ധാരാളം അഭിമുഖങ്ങൾ പല മാധ്യമങ്ങൾക്കും വേണ്ടി ചെയ്തിട്ടുള്ള പത്രപ്രവർത്തകനായിരുന്നു പി കെ ശിവദാസ്. ദേശീയതലത്തിലും പ്രാദേശികതലത്തിലും നിരവധി വ്യക്തിത്വങ്ങൾ ശിവദാസൻ മാഷിന്റെ അഭിമുഖങ്ങളിൽ മനസുതുറന്നിട്ടുണ്ട് . രാഷ്ട്രീയം പങ്കു വച്ചിട്ടുണ്ട്, പരിഭാഷ സാഹിത്യത്തെ അതിന്റെ ഏകാത്മകതയിൽ നിന്നുകൊണ്ടുതന്നെ അർത്ഥവ്യതിയാനങ്ങൾ ഇല്ലാതെ പകർന്നു നൽകുന്ന ഭാഷയായിരുന്നു ശിവദാസൻ മാഷിന്റേത്.ജീവിതത്തിൽ മാധ്യമങ്ങൾ പലതും തട്ടകങ്ങളായെങ്കിലും എഴുത്താണ് അവസാന ഇടമെന്നുകണ്ടെത്തുന്നതാണ് അദ്ദേഹം മൊഴിമാറ്റം ചെയ്ത പുസ്തകങ്ങൾ. കഴിഞ്ഞ ആഴ്ചയാണ് പ്രതിപക്ഷം.ഇൻ വേണ്ടി പരിസ്ഥിതിപ്രവർത്തകൻ കൂടിയായ അനിൽ സി പള്ളിക്കൽ മൂഴിക്കുളം ശാലയിലെ കുട്ടികൾക്കൊരുക്കിയ സഹവാസ ക്യാമ്പിൽ വച്ച് അദ്ദേഹവുമായി കാണുന്നത്.ഈ അഭിമുഖം അദ്ദേഹംപ്രതീക്ഷയോടെ കാത്തിരുന്നുവെന്നും അനിൽ പറയുന്നു. ഇതൊരു വ്യസനമായി അവശേഷിക്കുന്നു.  ഈ സംവാദത്തിൽ എത്ര ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം ഇന്ത്യൻ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തെ കാണുന്നതെന്ന് മനസിലാക്കാം . ഒരു പക്ഷേ, പ്രതിപക്ഷം .ഇൻ അതിന്റെ ഈ ചുരുങ്ങിയ കാലഘട്ടത്തിൽ നിരവധി സംഭാഷങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, മലയാള സാംസ്കാരികരംഗത്ത് എഴുത്തിലൂടെ ശ്രദ്ധേയനായ ശിവദാസൻ മാഷിനെപ്പോലുള്ള ഒരു അസാധാരണനായ ഒരു സാധാരണ മലയാളിയുടെ സംഭാഷണം അദ്ദേഹത്തിനുമുന്പിൽ എത്തിക്കുവാൻ സാധിക്കാതെ പോയതിലുള്ള ക്ഷമാപണത്തോടെ ഈ അഭിമുഖം വായിച്ചു തുടങ്ങാം

മാഷിന്റെ പത്രപ്രവർത്തന ജീവിതം

ആദ്യമായി പത്രപ്രവർത്തകനായി ജോലിചെയ്യുന്നത് ഭവൻസിലാണ്. അച്ഛനാണ് എന്നെ മുംബൈയിലേക്ക്‌ കൊണ്ടുവന്നത് എം പി പരമേശ്വരന്റെ അനുജൻ ശങ്കരേട്ടൻ അവിടെയുണ്ടായിരുന്നു. യാതൊരു മുന്പരിചയവുമില്ലാതെയാണ് പത്രപ്രവർത്തനത്തിലേക്കു കടക്കുന്നത്.

