Thursday, January 20

ശബരിമലയിലെ പൂജാരി എൻ്റെ വല്യപ്പനായിരുന്നു : മലയരയ ഗോത്രത്തിലെ കല്യാണി മുത്തശ്ശിയുടെ വെളിപ്പെടുത്തലുകൾ

കുന്നുകളും താഴ്വരകളും കടന്നാണു  ശബരിമലയിലെ അവസാനമലയരയ പൂജാരിയുടെ പിന്മുറക്കാരിയുടെ വീട്ടിൽ പ്രതിപക്ഷം ന്യൂസ് ടീം  എത്തിയത്. കോട്ടയം ജില്ലയുടെ കിഴക്ക് സഹ്യൻ്റെ മടിത്തട്ടിലെ കോരുത്തോട് എന്ന മലയോരഗ്രാമത്തിലാണു ഞങ്ങളെത്തിച്ചേർന്നത്.  കോരുത്തോട് ഫോറസ്റ്റ് ഓഫീസിൽ കാത്തുനിന്ന ജീവനക്കാരനായ ടി ആർ ഉദയകുമാറാണു ഞങ്ങളെ മുത്തശ്ശിയുടെ വീട്ടിലേയ്ക്ക്  നയിച്ചത്. 

കല്യാണി മുത്തശ്ശിക്ക് അവരുടെ അറിവിൽ 90 വയസ്സായി. അവരുടെ പ്രായം  നിരീക്ഷിച്ചാൽ ഒരെഴുപതുപോലും മതിക്കില്ല. അവർക്ക് അന്നും ഇന്നും ചിലതൊക്കെ അറിയാം. ആ കാര്യങ്ങളൊക്കെ അപ്പനും വല്യപ്പനുമൊക്കെ പറഞ്ഞിട്ടുണ്ട്. എല്ലാമൊന്നും ഓർമ്മയില്ല.  ഭൂതകാലചരിത്രങ്ങളൊക്കെ കൃത്യമായി ഓർത്തെടുക്കാൻ ഇവർക്ക് കഴിയുന്നില്ല. പക്ഷെ ഒരു കാര്യം ഓർത്തെടുക്കാൻ, ഉറപ്പിച്ചുപറയാൻ കല്യാണി മുത്തശ്ശിക്കു കഴിയുന്നു. തൻ്റെ പൂർവ്വികർ പറഞ്ഞിരുന്ന ചരിത്രങ്ങളിൽ ചിലതൊക്കെ അവർ പറയാൻ തുടങ്ങി. എന്തൊക്കെയായാലും പതിനെട്ടു പടികളിൽ ഒന്നാം പടിയിൽ കരിമലയരൻ്റെ പേര് കൊത്തിവെച്ചിട്ടുണ്ടെന്നുള്ളത് പലരും കണ്ടിട്ടുള്ളതാണ്.  മലയരയർ വകക്ഷേത്രമെന്ന ലിഖിതവുമുണ്ട്. പതിനെട്ടാം പടി പുനരുദ്ധാരണം നടത്തിയപ്പോള്‍  ഒന്നാം പടി കമിഴ്ത്തിയിട്ടാണ് സ്വർണ്ണം പൂശിയതെന്നാണ് മലയരയർ പറയുന്നത്.

ആദിവാസികളുടെ സ്ഥായീഭാവമായ നിഷ്കളങ്കത അവരോടൊപ്പം എപ്പോഴും ആധിപത്യം ചെലുത്തിനിൽക്കുന്നതുകൊണ്ടാകാം അവരുടെ  വാമൊഴി ചരിത്രങ്ങൾ രേഖപ്പെടുത്താതെ പോകുന്നത്. വ്യാജ ചരിത്രനിർമ്മിതികളുടെ അടിസ്ഥാനം കൂടുതൽ ബലപ്പെടുത്താൻ ചരിത്രകൗൺസിലുകളുൾപ്പെടെയുള്ള അക്കാഡമിക്കുകൾ മത്സരിക്കുമ്പോൾ ഇത്തരം വായ്മൊഴികൾ അവഗണിക്കപ്പെടുന്ന സമൂഹമാണു നമ്മുടേത്. ബ്രാഹ്മിണിക്കൽ ചരിത്രവീക്ഷണത്തിനു ആധാരമായ തെളിവുകൾ അവർ എപ്പോഴും മുന്നോട്ടുവെയ്ക്കുന്നു. പൊതുവേദികളിൽ അന്യമായെപ്പോഴും നിൽക്കുന്ന  ആദിവാസികളുടെ ദൗർബല്യങ്ങൾ മുതലെടുത്തുകൊണ്ടുതന്നെയാണു ഇത്തരം     ചരിത്രസൃഷ്ടാക്കൾ അവരുടെ വാദഗതികൾ ഉറപ്പിക്കുന്നത്. കല്യാണി മുത്തശ്ശിയുടെ വെളിപ്പെടുത്തലുകൾക്ക് സമൂഹം കാതുകൊടുക്കാത്തതുപോലും   ഈ ബ്രാഹ്മണിക്കൽ പൊതുബോധം സമൂഹത്തിൽ തുടരുന്നതുകൊണ്ടുതന്നെയാണ്.

