Saturday, January 29

അസഹിഷ്ണുതയുടെ പരാക്രമങ്ങള്‍

കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി ജൂംല എന്ന പദം പാർലമെന്റിൽ ഉപയോഗിച്ചത്. ഒടുവിൽ കപടവാഗ്ദാനത്തിന്റെ പ്രകടനപരതയിൽ ജീവിക്കുന്ന സാക്ഷാൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇതാണ് ജൂംല എന്ന് കാട്ടിത്തരും പോലെ.

നാലു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ തേനും പാലും ഒഴുകിയ രാജ്യമായിരുന്നെന്ന് വാദിക്കാൻ തക്ക ബുദ്ധിഭ്രമം ഞങ്ങൾക്കില്ല. പക്ഷേ പൊതുജീവിതം ഇത്രമേൽ ഭയാനകമായിരുന്നില്ല. നിങ്ങൾക്ക് വാദിക്കാം വാർത്താ മാധ്യമങ്ങളുടെ പ്രത്യേകിച്ച് നവ മാധ്യമങ്ങളുടെ അതിപ്രസരമാണ് ഇത്തരം വാർത്തകൾക്ക് ഇപ്പോൾ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ ഇടയാകുന്നതെന്നും ഉത്തരേന്ത്യയിൽ ഇതൊക്കെ സ്വാഭാവിമായി മുൻപും സംഭവിച്ചിരുന്നുവെന്നുമെല്ലാം. പ്രിയ സുഹൃത്തേ ചോദ്യം ഒന്ന് മാത്രം പഴയ തിൻമകളെ മാറ്റിയെഴുതാനല്ലേ നിങ്ങൾക്ക് അവസരം തന്നത് അല്ലാതെ കുടുതൽ ശക്തിയോടെ പുനസ്ഥാപിക്കാനല്ലല്ലോ?

പക്ഷേ. എന്താണ് സംഭവിക്കുന്നത്? രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സുരക്ഷിതമല്ലാത്ത ജീവിതമല്ലേ ഭരണഘടന തൊട്ടു വന്ദിച്ച് അധികാരമേറ്റ നാൾ മുതൽ നടന്നുവരുന്നത്. അവർക്ക് വേണ്ടി സംസാരിക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ ജീവൻ പോലും എടുക്കപ്പെടുന്നു.

കൽ ബുർഗിയുടെയും ഗോവിന്ദ് പൻസാരയുടെയും ധബോൽക്കറുടെയും പേരുകൾ ഞങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ മറുപടി തന്നത് സ്ത്രീയായ ഗൗരീലങ്കേഷിനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. നിങ്ങളുടെ വിശ്വാസ പ്രമാണം കൂടി നിങ്ങൾ തെറ്റിച്ചു. പരാക്രമം നാരികളോടല്ല വേണ്ടുവെന്ന് നിങ്ങൾ പഠിച്ചിട്ടില്ലേ? സ്ത്രീകളെ ദേവതകളായി പൂജിക്കുന്നതിനെപ്പറ്റി നിങ്ങൾ പഠിച്ചിട്ടില്ലേ? അതെങ്ങനെ അക്ഷരജ്ഞാനമോ വായനയോ ഇല്ലാത്ത ഒരു തലമുറ .. നോക്കു നമ്മുടെ ഭരണക്രമം ജനാധിപത്യമാണെന്നാണ് പറയുന്നത്.

എസ്.ഹരീഷ് ഈ ശ്രേണിയിലെ അവസാന ഇരയാണ്. പ്രഖ്യാപിത ഹിന്ദുത്വവും സ്വാഭാവിക ഹിന്ദുത്വവും രണ്ടാണ്. രണ്ടാം പക്ഷത്ത് നിൽക്കുന്നവർ ഇരകളാണ് പ്രഖ്യാപിത ഹിന്ദുത്വത്തിന്റെ യോഗ ദണ്ഡിനിരയാകാൻ വിധിക്കപ്പെട്ടവർ.

കാഞ്ച ഐലയ്യയെ ഓർക്കാം ഞാൻ എന്തു കൊണ്ട് ഹിന്ദുവല്ല എന്നദ്ദേഹം പറയുന്നത് ഇത്തരം ചില സ്വാഭാവിക വാദങ്ങൾ കൂടി മുൻനിർത്തിയാണ് .അമ്മ മരിക്കുമ്പോൾ അലമുറയിട്ടു കരയുന്ന അച്ഛനെ കാണുന്ന വീട് ഒരിക്കലും ബ്രാഹ്മണ പിന്തുടർച്ചയുള്ള പ്രഖ്യാപിത ഹിന്ദുത്വത്തിനില്ല. അതാണ് പൊതുഹിന്ദുത്വമെങ്കിൽ അതിൽ ദളിതനും പല പാർശ്വ ജീവികളും കാണില്ല.