അച്ഛന്റെ കൂട്ടുകാരനായ രാമകൃഷ്ണൻ എന്നയാളും ഉണ്ടായിരുന്നു, അവിടെ. വൈദ്യനാഥൻ എന്ന ആളെ വിളിച്ചിട്ടു മകനെ ഇവിടെ ചേർക്കണം എന്താ ജോലിയെന്ന് വച്ചാൽ കൊടുത്താൽ മതിയെന്ന് പറഞ്ഞു. ഇതൊക്കെയായിരുന്നു തുടക്കം. അഞ്ഞൂറ് രൂപ ശമ്പളം.സുബരായൻ ആയിരുന്നു എഡിറ്റർ. അദ്ദേഹമാണ് എന്നെ അവിടെ എടുത്തത്. അതോടുകൂടെ അവിടെയുണ്ടായിരുന്ന പലർക്കും എന്നോട് വലിയ ദേഷ്യമുണ്ടായി.സുബ്ബരായൻ തന്നെയാണ് എന്നെ ആദ്യം ന്യൂസ് എഴുതാൻ പഠിപ്പിക്കുന്നത്. ഹാത്തിയെന്ന വലിയ പ്രശസ്തനായ ഒരാളുണ്ടായിരുന്നു.അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനാണ് ഞാൻ ആദ്യമായി നിയോഗിക്കപ്പെട്ടത്. ഞാൻ അദ്ദേഹവുമായി സംസാരിച്ചു നാലുപേജുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കി കൊടുത്തു. എന്താണ് വേണ്ടത്, വേണ്ടാത്തത് എന്നൊന്നുമറിയില്ല. സുബരായൻ അത് ഒറ്റപേജിലേക്കു പകർത്തിയെഴുതാൻ പറഞ്ഞു. അതിനു ശേഷം യു എൻ ഐ യിൽ അത് കയറ്റിവിട്ടു. എന്റെ പേരൊന്നും വന്നില്ല. പക്ഷേ, അത് നന്നായി സർക്കുലേറ്റ് ചെയ്യപ്പെട്ടു. അത് കണ്ടിട്ട് ഫ്രീ പ്രസിൽ നിന്നും പി ആർ കെ മേനോൻ വിളിച്ചു. അങ്ങനെ ഞാൻ ഫ്രീ പ്രസിൽ എത്തി. അപ്പോഴും ഞാൻ ഭവൻസിൽ പത്രപ്രവർത്തനം പഠിക്കുന്നുണ്ടായിരുന്നു. അതായത് രാത്രി ഫ്രീ പ്രസിലും പകൽ ഭവൻസിലും. ഭവൻസിലുണ്ടായിരുന്ന ആളുകൾക്ക് എന്നോട് വലിയ ശത്രുതയായി ഞാൻ ഫ്രീ പ്രസിൽ ചേർന്നതിൽ. ഒടുവിൽ സുബരായാനാണ് എന്നെയും എന്റെ സാമ്പത്തിക അവസ്ഥയേയും കുറിച്ച് അവരെ ബോധ്യപ്പെടുത്തിയത്. ഫ്രീ പ്രസിൽ ധാരാളം ആളുകളുണ്ടായിരുന്നു. പ്രായമായവരും ചെറുപ്പക്കാരുമെല്ലാം ചേർന്ന ഒരു കൂട്ടം. അവർക്കു എന്നെ വലിയ വാത്സല്യമായിരുന്നു.അതായിരുന്നു എന്റെ ട്രെയിനിങ് സെന്റർ. ടി ജെ എസ് ജോർജ്, പോത്തൻ ജോസഫ്, പി ആർ കെ അങ്ങനെ പലരും. അവരുടെ കൂടെ ജോലി ചെയ്തതിന്റെ ഗുണമെന്തെന്നു വച്ചാൽ എനിക്ക് വളരെ വലിയ എക്സ്സ്പോഷർ കിട്ടിയെന്നതാണ്.