 മറ്റൊരുതരത്തിൽ പറഞ്ഞാൽ  ആദിവാസികളുടെയും ദലിതരുടെയുമൊക്കെ ശബ്ദം പുറത്തുവരാതിരിക്കുന്നതിനുപിന്നിൽ വലിയ സംഘടിതശക്തി ദൃശ്യമായും അദൃശ്യമായും നമുക്കു ചുറ്റും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെയാണു ഇന്ത്യയിലുടനീളമുള്ള പ്രശസ്തങ്ങളായ ഓരോ ക്ഷേത്രങ്ങളുടെയും പിന്നിലെ വാമൊഴിചരിത്രങ്ങൾ തിരയേണ്ടതാണെന്ന ചിന്തയുമായി  പുതുഗവേഷകർ എത്തിച്ചേരുന്നത്. അങ്ങനെയൊരു നീക്കം ചരിത്രരംഗത്തു നടത്തിക്കഴിഞ്ഞാൽ ഞെട്ടിക്കുന്ന പല വിലപിടിച്ച വായ്മൊഴികളും നമുക്ക് ഇനിയും കിട്ടും. പക്ഷെ ഇതുവരെ ഇത്രയും കാലമായിട്ടും അതിനുള്ള ഒരു ചെറിയ ശ്രമംപോലും ഒരു അക്കാഡമിക്കും നടത്തിയിട്ടില്ല എന്നതാണ് സത്യം.

ഈ സാഹചര്യത്തിലാണ് ഐക്യ മലയരയ സമുദായ സംഘടനയുടെ ജനറൽ സെക്രട്ടറിയായ പി കെ സജീവ്  അക്കാദമികരഹിതമായി   നടത്തിക്കൊണ്ടിരുന്ന ഗവേഷണത്തിലൂടെ ലഭ്യമായ  വായ്മൊഴി ചരിത്രം ഇപ്പോൾ  ചർച്ചാവിഷയമാകുന്നത്.

ആരാണ് കല്യാണി മുത്തശ്ശി

എല്ലാ വനഗോത്രവാസികളേയും പോലെ കുടിയിറക്കിൻ്റെ കഥതന്നെയാണ് കല്യാണി മുത്തശ്ശിക്കും പറയാനുള്ളത്.പക്ഷേ ഈ കുടിയിറക്കത്തിനു വർത്തമാന കേരളത്തിലെ ചില പാരമ്പര്യവാദികൾക്കുള്ള ഒരു മറുപടികൂടി നൽകുവാനുണ്ട്.

ശബരിമലയ്ക്കുസമീപമുള്ള  കരിമലയിൽനിന്നും ഒരു നൂറ്റാണ്ടിനുള്ളിലുള്ള ഒരു കാലത്തു കുടിയിറക്കപ്പെട്ടവരാണു കല്യാണി മുത്തശ്ശിയും അവരുടെ മുൻ തലമുറക്കാരും. എതാണ്ട് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിലാണതു സംഭവിച്ചത്.  1930 -1935 കാലഘട്ടത്തിൽ.  ഇവർ വാസസ്ഥലത്തുനിന്നും  ആട്ടിപ്പായിക്കപ്പെടുകയായിരുന്നു, . ചരിത്രത്തെ വളരെ കൃത്യമായി  മാറ്റിയെഴുതുവാനുള്ള ഒരു ഗൂഢാലോചനയുടെ  ഭാഗമായിട്ടുതന്നെയായിരുന്നു ഇതു നടന്നത്. 

Read Also  ഹിന്ദുമതവിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് കേരളത്തിലും മാധ്യമവേട്ട

കല്യാണിമുത്തശ്ശി സംസാരിച്ചുതുടങ്ങി  പലതും ഓർത്തെടുത്തു പറഞ്ഞുകൊണ്ടിരുന്നു.

