Wednesday, August 5

ജോലിഭാരം ഭാര്യക്ക്, വരുമാനം ഭർത്താവിന് ; മെറിൻ പുരുഷാധിപത്യസമൂഹത്തിൻ്റെ ഇര

 

ലിയോ ജോൺ

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ വേരുറപ്പിച്ചു നിൽക്കുന്ന പരമ്പരാഗതമായ കീഴ് വഴക്കങ്ങളാണ് അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച നഴ്സ് മോനിപ്പള്ളി മരങ്ങാട്ടിൽ മെറിൻ ജോയി എന്ന നഴ്സിന് തൻ്റെ ജീവൻ നഷ്ടമാകാൻ വഴിവെച്ചത്. രാപകലെന്യേ നഴ്സിംഗ് ജോലി ചെയ്ത് കുടുംബം നിലനിർത്താൻ ശ്രമിക്കുന്ന മെറിൻ്റെ ‘ഫിനാൻസ് മാനേജർ’ ഭർത്താവ് ഫിലിപ്പ് മാത്യുവായിരുന്നു. അയാൾ പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാൻ തയ്യാറായില്ല. എന്നിട്ടും മെറിൻ്റെ ശമ്പളത്തിൻ്റെ പൂർണമായ അവകാശി ഫിലിപ്പായിരുന്നു. ഇന്ന് നിലനിൽക്കുന്ന ആൺകോയ്മയുടെ ഇരയുടെ പ്രതീകമായി മെറിൻ മാറുകയാണ്.

ഫിലിപ്പിൻ്റെ വിശ്വാസങ്ങളെയും വാദങ്ങളെയും അന്യായ വിശദീകരണങ്ങളെയും ന്യായീകരിക്കുന്ന ആൺകൂട്ടമാണ് ഇന്ന് സമൂഹമാധ്യമങ്ങളിലും കാണുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ നടപടിയാവശ്യപ്പെടുന്നത്.  കൊല ചെയ്യപ്പെട്ട മെറിൻ ജോയിയെ സാമൂഹികമാധ്യമങ്ങളിലൂടെ  നിരന്തരമായി അപമാനിക്കുന്നെന്ന് കാണിച്ച്  മാതാപിതാക്കൾ പോലീസിൽ പരാതി നൽകിക്കഴിഞ്ഞു.

അച്ഛൻ ജോയിയാണ് കുറവിലങ്ങാട് സി.ഐ.ക്ക് പരാതി നൽകിയത്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്നതരത്തിലുള്ള ചർച്ചകളാണ് അരങ്ങേറുന്നത്. അസഭ്യവർഷവും ഉണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

നേരത്തെ തന്നെ മെറിനെയും കുട്ടികളെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ്  ഫിലിപ്പ് മാത്യു ഭീഷണി മുഴക്കിയിരുന്നതായി മെറിന്റെ പിതാവ് ജോയി പറഞ്ഞു.

നാട്ടിലെത്തിയപ്പോൾ വിവാഹബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മെറിൻ മടങ്ങിയത്. അമേരിക്കയിൽ മെറിൻ എത്തിയ ശേഷവും ഫിലിപ്പുമായി ബന്ധപ്പെട്ടിരുന്നു. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തി. അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തെന്നും പിതാവ് പറഞ്ഞു.

ജീവിതപങ്കാളികളായ സ്ത്രീകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വിശദീകരണം നൽകാനോ അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാമൂഹികമായ നിലനിൽക്കുന്ന പുതിയ ബോധ്യങ്ങൾ ഉൾക്കൊള്ളാനോ ചിന്തിക്കാനോ പോലും ഇന്ന് മധ്യവർഗ്ഗപുരുഷസമൂഹം വഴങ്ങുന്നില്ല എന്നതുകൊണ്ടാണ് ഇതുപോലുള്ള കൊലപാതകങ്ങൾ ഇവിടെ  ആവർത്തിക്കുന്നത്.

Spread the love