ഫ്രീ പ്രസിലെ മറക്കനാവാത്ത സംഭവം

ഫ്രീ പ്രസിൽ നിന്നും കാഡ്ബറീസ് കമ്പനിയുടെ ഒരു അഭിമുഖത്തിനായി എന്നെ അയയ്ക്കുന്നു.ബ്രിട്ടാനിയ കമ്പനി.പുതിയ ബിസ്കറ്റ് ലോഞ്ച് ചെയ്യുന്നു. എല്ലാവര്ക്കും ചായയും ബിസ്ക്കറ്റും കൊടുത്തകൂട്ടത്തിൽ എനിക്കും കിട്ടി. അതിനകത്തൊരു പാറ്റയുടെ വാലുണ്ടായിരുന്നു. ഞാനതു എടുത്ത് പൊതിഞ്ഞു പോക്കറ്റിലിട്ടു. ആരോടും ഒന്നും പറഞ്ഞില്ല കാരണം ഞാൻ വളരെ ജൂനിയറാണല്ലോ. തിരിച്ചു വന്നു പി ആർ കെ യെ ഏൽപ്പിച്ചു.ഞങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്തോളാമെന്നു പി ആർ കെ പറഞ്ഞു .ഇത് പബ്ലിഷ് ചെയ്യേണ്ടെങ്കിൽ കോമ്പൻസേഷൻ തരണമെന്ന് ആവശ്യപ്പെട്ടു. സ്റ്റോറി പബ്ലിഷ് ചെയ്തില്ല. പകരം ബ്രിട്ടാനിയയുടെ പരസ്യം നിരന്തരമായി ലഭിച്ചു. ഇതാണ് ആദ്യത്തെ ഒരു അനുഭവം. അങ്ങനെ ഫ്രീ പ്രസിൽ എനിക്ക് സാമാന്യം നല്ല ഇടമുണ്ടായെന്നു വേണമെങ്കിൽപറയാം. ഫ്രീ പ്രസിലെ അനുഭവത്തിന്റെ ഒരു തലമെത്തിയപ്പോൾ അവിടെ നിന്നും മറ്റെവിടേക്കെങ്കിലും പോകാൻ എനിക്ക് തോന്നിത്തുടങ്ങി. എന്റെ ബി എ ബിരുദം പൂർത്തിയാക്കാതെയാണ് ഞാൻ അവിടെ കോഴ്‌സിന് ചേർന്നത്. അതുകൊണ്ടുതന്നെ സർട്ടിഫിക്കറ്റു  കിട്ടാനുള്ള ബാക്ക് സപ്പോർട്ട് ഇല്ലാതെവന്നു. എന്നാലും ഞാൻ അവിടെ പഠിച്ചുകൊണ്ടിരുന്നു. നളിനി സിംഗിനെപ്പോലുള്ളവരായിരുന്നു അവിടെ ക്‌ളാസുകൾ എടുത്തിരുന്നത്. അതുകൊണ്ടുള്ള അനുഭവം ഭയങ്കരമാണ്. അവിടെനിന്നും ഞാൻ ബ്ലിറ്റ്സ് ലേക്ക് പോയി. കരിഞ്ചിയയെ കാണുന്നു. ഇതിനിടെ ലേബർ നോട്സ് എഴുതാനുള്ള ഒരു അവസരം ലഭിക്കുന്നു. ഫ്രീ പ്രസിലെ യുവാവായ കോളമിനിസ്റ് എന്ന രീതിയിൽ വളർന്നിരുന്നു. ഫ്രീ പ്രസ്സിൽ നിന്നുള്ള അനുഭവമാണ് എന്നെ അതിനു ഇടയാക്കിയത് . ദത്ത സാമന്തയെപോലുള്ള ആളുകളുമായി പരിചയപ്പെടാൻ ഇടയായി. ലേബർ നോട്ട് എഴുതുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു ദാത്തസാമന്തയെപോലുള്ള ആളുകളുമായി അഭിമുഖം നടത്തുന്നു പിന്നെ തൊഴിലാളി സഖാക്കളുമായി സംവദിക്കുന്നു.ഇങ്ങനെയൊക്കെ മുൻപോട്ടു പോയി. ഇതിനിടെ വളരെ ലൊട്ടുലൊടുക്ക് സാധനങ്ങളും ചെയ്യുന്നുണ്ട്. കരിഞ്ചിയയുമായി സംസാരിച്ചപ്പോൾ സിനിമ പ്രസിദ്ധീകരണമായ ഫിലിം മാഗസിനിലേക്കു ജോയിന്റ് ചെയ്യാനാണ് ഉപദേശംതന്നത്, ഞാൻ അത് നിരസിക്കുകയായിരുന്നു. ആദ്യമായാണ് അങ്ങനെയൊരു നിരസിക്കൽ അവർക്കു ലഭിക്കുന്നത്.

Read Also  'പാകിസ്താനിലേക്ക് പോകൂ' എന്ന് പറയുന്ന ഇന്ത്യൻ ഹിന്ദു രാഷ്ട്രീയം അവിടെ നിന്നെത്തിയ ഹിന്ദുക്കളെ കാണുന്ന വിധം


