വയനാട് ലോക്സഭാ മണ്ഡലത്തിലെ അഗസ്ത്യന്‍ മുഴി – കുന്ദമംഗലം റോഡ് നവീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മണ്ഡലത്തിലുടനീളം വെച്ച ഫള്ക്‌സില്‍ രാഹുൽ ഗാന്ധിയുടെ ഫോട്ടോ ചെറുതാക്കി എന്ന കോൺഗ്രസ്സ് വാദം പൊളിയുന്നു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ മന്ത്രി ജി. സുധാകരനുമൊപ്പം വയനാട് എം.പി രാഹുല്‍ ചിത്രം കൂടി ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. രാഹുലിൻ്റെ ഫോട്ടോ ചെറുതാണെന്നും അദ്ദേഹത്തിൻ്റെ അനുവാദം വാങ്ങാതെയാണു പേരുള്‍പ്പെടുത്തിയതെന്നും ഇത് അദ്ദേഹത്തെ അപമാനിക്കാനാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചത്.

അതേസമയം ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ജൂലൈ പത്തിന് ജോര്‍ജ് എം തോമസിന് അയച്ച മറുപടിക്കത്തില്‍ സി.പി.ഐ. എം എം.എല്‍.എയുടെ ക്ഷണത്തിന് രാഹുല്‍ നന്ദി അറിയിക്കുന്നുണ്ട്. എം.എല്‍.എയേക്കൂടാതെ പി.ഡബ്ലി.യു.ഡി എഞ്ചിനീയറും തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി അറിയിച്ചു.

ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അപ്രതീക്ഷിതമായ അതേദിവസം അപ്രതീക്ഷിതമായി മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ മറുപടി ക്കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത് .

രാഹുലിൻ്റെ കത്ത് ഇങ്ങനെ തുടരുന്നു ‘വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമെന്ന നിലയില്‍ സുസ്ഥിരവും പ്രകൃതി സൗഹാര്‍ദ്ദപരവുമായ എല്ലാ പദ്ധതികള്‍ക്കും പിന്തുണയുണ്ടാകും. പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഹെയര്‍പിന്‍ വളവുകള്‍ വീതി കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച സര്‍ക്കാരിനും ഉദ്യോസ്ഥര്‍ക്കും അഭിനന്ദനം’-

അതേസമയം അഗസ്ത്യമൂഴി – കുന്ദമംഗലം റോഡിന്റെ ഭൂരിഭാഗവും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലായിരിക്കെ അവിടുത്തെ എം.പിയായ എം.കെ രാഘവനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കുന്ദമംഗലം എം.എല്‍.എയെ ഉള്‍പ്പെടുത്തിയെന്നും ഇതെല്ലാം സി.പി.ഐ.എമ്മിന്റെ ബോധപൂർവ്വം ചെയ്തതാണെന്നുമായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിനു മറുപടിയായി ജോര്‍ജ് എം തോമസ് എം.എല്‍.എ താന്‍ എട്ടാം തീയതി രാഹുല്‍ ഗാന്ധിക്ക് അയച്ച കത്ത് പരസ്യമാക്കിയിരുന്നു.

ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാൽ രാഹുലിൻ്റെ വിശദീകരണത്തോടെ സംഭവത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൻ്റെ സംഘാടകർ അവകാശപ്പെട്ടു.

Read Also  ശബരിമല വിഷയത്തിൽ നിയമം കൊണ്ട് വരുന്നത് ശരിയല്ലെന്ന് ജി. സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here