Monday, January 24

കോതമംഗലത്ത് സഭാതർക്കത്തിന്റെ പേരിൽ സംഘർഷാവസ്ഥ; നാളെ ഹര്‍ത്താല്‍

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ പേരിൽ കോതമംഗലത്ത് സംഘർഷാവസ്ഥ. കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സഭാ പ്രശ്നം. 2017 ജൂലായ് മൂന്നിന് ഇന്ത്യയിൽ യാക്കോബായ സഭ നിലനിൽക്കുന്നതല്ലെന്നും ഓർത്തഡോക്സ് സഭ മാത്രമാണുള്ളതെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭ എപ്പിസ്‌കോപ്പൽ സ്വഭാവമുള്ളതാണെന്നും 1934ലെ സഭയുടെ ഭരണഘടനയിൽ ഇത് പ്രഖ്യാപിച്ചട്ടുണ്ടെന്നും ആ ഭരണഘടനപ്രകാരമാണ് ഭരണം നടത്തേണ്ടത് എന്നും കോടതി വിധിച്ചിരുന്നു. ഇതേ തുടർന്ന് വരിക്കോലി പള്ളി ഉൾപ്പടെയുള്ള ഏതാനും പള്ളികൾ ഓർത്തഡോക്സ് വിഭാഗം യാക്കോബായ സഭയിൽ നിന്നും കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുത്തു. സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ട് കൂടി പിറവം പള്ളിയിൽ ഉൾപ്പടെ ഇപ്പോഴും തുടരുന്ന സംഘർഷാവസ്ഥ തുടരുകയും ചെയ്യുന്നു.

ഈ ഒരു സാഹചര്യത്തിലാണ് യാക്കോബായ സഭയുടെ ഇന്ത്യയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവയുടെ ആസ്ഥാനം കൂടിയായ കോതമംഗലത്തെ പ്രശസ്തമായ മാർ തോമൻ ചെറിയ പള്ളി, സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്സ് സഭയ്ക്ക് വിട്ട് നൽകണമെന്നാവശ്യപെട്ട് മുവാറ്റുപുഴ മുൻസിഫ് കോടതിയിൽ ഓർത്തഡോക്സ് വിഭാഗം ഹർജി നൽകിയത്. 1934ലെ ഭരണഘടനാ അംഗീകരിക്കാത്ത യാക്കോബായ വിഭാഗം മെത്രാന്മാർക്കും വൈദീകർക്കും കുർബാന അർപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപെട്ട ഇൻജെക്ഷൻ കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തരവ് പ്രകാരം ഓർത്തഡോക്സ് സഭയ്ക്ക് മാത്രമാണ് നിലവിൽ പള്ളിയിൽ കുർബാന ഉൾപ്പടെ ഉള്ള കാര്യങ്ങൾ നടത്താനാവൂ എന്നും, കോടതി ചിലവ് യാക്കോബായ സഭ ഓർത്തഡോക്സ് സഭയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. എന്നാല്‍ കോടതി വിധിയെ തങ്ങൾ അംഗീകരിക്കുകയില്ലെന്ന നിലപാട് യാക്കോബായ സഭ നേതൃത്വം എടുക്കുകയും ചെറിയപള്ളിയിലേക്ക് കേരളത്തിലങ്ങോളമുള്ള യാക്കോബായ സഭ വിശ്വാസികളോട് എത്തിച്ചേരാൻ ആവശ്യപ്പെടുകയും ചെയ്തത്. തുടർന്ന് കോടതി ഉത്തരവിനെ അവഹേളിക്കുന്ന തരത്തിൽ യാക്കോബായ സഭയുടെ യുവജന വിഭാഗവും വിശ്വാസികളും കോതമംഗലം നഗരത്തിൽ നിരവധി തവണ പ്രതിഷേധ മാർച്ചും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പള്ളിയുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വനം ചെയ്തത്. കോടതി ഉത്തരവിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് യാക്കോബായ സഭ ഹാർത്തലിലൂടെ അറിയിക്കുന്നത്. നാളെയാണ് പ്രതിഷേധ സൂചകവുമായി നടത്തുന്ന ഹർത്താൽ.

കേരളത്തിലെ തന്നെ യാക്കോബായ സഭ നേതൃത്വം കൈവശം വെച്ചിരിക്കുന്ന പള്ളികളിൽ ഏറ്റവും കൂടതൽ വരുമാനം ഉള്ള പള്ളികളിൽ ഒന്നാണ് കോതമംഗലം മാർ തോമൻ ചെറിയ പള്ളി. പള്ളിയുടെ നേതൃത്വത്തിലുള്ള ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും ഉൾപ്പടെ കോടി കണക്കിന് രൂപയുടെ ആസ്തിയുള്ള പള്ളി  സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍  തങ്ങളുടെ മാതാ പിതാക്കളെ അടക്കം ചെയ്തിരിക്കുന്ന മണ്ണ് വിട്ടു കൊടുക്കാൻ കഴിയില്ലെന്നുള്ള വാശിയിലും 1000ത്തിൽ അധികം ഇടവക കുടുംബാംഗങ്ങൾ ഉള്ള പള്ളിയുടെ അവകാശം തങ്ങൾക്ക് തന്നെയാണെന്നുമാണ് യാക്കോബായ സഭ അവകാശപ്പെടുന്നത്.

Read Also  പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം

കോടതി വിധിക്കെതിരെ ഫെബ്രുവരി 18 ന് കലൂരിൽ വിശ്വാസ സംരക്ഷണ പ്രഖ്യാപനം എന്ന പേരിൽ യാക്കോബായ സഭക്കാർ സമ്മേളിക്കുകയും യാക്കോബായ സഭയുടെ ഇന്ത്യയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവ സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കോടതി വിധിക്കെതിരെ അന്ന് ബസേലിയോസ് തോമസ് പ്രഥമൻ പറഞ്ഞത് “സുപ്രീം കോടതി ജഡ്ജിമാർ പള്ളി പണിതിട്ടുണ്ടെങ്കിൽ ആ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകാമെന്നും സർക്കാർ പള്ളി പണിതട്ടുണ്ടെങ്കിൽ ആ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് എടുക്കാമെന്നും യാക്കോബായ സഭ വിശ്വാസികൾ പണിത പള്ളികൾ അവർ തന്നെ ഭരിക്കു”മെന്നുമാണ്. രാജ്യത്തെ പരമോന്നത കോടതിയെ പരസ്യമായി വെല്ലുവിളിക്കുന്ന ഒരു സമീപനമാണിതെന്ന് അന്ന് തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

Spread the love