.
ടി ജെ എസുമായുമൊക്കെ എങ്ങനെയാണ് അടുക്കുന്നത്

ടീ ജെ എസ് ജോർജ് അന്ന് ഡക്കാൻ ടൈംസ് എഡിറ്ററാണ്. മറ്റൊരു സുഹൃത്തായ മോഹൻദാസിന്റെ നിർബന്ധത്തിൽ ഞാൻ ടി ജെ എസിനെ പോയി കാണാൻ തീരുമാനിച്ചു. നീഎവിടെയാണ് മുൻപ് ജോലി ചെയ്തിരുന്നത് അദ്ദേഹത്തന്റെ ചോദ്യം.
ഫ്രീ പ്രസ്സിലായിരുന്നെന്നുള്ള എന്റെ മറുപടി അദ്ദേഹത്തിൽ നിന്നുണ്ടാക്കിയ പ്രതികരണം ‘we have great expectatiom from you ‘ എന്നായിരുന്നു. . ഞാൻ തിരിച്ചു ‘സർ’ എന്ന് പറയുന്നു. ഇത് കോളജോ സ്‌കൂളോ അല്ല നമ്മൾ സഹപ്രവർത്തകർ മാത്രമാണ് ശിവദാസ് എന്ന് ഞാൻ വിളിക്കും.തിരിച്ചും അങ്ങനെ മതി . നിങ്ങളിൽ ആരെങ്കിലും ശബരിമലയിൽ പോയിട്ടുണ്ടോ? എന്നുള്ള ചോദ്യം.ഒരു ലേഖനം തയാറാക്കാനാണ്.പക്ഷേ, ഞാൻ പോയിട്ടില്ല. എന്റെ സുഹൃത്തായ ഗോപി, അദ്ദേഹം പോയിട്ടുണ്ടായിരുന്നു. ഞാൻ ഗോപിയുടെ സഹായത്തിൽ ഒരു ലേഖനം എഴുതി. ഞാൻ എഴുതിയ ലേഖനം വായിച്ച അദ്ദേഹം പറഞ്ഞു നിങ്ങൾ എന്നെ നിരാശപ്പെടുത്തിയിരിക്കുന്നുവെന്ന് . നിങ്ങൾക്ക് ഇതിലും നന്നായി എഴുതാൻ കഴിയും. ടി ജെ എസ് അത് തിരുത്തി..എന്റെ പേരിൽ ഒടുവിൽ ആ ലേഖനം പ്രസിദ്ധീകരിച്ചു. അത് എനിക്ക് നൽകിയത് പുതിയ അറിവായിരുന്നു. ഞാൻ ടീ ജെ എസിന്റെ രീതിയെന്തെന്നു മനസിലാക്കി.

വ്യക്തി ജീവിതം തൊഴിൽ രംഗം ഇവയൊക്കെ കൂടിക്കുഴഞ്ഞ ഒരരക്ഷിതാവസ്ഥ താങ്കളിൽ ഉണ്ടായിട്ടുണ്ടോ…

സിസിലിയുമായുള്ള വിവാഹം ഒരു ചരിത്രം തന്നെയാണ്. വ്യത്യസ്തത പലകാര്യങ്ങളിലും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. പക്ഷേ, യോജിച്ചുള്ള ജീവിതം ആദ്യകാലത്ത് ഒരു ലിവിംഗ് ടുഗെതർ പോലെയായിരുന്നു. അതവിടെ നില്ക്കട്ടെ. വിവാഹത്തിന് ശേഷം ഞാൻ മദ്രാസിലെത്തി. പിന്നീട് ന്യൂസ് ടുഡേയിൽ ജോലി ചെയ്തു. പലരും എന്നെ മുൻപിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും എതിർപ്പുകൾ വളരെയേറെയായിരുന്നു. ഒടുവിൽ അവിടെ നിന്നും പിന്തിരിഞ്ഞു പോകേണ്ടിവന്നു .പിന്നീട് എം ഗോവിന്ദൻ പറഞ്ഞത് പ്രകാരം ചില സിനിമകളുടെ ട്രാൻസിലേഷനും മറ്റുമായി ജീവിക്കുവാനുള്ള വക കണ്ടെത്തുകയായിരുന്നു. .ഇതിനു ശേഷമായിരുന്നു ശാസ്ത്ര സാഹിത്യപരിഷത്തുമായി ബന്ധപ്പെടുന്നത്. അവിടെ ഉണ്ണിയേട്ടൻ പറഞ്ഞിട്ടാണ് ഇ എം എസിന്റെ സ്വാതന്ത്ര്യ സമര ചരിത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നിരവധി ശാസ് ത്രകഥകൾ ഈ കാലത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇ എം എസുമായി നേരിട്ട് ബന്ധപ്പെടാനുമൊക്കെ അവസരം ലഭ്യമായി. പക്ഷേ എനിക്കറിയാ മായിരുന്നു എന്റെ അരാജകജീവിതം എന്നെ അവിടെ പിടിച്ചുനിർത്തില്ലായിരുന്നുവെന്ന്. അങ്ങനെ പരിഷത്തിന്റെ ക്യാമ്പിൽ നിന്നും വിടേണ്ടിവന്നു. പരിഷത്ത് വിട്ടെങ്കിലും പരിഷത്തിനു വേണ്ടി ജോലികൾ വരുന്നുണ്ടായിരുന്നു. കൊച്ചുനാരായണൻ, കെ കെ കൃഷ്ണകുമാർ ഇവരൊക്കെ എനിക്കുള്ള പുസ്തകങ്ങൾ അയച്ചു തന്നുകൊണ്ടിരുന്നു.

ഇന്ത്യൻഎക്സ്പ്രെസ്സിൽ എങ്ങനെയാണെത്തപ്പെടുന്നത്.

ഇന്ത്യൻ എക്സ്പ്രെസ്സിൽ ചേരുന്നതും യാദൃശ്ചികമായാണ്. ജീവിതമെന്നെ ബറോഡയിൽ എത്തിക്കുകയും. അവിടെ നിന്നും ആകസ്മികമായി ഇന്ത്യൻ എക്സ്പ്രെസ്സിൽ ചേരുകയുമായിരുന്നു. അവിടെയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ സമയത്താണ് ഞാൻ യൂണിയനിൽ ചേർന്നത്.അവിടെ ഭട്ട് എന്നൊരാളുണ്ടായിരുന്നു. ജോർജ് ഫെർണാണ്ടസിന്റെ കൂടെ ബറോഡ ഡൈനാമിറ്റ് കേസിലെ രണ്ടാം പ്രതിയായിരുന്ന ആദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ യൂണിയൻ അവിടെ കൊണ്ടുവരുന്നത്. ഒരു പാട് പ്രശ്നങ്ങൾ അവിടെയുണ്ടായിരുന്നു. പലരും അതിൽ ഉൾപ്പെട്ടിരുന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. എഡിറ്റോറിയൽ ഡയറക്ടറായ പ്രഭുചൗള വരാനുള്ള താമസമേയുള്ളൂ നിങ്ങൾ ഇവിടെ നിന്ന് പോകാൻ, ഭട്ട് എന്നെ ഓർമ്മപ്പെടുത്തി. അദ്ദേഹം വന്നു. ഞാൻ ഡൽഹിക്കു പോകണമെന്നറിയിച്ചു. പക്ഷെ എന്നെ ചണ്ഡിഗറിലേക്കാണ് അയച്ചത്. അങ്ങനെ ഞാൻ ചണ്ഡിഗറിലെത്തി. അവിടെ ഒരു ന്യൂസ് എഡിറ്ററുണ്ട് അദ്ദേഹത്തെസമീപിക്കാൻ പറഞ്ഞു.ഞാൻ അവിടത്തെ മാനേജരെ വിളിച്ചു. എനിക്ക് ട്രെയിൻ ടിക്കറ്റാണ് നൽകിയത് ഫ്ളൈറ് ടിക്കറ്റു നൽകിയില്ല.ഞാൻ സംസ്ഥാന അതിഥിയായാണ് അവിടെ എത്തിയത്.അത് അവിടെ പലർക്കും അതിശയമായി ഞാൻ എന്തിനാണ്അവിടെ വന്നതെന്നുള്ളത്. പിന്നീട് ഞാൻ സീനിയർ സബ് എഡിറ്ററായി. ഞാൻ ചണ്ഡിഗരിൽ നിന്നും. ഇന്ത്യൻ ഏക് സ്പ്രസ്സിനു വേണ്ടി പലതും എഴുതി. അവിടെനിന്നും ഞാൻ ന്യുഡൽഹിക്കു തിരിച്ചു. തിരിച്ചുനാട്ടിലെത്തി. തറവാട്ടിലെ ജീവിതം ഞങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാക്കി. ഒടുവിൽ പുറത്ത് താമസിക്കേണ്ടിവന്നു. സിസിലിയുമായുള്ള ജീവിതം എന്റെ തറവാട്ടിൽ ഞങ്ങൾക്കെതിരെ വൻ പ്രതിഷേധങ്ങളാണുണ്ടാക്കിയത്.അതവിടെ നിൽക്കട്ടെ.

