയിട്ടില്ല. പക്ഷെ ലോകം മുഴുവൻ നാടകം വളരുകയാണ്. കാനിൽ സിനിമ പ്രദർശിപ്പിക്കുന്നത് പോലെ ധാരാളം വേദികൾ നാടകത്തിനുണ്ട്. ഇൻ്റർനാഷണൽ ഫെസ്റ്റിവലുകളുണ്ട്. അതൊന്നും നമ്മുടെ നാട്ടിൽ വലുതായി അറിയുന്നില്ല.  പല പല അവാർഡുകളും മെറിറ്റുകളും നേടിയെത്തുന്ന നാടകക്കാരുണ്ട്. അവരെ ആരും അറിയുന്നില്ല. നാടകക്കാർക്കു യാതൊരു വിധ അംഗീകാരവുമില്ലാത്ത സമൂഹമാണ് കേരളം.

പലകാരണങ്ങൾ ഇനിയുമുണ്ട് അഭിനയിക്കാൻ തുടങ്ങുന്നവരുടെ ആത്യന്തികലക്‌ഷ്യം സിനിമയെന്ന ഒരു കാരണമാകുന്നു. നാടകത്തിൽ നിന്ന് സിനിമയിലെത്തിയവരോട് ചോദിച്ചു നോക്ക് നിങ്ങൾ എന്ത് കൊണ്ട് സിനിമയിൽ എത്തിയെന്നു അവർ പറയും നാടകത്തിൽ നിന്നാൽ ജീവിക്കാൻ പറ്റില്ല. നാടകത്തിൽ നിന്നാൽ അഭിമാനകരമായ ഒരു ഐഡൻറ്റിറ്റി ഉണ്ടാക്കിയെടുക്കാൻ പറ്റില്ല.  ഇത് രണ്ടും കിട്ടുമായിരുന്നെങ്കിൽ ഇന്ന് സിനിമയിൽ പോയ തൊണ്ണൂറുശതമാനം ആക്ടേഴ്സും നാടകത്തിൽ തന്നെ നിൽക്കുമായിരുന്നു. വിദേശ രാജ്യങ്ങളിലെ സ്ഥിതി ഇതല്ല.

യൂറോപ്പിൽ, ജപ്പാനിൽ തെരുവിൽ നാടകക്കാർക്കു വഴിമാറിക്കൊടുക്കുന്നു. ഓട്ടോ ഗ്രാഫിനുവേണ്ടിനിൽക്കും. ബഹുമാനമാണ് അവിടെ. ഇംഗ്ലണ്ടിൽ പോയാൽ പലപ്പോഴും ഒരു കൊല്ലം കാത്തിരിക്കണം ഒരു നാടകത്തിന്റെ ടിക്കറ്റ് കിട്ടുവാൻ. നമ്മുടെ ഇവിടെ എന്തുണ്ട്, ഞാനൊരു ആക്ടറാണ്, എനിക്ക് എന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമില്ല…. എന്നെയൊരാൾ അറിയുന്നില്ല… അതെ സമയം ഒരു സിനിമയുടെയോ സീരിയലിൻ്റെയോ വഴിയിലൂടെ നിഴൽപോലെ പോയ  ഒരാൾ പോകുന്നുവെങ്കിൽ അയാൾ അറിയപ്പെടും. അയാളെ ഉദ്‌ഘാടനങ്ങൾക്ക് വിളിക്കാൻ ഇവിടെ ആളുകൾ ക്യൂ നിൽക്കുകയാണ്.

അഭിനേതാവെന്ന നിലയിൽ ഒരാളുടെ കഴിവ് കാണിക്കാൻ ഒരു ഫ്ലോർ ആവശ്യമാണ്. സിനിമയിലുള്ളവർ നാടകം തെരഞ്ഞെടുക്കുന്നു.  ഒരു നടൻ രണ്ട് മണിക്കൂർ ഡയലോഗ് ബൈ ഹാർട്ട് ചെയ്തു അത് ആവശ്യാനുസരണം മോഡുലേറ്റ് ചെയ്ത് അതാവശ്യനുസരണമുള്ള ഭാവഹാവാദികളോടെ  ഇടതടവില്ലാതെ ലൈറ്റിനും സൗണ്ടിനും മറ്റഭിനേതാക്കളുടെ  എക്സിറ്റ് എൻട്രിയ്ക്കും പ്രോക്സിന്റെ കൊടുക്കൽ വാങ്ങലിനും സെറ്റ് സാമഗ്രികളുടെ എക്സിറ്റ്  എൻട്രിക്കും നീക്ക് പോക്കുകൾക്കും അനുസരിച്ച് ഒരു സെക്കന്റ് ഫോക്കസ് ഡൈവേർട്ട് ചെയ്യാതെ അഭിനയിക്കുന്നത് ഒരു ചെറിയ കാര്യമല്ല. ഇത് സിനിമയിൽ മാത്രം അഭിനയിക്കുന്ന പലർക്കും പറ്റില്ല.  (ഇതൊരു ട്യുർണിങ് അല്ലെ ) ആണ് പക്ഷെ എല്ലാവര്‍ക്കും പറ്റില്ല. പണ്ട് നാടകം പ്രോംറ്റിംഗായിരുന്നു. ഇന്നതല്ല, ബൈഹാർട്ട്‌ ചെയ്ത് മാത്രമേ നടക്കു, ഒരു ഡയലോഗ് പോയാൽ നാടകം പോയി. കാരണം അത് അടുത്തയാളുമായി ലിങ്ക് ചെയ്യുന്നതാണ്. അടുത്ത ആക്ടറിൻ്റെ പഞ്ച് ഇയാൾ പറയുന്ന ഡയലോഗിലാണ്, അത് വിട്ടു പോകരുതല്ലോ?  ഈ തീക്ഷണമായ അവസ്ഥ പ്രാക്ടീസ് ചെയ്തുപോകുന്ന ആൾ അൾട്ടിമേറ്റ് ആക്ടറാണ്. പലരും അതെഴുതിവച്ചിട്ടുണ്ട്.

കംപ്ലീറ്റ് ആക്ടർ എന്നൊക്കെ പറയാറുണ്ട്. അത് ശരിക്കും ഒരു തമാശയാണ്. കംപ്ലീറ്റ് ആക്ടർ എന്ന സെൻസില്ലാത്തവരാണീ നാമകരണം ചെയ്തിരിക്കുന്നത്. സിനിമയിൽ  നാടകത്തെ ഇഷ്ടപ്പെടുന്ന ഒരാൾ പോയിട്ടുണ്ടെങ്കിൽ അതു ഗതികേടുകൊണ്ട് മാത്രമാണെന്നെ പറയാൻ കഴിയൂ.

മിനിമം ഒരു കലാകരനു ജീവിക്കാനുള്ള അവസ്ഥയുണ്ടാകണം. അതേ മൂന്നുനേരം ഭക്ഷണം കഴിച്ചു ജീവിച്ചു പോകാനുള്ള അവസ്ഥ. അതുപോലെ കലചെയ്യുന്ന ആളിനു മിനിമം കിട്ടേണ്ട ഒരു സോഷ്യൽ റസ്പക്റ്റുണ്ട്. സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിൽനിന്നു നാടകം കളിച്ചിട്ടുള്ള ഒരാളുപോലും ഒന്നു ഉണ്ടാക്കിയിട്ടില്ല. അതു ഉണ്ടാക്കിയെടുക്കുകയെന്നതും ഞങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. അതാണു ഞങ്ങളുടെ അൾട്ടിമേറ്റ് ആവശ്യം. 

