Wednesday, January 19

വാട്ട്‌സ്ആപ്പ് വ്യാജ സന്ദേശങ്ങള്‍: അഡ്മിന്‍മാരെ ഉത്തരവാദികളാക്കാമോ?

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെയും അഡ്മിനായിരുന്നില്ല മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലിയില്‍ നിന്നുള്ള 21-കാരനായ ജുനൈദ് ഖാന്‍. എന്നാല്‍ ഏതോ ഗ്രൂപ്പില്‍ ഡിഫോള്‍ട്ട് അഡ്മിനായി അദ്ദേഹത്തിന്റെ പേര് ചേര്‍ക്കപ്പെട്ടു. ആ ഗ്രൂപ്പിലൂടെ പ്രചരിച്ച ഒരു സന്ദേശത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുമാസമായി ജയിലില്‍ കഴിയുകയാണ് ജുനൈദ്. ഇര്‍ഫാന്‍ എന്നൊരാള്‍ ജുനൈദ് അംഗമായ ഗ്രൂപ്പില്‍ അധിക്ഷേപാര്‍ഹമായ സന്ദേശം പ്രചരിപ്പിച്ചതാണ് അദ്ദേഹത്തിന് വിനയായത്.

പ്രദേശത്തെ ആള്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് ജുനൈദിനും ഇര്‍ഫാനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2018 ഫെബ്രുവരി 14ന് ദേശവിരുദ്ധ കുറ്റവും ഐടി ചട്ടവും പ്രകാരം ജുൈദിനെതിരെ കേസെടുത്തു. എന്നാല്‍ ജുനൈദ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. ഗ്രൂപ്പിലെ ഡിഫാള്‍ട്ട് അഡ്മിന്‍ മാത്രമായിരുന്നു ജുനൈദ്. ഗ്രൂപ്പില്‍ പ്രചരിച്ച സന്ദേശം വിവാദമായതിനെ തുടര്‍ന്ന് ഇര്‍ഫാനും ആ സമയത്ത് ഗ്രൂപ്പ് അഡ്മിനായിരുന്ന വ്യക്തിയും ഗ്രൂപ്പ് വിട്ടു. വാട്ട്‌സ്ആപ്പിന്റെ ഡിഫോള്‍ട്ട് നിയമപ്രകാരം അതോടെ ജുനൈദ് ഗ്രൂപ്പ് അഡ്മിനായി മാറി.

സംഭവം വെളിയില്‍ വരുന്ന സമയത്ത് കുടുംബത്തിന്റെ ചില ജോലികളുമായി ജുനൈദ് രത്‌ലാമിലായിരുന്നവെന്ന് അദ്ദേഹത്തിന്റെ കസിന്‍ ഫറൂഖ് ഖാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആ സമയത്താണ് യഥാര്‍ത്ഥ അഡ്മിന്‍ ഗ്രൂപ്പ് വിടുന്നത്. വിവാദ സന്ദേശം പ്രചരിച്ചിരുന്ന സമയത്ത് ഗ്രൂപ്പിന്റെ അഡ്മിന്‍ ജുനൈദ് അല്ലായിരുന്നവെന്നും ഫറൂഖ് വാദിക്കുന്നു. എന്നാല്‍ ജുനൈദിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഈ വിവരം കുടുംബം വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് പച്ചോര്‍ സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് യുവരാജ് സിംഗ് ചൗഹാന്‍ പറയുന്ന്. കേസ് കോടതിയില്‍ എത്തിയ ശേഷമാണ് ജുനൈദ് ഡിഫോള്‍ട്ട് അഡ്മിനാണെന്ന വിവരം പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അവര്‍ കോടതിയിലാണ് ഹാജരാക്കേണ്ടതെന്നും ചൗഹാന്‍ വിശദീകരിക്കുന്നു. തങ്ങള്‍ക്ക് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് കോടതിയില്‍ സമര്പ്പിച്ചതെന്നും പോലീസ് പറയുന്നു.