`എൻ്റെ അപ്പൻ കേളനായിരുന്നു. അപ്പൻ്റെ അപ്പൻ കോന്തി, കോന്തിയുടെ അപ്പൻ കൊച്ചുരാമൻ. കൊച്ചുരാമൻ്റെ അപ്പൻ്റെ പേരും കോന്തിയെന്നായിരുന്നു. അപ്പൂപ്പൻ്റെ പേരു കൊച്ചുമക്കൾക്കിടുന്ന ഒരു രീതിയുണ്ടായിരുന്നു. ഈ കോന്തിയാണു ശബരിമലയിലെ അവസാനത്തെ മലയരയപൂജാരി. കരിമലയരയനായിരുന്നു ശബരിമലയിലെ ആദ്യത്തെ പൂജാരി. ആ നിരയിലെ അവസാനത്തെ പൂജാരിയാണു കോന്തി. 

വല്യപ്പൻ്റെ അപ്പൻ്റെ അപ്പനായിരുന്നു കോന്തി. താഴമൺ കുടുംബം വരുന്നതിനുമുമ്പ് കോന്തിയായിരുന്നു അവിടത്തെ പൂജാരി. എൻ്റെ അപ്പൻ കേളൻ  എല്ലാ ദിവസവും  രാവിലെയും വൈകിട്ടും ശബരിമല ക്ഷേത്രത്തിൽ വന്നു വിളക്കു കൊളുത്തുമായിരുന്നു. കരിമലയെന്ന മലകയറിയിറങ്ങിയാണു എന്നും രണ്ടുനേരം വിളക്കുകൊളുത്താൻ പോയിരുന്നത്. അപ്പനൊക്കെ ഊഴിയം ചെയ്യാനുള്ള ചുമതലയായിരുന്നു.  അവിടെ സമീപപ്രദേശത്തെ  കാട് തെളിക്കുന്ന ജോലിയായിരുന്നു അപ്പനു. ആ കാലത്തുതന്നെയാണു ഞങ്ങളെ കരിമലയിൽനിന്നും വനം വകുപ്പുകാർ ആട്ടിപ്പായിച്ചത്. അവിടെനിന്നാണു കോരുത്തോടിലേക്ക് കുടിയേറുന്നത്.

മകരവിളക്ക് കത്തിച്ചിരുന്നത് ഞങ്ങളായിരുന്നു

പൊന്നമ്പലമേട്ടിൽ മകരവിളക്ക് കത്തിച്ചിരുന്നത് മലയരയരായിരുന്നു. ദേവസ്വം ബോർഡ് വന്നപ്പോൾ മകരവിളക്ക് കത്തിക്കുന്ന ചുമതലയിൽനിന്നുകൂടി അരയസമുദായത്തെ നീക്കം ചെയ്തു. അതോടെ ശബരിമലയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആചാരങ്ങളിൽനിന്നും  മലയരയസമുദായത്തെ പുറത്താക്കി.   ഞങ്ങളുടെ കുട്ടിക്കാലത്തു ശബരിമലയിൽ പോകാറുണ്ടായിരുന്നു.

  • അയ്യപ്പൻ്റെ മാതാപിതാക്കളായ  കണ്ഠരുടെയും കറുത്തമ്മയുടെയും വിഗ്രഹം ഇപ്പോഴും ക്ഷേത്രത്തിനോട് ചേർന്നാണു പ്രതിഷ്ടിച്ചിട്ടുള്ളത്.  ഒരുപക്ഷെ ഭയമുള്ളതുകൊണ്ടായിരിക്കാം  അതവിടുന്ന് എടുത്തുകളയാൻ ധൈര്യപ്പെടാത്തത്.

പക്ഷെ ഗണപതിയുടെയൊക്കെ വിഗ്രഹമൊക്കെ കെട്ടിടങ്ങൾക്കുള്ളിലിരിക്കുമ്പോൾ ആദിവാസികളായ കറുത്തയുടെയും കണ്ഠൻ്റെയും വിഗ്രഹങ്ങൾ ഒരു പ്രാധാന്യവുമില്ലാതെ  ചുറ്റുമതിലോ മേൽക്കൂരയോ  ഇല്ലാതെ ഉപേക്ഷിക്കപ്പെട്ടതുപോലെയാണ്. അതുകൊണ്ടുതന്നെ തീർത്ഥാടകരാരും അതു ശ്രദ്ധിക്കാറുമില്ല. കാരണം അതിനുമുമ്പിൽ ആരാണെന്ന ബോർഡുപോലും വെച്ചിട്ടില്ല. 

ഒരു ആസൂത്രിതമായ നീക്കത്തിലൂടെ വലിയ അട്ടിമറികൾ അവിടെ നടന്നതാണെന്നുതന്നെ കാണാൻ സാധിക്കും. ഒരു പക്ഷെ കോന്തിയിൽനിന്നും ആചാരപരമായിത്തന്നെ ശ്രീകോവിലിൻ്റെ താക്കോൽ പന്തളം രാജകൊട്ടാരം കൈക്കലാക്കിയാതാകാം.