എഴുത്തിനെ പറ്റി കൂടുതൽ സംസാരിക്കാം പെൻ ബുക്സ് റിവേഴ്‌സ് ഡിക്ഷണറി മാഷിന്റെ വ്യത്യസ്തമായ പുസ്തകമായിരുന്നല്ലോ .

അതെ ഈ സമയമാണ് പെൻ ബുക്കുമായി അടുക്കുന്നത്.റിവേർഴ്സ് ഡിക്ഷ്ണറിയാണ് പെൻ ബുക്സിനു വേണ്ടിയിറക്കിയ ആദ്യ പുസ്തകം. പുസ്തകം വിൽക്കുന്നതിൽ പരസ്യത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് അവർക്കറിയാമായിരുന്നു.
റിവേഴ്‌സ് ഡിക്ഷനറിയുടെ പരസ്യം തന്നെ അത്തരത്തിലുള്ളതായിരുന്നു ‘വായനക്കാർ മനസുകൊണ്ട് ബുക്കർ സമ്മാനം നൽകിയപുസ്തകം’ എന്നായിരുന്നു അവർ അതിനുനൽകിയ ടാഗ് ലൈൻ. പിന്നീട് ഞാൻ ചെയ്തത് ഭാഷാ ഇൻസ്റ്റിറ്റുട്ടിനു വേണ്ടി അംബേദ്ക്കറുടെ 18 ഉം 19 ഉം വാല്യം ആയിരുന്നു. നിയമസഭാ പ്രഭാഷണങ്ങൾ ആയിരുന്നു ആ പുസ്തകത്തിലുള്ളത്. ആയിരത്തോളം പേജുള്ള പുസ്‌തകം ട്രാൻസ്ലേറ്റർ എന്ന നിലയിൽ ആദ്യം കിട്ടുന്ന പൈസ അതാണ്. അതെന്നെ ഒരു പ്രഫഷണൽ ട്രാൻസ്ലേറ്റർ എന്ന നിലയിൽ എത്തിക്കുകയായിരുന്നു പിന്നീട് അൻപതോളം പുസ്തകങ്ങൾ ചെയ്‌തെന്നാണ് എനിക്ക് തോന്നുന്നത്.

Read Also  മോദി വീണ്ടും വരുമെന്ന് ടൈംസ് നൗ സർവേ ; കേരളത്തിൽ യു ഡി എഫിന് 16 സീറ്റു, ബി ജെ പി അക്കൗണ്ട് തുറക്കും

ഇന്ത്യ ആഫ്റ്റർ ഗാന്ധി ?                                                                                       ഇന്ത്യ ആഫ്റ്റർ ഗാന്ധി അതിനൊക്കെ ശേഷമാണ് ചെയ്തത്. 2000 ൽ അസുഖബാധിതമായിരുന്ന സമയത്താണ് ഞാൻ അത് ചെയ്തുകൊണ്ടിരുന്നത്. അപ്പോൾ രമയായിരുന്നു എന്നെ സഹായിച്ചത്. അവരതു വായിച്ചു തരും ഞാൻ പരിഭാഷപ്പെടുത്തും അങ്ങനെയാണ് അതു.ഞാൻ പരിഭാഷപ്പെടുത്തിയത്.അത് ഭയങ്കര ഇമ്പ്രെസ്സിവായി. അതിനുശേഷംരാമചന്ദ്ര ഗുഹയെ തന്നെ വിളിച്ചു പുസ്തകം പ്രകാശനം ചെയ്യാൻ തീരുമാനിച്ചു. അതുപോലെതന്നെ ബിനായക് സെന് അദ്ദേഹവും ഒപ്പമുണ്ടായിരുന്നു. രാമചന്ദ്രഗുഹയുമായി എനിക്ക് വളരെ വലിയ ബന്ധമാണുള്ളത്. ജ്യോതിർമയി ശർമ്മ എം ജി എസ് ഇവരെല്ലാം തന്നെ എന്റെ ട്രാൻസ്ലേഷൻ ഒട്ടും മോശമായില്ലെന്നു പറയുന്നു. അത് പോലെത്തന്നെ ജ്യോതിർമയി ശർമ്മയുമായുള്ള അഭിമുഖം. കാഞ്ച ഐലയ്യയുമായുള്ള അഭിമുഖം ഇവയൊക്കെ മറക്കാൻ പറ്റുന്നില്ല. പിന്നീട് മാതൃഭൂമിയ്ക്കു വേണ്ടി ഒരുപാട് അഭിമുഖങ്ങൾ.പിന്നീടതിലും മടുപ്പായി തുടങ്ങി.