സാംസ്കാരിക ഉയർച്ചകളിലൂടെ ജീവിതനിലവാരവും ജനാധിപത്യവും സഹിഷ്ണുതയും പാലിച്ചവരാണ് നമ്മൾ ഈ മലയാളം സംസാരിക്കാൻ പഠിച്ചവർ .സുലൈമാന്റെ കടയിലിരുന്ന്‌ ചായ മോന്തിക്കുടിച്ച്‌ മനോരമ വായിക്കുന്ന കൃഷ്ണപിള്ളയായിരുന്നു. നമ്മുടെ സഹിഷ്ണുതയുടെ മാനദണ്ഡം. അതിനെ അന്നു നമ്മൾ സ്നേഹം, സാഹോദര്യം എന്നൊക്കെ വിളിച്ചിരുന്നു. ടർക്കിഷ് എഴുത്തുകാരൻ ഓർഹൻ പാമുക്കിനെ വെറുതേ ഓർമ്മിക്കാം അദ്ദേഹമാണല്ലോ പറഞ്ഞത് നമ്മൾ കടന്നു പോകുന്നത് വളരെ സുന്ദരമായ നിമിഷങ്ങളിലൂടെയാണെന്ന് അപ്പോൾ നമ്മൾ അറിയുന്നില്ലെന്ന്.

എസ് ഹരീഷ് മലയാളം വായിക്കാനും സംസാരിക്കാനും നന്നായി എഴുതാനും അറിയാവുന്ന ഒരു സാംസ്കാരിക പിന്തുടർച്ചയുടെ ആളാണ്. എഴുതി വന്ന നോവലിൽ ഒരു ഭാഗത്ത് കടന്നു വന്ന ചില പരാമർശങ്ങൾ പ്രഖ്യാപിത ഹൈന്ദവവാദികൾക്ക് ദഹിച്ചില്ല അവരാണല്ലോ പശുവിന്റെയും പരുന്തിന്റെയും എലിയുടെയുമൊക്കെ പേരിലുള്ള പുതിയ കൊടി തയ്പിച്ചു കൊണ്ടിറങ്ങിയത്. കത്വായിൽ ഒരു ക്ഷേത്രത്തിനകത്ത്  അഹിന്ദു കൂടിയായ ഒരു കുഞ്ഞിനെ കൊണ്ടു വന്നതും ഈ പതാക വാഹകരായ പ്രഖ്യാപിത ഹിന്ദുക്കളാണ്. ഹരീഷ് പറഞ്ഞത് ഒരു എഴുത്തുകാരന്റെ പ്രഖ്യാപിത സ്വാതന്ത്ര്യത്തിൽ നിന്നാണ്. വെർബൽ അബ്യൂസിങ്ങിന്റെ പരിധിയിൽ പോലും അത് വരില്ല. കാരണം അത് എഴുത്തും വായനയും ശീലമാക്കിയവർക്കേ മനസിലാകു. എല്ലാ കഥാപാത്രങ്ങൾക്കും അതിന്റേതായ ഐഡന്റിറ്റി കൊടുക്കുമ്പോൾ മാത്രമേ ഒരു സർഗ്ഗാത്മകരചന പൂർണ്ണമാകൂ. നിങ്ങൾക്കത് മനസിലാകണമെങ്കിൽ മഹാഭാരതവും രാമായണവും മനസ്സിരുത്തി വായിച്ചാൽ മാത്രം മതിയാകും. ഖജുരാഹോയി ലെ ശില്പങ്ങളിലേക്കും ഹിന്ദുത്വത്തിന്റെ കൈവഴികൾ പാഞ്ഞിട്ടുണ്ടെന്ന്  മനസിലാക്കണം. സൻമാർഗപ്രവർത്തനമാണ് അല്ലെങ്കിൽ അമ്പലവും പൂജാരിയും മാത്രമാണ് ഹിന്ദുത്വമെന്ന് വാദിക്കുന്നവർക്ക് ഇതൊന്നും മനസിലാവില്ല. അവർ പഴയ കൗപീനത്തിന്‍റെ ദ്രവിച്ച തുളകളിൽ കൂടി മാത്രമേ പുറംലോകത്തെ കാണാവൂ എന്ന പരിശീലനം നേടിയവരാണ്.

പി. സായ്നാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതായി കണ്ടു. ഭരണത്തുടർച്ച ലഭിച്ചില്ലെങ്കിൽ മോദി എന്തു ചെയ്യുമെന്ന്. വിഭ്രമ സംഭ്രമാവസ്ഥയിലെത്തുന്ന ആ മനുഷ്യനെ പറ്റിയാണ് സായ്നാഥ് ആലോചിച്ചത്..

മോദിയെന്ന പ്രഖ്യാപിതസർവശക്തന്‍റെയൊ കുഴലൂത്തുകാരുടെയൊ ഇന്ത്യ എന്നെന്നേക്കുമായി നിലനിൽക്കണമെന്നില്ല.

Spread the love