ലോകസിനിമയ്ക്ക് ബൗദ്ധികതലത്തിൽ ചർച്ച ചെയ്യപ്പെട്ട നിരവധി ചലച്ചിത്രങ്ങൾ സംഭാവന ചെയ്ത വെർണർ ഹെർസോഗ് ഇന്ന് തൻ്റെ 76 ആം വയസ്സിലും സജീവമായി ചലച്ചിത്രസപര്യ തുടരുകയാണു. ഹെർസോഗിൻ്റെ ഏറ്റവും പുതിയ ചിത്രമായ  ‘ഫാമിലി റൊമാൻസ് എൽ എൽ സി’ ഇക്കഴിഞ്ഞ മെയ് 18 നു റിലീസ് ചെയ്തുകഴിഞ്ഞു. പന്ത്രണ്ടുകാരിയായ പെൺകുട്ടി കാണാതായ പിതാവിനുപകരം മറ്റൊരാളെ കൂലിക്കെടുത്ത് ആൾമാറാട്ടം നടത്തുന്നതാണു ഇതിവൃത്തം.

ജപ്പാനിലെ മുഖ്യധാര അഭിനേതാക്കളെ ഉൾപ്പെടുത്തിപാശ്ചാത്യസംസ്കാരത്തിനു പരിചിതമല്ലാത്ത വിചിത്രവും കൗതുകകരവുമായ ഒരു നാടക – ഡോക്കുമെൻ്ററി സ്വഭാവം പുലർത്തുന്ന ഒരു ചലച്ചിത്രമാണു ഹെർസോഗിൻ്റെ പുതിയ ചിത്രം. മറ്റ് രാജ്യങ്ങളിലെ കാണികൾക്ക് വളരെ ലളിതമായി ഉൾക്കൊള്ളാനാവാത്ത ജപ്പാനിലെ ഒരു സാംസ്കാരികയാഥാർഥ്യത്തെ കേന്ദ്രീകരിക്കുന്ന പ്രവണത ചിത്രീകരിക്കുന്നതിലൂടെ തികച്ചും പുതുമയുള്ള സിനിമ തന്നെയാണു ഫാമിലി റൊമാൻസ് എൽ എൽ സി എന്ന് നിരൂപകർ വാഴ്ത്തുന്നു.  ഇത്തരം വിചിത്രമായ കഥാരൂപങ്ങൾ തേടുന്നതിൽ ഹെർസോഗ് ഇപ്പോഴും തൻ്റെ അന്വേഷണം അയൽരാജ്യങ്ങളിലേക്കു ഫോക്കസ് ചെയ്യുന്നു എന്ന് പുതിയ ചിത്രത്തിലൂടെ കാണികൾക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

ടോക്കിയോയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിസരങ്ങൾ വീഡിയോയിൽ ചിത്രീകരിച്ച സിനിമ നാടകത്തിൻ്റെ ചലനസ്വഭാവങ്ങളിൽ അധിഷ്ഠിതമാണു ഹെർസോഗിൻ്റെ ഈ പ്രഹേളിക. എൽ എൽ സി (ലിമിറ്റഡ് ലയബിലിറ്റി കമ്പനി) എന്ന കമ്പനി 11 വർഷത്തേക്ക് അഭിനേതാക്കളെ കടമെടുത്ത് ചുറ്റുമുള്ള മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണു. അവിടുത്തെ മനുഷ്യരുടെ അനുകരണ സ്വഭാവങ്ങൾ, അവർക്ക് പൊരുത്തപ്പെടാൻ കഴിയാത്ത മനുഷ്യരുമായുള്ള സഹവാസം, വിവാഹം, മരണം, പാർട്ടികൾ എന്നിവിടങ്ങളിൽ നേരിടേണ്ടിവരുന്ന അനുഭവങ്ങൾക്കുപിന്നിലെ യാഥാർഥ്യങ്ങൾ ഇവയിലെല്ലാം പ്രകടമാകുന്ന കൃത്രിമമായ മനോവ്യാപാരങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുന്ന ഈ അഭിനേതാക്കൾ മനുഷ്യബന്ധങ്ങളുടെ ഇഴചേരാത്ത കെട്ടുപാടുകളെയാണു വേദിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്

ജപ്പാനിലെ ദാരുണമായ ചില ജീവിതയാഥാർഥ്യങ്ങളാണു ഇവിടെ ഉരുത്തിരിയുന്നത്. വിവാഹമോചിതയായ ഒരു സ്ത്രീ അകന്നുകഴിയുന്ന 12 കാരിയായ മകളുമായി അടുപ്പത്തിലാകാനായി തൻ്റെ മുൻ ഭർത്താവായി മറ്റൊരാളെ കടമെടുക്കുന്നു. ഈ അഭിനേതാവ് ആൾമാറാട്ടത്തിലൂടെ സ്ത്രീയുടെ മകളുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നു. മകൾക്ക് ഒരു വയസ്സുള്ളപ്പോൾ തന്നെ ദമ്പതികൾ വിവാഹമോചനം നേടിയിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് പിതാവിനെ ഓർമ്മയില്ല. മാതാവുമായി അകന്നുകഴിയുകയും ചെയ്തു. അഭിനവപിതാവ് പെൺകുട്ടിയോട് അമ്മയെക്കുറിച്ചുള്ള വാഴ്ത്തുകൾ കേൾപ്പിക്കുന്ന ജോലി ഭംഗിയായി നിർവ്വഹിക്കുന്നു.

വ്യാജ പിതാവും മകളുമായി ടോക്കിയോ നഗരക്കാഴ്ചകൾക്കായി പോകുന്നു. ഈ ഘട്ടത്തിൽ യാത്രക്കിടയിൽ അവളുടെ മാതാപിതാക്കളുടെ കാര്യങ്ങൾ പരാമർശിക്കുന്നതേയില്ല. സംഭവങ്ങൾക്കിടയിലെ നാടകീയതകളാണു ചിത്രത്തിലുടനീളം മെലോഡ്രാമയായി അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ ആദ്യപ്രദർശനം 2019 കാൻസ് ഫെസ്റ്റിവലിൻ്റെ വേദിയിലായിരുന്നു. അപ്രതീക്ഷിതമായി കഥ വഴിമാറുന്ന `ഫാമിലി റൊമാൻസ് എൽ എൽ സി` നിരൂപകരുടെയും കാണികളുടെയും പ്രശംസ നേടിയിരുന്നു.

Read Also  മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇനി ഇ-ടിക്കറ്റ് മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here