ഗാന്ധിയൻ ഐഡിയോളജി ഇപ്പോൾ ഏറ്റവുംകൂടുതൽ ആക്രമിക്കപ്പെടുന്ന അവസ്ഥയിലാണല്ലോ.

ഗാന്ധിയും മാർക്‌സും യോജിച്ചു പോകുന്ന സ്പേസ് ഉണ്ട്. ഈ സ്‌പേസിനെപ്പറ്റിയാണ് സുനിൽ പി ഇളയിടവുമെല്ലാം നമ്മളോട് സംസാരിക്കുന്നത്. ഓർമ്മിക്കുക, ദളിതർക്കു വേണ്ടി ഏറ്റവും കൂടുതൽ ശബ്ദം ഉയർത്താൻ അംബേദ്കറോടൊപ്പം ഗാന്ധിയുമുണ്ടായിരുന്നു .അതുപലർക്കും മനസിലാകുന്നില്ല. ഇപ്പോൾ ഗാന്ധി – അംബേദ്ക്കർ ആരോഗ്യകരമായ ഒരു സംവാദത്തിന്റെ വാതിലുകൾ പോലും പലരും ചേർന്ന് അടച്ചു കളഞ്ഞു. പല പ്രോട്ടഗോണിസ്റ്റുകളും ചേർന്ന് നശിപ്പിച്ചെന്നു പറയാം. ഒരു പക്ഷെ നമുക്കൊക്കെ അല്ലെങ്കിൽ അടുത്തതലമുറയ്‌ക്കെങ്കിലും ഭാഗ്യമുണ്ടെങ്കിൽ അത് വീണ്ടും വരും. മോഡേണിറ്റിയും ഗാന്ധിയും അംബേദ്ക്കറും ഒക്കെ നിലനിൽക്കുന്ന വർത്തമാനങ്ങളിലൂടെ അത് തിരിച്ചു വരണം.

പട്ടേൽ പകരക്കാരനാകുന്നതിനെപ്പറ്റി
ഗ്രീൻ എക്കണോമിക്സ് …പിന്തുടർന്നിരുന്നതുകൊണ്ടാണ് ഇന്നത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നമ്മളെ കൊണ്ടുചെന്നെത്തിച്ചതെന്നു പറയാൻ സാധിക്കുമോ ….

അങ്ങനെ പറയാൻ പറ്റില്ല ഗാന്ധിയുടെഎക്കണോമിയെ കുമരപ്പയ്ക്കും മറ്റും ശേഷം മുന്പോട്ടു കൊണ്ടുവരുവാൻ ആളില്ലാതെപോകുന്നു. അതിനുപരി ‘ഭക്രാനംഗൽ ഇന്ത്യയുടെ ക്ഷേത്രമാണെന്നു’ പറഞ്ഞ നെഹ്രുവിന്റെ കാഴ്ചപ്പാട് വളരെ ശക്തമായിരുന്നു.പിന്നീട് നവലിബറലിസത്തിന്റെയും ലിബറലിസത്തിന്റെയും പ്രശ്ങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ഭരണകർത്താക്കളിൽ  വളരെ പോസിറ്റാവായുള്ള ഒരുപാട്‌ ഘടകങ്ങൾ ഉണ്ടായിരുന്ന ഭരണാധികാരിയായിരുന്നു നെഹ്‌റു. ഈ ഘടകങ്ങളെ തള്ളിക്കളയാനാണ് മോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അല്ലെങ്കിൽ ബിജെപി ശ്രമിക്കുന്നത്. മുമ്പുപറഞ്ഞതുപോലെ പട്ടേലിനെ കൊണ്ട് സ്ഥാപിക്കുന്നു. പട്ടേൽ മറ്റൊരു ഗാന്ധിപ്രോട്ടഗോണിസ്റ്റാണ്. അതുകൊണ്ടാണ് മൂവായിരം അടിയുടെ പ്രതിമ അവർ സ്ഥാപിക്കുന്നത് .സൗരാഷ്ട്രയിലെ പട്ടിണിപ്പാവങ്ങളുടെ നെഞ്ചത്തുകൂടെ പ്രതിമയുയർത്തുന്നത്.അവരുടെ കുടിവെള്ളം പോലുംമുട്ടിച്ചുകൊണ്ട്.സങ്കടം തോന്നും അവരുടെ അവസ്ഥ കണ്ടാൽ.ഗാന്ധിയോ നെഹ്രുവുമൊക്കെ നമ്മളിൽ അന്തർലീനമായികിടക്കുന്ന ഘടകങ്ങളാണ്. അതിൽ ഇവർക്കാർക്കും തൊടാൻ സാധിക്കില്ല.എന്ത് തരത്തിൽ മായിച്ചു കളയാൻ ശ്രമിച്ചാലും അതു മായില്ല.

