ഓണക്കാലം മലയാളി വായനക്കാലം കൂടിയായി ആഘോഷിച്ചു പോരുന്നു. മലയാള വാരികകളും മാസികകളും തടിതടിച്ച ഓണപ്പതിപ്പുകൾ ഇറക്കി വായനപ്പൂക്കാലം ഒരുക്കുന്നു. ഉപ്പേരി ,പപ്പടം, കിച്ചടി കൂട്ടിയുള്ള സദ്യ പോലെ വാർഷികപ്പതിപ്പ് എന്ന പേരിൽ ഇറങ്ങുന്ന ഓണം വിശേഷാൽപ്പതിപ്പുകളില്ലാത്ത ഓണം ഓണമല്ല. അങ്ങാടിയിലേക്ക് ഓണം കുടയിറക്കപ്പെട്ടതോടെ ഓണപ്പതിപ്പുകളും അങ്ങാടി നിലവാരത്തിനനുസൃതമായി. വാർധക്യസഹജമായ ക്ഷീണം മൂലം കിടക്കപ്പായിൽ കിടക്കുന്നവരു പോലും ഓണം കണക്കാക്കി കഥകളും കവിതകളും ചമയ്ക്കുന്നു. ക്ഷീണ പ്രതിഭകളുടെ വിറയ്ക്കുന്ന ഭാവനകൾ കൊണ്ട് വിളറിയിരിക്കും ഓണപ്പതിപ്പുകളുടെ കുറേ താളുകൾ. കമ്പോടു കമ്പ് ഓണപ്പതിപ്പുകൾ വായിക്കുന്ന പതിവൊക്കെ കുറേക്കാലമായി നഷ്ടപ്പെട്ടു പോയിരിക്കുന്നു. അവിടെയും ഇവിടെയും ഒക്കെ വായിച്ച് താളുകൾ മറിച്ചു വിടുകയാണ് പലപ്പോഴും. ഈ വർഷത്തെ ഓണപ്പതിപ്പുകൾ അട്ടിയട്ടിയായി മേശപ്പുറത്തു കിടക്കുന്നു. താളുകൾ മറിച്ചു മറിച്ചു പോകെ ഒരു കഥ വന്ന് കണ്ണിൽ കൊരുത്തു . മലയാള മനോരമ വാർഷികപ്പതിപ്പിൽ ജോസ് പനച്ചിപ്പുറം എഴുതിയ ഇരുട്ടുകുത്തി എന്ന കഥയാണത്.
ഓണപ്പതിപ്പുകളിൽ ഓണം പ്രമേയമാക്കിയ സൃഷ്ടികൾ പൊതുവേ ഇപ്പോൾ കാണാറില്ല. കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്ന ഗൃഹാതുര സ്മരണകൾ ഔട്ട് ഓഫ് ഫാഷനായിക്കഴിഞ്ഞിരിക്കുന്നു. ഓണവില്ലും ഓണക്കുടവും ഓണമുറ്റവും ഓണനിലാവും വൈലോപ്പിള്ളിയും പി യും പോയതോടെ അവരുടെ ഒപ്പം ഇവിടം വിട്ട് പോയിരിക്കുന്നു. ഈ മലനാട്ടിൻ വായുവിൽ നിന്ന് മധുരോദാരവികാരം മാഞ്ഞിരിക്കുന്നു. പാവം തുമ്പയെ വാരിയെടുത്ത് മൂർദ്ധാവിൽ വെക്കാൻ തുമ്പയുമില്ല. ദേവനുമില്ല.


വള്ളംകളി പക്ഷേ ഇപ്പോഴും ഓണക്കാലത്ത് കുട്ടനാടൻ കായലുകളിലും ആറന്മുളയാറ്റിലും നടക്കുന്നുണ്ട്. എന്നാൽ രണ്ടിടത്തെയും പരമ്പരാഗത രീതിയിലുള്ള വള്ളംകളിയുടെ മട്ട് മാറിയിട്ടുണ്ട്. കുട്ടനാട്ടിൽ വള്ളംകളി ലീഗ് മൽസരമായി രൂപം മാറിക്കഴിഞ്ഞു. ആറന്മുളയിൽ പൈതൃകവും മൽസരവും കൂടിക്കുഴഞ്ഞ് സദ്യ കേന്ദ്രിതമായി മാറിയിരിക്കുന്നു. ടിപ്പറിൽ വന്ന് അമ്പലക്കടവിൽ ബോട്ട് വലിച്ചു കൊണ്ടുവന്ന പള്ളിയോടത്തിൽക്കയറി നാലു തുഴയിട്ടിട്ട് ( നാലു മാന്തു മാന്തിയിട്ട് എന്നു നാടൻ പ്രയോഗം ) കേമമായി സദ്യയുണ്ടു നിറഞ്ഞ് വഴിപാടുകാരനിൽ നിന്ന് ദക്ഷിണ വാങ്ങി തിരികെ ടിപ്പറിൽ കരയിലേക്ക് മടങ്ങുകയാണ് ഭക്തിപ്രധാനമായ ആറന്മുള വള്ളംകളിയുടെ പുതിയ വേർഷൻ.
