Sunday, January 16

സിനിമയെന്നത് ഒരു ക്രാഫ്റ്റാണ്. അതിൽ കണ്ടന്റിനോടൊപ്പം തന്നെ സാങ്കേതികയും ഉണ്ടാകണം.

മലയാളസിനിമയിൽ ഡോകടർ ബിജു എന്ന നാമം പലരിലും അസ്വാരസ്യം സൃഷ്ടിക്കുന്നെങ്കിൽ അത് നിലപാടുകളിലെ വിട്ടുവീഴ്‍ചയില്ലായ്മ കൊണ്ടുതന്നെയാണ്. സിനിമയെന്നത് ജീവനോപാധിയല്ലെന്നും അതിൽ വ്യക്തമായ രാഷ്ട്രീയമുണ്ടാകണമെന്നും ബിജു ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കച്ചവടസിനിമയിൽ ബിജുവിനെപ്പോലൊരാൾക്കുള്ള ഇടം അത്രതന്നെ വലുതല്ല. ജീവിത പശ്ചാത്തലവും പൂർവികതയും രൂപപ്പെടുത്തിയ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് ബിജു പ്രതിപക്ഷം .ഇൻ നുവേണ്ടി നൽകിയ അഭിമുഖം. സിനിമ സിനിമയിലെ രാഷ്ട്രീയം സാമൂഹികമായ രാഷ്ട്രീയ ഭൂമിക ഇവയെപ്പറ്റിയെല്ലാം തുറന്നു പറയുന്നു.

ആദ്യ സിനിമയായ സൈറ റിലീസ് ചെയ്യുന്നത് 2005ൽ അതിനു ശേഷം ഏതാണ്ട് പതിനാലു വർഷങ്ങൾ മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ.. ഈ കാലത്തെ എങ്ങനെ നോക്കി കാണുന്നു?

പതിനാലു വർഷങ്ങൾ… ഓരോ പടങ്ങൾ കഴിയുമ്പോഴും പഠിക്കാൻ പറ്റുന്നു. ചലച്ചിത്രമേളകളിൽ പങ്കെടുക്കാൻ പറ്റുന്നു, പരിചയങ്ങളുണ്ടാകുന്നു, ഓരോ വർഷം കഴിയുമ്പോഴും ലോക സിനിമയുമായി അടുപ്പമുണ്ടാകുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഓരോ സിനിമയിൽ നിന്നും പുതിയത് പഠിക്കുകയാണ്. എന്തൊക്കെ പ്രശ്നങ്ങളുണ്ടാകുന്നു, അത് മനസിലാക്കി അടുത്ത സിനിമയിലേക്ക് പോകുന്നു. ഓരോ സിനിമ കഴിയുമ്പോഴുമുണ്ടാകുന്ന എക്സ്പീരിയൻസ് ഗുണം ചെയ്യുന്നുണ്ട്.

സിനിമയിൽ ഡോ. ബിജുവിന് അത്രയേരെ കാത്തിരിപ്പുണ്ടായിട്ടില്ല. അതായത് സിനിമ ചെയ്യുന്നതിൽ വലിയ ബ്രേക്ക് ഉണ്ടാകുന്നില്ല എന്തുകൊണ്ടാണത്.