വെറുപ്പിന്റെ രാഷ്ട്രീയം വല്ലാതെ ബാധിക്കുന്നുണ്ട് നവ മോഡി ഇന്ത്യയിൽ ..ഫാസിസം എന്ന അവസ്ഥ

വെറുപ്പിന്റെരാഷ്ട്രീയത്തെ അതിജീവിച്ചേപറ്റൂ അത് സാധിക്കും പുനിയാനിയെപ്പോലുള്ള മനുഷ്യർ ഇത്തരം ആശയങ്ങളുമായിമുൻപോട്ട് വന്നുകൊണ്ടിരിക്കുന്നു.ഇന്ത്യ മരിക്കില്ല. അതൊരു ലിവിങ് എന്റിറ്റിയാണ്. അതൊരു ദേശരാഷ്ട്രമാണ്‌. അത് ഹിന്ദുത്വ രാഷ്ട്രത്തിലേക്കു പോകില്ല.എന്നാണെന്റെ ഉറച്ച വിശ്വാസം മോദിയോക്കെ ഒരു പാസിംഗ് ഷോ ആണ്. അംബാനിക്കുതന്നെ മോഡി ബാധ്യതയായാൽ എടുത്തുമാറ്റും.ടെക്‌സാസിലെ എണ്ണമുതലാളിമാർ ബുഷിനെ നിയന്ത്രിച്ചതുപോലെ.
ഫാസിസം എന്ന് പറഞ്ഞുനമ്മൾ വല്ലാതെ ബേജാറാവേണ്ട കാര്യമില്ല.ആ സാഹചര്യമൊന്നും ഇപ്പോൾ ഇല്ല.പക്ഷെ ഇങ്ങനെ ഒരു സംഗതി ഉണ്ട് എന്നബോധം നമുക്കുണ്ടാകണം.അതിനെക്കുറിച്ചുള്ള ബോധത്തോടെ നമ്മൾ പ്രതിരോധങ്ങൾ തീർക്കണം. അല്ലാതെ നിരന്തരമായി ഇല്ലാത്ത ഫാസിസത്തെപ്പറ്റിപ്പറഞ്ഞു കുത്തിപ്പൊക്കി നല്ല ഹിന്ദുക്കളെക്കൂടി എതിർ പക്ഷത്തേക്ക് കൊണ്ടുചെന്നു കളയുന്ന സാഹചര്യ മുണ്ടാക്കാതിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.അപരത്വവൽക്കരണം അപകടമാണ്.നമ്മുടെ ബഹുസ്വരത അതിന്റെ എല്ലാ അർത്ഥത്തിലും നിലനിൽക്കും അതിജീവിക്കും അത് അതിജീവിച്ചേ പറ്റു…. എന്ന ശുഭാപ്തി വിശ്വാസമാണെനിക്കുള്ളത്.

പി.കെ.ശിവദാസ്.. ജനനം: 1960 മാർച്ച് 16ന് കോഴിക്കോട്. പ്രധാന കൃതികൾ: ബിനായക് സെൻ: ജീവിതവും ദർശനവും (ഡി.സി.ബുക്സ് ), സ്പോർട്സ് എൻസൈക്ലോപീഡിയ (കറൻറ് ബുക്സ് ), റിവേഴ്സ് ഡിക്ഷനറി (പെൻ ബുക്സ്, അച്ചടിയിൽ ചിന്ത പബ്ളി ഷേഴ്സ് ), എറിക് ഹോബ്സ് ബാം:How To Change The World (ലോകത്തെ മാറ്റുന്നത് – ചിന്ത പബ്ളിഷേഴ്സ് ),India after Gandhi രാമചന്ദ്രഗുഹ (ഡി.സി.ബുക്സ് ) നോം ചോംസ്കി (അച്ചടിയിൽ ഡി.സി.)

LEAVE A REPLY

Please enter your comment!
Please enter your name here