Friday, July 30

മുഖമില്ലാത്തവരുടെ മഹാനഗരം ; രാഹുൽ രാധാകൃഷ്ണൻ എഴുതുന്നു

 ബോൾ പേന നിർമിക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്യുന്ന കാമുകിയെ കാണാനായി അയാൾ തിരക്ക് പിടിച്ച റോഡ് കഷ്ടപ്പെട്ട് മുറിച്ചു കടന്നു. റോഡിനു മുകളിലെ
ഫ്ളൈഓവറും മറ്റും കെട്ടി കൊണ്ടിരുന്നതിനാല്‍ അന്തരീക്ഷം ആകെ സിമന്റ് പൊടി പിടിച്ചു കിടക്കുകയാണ്. സിമന്റ് നിറച്ച രണ്ടു ട്രക്കുകൾ ചുറ്റുപാടിനെ സിമന്റിനാൽ വലയം ചെയ്തു. ഇതിനിടയിൽ, ഒരു സ്വപ്നത്തിലെന്ന പോലെ അവൾ പൊടിപടലത്തിനിടയിലൂടെ കടന്നു വന്നു. സുഹൃത്തിന്റെ പ്രിന്റിങ് പ്രസ്സിൽ നിന്നും കൊണ്ട് വന്ന കല്യാണ കുറികളുടെ മാതൃക അയാള്‍ അവളെ കാണിച്ചു. എല്ലാം വില കൂടിയ ഡിസൈൻ. പലതും കാണുമ്പോഴും സന്തോഷത്തിനു പകരം അവളുടെ ഹൃദയം മ്ലാനമാവുകയായിരുന്നു. ഒടുവിൽ നിറം കുറഞ്ഞ പിങ്കിൽ ഒന്ന് അവൾ ചൂണ്ടി കാട്ടി. അനാഥരായ അവർക്കിരുവർക്കും ഏറി വന്നാൽ നൂറു പേരെ മാത്രമേ ക്ഷണിക്കാനുണ്ടായിരുന്നുള്ളു. എന്നാൽ നൂറു കാർഡ് അച്ചടിക്കാൻ മുന്നൂറു കാർ ഡിന്റെ കാശ് കൊടുക്കണം എന്ന് അയാൾ പറഞ്ഞു. അപ്പോൾ ബാക്കി ആരെ വിളിക്കും. റോഡിന്റെ മറ്റേ വശത്തുള്ള താത്കാലികമായി കുത്തിപ്പൊക്കിയ ജ്യൂസ് കടയിലേക്ക് അവർ നീങ്ങി. രണ്ടു ജ്യൂസ് പറയുന്നതിനു പകരവും ബൈ ടു എന്ന് ആണ് അയാൾ പറഞ്ഞത്. അതാണ് ലാഭകരം. ഐസ് കുറച്ചിടാൻ അവൾ ഓർ മിപ്പിച്ചു. ഐസ് കൂടുതലായാൽ ജ്യൂസിന്റെ അളവ് കുറയും എന്ന് അവൾക്ക് അറിയാം.നേരത്തെ ജീവിച്ചിരുന്ന റിമാൻഡ് ഹോമിലെ സ്ത്രീകളെ കല്യാണത്തിന് വിളിച്ചാലോ എന്ന് അവൾ ആലോചിച്ചു. ഷൂ പോളിഷ് ചെയ്തപ്പോൾ അധികം പൈസ കൊടുത്ത പാഴ്സി ധനികർ ആയാലും ഓർത്തു. അല്ലെങ്കിൽ കണ്ടു പരിചയം മാത്രം ഉള്ള തൊഴിലാളികളെ വിളിച്ചാലോ. ഇസ്തിരിയിട്ട സാരിയും അണിഞ്ഞു കൊണ്ട് സ്ത്രീകൾക്ക് കല്യാണത്തിന് വരാമല്ലോ എന്നവൾ ആലോചിച്ചു. പാൻ കച്ചവട ക്കാരനെയും ഇസ്തിരി ഇടുന്ന ആളെയും കൂടെ വിളിച്ചാലോ എന്ന് അയാൾ വിചാരിച്ചു.

ദക്ഷിണേഷ്യൻ സാഹിത്യകൃതികൾക്കുള്ള ഡി എസ് സി പ്രൈസ് ഇത്തവണ നേടിയ കന്നഡ എഴുത്തുകാരൻ ജയന്ത് കായ്ക്കിണിയുടെ No Presents Please എന്ന കഥാ സമാഹാരമാണിത്‌. ഈ കഥയിലെ ഒരു ഭാഗമാണിത്. ബോംബെയിലെ ജീവി തങ്ങളാണ് ഈ സമാഹാരത്തിലെ പതിനാറു കഥകൾക്ക് ആധാരം. ചെറിയ പരിവ ട്ടങ്ങളിൽ ജീവിക്കുന്ന, അല്ലെങ്കിൽ ജീവിക്കാനായി ദിവസവും അതിയത്നങ്ങൾ തന്നെ വേണ്ടിവരുന്ന മനുഷ്യർ, അവരുടെ കഷ്ടപ്പാടുകൾക്കിടയിലെ പ്രേമവും വിരഹവും സൗഹൃദവും മറ്റുമെല്ലാമാണ് ജയന്ത് ഈ പുസ്തകത്തിൽ അവത രിപ്പിക്കുന്നത്.