ആദ്യത്തെ രണ്ട് സിനിമ ചെയ്യുമ്പോഴുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പിന്നീട് കാര്യമാ യുണ്ടായിട്ടില്ല. ഒരു പക്ഷെ വീട്ടിലേക്കുള്ള വഴിക്കു ശേഷം എന്നും പറയാം. ആ ചിത്രത്തിന്റെ ഗുണം അതിനു പറ്റിയ നല്ല പ്രൊഡ്യൂസറെ കിട്ടിയെന്നതാണ്. അതിറങ്ങിക്കഴിഞ്ഞതിനുശേഷം ആരെയും തിരക്കി ചെല്ലേണ്ട ആവശ്യമുണ്ടായിട്ടില്ല. പലരും എന്നെ തിരഞ്ഞുവരുന്ന അനുഭവമാണുണ്ടായത്. ഇതിൽ താരങ്ങളും നിർമ്മാ താക്കളും സാങ്കേതിക പ്രവർത്തകരുമൊക്കെയുണ്ടായിരുന്നു. ആ അവസ്ഥ കുറേ ക്കൂടി ചൂസ് ചെയ്യാൻ പറ്റുന്ന ഒരാവസ്ഥയിലെത്തിച്ച്, വീട്ടിലേക്കുള്ള വഴിയിൽ മുഖ്യ ധാരാ താരങ്ങളെക്കൂടി ഉൾപ്പെടുത്തിയതുകൊണ്ടുള്ള ഒരു ബ്രേക്ക് ആയിരുന്നു അവിടെ സംഭവിച്ചത്. ഒരു പാട് കോംപ്രമൈസ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സൈറയും രാമനുമൊക്കെ എടുക്കുമ്പോൾ. പക്ഷെ വീട്ടിലേക്കുള്ള വഴിയിൽ സാങ്കേതികമായി ഒരു പാട് മെച്ചമുണ്ടായിട്ടുണ്ട്. മലയാളത്തിൽ സിങ്ക് സൗണ്ട് ആദ്യമായൊക്കെ ഉപയോഗിച്ച് തുടങ്ങിയത് ആ സിനിമയിലൂടെയായിരുന്നെന്നും പറയാം.
അതായത് പുതിയ ജനറേഷനിൽ സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന കാലം. ഒരു പക്ഷെ അരവിന്ദന്റെയൊക്കെ കാലത്തിനു ശേഷം മലയാളസിനിമയിൽ വരുന്നത്. അതുപോലെ ആര്‍ട്ട് ഫോം സിനിമയിൽ പാനവിഷൻ ക്യാമറ സൗത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി ഉപയോഗിക്കുന്നത് വീട്ടിലേക്കുള്ള വഴിയിലാണ്. ആ സാങ്കേതികത തുടർന്ന് പോകാൻ പറ്റിയെന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനം. പലർക്കും അവാ ർഡ് കിട്ടുന്നു. ശ്രദ്ധിക്കപ്പെടുന്നു. ഇങ്ങനെയൊക്കെയുള്ള അനുഭവം. അതുപോ ലെതന്നെ എം ജെ രാധാകൃഷ്‌ണൻ ഉൾപ്പെടുന്ന സാങ്കേതിക വിദഗ്ധരുടെ ക്രൂ തന്നെ ഉണ്ടായി.


ഇനി വരാനുള്ള സിനിമ പെയിന്റിംഗ് ലൈഫ് ഇംഗ്ലീഷിലുള്ള സിനിമയാണ് ഇന്ത്യൻ – ഇംഗ്ലീഷ് മൂവി. മലയാളം വിട്ടുള്ള രണ്ടാമത്തെ സിനിമയാണ് സൗണ്ട് ഓഫ് സൈലെൻസ്. മറ്റു ഭാഷയിലുള്ള ഒരു സിനിമയായിരുന്നു. അതിൽ ഹിന്ദി പഹാഡിയൊക്കെ സംസാരിക്കുന്നുണ്ട്. അതായത് റീജിയണൽ ലാംഗ്വേജ് കൂടി ചേർന്ന ഒരു സിനിമയായിരുന്നു അതെന്നു പറയുന്നതാവും ശരി . എന്നാൽ പാൻ ഇന്ത്യൻ ആയി റീലീസ്സ് ചെയ്യാൻ സാധ്യതയുള്ള ഒരു സിനിമയാണ് പെയിന്റിംഗ് ലൈഫ്. അതിന്റെ ഒരു വിഷയം ആവശ്യപ്പെടുന്നതും ഇംഗ്ലീഷ് ഭാഷയാണ്. അതിന്റെ ഒരു സ്റ്റോറി ലൈൻ അങ്ങനെയാണ്. കഥാപാത്രങ്ങൾ പലേടത്തുനിന്നും വരുന്നവരാണ്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷയ്ക്ക്‌ അതിൽ പ്രാധാന്യം ഉണ്ടായി. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് എന്ന തരത്തിൽ. അതല്ലാതെ ഇംഗ്ലീഷിൽ ഒരു സിനിമ ചെയ്യണമെന്നുള്ള അമിതതാത്പര്യത്തിൽ ചെയ്തതൊന്നുമല്ല .

