Sunday, January 16

ഇസ്മത് ചിഗ്തായിക്ക് ഇന്ന് ഗൂഗിള്‍ ഡൂഡില്‍ ആദരം ഇന്ത്യന്‍ സ്ത്രീസ്വത്വത്തിന്‍റെ മഹത്തായ എഴുത്തുകാരിയെ പ്രതിപക്ഷവും ആദരിക്കുന്നു

ഇസ്മത് ചുഗ്തായി

 

ഇന്ത്യന്‍ ഉര്‍ദു എഴുത്തുകാരി ഇസ്മത് ചുഗ്തായിയ്ക്ക് ഇന്ന് ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിച്ചു. ഇന്ന് ഇസ്മത് ചുഗ്തായിയുടെ 107ാം ജന്മദിനമാണ്. 1915 ആഗസ്റ്റ് ഇരുപത്തിയൊന്നിന് ബ്രിട്ടീഷ് ഇന്ത്യയുടെ സഖ്യപ്രദേശമായിരുന്ന ഉത്തര്‍പ്രദേശിലെ ബദാവുനിലാണ് ഇസ്മത് ചുഗ്തായി ജനിച്ചത്. 1991 ഓക്ടോബര്‍ 24ന് 76ാം വയസ്സില്‍ മുംബെയിലായിരുന്നു അന്ത്യം.

1930കളിലെ സാമൂഹികാവസ്ഥയില്‍ വിലക്കപ്പെട്ട വിഷയങ്ങളായിരുന്ന സ്ത്രൈണലൈംഗികത, സ്ത്രൈണത, ഇടത്തരക്കാരുടെ വ്യാജകുലീനത, വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ മുതലായവയ്ക്ക് ഉറുദു സാഹിത്യത്തില്‍ മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യം നല്കിയ എഴുത്തുകാരിയാണ് ഇസ്മത് ചുഗ്തായി.  ഉത്തര്‍പ്രദേശിലെ മുസ്ലീം സംസ്കാരത്തിന്‍റെയും അനുബന്ധപ്രശ്നങ്ങളുടെയും ചരിത്രകാരിയായിരുന്നു നോവലുകളിലും ചെറുകഥകളിലും ഇസ്മത് ചുഗ്തായി.

സ്ത്രീകള്‍ എഴുത്തിന്‍റെ രംഗത്തേക്ക് കടന്നു വരാന്‍ മടിച്ചിരുന്ന കാലത്താണ് ഇസ്മത് ചുഗ്തായി സാഹിത്യമേഖലയിലേക്ക് കടന്നു വന്നത്. ഫെമിനിസം എന്നത് സങ്കല്പത്തില്‍ പോലുമില്ലാതിരുന്ന 1940കളില്‍ ഇസ്മത് ചുഗ്തായി തന്‍റെ സ്ത്രീപക്ഷസ്വത്വത്തെയാണ് സാഹിത്യത്തില്‍ അവതരിപ്പിച്ചത്. ഒരു റിബലൊന്നുമായിരുന്നില്ലെങ്കിലും ഇസ്മതിന് ആരെയും പേടിയുണ്ടായിരുന്നില്ല. അത് എഴുത്തിലൂടെ അവര്‍ തെളിയിക്കുകയും ചെയ്തു.

അവരുടെ മകളും അനന്തരവളും വിവാഹം കഴിച്ചത് ഹിന്ദു സമുദായത്തില്‍ നിന്നായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒന്നുപോലെ സമാധാനമായി കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നാണ് ഞാന്‍ വന്നത് എന്നായിരുന്നു അതേപ്പറ്റി ചുഗ്തായിയുടെ അഭിപ്രായം. ഖുറാന്‍ മാത്രമല്ല, ഭഗവത്ഗീതയും ബൈബിളും അവരുടെ വായനയില്‍ പെട്ടിരുന്നു. ചുഗ്തായിയുടെ അങ്ഗാരേ, ലിഹാഫ് എന്നീ കൃതികള്‍ ദക്ഷിണേഷ്യയില്‍ നിരോധിച്ചിരുന്നു.

പില്‍ക്കാലത്ത് തിരക്കഥാ രചനയിലേക്ക് തിരിഞ്ഞ ഇസ്മത് ചുഗ്തായിയുടേതായി ബോളിവുഡില്‍ നിരവധി ഹിറ്റുകളുണ്ട്. ആര്‍സു (1950), ഫരൈബ് (1953), സോനേ കി ചിഡിയാ (1958) മുതലായവ അവയില്‍ ചിലതാണ്. ഇരുപതാം നൂറ്റാണ്ടിലെ ഉറുദു സാഹിത്യത്തിലെ ശക്തസാന്നിധ്യമായിരുന്ന ഇസ്മത് ചിഗ്തായിയെ 1976ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്

Spread the love