യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം തങ്ങൾക്കനുകൂലമായി പരിഹരിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന നിലപാടുമായി യാക്കോബായ സഭ. കൊടിയുടെ നിറം നോക്കാതെ തങ്ങൾ ബിജെപിയ്ക്കൊപ്പം നിൽക്കുമെന്നും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തങ്ങൾ ഇടതുപക്ഷത്തിനനുകൂലമായി വോട്ട് ചെയ്തുവെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടാണ് കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍ ആ നിലപാടില്‍ നിന്ന് ഇപ്പോള്‍ വ്യത്യാസം വന്നിരിക്കുന്നു എന്ന തോന്നല്‍ വിശ്വാസികള്‍ക്കിടയില്‍ വന്നിട്ടുണ്ട്. സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി.
ഈ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒരു പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കാര്യശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോള്‍ തങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കനുകൂലമായി സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വലിയ ആര്‍ജ്ജവമാണ് കാണിച്ചത്. ഞങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിച്ചിരിക്കും. കേന്ദ്രമാണ് ഇടപെടല്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ അവരെ സഹായിച്ചിരിക്കുമെന്നും മെത്രാപ്പോലിത്ത പറഞ്ഞു.