നാടകക്കാരൻ എന്നു പറയുമ്പോൾ എല്ലാവർക്കും നൂറു നാക്കാണ് എന്നാൽ അരങ്ങത്തുനിന്നും ഇറങ്ങുമ്പോൾ അവിടെ ചായ കൊണ്ടുവരാൻ നിൽക്കുന്ന തൊഴിലാളി സഖാവിൻ്റെ പോലും വില അവർക്കില്ല. ഇവരിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ പ്രകീർത്തിച്ചുകൊണ്ടിരിക്കും കേരളത്തെ പടുത്തുയർത്തുന്നതിൽ നാടകക്കാർക്ക് വലിയ റോളുണ്ടായിരുന്നുവെന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും. ഇപ്പോൾ നമ്മളെല്ലാം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന നവോത്ഥാനം കൊണ്ടുവരുന്നതിൽ ഒരു ചാലക ശക്തിയായിരുന്നു നാടകമെന്നെല്ലാം പറഞ്ഞു കൊണ്ടിരിക്കും.  എനിക്കു നല്ല വിമർശനമുണ്ട് ..ആ ചാലക ശക്തിയെ ഏതു ചാരത്തിലാണു നിങ്ങൾ മൂടിക്കളഞ്ഞത്.? എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴാണ് ഗ്ലാമറിൻ്റെ പിന്നാലെ പോയത്? സിനിമയിൽ ഒരാൾക്ക് കൊടുക്കുന്ന പ്രാധാന്യത്തിൻ്റെ പത്തുലക്ഷത്തിൽ ഒരു ശതമാനം പ്രാധാന്യം കേരളമുണ്ടായതിനുശേഷം ഒരു നാടകക്കാരനോ നാടകക്കാരിക്കോ കൊടുത്തിട്ടുണ്ടോ? എവിടെയാണ് നിങ്ങൾ ഒരു നാടക്കാരനെ നാടകക്കാരിയെ അംബാസിഡറാക്കിയിട്ടുള്ളത്? ഏതു വേദിയിലാണ് നാടകക്കാരെ വക്താവാക്കിയിട്ടുള്ളത്? ഏതു പദവിയിലാണ് ഉന്നതങ്ങളിൽ പിടിയില്ലാത്ത ഒരു നാടകക്കാരനെ/ നാടകക്കാരിയെ നിങ്ങൾ ഇരുത്തിയിട്ടുള്ളത്? .പിന്നെയെന്താണ് നിങ്ങൾ നാടകക്കാർക്കു കൊടുത്തുവെന്ന് പറയുന്നത്.?.

നാടകവും അതിലെ കമ്പോണൻസും വ്യത്യസ്തമല്ലേ?

നാടകം എന്നു പറയുമ്പോൾ നമുക്ക് സ്ക്രിപ്റ്റുണ്ട് പലതുമുണ്ട്.എല്ലാവരേയും ചേർത്തു പറഞ്ഞാൽ പോലും നാടകമേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും റസ്പക്റ്റില്ല. ഞാനിപ്പോൾ  സ്കൂൾ ഓഫ് ഡ്രാമയിലൊക്കെ പഠിച്ച ഒരളാണ് പക്ഷേ എനിക്കു പോലും ഒരാളോടു ഞാൻ നാടക പ്രവർത്തകയാണെന്നു പറയാൻ കഴിയുന്നില്ല.

നാടകത്തെ ആക്ടേഴ്സിൽ നിന്നും വേർതിരിഞ്ഞ മറ്റൊരു തലമില്ലേ ഇപ്പോൾ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അതിലഭിനയിച്ച തോപ്പിൽ കൃഷ്ണപിള്ള ഉൾപ്പെടുന്ന നടന്മാർ അത്  അപേക്ഷികമല്ലേ ? അങ്ങനെ ചിന്തിക്കുമ്പോൾ ആക്ടേഴ്സിൻ്റെ സ്ഥാനം ?

നാടകം എന്നത് ആ മേഖല മൊത്തമായാണ്. നാടകം എന്ന ആശയം അതാണതിൻ്റെ ഒരു തലം.  അതിനെ കൊണ്ടുവരാൻ ഒരു വാഹകർ വേണ്ടേ? അവരല്ലേ അതു ജനങ്ങൾക്കു മുൻപിൽ കൊണ്ടുവരുന്നത് ?.ആശയമങ്ങനെ ഒറ്റയ്കു നിലനിൽക്കുമോ ? അതിനു വാഹകർ വേണ്ടേ? തോപ്പിൽ ഭാസിയെഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഒരു ആശയമാണ്. അതിനെ പുറത്തേക്കെത്തിക്കുന്നത് മറ്റു നാടക പ്രവർത്തകരാണ്. എഴുത്തെന്നു പറയുന്നത് ഏട്ടിലെ പശുവല്ലേ ? താളുകളിൽ ഉറങ്ങുന്ന ആശയത്തെ പ്രത്യക്ഷ വൽക്കരിക്കുന്നതാരാണ്. ഇപ്പോൾ മാർക്സ്  കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ  എഴുതി  അതു പ്രയോഗത്തിൽ വരുത്തിയതാരാണ്. ഒരു ലെനിൻ ഇല്ലായിരുന്നെങ്കിൽ അതിൻ്റെ പ്രാവർത്തിക ഭാവം കാണാൻ ലോക ജനതയ്ക്കു പറ്റുമായിരുന്നില്ല. എത്രയോ നാടകങ്ങൾ എഴുതപ്പെട്ടത് പുസ്തകമായിത്തന്നെയിരിക്കുന്നുണ്ട്. ഒരു കലയെ അതിൻ്റെ പരമാവധി ഭാവത്തിൽ ഉപയോഗിക്കുകയും അതിനു പിന്നിലുള്ളവരെ  മറന്നു പോവുകയും  ചെയ്യുന്നത് ചരിത്രത്തോടും കൂടി ചെയ്യുന്ന ഒരു ചതിയല്ലേ?

നാടകവും സാമൂഹ്യപ്രതിബദ്ധതയും വീണ്ടും കടന്നു വരുന്നു...

ഇതാരോ നിശ്ചയിച്ചുറപ്പിച്ചപോലുള്ള ഒന്നാണ്. നാടകപ്രവർത്തകനു പ്രതിബദ്ധതയുണ്ടായിരിക്കണം. മനുവിൻ്റെ തിയറിയൊക്കെപ്പോലെയാണ്. ഒരു നാടക
ക്കാരനു സാമൂഹിക ഉത്തരവാദിത്വമുണ്ടായിരിക്കണം എന്നതിനേക്കുറിച്ചൊക്കെ പൊതു ചർച്ചയുണ്ടാകേണ്ടിയിരിക്കുന്നു.

 

നാടകം പഠിക്കേണ്ട ആവശ്യമുണ്ടോ?

അങ്ങനെയാണെങ്കിൽ തിരിച്ചു ചോദിക്കുന്നു സിനിമ പഠിക്കേണ്ട ആവശ്യമുണ്ടോ?എന്തെങ്കിലും പഠിക്കേണ്ട ആവശ്യമുണ്ടോ നമുക്ക് ജീവിതത്തിൽ. അങ്ങനെതന്നെ കണ്ടാൽ മതിയിതിനെ. പക്ഷേ ഒന്നും പഠിക്കുന്നതധികപ്പറ്റല്ല,. അക്കാദമിക്ക് സ്റ്റഡികൊണ്ട് ഒരു ദൂഷ്യവും ഉണ്ടാകില്ല. പക്ഷേ അതിനു ചരിത്രബോധവും സാമൂഹികബോധവും യാഥാർത്ഥ്യ ബോധവുമൊക്കെയുണ്ടായിരിക്കണം. അതായത് എന്തെങ്കിലും കണ്ടാൽ അതാണു ശരിയെന്നു വിശ്വസിക്കുന്നവർക്ക് ഈ അക്കാദമിക് സ്റ്റഡി കുറച്ചു കുഴപ്പം ചെയ്യും. ഇതിനാലാണ് ചരിത്രബോധവും സാമൂഹികബോധവും രാഷ്ട്രീയബോധവും വേണമെന്നു സൂചിപ്പിച്ചത്.

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ടുകളിലെല്ലാം യൂറോപ്യൻ രീതികളാണു പഠിപ്പിക്കുന്നത്. ഇതു പഠിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണ് എൻ്റെ രീതി. നമുക്കറിയാൻ വയ്യാത്ത പലതും ഉണ്ട്. അതെല്ലാം അറിഞ്ഞിരിക്കുക. സ്വയം അറിവു സമ്പാദിക്കുക എന്നരീതിയും ഉപയോഗിക്കാം. അത്തരത്തിൽ കാണേണ്ടതേയുള്ളൂ ഒരു വിദ്യാഭ്യാസത്തെ. ഒന്നിനും അഡ്മിറ്റാകാതിരിക്കുകയെന്നതാണു ചെയ്യാനുള്ളത്. സ്വയം നിലനിർത്താനുള്ള ഒരു കഴിവ് നമുക്ക് വേണം എന്തു പഠിക്കുമ്പോഴും അതാണാവശ്യം.

യൂറോപ്യൻ രീതികൾ എങ്ങനെയെത്തുന്നു നമ്മുടെ അക്കാദമിക നാടക സങ്കൽപ്പത്തിൽ ..?