വ്യക്തികള്‍ക്കെതിരെ പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രകോപനപരമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് ഐടി ചട്ടത്തില്‍ വിവാദപരമായ 66എ എന്ന വകുപ്പ് ഉള്‍പ്പെടുത്തിയത്. പക്ഷെ, ഇതിന്റെ ദുരുപയോഗം പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബാല്‍ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് മുംബെയില്‍ നടന്ന ഹര്‍ത്താലിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ 2012ല്‍ താനെയിലെ നിയമവിദ്യാര്‍ത്ഥിയായ ശ്രേയ സിംഗാളിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഐടി വകുപ്പില്‍ നിന്നും വ്യക്തതയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 66എ വകുപ്പ് സുപ്രീം കോടതി നീക്കം ചെയ്തിരുന്നു.

എന്നാല്‍ അതിന് പകരം ഐടി ചട്ടത്തില്‍ 67എ വകുപ്പാണ് ഇപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്ത് വരുന്നത്. ഒരു പായ് വഞ്ചിയില്‍ സഞ്ചരിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്ട്‌നവിസിന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് അജയ് ഹത്തേവാര്‍ എന്നൊരാള്‍ക്കെതിരെ കേസെടുത്തു. ഒരു സ്വകാര്യ ഫേസ്ബുക്ക് സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഭിപ്രായം പറഞ്ഞു എന്ന കുറ്റത്തിന് തമിഴ്‌നാട്ടില്‍ നിന്നും ഒരു ചെറുപ്പക്കാരനെതിരെ കേസെടുത്തതും ഇക്കാലത്താണ്.
ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ രണ്ട് അംഗങ്ങള്‍ തമ്മില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന സന്ദേശങ്ങള്‍ കൈമാറി എന്ന പേരില്‍ 2017 മേയില്‍ കര്‍ണാടക പോലീസ് കൃഷ്ണ സന്ന തമ്മനായിക് എന്ന ആളെ അറസ്റ്റ് ചെയ്തു.

Read Also  ആള്‍ക്കൂട്ടക്കൊല: കിംവദന്തി തടയാൻ ഫോര്‍വേഡിങ് സംവിധാനത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി വാട്സ് ആപ്

ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്നുണ്ട്. ഗ്രൂപ്പിന്റെ ഉദ്ദേശം നിയമവിരുദ്ധമോ അധിക്ഷേപകരമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നതല്ലാത്തിടത്തോളം ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് അത്തരം സന്ദേശങ്ങളുടെ ഉത്തരവാദിത്വം നല്‍കരുതെന്ന് ഡല്‍ഹിയലെ അഭിഭാഷകന്‍ അപാര്‍ ഗുപ്ത ദവയര്‍.ഇന്നിനോട് പറഞ്ഞു.
മറ്റൊരാള്‍ പ്രചരിപ്പിക്കുന്ന സന്ദേശത്തിന്റെ പേരില്‍ വേറൊരു വ്യക്തിക്കെതിരെ കേസെടുക്കുന്നത് നിലനില്‍ക്കില്ലെന്നാണ് മീഡിയനാമയുടെ സ്ഥാപകനും എഡിറ്ററുമായ നിഖില്‍ പാഹ്വ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസെടുക്കരുതെന്നാണ് അദ്ദേഹവും പറയുന്നത്. മാത്രമല്ല, മിക്ക അഡ്മിനുകള്‍ക്കും നിയമങ്ങളെ കുറിച്ച് ധാരണയില്ലാത്തതിനാല്‍ സന്ദേശങ്ങളുടെ നിയമവശം മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവരില്‍ ഉത്തരവാദിത്വം ചുമത്തുന്നപക്ഷം സ്വയരക്ഷയ്ക്കായി നല്ല സന്ദേശങ്ങള്‍ പോലും സെന്‍സര്‍ ചെയ്യാന്‍ അഡ്മിന്‍ ശ്രമിക്കുമെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിഘാതമാകുമെന്നും നിഖില്‍ പാഹ്വ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply