കേരളത്തിലെ പ്രധാന ആനപിടുത്ത കേന്ദ്രങ്ങളിലൊന്നായിരുന്ന കോന്നിയിലിരുന്നാണ് ഈ കുറിപ്പെഴുതുന്നത്. കോന്നി വനമേഖലയിൽ വിഹരിച്ചിരുന്ന കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തി താപ്പാനകളുടെയും അതി വിദഗ്ദ്ധരായ പാപ്പാൻമാരുടെയും സഹായത്തോടെ കരയിൽ കയറ്റി കോന്നി ടൗണിനടുത്തുള്ള ആനക്കൂട്ടിൽ കൊണ്ടുവന്ന് മെരുക്കിയെടുത്ത് നാട്ടാനകളാക്കി ലേലം ചെയ്ത് വിൽക്കുന്ന ഏർപ്പാടായിരുന്നു ഒരു കാലം വരെ ആനക്കൂട്ടിൽ നടന്നു വന്നിരുന്നത്. അത്തരം ആന പിടുത്തം നിർത്തിയിട്ട് കുറേ വർഷങ്ങളായി. ഒറ്റപ്പെട്ടു പോകുന്ന ചില ആനക്കുട്ടികളെ എടുത്തു കൊണ്ടുവന്ന് പരിചരിക്കുന്ന രീതി മാത്രമേ ഇന്നിവിടുള്ളു. അങ്ങനെയുള്ള ഏതാനും കുട്ടിയാനകളും ഒരു താപ്പാനയും മാത്രമേ ഇപ്പോൾ ഇവിടുള്ളു. എങ്കിലും ധാരാളം പഴയ ആനക്കഥകൾ നാട്ടുകാർ ഇന്നും പറയുന്നുണ്ട്. അയവിറക്കുന്നുണ്ട്.


കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഒരു പ്രാധാന വിഭാഗമാണ് ആനക്കഥകൾ . എട്ട് ആനകളുടെ വീരകഥകളാണ് ഐതിഹ്യമാലയിൽ കൊരുത്തു കെട്ടിയിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന തലയെടുപ്പുള്ള ആനക്കൊമ്പൻമാർ. കോന്നി കൊച്ചയ്യപ്പൻ, ആറന്മുള വലിയ ബാലകൃഷ്ണൻ, വൈക്കത്തു തിരു നീലകണ്ഠൻ തുടങ്ങിയ കളഭ കേസരികളുടെ ബുദ്ധികൂർമ്മതയെക്കുറിച്ചും മനുഷ്യപ്പറ്റിനെക്കുറിച്ചും ലക്ഷണമൊത്ത ആകാര വടിവുകളെക്കുറിച്ചും എഴുതി എഴുതി പൊലിപ്പിക്കുകയാണ് ഐതിഹ്യങ്ങളുടെ സമാഹർത്താവ്. ഇതിന് അനുബന്ധമെന്നോണം മറ്റനേകം ആനകളുടെ കഥകൾ കേരളമെമ്പാടും പ്രചാരത്തിലുണ്ട്. നമ്മുടെ വാമൊഴി കഥാപാരമ്പര്യത്തിൽ എമ്പാടും ആനകളുണ്ട്. അ എന്ന അക്ഷരത്തിൽ കുടി ആനയുടെ നിഴലുണ്ട്. മലയാളിയുടെ ദേശീയ മൃഗമാണ് ഗജം. ആനത്തലയോളം ഭാവനയും ബുദ്ധിയും മണ്ടത്തരവും മലയാളിയിലുണ്ട്. ആനയെ മാത്രമല്ല ആനപ്പിണ്ടത്തെയും പേടിക്കുന്നവരാണ് പലരും. ആനയ്ക്കെടുപ്പത് പൊന്നും കൊണ്ട് കല്യാണപ്പന്തലിൽ നിൽക്കാൻ വനിതാ മതിലിന്റെ കാലത്തും വിദ്യാസമ്പന്നകളായ മലയാള മങ്കമാർക്ക് മടിയേതുമില്ല. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനു മാച്ചാണ് താലപ്പൊലിയെന്തിയ ബാലിക. പത്രമുത്തശ്ശി പോലും എംബ്ളമാക്കിയിരിക്കുന്നത് രണ്ടാനയെയാണ്.


എഴുന്നെള്ളത്തിനും തടിപിടുത്തത്തിനും ഉപയോഗിച്ചിരുന്ന ആനകൾ പലതും ഇടയ്ക്കിടെ ഇടയും. വീരൻമാരായ ആനകൾ പലരും പാപ്പാൻമാരെയുൾപ്പടെ കാലിൽ തൂക്കി നിലത്തടിച്ചു കൊന്ന കൊലക്കൊല്ലികളാണ്. കൊലപാതകികൾക്ക് പ്രാകൃത കാമനകൾ നിറഞ്ഞ മനുഷ്യക്കൂട്ടം വീരപരിവേഷം നൽകിപ്പോരുന്നതുപോലെ കൊലയാനത്തലവൻമാർക്ക് പകിട്ടേറും.
ആനപ്രേമികളുടെ ,ആനബ്ഭ്രാന്തരുടെ വലിയ സംഘങ്ങൾ ഇന്നുണ്ട്. സിനിമാ താരങ്ങളുടെ ആരാധക സംഘങ്ങളെപ്പോലെയാണ് ചില ആനകളുടെ ആരാധക സംഘങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനൊക്കെ അങ്ങനെ ആയിരങ്ങളുടെ താരരാജാവത്രേ. അറിയാതെ ഓലപ്പടക്കം പൊട്ടിയാൽ പേടിച്ചു വിരളുന്ന കരയിലെ ഏറ്റവും വലിയ ഈ ജന്തു തിടമ്പേറ്റിയാൽ പിന്നെ തലതാഴ്ത്തില്ലത്രേ.

ആറന്മുള രഘു .

പൂരങ്ങളും എഴുന്നെള്ളത്തും അനുഷ്ടാനങ്ങളും ഒക്കെ വേണ്ടതു തന്നെ .എന്നാൽ മദപ്പാടുള്ളതും മറ്റു ദീനങ്ങളുള്ളതും അംഗപരിമിതരുമൊക്കെയായ ഈ വന്യ ജീവികളെ ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. നീരിളക്കകാലത്തും രോഗങ്ങൾ വരുമ്പോഴും ആനകൾക്കു നൽകേണ്ട പരിചരണങ്ങളെക്കുറിച്ചും മാതംഗലീലയിൽ വിവരണങ്ങളുണ്ട്. പഴയ കാലത്തും അത്തരം സാഹചര്യങ്ങളിൽ ആനകളെക്കൊണ്ട് വേലയെടുപ്പിച്ചിരുന്നില്ല. എടുപ്പിച്ചിട്ടുണ്ടെങ്കിൽ അത് നശീകരണം കാണിച്ചിട്ടുമുണ്ട്.
‘സഹ്യന്റെ മകൻ’എന്ന മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ കവിത ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. സഹ്യ മാമലയുടെ സൗന്ദര്യ സന്ദോഹങ്ങൾ എന്നാണ് എഴുന്നെള്ളിച്ചു നിർത്തിയിരിക്കുന്ന ആനക്കരിമ്പാറകളെ കവി വിശേഷിപ്പിക്കുന്നത്. ഐതിഹ്യമാലയിലെ ആനകളെല്ലാം കേരളത്തിലെ വനത്തിലെ ആനകളാണ്. അവയുടെ അഴകളവുകളും ഇതര സംസ്ഥാന ആനകളുടെ നടപ്പും എടുപ്പും തമ്മിൽ വ്യത്യാസമുണ്ട്. ബീഹാർ ആനകളൊന്നും ആനകളെക്കുറിച്ചുള്ള മലയാളിയുടെനാടോടി സൗന്ദര്യ സങ്കല്പങ്ങളിലില്ല. കോന്നി കൊച്ചയ്യപ്പൻ തൊട്ട് മധ്യതിരുവിതാംകൂറുകാർ സമീപഭൂതകാലത്ത് ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ആറന്മുള രഘുനാഥനെപ്പോലെയുള്ള ആനകൾ വരെ നമ്മുടെ കാടിന്റെ മക്കളായിരുന്നു. ബീഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന വരത്ത നാനകളെയൊക്കെ ആരാധിക്കാൻ തുടങ്ങിയ സത്യാനന്തരകാല ആനക്കമ്പക്കാരന്റെ സൗന്ദര്യബോധവും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടതാണ്.

Read Also  ആൺകോയ്മയുടെ പ്രതീകങ്ങളായ പാപ്പാന്മാരും മുതലാളി ഗുണ്ടകളും ; ഒരു തെച്ചിക്കോട്ടുകാവ് വീരഗാഥ

തെച്ചിക്കോട്ടു കാവ് രാമചന്ദ്രൻ

ആനകളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുക. തൃക്കടവൂർ ശിവരാജു, ഗുരുവായൂർ നന്ദൻ, മംഗലാകുന്ന് അയ്യപ്പൻ തുടങ്ങി യോഗ്യരായ നിരവധി ആനകൾ ഉണ്ടല്ലോ. തെച്ചിക്കോട്ടു കാവ് രാമചന്ദ്രൻ തന്നെ വേണം എന്നൊക്കെയുള്ള വാശി പിടിവാശിയല്ലേ. ഭ്രാന്തെടുത്താൽ ആന അവന്റെ സ്വകാര്യ വന സാമ്രാജ്യത്തിലാണ്. വൈലോപ്പിള്ളി എത്ര കൃത്യമായി ഭംഗിയായി അക്കാര്യം ആവിഷ്കരിച്ചിരിക്കുന്നു.
‘ കരുതീലവയൊന്നുമാ പ്രൗഢമസ്തിഷ്കത്തിന്നിരുളിൽ
ഭ്രാന്തിൻ നിലാവോലുമാ കൊലക്കൊമ്പൻ
സഞ്ചരിക്കയാണാ സാഹസി ,സങ്കൽപ്പത്തിൽ
വൻ ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം വീശി
തൻ ചെറുനാളിൽ കേളീ വീഥിയിൽ
വസന്തത്താൽ സഞ്ചിത വിഭവമാം സഹ്യസാനു ദേശത്തിൽ ..’


ആ സഹ്യസാനുവിലൂടെയുള്ള ആനയുടെ സങ്കൽപ്പ സഞ്ചാരം ഉൽസവമാകെ അലങ്കോലമാക്കുന്നു. അതിൽ ആന കുറ്റക്കാരനല്ല .അവനെ എഴുനെള്ളിച്ചു നിർത്തിയ മനുഷ്യരാണ് അപരാധികൾ. മണിക്കോവിലിൽ വാഴുന്ന ദൈവം മറ്റൊരു സങ്കല്പമാണ്. സഹ്യന്റെ മകൻ ദൈവസങ്കല്പത്തെക്കുറിച്ചുള്ള കവിയുടെ ധാരണകളെ വെളിപ്പെടുത്തുന്ന കവിത കൂടിയാണ്. സഹ്യന്റെ മകനിലെ ധ്വനിയുടെ ലോകം ആഴ്ന്നു കയറുന്നത് ദൈവ സങ്കൽപ്പത്തെക്കുറിച്ചുള്ള കവിയുടെ വീക്ഷണത്തിലാണ്. സഹ്യന്റെ മകനും സർപ്പക്കാടും എഴുതിയ കവിഭാവനയെക്കുറിച്ചുള്ള പഠനം എം.എൻ.വിജയനിൽ അവസാനിക്കേണ്ടതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here