നമ്മുടെ വിദ്യാഭ്യാസമെല്ലാം യൂറോപ്യൻ രീതിയാണ്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്ന കൺസപ്റ്റ് കൊണ്ടുവരുന്നതു തന്നെ ഇബ്രഹിം അൽകാസിയാണ്, അദ്ദേഹം റാഡയിൽ പഠിച്ചതാണ്.  അതിൻ്റെ ഒരു കൺസപ്റ്റ് നേരെ കൊണ്ടുവരികയായിരുന്നു അദ്ദേഹം. സ്വാതന്ത്യാനന്തര കാലത്താണിതെല്ലാം സംഭവിക്കുന്നത്. ആ ഇൻസ്റ്റിറ്റ്യൂഷനു പുറത്ത് മറ്റൊരു ധാരയുണ്ടായിരുന്നു. അഭി തന്വീർ നയിച്ചത്- ഇപ്റ്റയുടെ ഒരു മൂവ്മെൻ്റ്- ബംഗാളി നാടകങ്ങൾ-,ബോംബയിൽ വേറൊരു മൂവ്മെൻ്റ്..അങ്ങനെ വ്യത്യസ്തമായ മൂവ് മെൻ്റുകൾ….  കേരളത്തിൽ കുറച്ചുകൂടി വൈകിയിട്ടാണെങ്കിലും സമാന്തരമായുണ്ടായ ചില മൂവ്മെൻ്റുകൾ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ നാട്യധർമ്മി ലോകധർമ്മി എന്നു പറയുന്ന കാര്യങ്ങളിൽ ഒരു വ്യത്യാസം അന്നു നിലനിന്നു പോന്നു. ജനകീയമായ ഒരു തിയറ്ററും അക്കാഡമിക്കായ ഒരു തിയറ്ററും തമ്മിലുള്ള വ്യത്യാസം നിലനിൽക്കുന്നു. ശരിക്കും നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ മൊത്തത്തിലുള്ള ഒരു വിഷയം തന്നെയാണു തിയറ്ററിലും വന്നിരിക്കുന്നത്.

ഇവിടെ വന്നു നമ്മുടെ പലകാര്യങ്ങളും വിദേശികൾ പഠിച്ചുകൊണ്ടുപോകുന്നുണ്ട്. ചെഷ്നറെപ്പൊലുള്ള ആളൂകൾ ഇവിടെ വന്നു നമ്മുടെ നവരസങ്ങളെയൊക്കെപ്പഠിച്ച് വിദേശത്തുപോയി അതിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നമ്മളെ സബന്ധിച്ച് നമുക്കീ കൊളോണിയൽ ഹാങ് ഓവർ ഇങ്ങനെ നിലനിൽക്കുകയാണ്. അതിൻ്റെ ഒരു ഭാഗമായിട്ട് തിയറ്ററിലും നിലനിൽക്കുന്നു. അവിടെ നടക്കുന്നതാണ് ഏറ്റവും നല്ലത് എന്ന ചിന്ത എന്നാൽ നമ്മുടെ നൈസർഗ്ഗികതയ്ക്കനുസരിച്ചുള്ള സമീപനങ്ങൾ വേറെയാണെന്നു നമ്മൾ തിരിച്ചറിയുന്നില്ല.  അതു തിയറ്ററിലുമുണ്ട്. തിയറ്ററിൽ പഠന വിഷയമക്കേണ്ട ഇന്ത്യൻ നസ് നമ്മൾ കണ്ടെത്തിയിട്ടില്ല. നമ്മുടെ ട്രഡിഷനിൽ നിന്നുകൊണ്ട് അക്കാദമികമായൊന്നിനെ ഉരുത്തിരിക്കാമായിരുന്നില്ലേ അങ്ങനെ ഒരു ശ്രമമൊന്നും നടക്കുന്നില്ല.

നാടകം മനുഷ്യരോടോപ്പം ജനിച്ച ഒരു കലയാണ്. അതു വന്നത് സിനിമപോലല്ല. അതുകൊണ്ട് തന്നെ ആർക്കും നാടകം ചെയ്യാം എന്നൊരു ബോധ്യം എങ്ങനെയോ നമ്മളിലുണ്ട്. ഏതു മനുഷ്യനും നാടകം ചെയ്യാം എന്നും അഭിനയത്തിൻ്റെ ഒരു ബേസിക് ഇൻസ്റ്റിംഗ്ൻ്റ് എല്ലാവരിലുമുണ്ടെന്നും ഒരു ധാരണ. ഈ ധാരണയിങ്ങനെ കിടക്കുന്നതുകൊണ്ട് നാടകത്തിനു പ്രത്യേകിച്ചു പഠനമാവശ്യമില്ല എന്നും കരുതുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഒരു സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിറങ്ങുന്നവരുടെ എണ്ണവും വളരെ കുറവാണ്.