ഡോ ബിജുവിന്റെ സിനിമകൾ പലപ്പോഴും കഥകൾ സ്വയം രുപപ്പെടുത്തുന്നവയാണ്. ലെനിൻ രാജേന്ദ്രനെയുമൊക്കെപ്പോലെ മറ്റുകഥകൾ ശ്രദ്ധേയമായ രചനകൾ സ്വികരിക്കുന്നില്ല. പലതും സംസാരിക്കുന്നത് സമൂഹത്തിന്റെ രാഷ്ട്രീയവുമാണ്…

മറ്റു കഥകൾ അഡാപ്റ്റേഷൻ നടത്താറില്ല. അതുകൊണ്ട് ചെയ്യാൻ ഒരു സ്വാതന്ത്ര്യമുണ്ട്. അഡാപ്റ്റേഷൻ നമ്മളെ ഒരു ചട്ടക്കൂട്ടിൽ നിർത്തുന്നു.സിനിമയിലുള്ള സ്വാത്ര്യത്തെയും ബാധിക്കും. ഇതാകുമ്പോൾ നമ്മുടെ ഒരു ഇമാജിനേഷൻ അനുസരിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നു.
സിനിമയിലെ പൊളിറ്റിക്സ് – ഒരു സിനിമചെയ്യുമ്പോൾ അതെന്തിനാണ് ചെയ്യുന്നതെന്നൊരു അടിസ്ഥാനപരമായ ചോദ്യം ഉണ്ടാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വേറൊരു പ്രൊഫഷനിൽ നിൽക്കുന്നയാളാണ്. ജോലിചെയ്യുന്നതും ശമ്പളം വാങ്ങിക്കുന്നതുമൊക്കെ വേറെ ഒരു തലത്തിൽ നിന്നാണ്. അതിൽ നിന്നും മാറിനിന്നു സിനിമാ ചെയ്യുമ്പോൾ ഈ ചോദ്യം കൂടുതലുണ്ടാകുന്നു. അപ്പോൾ പണം, അതാകുന്നില്ല എന്നെ സംബന്ധിച്ചുള്ള സിനിമയുടെ റിട്ടേൺ. വിനോദം, അതിനേറെ ആളുകൾ ഇപ്പോൾ തന്നെ നമ്മുടെ സിനിമയിലുണ്ട്. അതിലൊരുപാട് ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. അതുകൊണ്ട് അതും നമ്മുടെ ഒരു ബാധ്യതയല്ല. പിന്നെ നമ്മുടെ ബാധ്യതയെന്ത് എന്ന് പറയുമ്പോൾ അത് പല സിനിമകളും സംസാരിക്കാൻ മടിക്കുന്ന ചില വിഷയങ്ങൾ തൊടാൻ മടിക്കുന്ന വിഷയങ്ങൾ അത്തരം വിഷയങ്ങളെ ടച്ചു ചെയ്യുകയെന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഞാൻ ജീവിച്ചു വന്ന ഒരു സാഹചര്യവും ഒക്കെ വച്ചിട്ട്‌ അത്തരം വിഷയങ്ങൾ എന്റെ സിനിമയിലുണ്ടാകണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കഥയെഴുതുന്ന സമയത്ത് അങ്ങനെയായിരുന്നു, അതറിയാതെ കടന്നു വരുന്നു.

Read Also  അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രദർശന ചിത്രങ്ങൾ

പിന്നെ ലെനിൻ സിനിമകൾ; മറ്റു കഥകൾ അദ്ദേഹത്തെപ്പോലെ സിനിമയാക്കാൻ ശ്രമിച്ചിട്ടില്ല, അങ്ങയെയൊരാലോചനയുണ്ടായിട്ടില്ല. അങ്ങനെ ചിന്തിക്കുമ്പോഴും ഒടുവിൽ ഒരു സോഷ്യൽ എലമെന്റിൽ എത്തുന്നു. അത് അതെന്റെ ഒരു ഡ്രോ ബാക് ആയി കാണാനും ഞാൻ ശ്രമിക്കുന്നു. ഒരർത്ഥത്തിൽ അതങ്ങനെ വരണമെന്നും ഒരു വേള ചിന്തിക്കുന്നു. 


പൊളിറ്റിക്കൽ സിനിമകൾ -മലയാളത്തിലെ പൊളിറ്റിക്കൽ സിനിമകൾ ഇപ്പോഴും പഞ്ചവടിപ്പാലവും സന്ദേശവുമൊക്കെയാണ് ഇതെങ്ങനെ വിലയിരുത്തുന്നു.

മനസിന്‌ സന്തോഷം തരുന്ന ഒന്നുമാത്രമല്ല കല. അതിൽ പൊളിറ്റിക്സ് ആവശ്യമാണ്. പഞ്ചവടിപ്പാലത്തിൽ പൊളിറ്റിക്കൽ സറ്റയർ ഉണ്ട്. മാറാത്തയിലെ പാൻട്രി ശ്കതമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ്. അതുപോലെ സ്വത്വരാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ ഇവിടെയുണ്ടാകുന്നില്ല. നമ്മുടെ സന്ദേശം പോലുള്ള സിനിമകൾ കക്ഷി രാഷ്ട്രീയത്തെ നേരെ അവതരിപ്പിക്കുകയാണ്. വ്യക്തിപരമായ തരത്തിൽ രാഷ്ട്രീയം പറയുക എന്നതൊക്കെയാണ്, അത്തരം സിനിമകൾ ചെയ്യുന്നത്. അതിനപ്പുറം ആൾക്കാരുടെ ഒരു സ്വത്വബോധത്തെ അഡ്രസ്സ് ചെയ്യുന്ന ചിത്രങ്ങൾ ഇവിടെയുണ്ടാകുന്നില്ല.( കേരളസമൂഹത്തിന്റെ ഒരു ധാരണയുടെ അനുഭവത്തിന്റെ അഭാവം ഇവിടെയുണ്ട് അല്ലെ ?) ലോകസിനിമകൾ അതിൽ പറയുന്നതൊന്നും ഇവിടെ സംഭവിക്കാവുന്നതല്ലെന്നുള്ള ധാരണയാണുള്ളത് അഥവാ അങ്ങനെ സംഭവിച്ചാൽ തന്നെ അതിനെ നമ്മൾ ഇഗ്നോർ ചെയ്യുകയാണ് പതിവ്.
(ഇറാൻ സിനിമകളിലൊക്കെയുള്ള നേരിട്ടുള്ള അനുഭവങ്ങളുടെ കുറവ് ഇവിടെ പ്രശനമാകുന്നില്ലേ?)

അനുഭവത്തിന്റെ കുറവുകൾ അത്രയുണ്ടെന്ന് തോന്നുന്നില്ല. ഉദ്ദാഹരണമായി കേരളത്തിലെ മുത്തങ്ങാപോലൊരു സമരം കേരളത്തിൽ വേറൊരിടത്തും ആ കാലത്തുണ്ടായിട്ടില്ല. ചെങ്ങറ, വടയമ്പാടി ഇതൊക്കെ വലിയതും വ്യത്യസ്തവുമായ സമരങ്ങളാണ്. മാലിന്യസംസ്കരണം, കുടിയൊഴുപ്പിക്കൽ ഇവയെല്ലാം ധാരാളം നടക്കുന്നു. ഇങ്ങനെ ഒന്നൊന്നായി വിഷയങ്ങൾ എടുത്തുകഴിഞ്ഞാൽ ജനകീയ സമരങ്ങൾ, ജനകീയ പ്രതിരോധങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. പക്ഷെ പ്രശ്നമെന്തെന്നാൽ ഇതൊന്നും സിനിമയാക്കേണ്ടതാണെന്ന തോന്നൽ നമുക്കുണ്ടാകുന്നില്ല. മാത്രമല്ല ഈ അനുഭവങ്ങളൊക്കെ വേറൊരു വിഭാഗം ആളുകളുടെ അനുഭവങ്ങളായി നിലനിൽക്കുന്നതുകൊണ്ടും കൂടിയാണിതിനെ സംബന്ധിക്കുന്ന സിനിമകൾ ഉണ്ടാകാത്തത്. ഒരു മൊത്തസമൂഹത്തെ അത് പ്രതിനിധീകരിക്കുന്നില്ല എന്ന ധാരണ. ഒന്നുകിൽ ജാതി അതല്ലെങ്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ അങ്ങനെയൊക്കെയുള്ള സമൂഹത്തിന്റെ പ്രശ്നമായതിനെ വായിക്കപ്പെടുന്ന രീതി നിലനിൽക്കുന്നു. ഇത്തരം വിഷയങ്ങൾ നമ്മുടെ സിനിമയ്ക്കു അനുയോജ്യമല്ല എന്നതരത്തിലുള്ള ഒരു കോമൺ പ്ലാറ്റുഫോം നമ്മൾ ഉണ്ടാക്കിവച്ചിരിക്കുന്നു. ബോധപൂർവം ഉണ്ടാക്കിവെച്ചിരിക്കുന്നുവെന്നും പറയാം. അതായത് ഇതിനെല്ലാമുപരി നിൽക്കുന്ന സമൂഹത്തിന്റെ ഒരു അടിത്തറ. അവിടെ സംഭവയ്ക്കുന്നതിനെ നമ്മൾ സിനിമയായി കാണാൻ ആഗ്രഹിക്കുന്നു.

നമ്മൾ പോലീസിനെ വിമർശിക്കാറില്ല. വിമർശിക്കുന്നെങ്കിൽ ഒന്നുകിൽ തമാശയായിട്ടാണ്. അതല്ലെങ്കിൽ ഒട്ടും റിയാലിസ്റിക്കല്ലാതെ ഷാജികൈലാസ് സിനിമകളുടെ രീതിയിലാണ്. അതിനപ്പുറം നമ്മൾ വിമർശിക്കുന്നെങ്കിൽ അത് അടിയന്തിരാവസ്ഥകാലത്തെ നിക്കറിട്ട പോലീസിനെയാണ്. വേഷം മാറിയ ഇപ്പോഴത്തെ പോലീസിനെ നമ്മൾ വിമർശിക്കില്ല. ആ രീതിയിലുള്ള ഒരു പൊളിറ്റിക്കൽ കറക്ട്നസ് നമ്മൾക്കില്ല.

തമിഴിലെ പരിയോരും പെരുമാൾ പോലൊരു ജാതി രാഷ്ട്രീയ അവസ്ഥ സംസാരിക്കുന്ന സിനിമ കേരളത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല                          ഒരുകാരണവശാലും മലയാളത്തിലാണെങ്കിൽ ആ ചിത്രം അഡ്രസ് ചെയ്യപ്പെടുന്ന വിഷയം ശ്രദ്ധേയമാകുമെന്നോ വിജയിക്കുമെന്നോ പറയാൻ പറ്റില്ല. തമിഴിൽ ഏതുതരം സിനിമയ്ക്കും ഉള്ള ഒരു സ്‌പേസുണ്ട്. മൊത്തം കോമാളിത്തരമാണെന്നറിയാമെങ്കിൽ പോലും നമ്മൾ സഹിക്കുന്ന രജനീകാന്തിന്റെ സിനിമമുതൽ ഈ സ്‌പേസ് നിലനിൽക്കുകയാണ്.                                      മലയാളത്തിൽ വളരെ മൗലികമായ മാറ്റങ്ങൾകൊണ്ടുവരുന്ന സിനിമകൾ ഉണ്ടാകുന്നില്ല. പക്ഷെ ചില മുഖ്യധാരാ സിനിമകളിൽ ചില മൗലികമായ സിനിമകളുണ്ടാകുന്നുണ്ട്. ഇപ്പോൾ സുഡാനിപോലുള്ള സിനിമകൾ പ്രതീക്ഷ നൽകുന്നു. പിന്നീട് ചില ചിത്രങ്ങൾ കോപ്പിയടിയാണെന്നുള്ള ആരോപണം. മാറ്റങ്ങൾ കൊണ്ടുവരേണ്ടത് മൗലികതയിലൂടെയാണ് അതിനെ അങ്ങനെകാണണം. കോപ്പിയടിച്ചുകൊണ്ട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല, അത് നിലനിൽക്കില്ല. മലയാളത്തിലുണ്ടാകുന്ന കോപ്പിയടി മറ്റേതെങ്കിലും സിനിമയുടെ ത്രെഡ് അതുപോലെ കൊണ്ടുവരുന്ന രീതിയിലുള്ളതാണ്. അത് ഇവിടത്തെ ഒരു സാഹചര്യത്തിൽ മാറ്റിയെടുക്കുന്നു. ഇതൊന്നുമില്ലാതെ സിനിമയുണ്ടാകുമ്പോഴാണ് മലയാള സിനിമയിൽ മാറ്റമുണ്ടാകുന്നുവെന്ന് നമുക്ക് പറയാൻ സാധിക്കൂ.

സമാന്തര സിനിമകളിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന അപചയം എല്ലാവർക്കും സിനിമയെടുക്കാമെന്ന നില വന്നതിനാൽ ചെലവ് ചുരുക്കി ടെക്കിനിക്കലായി യാതൊരു ക്വളിറ്റിയുമില്ലാത്ത ചിത്രങ്ങൾ ഉണ്ടാകുന്നു. അതായതു കണ്ടന്റ് മാത്രമാണ് സിനിമ, സാങ്കേതികത അതിനാവശ്യമില്ല എന്നവാദവുമുണ്ട്. പക്ഷെ സിനിമയെന്ന് പറയുന്നത് ഒരു ക്രാഫ്റ്റാണ്. അതിൽ കണ്ടന്റിനോടൊപ്പം തന്നെ സാങ്കേതികയും ഉണ്ടാകണം. ഇതൊന്നുമാലോചിക്കാതെയുണ്ടാകുന്ന തട്ടിക്കൂട്ട് സിനിമകൾ സമാന്തരസിനിമയെ അപകടപ്പെടുത്തുന്നുണ്ട്. ഇത് സീരിയസായി സിനിമകാണുന്നയാളിൽ മടുപ്പുണ്ടാക്കുന്നു. അപ്പോൾ സമാന്തരധാരയിലും മുഖ്യധാരയിലും കള്ളനാണയങ്ങളുണ്ടെന്നു മനസിലാക്കണം. ഹിന്ദിയിൽ പോലും ഈ രണ്ടുധാരയിലും വലിയ മാറ്റം പെട്ടെന്ന് നടക്കുമ്പോൾ മലയാളത്തിൽ ഇത് വളരെ പതിയെയാണ് സംഭവിക്കുന്നതെന്ന് വേണം മനസിലാക്കേണ്ടത്.

Read Also  അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള;പ്രദർശന ചിത്രങ്ങൾ

 

വലിയ ചിറകുള്ള പക്ഷി ബിജുവിന്റെ വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അതിനെ കേരളത്തിന്റെ മനസ്സാക്ഷിയെ ചോദ്യമുനയിൽ നിർത്തിയ ഒരനുഭവത്തിന്റെ സാക്ഷ്യമായി ആ സിനിമയെങ്ങനെ നോക്കിക്കാണുന്നു?