ചുറ്റുപാടുകൾ മാറിയാലും, മനുഷ്യന്റെ അതിജീവന ശ്രമങ്ങളുടെ രാഷ്ട്രീയവും ദർശനവും ഒട്ടൊക്കെ സമാനമാണെന്ന് അദ്ദേഹം ഈ കഥകളിലൂടെ സ്ഥാപിക്കുന്നു. പ്രായം ഏറെ കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സത്യജിത് ഒടുവിൽ അയാളെ തേടി യെത്തുന്ന ഒരാലോചനയ്ക്ക് സമ്മതം മൂളുന്നു. എന്നാൽ ശാലിനിയെ കാണാൻ നിശ്ച യിച്ച ദിവസത്തിന്റെ തലേന്നു അവൾ വീട് വിട്ടെങ്ങോട്ടോ പോയി. നേരത്തെ ഒരു കല്യാണം കഴിച്ചിരുന്ന ശാലിനി ആ ബന്ധം രണ്ടു ദിവസമേ തുടർന്നുള്ളു. അവൾ കന്യക ആണെന്ന് തെളിയിക്കുന്ന രേഖകൾ കൊണ്ടാണ് അവളുടെ അച്ഛൻ സത്യജിത്തിനോട് സംസാരിക്കാൻ വന്നത്.

 
കാമുകീകാമുകന്മാരായ പോപ്പാട്, അസാവരി എന്നിവർ വിവാഹത്തിന് വേണ്ടി ക്ഷണക്കത്ത് തയ്യാറാക്കുന്നതാണ് കഥാസന്ദർഭം.  ജാതിയും കുടുംബപ്പേരും ഇല്ലാ ത്തതിന്റെ വിഷമം അനുഭവിക്കുന്ന നായകനെ ആശ്വസിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ വിവാഹ പത്രിക നായികാ കീറിക്കളയുകയാണ് No presents please എന്ന  കഥയിൽ.

 

Read Also  മാർകേസിൻ്റെ ജീവിതത്തിൽതന്നെ മാജിക്കൽ റിയലിസം ഉണ്ടായിരുന്നു ; രാഹുൽ രാധാകൃഷ്ണൻ എഴുതുന്നു

City Without Mirrors എന്ന കഥയിൽ സത്യജിത്തിന്റെയും ശാലിനിയുടെയും ജീവിതമാണ് , ജീവിതത്തിന്റെ നിറം കുറഞ്ഞ ദൃശ്യങ്ങളാണ് കഥാകൃത്ത് പറയുന്നത്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ നിന്ന് മൂന്നു നേരത്തെ ഭക്ഷണത്തിനായി ബോംബെയിലേക്ക് കുടിയേറുന്നവരും, കർഷകരുടെ ആത്മഹത്യ ധാരാളം നടന്ന വിദര്‍ഭയിൽ നിന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ മഹാനഗരത്തിന്റെ ചതുപ്പിലേക്ക് വരുന്നവരെയും എഴുത്തുകാരൻ അവതരിപ്പിക്കുന്നു. മഹാനഗരത്തി ന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും പ്രകാശവേഗമുള്ള വിനിമയങ്ങളും അല്ലാ, മറിച്ച് പ്രാന്ത പ്രദേശങ്ങളിലുള്ള വീതി കുറഞ്ഞ ഇടവഴികളും കുടുസ്സു വീടുകളും സ്വപ്നങ്ങളെ സ്വപ്നം കാണാന്‍ മാത്രം വിധിക്കപ്പെട്ടവരുടെ നിഴൽ വീണ ജീവിതമാണ് മഹാനഗരത്തിന്റെ അസ്തിത്വം എന്നാണ് ‘No Presents Please ‘ എന്ന സമാഹാരം ബോധ്യപ്പെടുത്തുന്നത്.

അതിജീവനത്തിനായി ഓടുന്നവരുടെ മുന്നിൽ കണ്ണാടികളില്ലാത്ത ആ നഗരം മടുപ്പും വ്യസനവും മനുഷ്യന്റെ വിയർപ്പുഗന്ധം ആവാഹിച്ച് കൊണ്ട് ഇപ്പോഴും നില നിൽക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ അടിയൊഴുക്കുകൾ എത്ര കണ്ട സങ്കീർ ണമാണെന്നു ബോധ്യപ്പെടുത്തുമ്പോഴും ലളിതമായ രീതിയിൽ അത്തരം ആഴ കാഴ്ചകളെ അവതരിപ്പിക്കാൻ ജയന്ത് കായ്ക്കിനിക്ക് ഈ പുസ്തകത്തിൽ സാധിച്ചിട്ടുണ്ട്. വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച തേജസ്വിനി നിരഞ്ജ നയുടെ മനോഹരമായ പരിഭാഷ എടുത്തു പറയേണ്ടതാണ്. ബോംബയിലെ ആൾക്കൂട്ട തിരക്കിൽ സ്വയം നഷ്ടവുമാവുന്ന മനുഷ്യർ, മുഖം ശരീരത്തിനുള്ളിൽ മറച്ചു വെച്ച് കൊണ്ട് ജീവിക്കേണ്ടി വരുന്നവർ , ആത്മവിശ്വാസത്തിന്റെ അംശം കുറവുള്ളവർ എന്നിങ്ങനെയുള്ള മനുഷ്യർ കൂടി ഉള്ളതാണ് ഈ ലോകം എന്ന തത്വത്തിനു എഴുത്തുകാരൻ അടിവരയിടുകയാണ്.

Spread the love

Leave a Reply