ഒപ്പറ അക്രോബാറ്റിക്ക് സാന്നിദ്ധ്യം പുതിയ നാടക വേദികളിൽ…?

നമ്മുടെ ഇവിടെ പൊതുവേ അതില്ല. പക്ഷേ വിദേശരാജ്യങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇതുണ്ട്. അവിടെ മോഡേൺ തിയറ്റർ എന്നു പറയുന്നത് ഇതിൻ്റെയെല്ലാം ഒരു മിക്സാണ്. അതെല്ലാം തിയറ്ററിൻ്റെ ബേസിക്ക് ഇൻ ഗ്രേഡിയൻ്റാണിപ്പോൾ. നമ്മളേ സംബന്ധിച്ചിപ്പോഴും അഭിനയവും സെറ്റും സ്റ്റേജും ലൈറ്റും ഒക്കെതന്നെയാണ്. എന്നാൽ ഇവിടെയിപ്പോൾ പലരും അത് ഇൻ കോർപ്പറേറ്റ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. പക്ഷേ നമുക്കതിനുള്ള ഇൻഫ്രാസ്റ്റ്രക്ചറുകൾ കുറവാണ്. അക്രോബാറ്റിക്ക് ഒക്കെയുള്ള ഒരു തിയറ്റർ നമുക്ക് കൊണ്ടുവരണമെങ്കിൽ ഒരു ഭാരിച്ച ഇൻഫ്രാസ്റ്റ്രക്ചർ നമുക്കാവശ്യമാണ്. ആക്ടേഴ്സിനതിനനുസരിച്ചുള്ള ട്രെയിനിംഗ് ആവശ്യമാണ്. മ്യൂസിക്കിൽ സാധകം നടത്തുന്നതുപോലെ നിരന്തരമായ അഭ്യസനം ആവശ്യമാണ്. പക്ഷേ ആ ഒരു കൺസപ്റ്റൊന്നു ഇവിടെ വരുന്നില്ല..

എക്സ്പ്രഷനുകൾക്കുള്ള, മുഖ ഭാവങ്ങൾക്കുള്ള പ്രാധാന്യം?

സിനിമയും നാടകവും തമ്മിലുള്ള വ്യത്യാസമതാണ്. സിനിമയിൽ നമുക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രം കാണിക്കാം. പക്ഷേ നാടകത്തിൽ ഒരു അഭിനേതാവിനെ മൊത്തത്തിലാണാളുകൾ കാണുന്നത്. അതായത് ശരീരമാണ് പ്രധാനം..അതാണു മാധ്യമം. ഒരു തിയറ്റർ ആക്ടറിനു ശരീരം എന്ന ടൂളിനെ- ആയുധത്തെ എപ്പോഴും പെർഫക്റ്റാക്കി നിർത്തേണ്ടതാവശ്യമാണ്. ഇരുപത്തി നാലു മണിക്കൂറും അയാൾ പ്രാപ്തനായിരിക്കണം. ഒരിക്കൽ കളിച്ചാൽ പോരല്ലോ..ഒരേ വേഷം തന്നെ പിന്നിടു കാലങ്ങൾക്കുശേഷം അതേ അഭിനേതാവു ചെയ്യേണ്ടി വരുമ്പോഴും അയാൾ ശാരീരികമായും ഫിറ്റായിരിക്കണം.  സിനിമയിൽ അങ്ങനെ വേണ്ട. ഒരിക്കൾ അഭിനയിച്ചുകഴിഞ്ഞാൽ അവിടെ തീർന്നു. ഒരു നാടക നടൻ അനുഭവിക്കുന്ന വലിയ പ്രശ്നം കൂടിയാണിത്..പണ്ട് നടന്ന അതേ ഊർജ്ജത്തിൽ അതു റിപ്രൊഡ്യൂസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ….. ആത്യന്തികമായും ഒരു പ്രശ്നമാണ്, ഇവിടെ ആക്ടർക്ക് പ്രൊഫഷണൽ ഡവലപ്പ്മെൻ്റിനുള്ള ഒന്നുമില്ല. ഓഡിറ്റോറിയങ്ങളില്ല റിഹേഴ്സലിനുള്ള സ്പേസ് ഇല്ല അങ്ങനെ പരിതാപകരമാണിവിടത്തെ പ്രശ്നം.

