Wednesday, January 19

ജപ്പാന്‍ തിമിംഗല വേട്ട പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു

വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിമിംഗല വേട്ട 2019 ജൂലായ് മാസത്തോടെ പുനരാരംഭിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനില്‍ നിന്നും ജപ്പാന്‍ പിന്മാറുകയും ചെയ്തു. ലോകവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ജപ്പാന്‍ തിമിംഗല വേട്ട നിര്‍ത്തിവെച്ചത്. എന്നാല്‍ പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ ഇപ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയാണ്. 1881 ലാണ് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷന്‍ തിമിംഗലങ്ങളെ വേട്ടയാടി കൊല്ലുന്നത് നിയമപരമായി നിര്‍ത്തിയത്.

വ്യാപകമായ തിമിംഗല വേട്ട മൂലം ചില പ്രത്യേക ഇനങ്ങള്‍ക്ക് വംശനാശം വരെ വന്ന സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം. എന്നാല്‍ തിമിംഗല ഇറച്ചി കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ജപ്പാന്‍ അധികൃതര്‍ പറഞ്ഞത്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി തിമിംഗല വേട്ട നടത്താമായിരുന്നു. എന്നാല്‍ ഈ പേരില്‍ വ്യാപകമായി ഇറച്ചിക്കു വേണ്ടി ജപ്പാന്‍ തിമിംഗലങ്ങളെ കൊന്നെടുക്കാന്‍ തുടങ്ങിയതോടു കൂടിയാണ് ലോകവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത്.

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ജപ്പാന്റെ തിമിംഗല വേട്ടയെ വിമര്‍ശിച്ചിരുന്നു. തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും തിമിംഗല വേട്ടയെന്ന് ജപ്പാന്‍ അറിയിച്ചു. അന്റാര്‍ട്ടിക് മേഖലയില്‍ വേട്ട നടത്തില്ലെന്നും ജപ്പാന്‍ വ്യക്തമാക്കി. എന്നാല്‍ ജപ്പാന്റെ ഈ തീരുമാനത്തെ ആശങ്കയോടു കൂടിയാണ് പലരും സ്വീകരിച്ചത്. ഇനിയും എത്ര തിമിംഗലങ്ങള്‍ക്ക് വംശനാശ ഭീഷണി നേരിടേണ്ടി വരുമെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു പലരുടെയും പ്രതികരണം.

Spread the love
Read Also  തോല്‍വിയിലും പൗരബോധം മറക്കാത്ത ജപ്പാന്‍ ആരാധകര്‍: ബ്രസീല്‍ മുന്നോട്ട്, ജപ്പാന്‍ പുറത്ത്

Leave a Reply