ആ സിനിമയ്ക്കു പല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അത് പലേടത്തും പഠനവിഷയമായി മാറുന്നുണ്ട് .ജേർണലിസം കോഴ്‌സിൽ ഉൾപ്പടെ. അക്കാദമിക്കായി മൂല്യമുള്ള ഒരു സിനിമയായി അത് കാണുന്നു. ആ സിനിമയ്ക്കു ശേഷമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ എൻഡോസൾഫാൻ വിഷയത്തിലിടപെടുന്നത്. അതുകൂടാതെ കാസർഗോട്ട് സ്നേഹവീട്‌പോലെ കുട്ടികളെ ഡേകെയർ ചെയ്യുന്ന സ്ഥാപനം തുടങ്ങുകയുമുണ്ടായി. ഒരു സിനിമയ്ക്കു ഒരു സമൂഹത്തിൽ എന്താണ് ചെയ്യാൻ പറ്റുകയെന്നതിന്റെ ഉത്തരമാണ് ഈ സിനിമ. അത് കൃത്യമായ ഒരു ഡോക്കുമെന്റാണ്. ഇരകളുടെ ഭാഗത്തുനിന്ന് സംസാരിക്കുന്ന ഈ ചിത്രം വർഷങ്ങൾക്കു ശേഷവും നിലനിൽക്കും. എന്റെ സിനിമകൾ സ്ഥിരമായി കാണുന്ന പലരും ഈ ചിത്രം കണ്ടില്ല അതിലെ കാഴ്ചകളായിരുന്നു അതിനു കാരണം.

കാട്ടുപൂക്കുന്ന നേരം ഒരു മാവോ വാദി ഇമേജിന് കരണമായില്ലേ?                         മുൻപ് സിനിമയിൽ പറഞ്ഞിരുന്നതിൽ കൂടുതൽ രാഷ്ട്രീയം പുറത്ത് സംസാരിച്ചിരുന്നില്ല ഞാൻ. പക്ഷെ കാലങ്ങൾ കഴിഞ്ഞപ്പോൾ സിനിമയ്ക്കു വെളിയിലും രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിത്തുടങ്ങി. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടിൽ നിന്നാണ് കാട് പൂക്കുന്ന നേരെ മുണ്ടാകുന്നത്. സിനിമയിൽ നിന്നും പുറത്തേക്കു രാഷ്ട്രീയം സംസാരിച്ചുകൊണ്ട് സിനിമയിലുടെ ഇടപെടുകയാണ് പലപ്പോഴും. കാട് പൂക്കുന്ന നേരം അത്തരത്തിലുള്ള ഒരു രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. ആകസ്മികമായി ഈ സിനിമയുണ്ടായിക്കഴിഞ്ഞപ്പോഴാണ് നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഇത് ആ സിനിമയുടെ പിൽക്കാലത്തെ പല പ്രദർശനങ്ങളെയും ബാധിച്ചു. ഒരു ഫാസിസ്റ്റു ബ്രാന്റിംഗ് മുഖ്യമന്ത്രിയ്ക്ക് പോലും ഉണ്ടായ സന്ദർഭമായിരുന്നു അത്. പക്ഷെ കാര്യങ്ങൾ പെട്ടെന്ന് മാറുകയും ഇപ്പോൾ പലേടത്തും പ്രദർശിപ്പിക്കുന്നുണ്ട്. ആരാണ് ഇടതു പക്ഷം എന്ന ചിന്തയുണ്ടാക്കുന്ന സിനിമയായിരുന്നു കാട് പൂക്കുന്ന നേരമെന്നു വേണമെങ്കിൽ പറയാം.

അടുത്തചിത്രമായ സൗണ്ട് ഓഫ് സൈലൻസ് ഇത്തരമൊരു പ്രത്യക്ഷ രാഷ്ട്രീയം സംസാരിക്കുന്നില്ല. അതിൽ നിന്നുള്ള മടുപ്പാണോ അതിനു കാരണം?                  ബാക് ടു ബാക് മൂന്ന് സിനിമകൾ രാഷ്ട്രീയം സംസാരിച്ചപ്പോൾ അടുത്തത് അങ്ങനെ വേണ്ടെന്ന തീരുമാനമാണ്. സൗണ്ട് ഓഫ് സൈലൻസ് ഒരു തരത്തിൽ അതും spirituality യുടെ പൊളിറ്റിക്‌സാണ്.