പകൽ നാടകം എങ്ങനെ നോക്കിക്കാണുന്നു, ലൈറ്റ് നാടകത്തിനനിവാര്യമാണോ?

ലൈറ്റില്ലാത്ത നടകങ്ങൾ നടത്താവുന്നതാണ്. സിനിമാ സംവിധായകർ പലപ്പോഴും കോമ്പ്രമൈസ് ചെയ്യാറില്ല. പക്ഷേ നാടക സംവിധായകനു കോമ്പ്രമൈസ് ചെയ്യേ
ണ്ടതായി വരുന്നു. ലൈറ്റ്, സൗണ്ട് മറ്റ് ഫെസിലിറ്റീസിലെല്ലാം വിട്ടു വീഴ്ച ചെയ്യേണ്ടിവരുന്നു. ഒരാളുടെ എല്ലാത്തരത്തിലുള്ള ക്രിയേറ്റിവിറ്റിയും ഉപയോഗിച്ചാണയാൾ ഒരു പ്രൊഡക്റ്റ് കൊണ്ടുവരുന്നത്. അതിലയാൾ വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പറയുന്നതുപോലെയാണ് ഈ പകൽ നാടകങ്ങൾ എന്നൊക്കെ പ്പറയുന്നത്. നാടകത്തെ സംബന്ധിച്ച് ലൈറ്റ് എന്നുപറയുന്നത് വലിയ ഒരു മാധ്യമമാണ് മാജിക്ക് കാണിക്കാൻ പറ്റുന്ന മാധ്യമം. ഒരാക്ടറിൻ്റെ പ്രകടനത്തെ എട്ടിരട്ടിയായി കാണിക്കാൻ പറ്റുന്ന മാധ്യമമാണത്. ആക്ടറിനതു കൊടുക്കുന്ന ഗിഫ്റ്റ് വളരെ വലുതാണ്. അതിനെയെല്ലാം അവഗണിച്ചിട്ടാണീ പകൽ നാടകം ചെയ്യണമെന്നു പറയുന്നത്. ഇപ്പോഴും നമ്മൾ പ്രൊപ്പഗൻ്റയുടെ ഭാഗമായി ഇതു ചെയ്യുന്നുണ്ട്.

നമ്മുടെ നാടക് എന്ന സംഘടന തന്നെ വീടുകളുടെ മുറ്റത്തു ചെന്നിട്ട് കോർട്ടിയാർഡ് നാടകങ്ങൾ ചെയ്യാൻ ഒരുങ്ങുന്നുണ്ട്, അതായത് മുൻപ് സൂചിപ്പിച്ചതുപോലെ പ്രൊപ്പഗൻ്റയുടെ പേരിൽ ചെയ്യാം. പക്ഷേ ഒരു ക്രിയേറ്റീവായ ഒരാർട്ടിസ്റ്റിൻ്റെ ക്രിയേറ്റീവ് എക്സ്പ്രഷ്ജൻ എന്ന തലത്തിൽ നാടകത്തിനെ കാണാൻ ശ്രമിച്ചാൽ ഈ ചോദ്യങ്ങൾ വരില്ല. കാരണം മറ്റൊരാർട്ടിസ്റ്റിനോടും നമ്മൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുകയില്ല, ഒരാർട്ടിസ്റ്റിനയാളുടെ പെയിൻ്റിംഗ് എക്സിബിറ്റ് ചെയ്യണമെങ്കിൽ മതിയായ പ്രതലം വേണം. പക്ഷേ തിയറ്ററുകാരോടു മാത്രം ഈ ചോദ്യം ചോദിക്കുന്നത് നമ്മൾ ആദ്യം പറഞ്ഞ ആ ധാരണ മൂലമാണ്, അതായത് ആ സാമൂഹിക പ്രതിബദ്ധതയുടെ തലം.

നമ്മൾ നമുക്ക് മനസിലാക്കാൻ പറ്റാത്ത സിനിമകളെ വളരെ പണിപ്പെട്ടു കണ്ട് വിലയിരുത്തുന്നു. എന്തുകൊണ്ടാണൊരു നാടകത്തെ ഇങ്ങനെ കാണാത്തത്? 