വള്ളംകളിയുടെ ചൈതന്യം, അതിന്റെ ആന്തരസത്ത വീണ്ടെടുക്കപ്പെടുന്നതാണ് ജോസ് പനച്ചിപ്പുറത്തിന്റെ കഥയുടെ പ്രമേയം. ജോസ് പനച്ചിപ്പുറം പതിറ്റാണ്ടുകളായി ചെറുകഥകൾ എഴുതുന്നു. മലയാള വിമർശകർ ഈ കഥാകൃത്തിനെ മുൻനിര പ്രതിഭകളുടെ കൂട്ടത്തിൽ പരിഗണിച്ചിട്ടില്ല. എന്നാൽ സാധാരണക്കാരായ വായനക്കാർ പനച്ചിപ്പുറത്തിന്റെ നല്ല കഥകൾ നന്നായി ആസ്വദിച്ചിട്ടുണ്ട്. ആധുനികതയുടെ നട്ടുച്ചക്കാലത്തും പനച്ചിപ്പുറം കഥകളിൽ നിന്ന് ദുർഗ്രഹതയുടെ ചൂടടിച്ചിരുന്നില്ല. സങ്കീർണ്ണമായ പ്രമേയങ്ങൾ കൊണ്ട് വായനക്കാരെ ഉഷ്ണിപ്പിക്കാത്ത കഥാകൃത്തുക്കളിലൊരാളാണ് അദ്ദേഹം. അതിഭാവുകത്വമോ അതിവൈകാരികതയോ ആ കഥകളെ ഒരു കാലത്തും തീണ്ടിയിട്ടില്ല.
കുട്ടനാട്ടുകാരുടെ അസ്ഥിക്കു പിടിച്ച ഒരു വികാരമാണ് വള്ളവും വള്ളംകളിയും . ഇരുട്ടുകുത്തി കുടുംബത്തിന്റെ വള്ളംകളിപ്പെരുമയത്രയും നെഞ്ചിൽ ആവാഹിച്ചെടുത്തയാളാണ് അവിടുത്തെ കാരണവർ വല്യ കുഞ്ചെറിയ .വല്യ കുഞ്ചെറിയയുടെ വള്ളംകളിഭ്രാന്തിനെ റിയലിസ്റ്റിക്കായി ഒപ്പിയെടുക്കുകയാണ് കഥാകൃത്ത്. വള്ളംകളിഭ്രമത്തിന്റെ യഥാതഥ അന്തരീക്ഷത്തിൽ ഭാവനയുടെ തുഴയെറിയുകയാണ് കഥാകൃത്ത്. വല്യ കുഞ്ചെറിയയുടെ വള്ളങ്ങളുടെ ക്ഷയം വള്ളംകളിയുടെ സംസ്കാരത്തെയാണ് മുക്കിക്കളയുന്നത്. അർധരാത്രിയിൽ ഇരുട്ടുകുത്തിയിൽ നട്ടക്കായലിൽ അപ്രത്യക്ഷമായി പോകുന്ന കുഞ്ചെറിയ ഒരു വലിയ സംസ്കാരത്തിന്റെ പ്രതീകമാണ്. കുഞ്ചെറിയയുടെ ഇരുട്ടുകുത്തി മോക്ഷയാത്രയോടെ ആ കുടുംബത്തിന് വള്ളവും വള്ളംകളിയുമൊക്കെ ഓർമ്മയായി. മകൻ കൊച്ചു കുഞ്ചെറിയ അപ്പന്റെ പ്രേത ഭയത്താൽ വള്ളപ്പുര പൊളിച്ചു കളഞ്ഞു. കുച്ചു കുഞ്ചെറിയ തട്ടിൻപുറത്തു നിന്ന് വള്ളങ്ങളുടെ പഴയ ശേഷിപ്പുകൾ ഓരോന്നായി പുറത്തെടുത്തു. കണ്ടു കിട്ടിയ ഒരു ചുണ്ടെടുത്ത് വീടിന്റെ പൂമുഖത്ത് പ്രദർശിപ്പിച്ചു. ചുണ്ടിന്റെ മുമ്പിൽ നിന്ന് വീട്ടുകാർ പ്രാർത്ഥന ചൊല്ലി.

കൊച്ചു കുഞ്ചെറിയയുടെ മകൻ അപ്പുവിലൂടെ വള്ളവും വള്ളംകളി പ്രേമവും വീണ്ടെടുക്കപ്പെടുന്നു. അപ്പു കാറോടിക്കാനല്ല പഠിച്ചത്, വള്ളം തുഴയാനും ബോട്ടോടിക്കാനുമാണ്.
2018 ആഗസ്റ്റിലെ പെരും പ്രളയത്തിന് അപ്പു കൂട്ടുകാരോടൊത്ത് കോഴഞ്ചേരിയിലും ആറന്മുളയിലും ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാപ്രവർത്തനം നടത്തുന്നു. കുത്തൊഴുക്കിലെ രക്ഷകർക്കെല്ലാം ഒരേ മുഖമാണെന്ന് അപ്പു തിരിച്ചറിയുന്നു. തന്റെ വല്യപ്പൻ വല്യ കുഞ്ചെറിയയുടെ മുഖം. അപ്പുവിന്റെ ബോട്ടിൽ വന്ന് ഒരു വള്ളം തട്ടി. നിവർത്തി നോക്കിയപ്പോൾ പഴയ തങ്ങളുടെ ഇരുട്ടുകുത്തി. രഹസ്യ അറകൾ ഉണ്ടായിരുന്നിരിക്കാമായിരുന്ന ഐ.കെ. 1888 എന്നു കൊത്തിയ വല്യപ്പന്റെ ഇരുട്ടുകുത്തി.
പ്രളയാനന്തരം മാഞ്ഞു പോയ വള്ളംകളി സംസ്കാരം പ്രത്യാനയിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഈ കഥ നൽകുന്നത്. ഓരോ വള്ളംകളി പ്രേമിയുടെയും പ്രാർത്ഥനയാണത്. കൂട്ടായ്മയിൽ നിന്നും ഉയിരെടുക്കുന്ന രക്ഷകരാണ് നല്ല വള്ളംകളിക്കാർ എന്ന സന്ദേശം ഈ കഥയിൽ നിന്ന് ഞാൻ വായിച്ചെടുക്കുന്നു. കഥയെ നെഞ്ചോടു ചേർക്കുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here