  • എതിർപ്പെന്ന വികാരം ആദിവാസികളുടെ രക്തത്തിലുണ്ടായിരുന്നില്ല. പന്തളം രാജകുടുംബത്തിൻ്റെ കല്പന അനുസരിക്കുക  യെന്നതാണു ജനിതകമായിത്തന്നെ വിധേയത്വം മാത്രം കൈമുതലായുണ്ടായിരുന്ന മലയരയരും ചെയ്തിരുന്നത്
അയ്യപ്പനെന്ന മിത്തിലേക്ക്

ശ്രീ അയ്യപ്പനെ കണ്ടുകിട്ടിയപ്പോൾ മക്കളില്ലാത്ത രാജരാജശേഖരവർമ്മയ്ക്ക് അതിരറ്റ ആനന്ദമായിരുന്നു എന്നാണു ഐതിഹ്യം. ആയോധനകലകളിൽ അപാരമായ കഴിവ് പ്രകടമാക്കിയ  ബാലൻ്റെ അറിവിലും ബുദ്ധിയിലും അത്ഭുതപ്പെട്ട രാജാവ് ഒരു മകൻ ജനിക്കുന്നതുവരെ വളർത്തി. സേനയിൽ അപാരമായ കഴിവു തെളിയിച്ച അയ്യപ്പനെ ഉപേക്ഷിക്കാനുള്ള നീക്കം തുടങ്ങിയത് മകൻ ജനിച്ചപ്പോഴാണു.   അസൂയാലുവായ മന്ത്രിയുടെ ആസൂത്രിതമായ ഗൂഡപദ്ധതിയിലൂടെ  രാജ്ഞിയുടെ ഇംഗിതത്തിനുവഴങ്ങി ബാലനെ കാട്ടിലേയ്ക്കുതന്നെ മടക്കിഅയച്ചു എന്നാണു കഥ. പുലിപ്പാൽ ശേഖരിച്ചു പുലിപ്പുറത്തു വന്നു എന്നൊക്കെയാണു പ്രചാരത്തിലുള്ള  മിത്ത്.   കറുത്തമ്മയുടെയും കണ്ഠൻ്റെയും മകനായിട്ടായിരുന്നു ശ്രീ അയ്യപ്പൻ ജനിച്ചത്. എപ്പോഴോ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോഴായിരിക്കാം ശൈശവകാലത്തു അയ്യപ്പനെ പന്തളം രാജാവ് കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോകുന്നത്. ഏ ഡി. 904-1820 കാലഘട്ടമായിരുന്നു പന്തളം രാജവംശത്തിൻ്റെ ഭരണകൂടം നിലവിരുന്നത്. ഖിൽജി വംശത്തിൻ്റെ ആക്രണത്തിൽനിന്നും രക്ഷ തേടിയാണു പാണ്ഡ്യരാജവംശത്തില്‍പെട്ട ഇവര്‍  സഹ്യൻ്റെ താഴ്വരയിലേയ്ക്കെത്തിയത്.   അങ്ങനെ നോക്കുമ്പോൾ വെറും  ആയിരം വർഷത്തിനു താഴെ മാത്രം പ്രായമേ   അയ്യപ്പനും രാജ രാജശേഖരവർമ്മയ്ക്കും  ആയിട്ടുണ്ടാകൂ.

Read Also  ബി ജെ പി സമരപന്തലിനു സമീപം ആത്മഹത്യശ്രമം നടത്തിയ ആൾ ആശുപത്രിയിൽ മരിച്ചു

ഇതൊക്കെയായിട്ടും ചരിത്രം അംഗീകരിക്കാനോ ശ്രീ അയ്യപ്പൻ്റെ പൂജാരികളായ പൂർവ്വികരുടെ ചരിത്രത്തിനു കാതോർക്കാനോ ഇപ്പോഴുള്ള തന്ത്രി കുടുംബമോ പന്തളം രാജവംശമോ ഇതുവരെ തയ്യാറായിട്ടില്ല. വിശ്വാസയോഗ്യമായ ചരിത്രവും മിത്തുകളും തന്നെയാണു പി കെ സജീവും മലയരയസമുദായങ്ങളും പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുന്ന വിവരങ്ങളുടെ തുടർച്ച മലയരയവിഭാഗത്തിലെ തന്നെ യുവതലമുറ അക്കാദമിക്കായോ അല്ലാതെയോ സമൂഹത്തിലേയ്ക്ക് എത്തിക്കുമെന്നു പ്രതീക്ഷിക്കാം 

ശബരിമല മലയരയരുടേത്; ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥചരിത്രവുമായി പി. കെ. സജീവ്‌

 

Spread the love