ഇതൊരു വലിയ പ്രയത്നമാണ്. ഒരു റിഹേഴ്സൽ ക്യാമ്പ് നാൽപ്പതോ അൻപതോ ആളുകളെ അവരുടെ വ്യക്തിപരമായ എല്ലാ പ്രശ്നങ്ങളേയും മറികടന്നുകൊണ്ട്
ദിവസങ്ങളോളം നടത്തിക്കൊണ്ട് പോകുന്ന ക്യാമ്പുകൾ അവിടെയുണ്ടാകുന്ന പ്രശ്നങ്ങൾ, ഇതെല്ലാം കഴിഞ്ഞു കാണുന്ന പ്രൊഡക്റ്റാണ് നമ്മൾ സ്റ്റേജിൽ കാണുന്നത്. അതിനെ എത്ര നിസാരമായിട്ടാണു നമ്മൾ കൊള്ളില്ലെന്നോ കൊള്ളാമെന്നോ ഒക്കെ വിലയിരുത്തുന്നത്. നാടകം ചുമ്മാതുണ്ടാകുന്നു എന്നൊരു ധാരണ നമ്മുടെ ഇടയിലുണ്ടാകുന്നുണ്ട്. അതു മാറ്റപ്പെടണം അത്തരമൊരു സമീപനം ആവശ്യമാണ്. മറ്റൊന്നുണ്ട്, കേരളത്തിൽ നാടകം എങ്ങനെ
വിലയിരുത്തപ്പെടണമെന്നറിയുന്നവർ തുലോം തുച്ഛമാണ്. തിയറ്റർ ക്രിട്ടിക്കുകൾ എന്നൊരു വിഭാഗം കേരളത്തിലില്ല. വിദേശത്തൊക്കെ ക്രിട്ടിക്കുകൾക്കുള്ള ബഹുമാന്യത വളരെ വലുതാണ്..

വ്യക്തിപരമായ പ്രശനങ്ങളാണിപ്പോൾ വിലയിരുത്തലിനെ ബാധിക്കുന്നത് അത് രാഷ്ട്രീയമോ മറ്റ് ഐഡിയോളജികളോ മൂലമല്ല  എന്ന അവസ്ഥ വളരെ പരിതാപകരമാണ്. അതിനു പിന്നിലുള്ള എല്ലാം ദുരിതങ്ങളും മനസിലാക്കി വേണം നാടകത്തെ വിലയിരുത്താൻ.

സിനിമാ അഭിനയത്തെ വളരെ സീരിയസ്സായി കണ്ടിട്ടില്ലെന്നു ചില സിനിമകളിൽ -പ്രിയനന്ദനുൾപ്പടെയുള്ള സംവിധായകരുടെ ചിത്രങ്ങളിൽ-  അഭിനയിച്ചിട്ടുണ്ടെങ്കിലും അതത്ര വലിയ പ്രയാസമുള്ള ഒരു അഭിനയ മേഖലയായി കണ്ടിട്ടില്ലെന്നും ഷൈലജ പറയുന്നു.

നാടക് എന്ന സംഘടനയെപ്പറ്റിയും ഷൈലജ പ്രതിനിധീകരിക്കുന്ന അഭിനയ വേദിയുടെ വ്യവഹാരങ്ങളെപ്പറ്റിയും വളരെ വിശദമായി പ്രതിപക്ഷം ന്യൂസ് ടീമിനോടു സംവദിക്കുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് സംഭാഷണത്തിനിടെ അവർ സൂചിപ്പിച്ചതുപോലെ നാടകം മനുഷ്യനോടൊപ്പം ജനിച്ച കലയാണെന്ന ചിന്തയാണ് ആത്യന്തികമായുണ്ടാകേണ്ടതെന്നും. അതിനെ മറ്റ് സാങ്കേതിക ഭാവങ്ങളൂടെ പിൻബലത്തിൽ രസിപ്പിക്കുന്ന സിനിമ എന്ന കലാരൂപവുമായി ഒരിക്കലും കൂട്ടിക്കുഴയ്കരുതെന്നു തന്നെയാണ്.

  j shylaja photo credit achu p     accompanied expert  anil c pallickal                                                    ***

 

LEAVE A REPLY

Please enter your comment!
Please enter your name here