പലപ്പോഴും ഡോ ബിജു വിന്റെ പ്രസ്താവനകൾ പലരിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാറുണ്ട് പ്രത്യേകിച്ചും മലയാള സിനിമയിലെ ബ്രാഹ്മണിക്കൽ ഭാവത്തെ പറ്റിയൊക്കെ സംസാരിക്കുമ്പോൾ…                                                                  മലയാള സിനിമ 98 ശതമാനം ബ്രാഹ്മണിക്കലാണ്. എനിക്ക് തോന്നുന്നത് കേരളത്തിൽ ബിജെ പിയുടെ ഒരു വരവൊരുക്കിയത് തന്നെ ഇത്തരം സിനിമകളാണെന്നാണ്. മോഹൻലാലിന്റെയൊക്കെ അത്തരത്തിലുള്ള സിനിമകൾ വലിയതോതിൽ സമൂഹത്തെ ബാധിച്ചു. അതുപോലെ തന്നെ ഷാജി കൈലാസ് രഞ്ജിത്ത് തുടങ്ങിയവരുടെ സിനിമകൾ. ഇതിനെ ഹൈന്ദവ സിനിമകൾ എന്ന് തന്നെ വിളിക്കാം. സിനിമകളുടെ പേരിലും കഥാപാത്രങ്ങളുടെ പേരിലുമൊക്കെ തന്നെ ഈ ഹൈന്ദവത തെളിഞ്ഞുനിന്നിരുന്നു. ഈ കാലത്തുപോലും അവർ ഇത്തരം സിനിമകളിൽ നിന്നും മാറുന്നില്ലെന്നതും തിരിച്ചറിയേണ്ടതാണ്, രഞ്ജിത്തിന്റെ ഒരു സമീപകാല സിനിമയിൽ ഒരു ഡോക്റ്ററോട് മറ്റൊരു കഥാപാത്രം ചോദിക്കുന്നു നിങ്ങൾ ഇഴവനാണോ എന്ന് അല്ല ഞാൻ ഒന്നാം തരം നായരാണെന്നാണ് മറുപടി. ഇതൊക്കെ എന്തിനാണെന്ന് മനസിലാകുന്നില്ല ഒരു ഡോകടർ എന്ത് ജാതിക്കാരനുമാകട്ടെ ഇതെന്തിനാണ് ഇങ്ങനെ ഒളിച്ചു കടത്തുന്നത്. അത് വളരെ നിഷ്ക്കളങ്കമായി സംഭവിക്കുന്നതല്ല. അവർ പിന്നീട് ഇതിന്റെ, ഹൈന്ദവതയുടെ വക്താക്കളായി മാറുന്നു. അവർ തിരുത്തുന്നില്ല, അത് തടർന്നു കൊണ്ടേയിരിക്കുന്നു. ഇത് സ്ക്രീനിനു മുൻപിലും പിന്നിലും നിറഞ്ഞു നിൽക്കുന്നു.

സണ്ണി എം കപിക്കാട് സൂചിപ്പിക്കുന്നത് പോലെ ഒരു ഇന്റർവ്യൂവിനു ചെന്നിരിക്കുന്നയാളിന്റെ പേരിൽ ഒരു ജാതി വാലുണ്ടെങ്കിൽ അയാൾക്ക് കുറച്ചു മൈലേജ് കിട്ടിക്കഴിയും. പിന്നീടയാൾ ഇത് കളയാതെ നോക്കിയാൽ മതി പക്ഷെ ഒരു താഴെ തട്ടിലുള്ളയാൾക്കു അയാൾ എന്തെന്ന് തെളിയിക്കാൻ ഒരു പാട് പണിപ്പെടേണ്ടി വരുന്നു. നമ്മുടെ സ്ത്രീകൾ അവർക്കു കിട്ടിയ അനുവാദം വേണ്ടെന്നു പറയുന്ന അവസ്ഥയൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.ഇത്തരത്തിലെല്ലാം കാര്യങ്ങൾ ചെന്നെത്തുന്നു. നമ്മൾ ജീവിക്കുന്നത് അത്തരത്തിലുള്ള സമൂഹത്തിലാണെന്നതും തിരിച്ചറിയേണ്ടതാണ്.

re post

Spread the love

Leave a Reply